Sunday, April 12, 2020

വിശ്രമിക്കാറായിട്ടില്ല... പ്രവർത്തിച്ചു കൊണ്ടേ ഇരിക്കണം........

“വിശ്രമിക്കാറായിട്ടില്ല... പ്രവർത്തിച്ചു കൊണ്ടേ ഇരിക്കണം....”
ന്യൂസ് 18 ചാനലിൽ വാർത്താ അവതാരകൻ നമ്മുടെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറോട് വിശ്രമിക്കാൻ സമയമായോ എന്ന ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി ആണ്‌.
എത്ര ആത്മാർത്ഥമായാണ്‌ അവർ മറുപടി പറയുന്നത്. കാര്യങ്ങളെല്ലാം വിശദമായി പഠിച്ച് എത്ര മനോഹരമായാണ്‌ അവർ സംസാരിക്കുന്നത്. ഒന്നാംഘട്ട വ്യാപനത്തിനു ശേഷം ഇപ്പോൾ ഉള്ള രണ്ടാംഘട്ട വ്യാപനവും, അതു കഴിഞ്ഞാൽ ഉണ്ടാകാൻ സാധ്യതയുള്ള മൂന്നാംഘട്ട വ്യാപനം നേരിടാൻ വേണ്ടിയുള്ള അതിസാഹസിക പ്രവർത്തനങ്ങൾക്കു വരെ വിശദമായ പ്ലാൻ ആരോഗ്യവകുപ്പ് തയ്യാറാക്കി കഴിഞ്ഞു എന്നും അവർ പറയുകയുണ്ടായി. ഇനി നാലാം ഘട്ടം ഉണ്ടായാലും നേരിടാൻ ഇപ്പോളുള്ള ആരോഗ്യവകുപ്പിന്‌ കഴിയും എന്ന് അവർ പറയാതെ പറഞ്ഞു.
ഇത്ര നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുമ്പോൾ ആരോഗ്യവകുപ്പ് ഏറ്റെടുക്കാൻ “ഭയം” കാണിച്ചിരുന്ന ശൈലജ ടീച്ചറെ എനിക്കോർമ്മ വരുന്നു എന്ന് ചിരിച്ച് കൊണ്ട് അവതാരകൻ പറഞ്ഞപ്പോൾ, മന്ത്രി പറഞ്ഞ മറുപടിയുടെ ചുരുക്കം ഇങ്ങനെയായിരുന്നു. - അനാവശ്യമായ ആരോപണങ്ങൾ വരാൻ സാധ്യത ഉള്ളത് മാത്രമാണ്‌ എനിയ്ക്ക് തോന്നിയിരുന്നത്. പക്ഷെ, ഇവിടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് നല്ല അവസരമുണ്ട്. എല്ലാവരും സഹകരിക്കുന്നുണ്ട്. അതുകൊണ്ടാണ്‌ കാര്യങ്ങൾ നന്നായി പോകുന്നത്. - ശൈലജ ടീച്ചർ അല്ലാതെ വേറെ ആർക്കെങ്കിലും ഈ മന്ത്രിസഭയിൽ ഈ വകുപ്പ് ഇത്രയും നന്നായി കൊണ്ടുപോകാൻ പറ്റുമോ ? - സംശയമാണ്‌.
ഏത് അർദ്ധരാത്രിയിലും ഫോൺ ചെയ്യാൻ പറ്റുന്ന ആരോഗ്യമന്ത്രിയാണ്‌ നമുക്കുള്ളത് എന്ന് “നിപ്പ” വന്നപ്പോൾ ആ ടീമിൽ പ്രവർത്തിച്ച ഒരു ഡോക്ടറുടെ കുറിപ്പ് മുൻപ് സോഷ്യൽ മീഡിയയിൽ വായിച്ചിരുന്നു. ടെസ്റ്റ് റിസൽട്ടുകൾക്കായി അർദ്ധ രാത്രിയിലും കാത്തിരിക്കുന്ന മറ്റൊരു മന്ത്രി വേറെ ആരെങ്കിലും ഉണ്ടോ ?
എല്ലാം പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുമ്പോൾ, ആ അഭിനന്ദനങ്ങൾ ആരോഗ്യപ്രവർത്തകർക്കുള്ളതാണ്‌ എന്ന് ചിരിച്ചു കൊണ്ടാണ്‌ അവർ മറുപടി പറയുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും അവരുടെ എല്ലാ പിന്തുണയും നൽകുന്നു എന്നും അവർ പറഞ്ഞു. വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ആവശ്യമുള്ള സമയത്തെല്ലാം പ്രതിപക്ഷവും കൂടെ നിൽക്കുന്നു എന്ന് പറഞ്ഞ് മികച്ച ഒരു രാഷ്ട്രീയക്കാരിയായും മന്ത്രി വേഷപ്പകർച്ച ചെയ്തു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയാണ്‌ വേണ്ടെതെന്നും അതാണ്‌ നിങ്ങൾ തരേണ്ട പിന്തുണ എന്നും പറഞ്ഞ കൂട്ടത്തിൽ, നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ പോലീസിന്‌ നടപടി എടുക്കേണ്ടി വരും എന്ന രീതിയിൽ പറഞ്ഞ് വടി എടുത്ത് പേടിപ്പിക്കുന്ന “ടീച്ചറും” ആയി.
വിശ്രമിക്കാതെ നമുക്കായി പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്ന ആരോഗ്യവകുപ്പിലെ എല്ലാ പ്രവർത്തകർക്കും അതിന്റെ “ടീച്ചറമ്മ” യ്ക്കും ഒരായിരം അഭിനന്ദനങ്ങൾ.
“പോസിറ്റീവ് " വാർത്തകളേക്കാൾ "നെഗറ്റീവ്" വാർത്തകളാണല്ലോ നമ്മൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്. മുഴുവൻ "നെഗറ്റീവ് " വാർത്തകൾക്കായുള്ള കാലം വിദൂരമല്ല. കാത്തിരിക്കാം.

Sunday, August 26, 2018

പഴുത്ത ലഡു


രണ്ട് ദിവസം മുൻപ് അച്ഛനാണ്‌ ഓറഞ്ച് നിറത്തിലുള്ള ലഡു വാങ്ങിക്കൊണ്ടുവന്നത്. മൂന്നര വയസ്സുള്ള എന്റെ മകൻ കുഞ്ഞുണ്ണിയ്ക്ക് ലഡു നൽകിയതിന്‌ ശേഷം ബാക്കിയുള്ളവ ഒരു പാത്രത്തിൽ ഇട്ടു വെച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞുണ്ണി അവന്റെ പതിവ് ഉച്ച മയക്കത്തിലേയ്ക്ക് പോയി.

വീട്ടിൽ വന്ന മറ്റ് ചില അതിഥികൾ അപ്പോഴാണ്‌ മഞ്ഞ നിറത്തിലുള്ള ലഡു കൊണ്ടു വന്നത്. അത് അമ്മ ഓറഞ്ച് ലഡു ഇട്ട് വെച്ച അതേ പാത്രത്തിൽ ഇട്ടു വെച്ചു. ഉറക്കമുണർന്ന് വന്ന കുഞ്ഞുണ്ണിയോട് ലഡു വേണോ എന്ന് ഞാൻ ചോദിച്ചു. എന്റെ കയ്യിലിരുന്ന ആ പാത്രത്തിലേയ്ക്ക് നോക്കി അവൻ നിഷ്കളങ്കമായ പുഞ്ചിരിയോടും ആകാംക്ഷയോടും എന്നോട് ചോദിച്ചു.

“അച്ഛാ, മുത്തശ്ശൻ കൊണ്ടു വന്ന ഈ ലഡുവൊക്കെ എങ്ങനെയാ പഴുത്തത് ?”

എടാ മിടുക്കാ എന്ന് പറഞ്ഞ് അവനെ കെട്ടിപ്പിടിച്ചപ്പോഴും അവന്റെ സംശയം മാറിയിരുന്നില്ല.

Friday, May 26, 2017

കുഞ്ഞുണ്ണിക്കഥകൾ - 2


“മുത്തശ്ശാ - പറഞ്ഞാ കേൾക്കണം ട്ടൊ”

കുറച്ച് ദിവസങ്ങൾക്ക് മുൻപ് വീട്ടിലെ ഒരു ഗ്രാനൈറ്റ് സ്ലാബിന്റെ അടിയിൽ പെട്ട് കുഞ്ഞുണ്ണിയുടെ വിരലിൽ ഒരു മുറിവുണ്ടായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മുത്തശ്ശന്റെ കൂടെ കളിക്കുകയായിരുന്നു കുഞ്ഞുണ്ണി. മുത്തശ്ശൻ അറിയാതെ ആ ഗ്രാനൈറ്റിൽ കാൽ വെച്ചു. അത് കണ്ട കുഞ്ഞുണ്ണി മുത്തശ്ശനോട് -

“മുത്തശ്ശാ, കാൽ മുറിയും. കാൽ എടുക്കൂ.”

അവനെ കളിപ്പിക്കാനായി മുത്തശ്ശൻ കാൽ എടുത്തില്ല.

“മുത്തശ്ശാ... പറഞ്ഞാ കേൾക്കണം ട്ടൊ..കാൽ എടുക്കൂ.”

കുഞ്ഞുണ്ണിയുടെ ഈ വാക്കുകൾ കേട്ട മുത്തശ്ശൻ ചിരിയടക്കാനാവാതെ അവനെ കോരിയെടുത്തു.


മണ്ണാംകട്ട

മണ്ണാംകട്ടയും കരിയിലയും കൂടെ കാശിയ്ക്കു പോയ കഥ നമുക്കൊക്കെ സുപരിചതമാണല്ലോ. ആ കഥ ഞാൻ ഈയിടെ കുഞ്ഞുണ്ണിയ്ക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു. ഞാൻ പറഞ്ഞു തുടങ്ങി

“മണ്ണാംകട്ടയും കരിയിലയും കൂടെ കാശിയ്ക്ക് റ്റാറ്റ പോയി ”

കുഞ്ഞുണ്ണി ഇങ്ങനെ ഏറ്റു പറഞ്ഞു.

“മണ്ണാംകട്ടയും കരിയിലയും കൂടെ റ്റാറ്റ പോയി”

ഞാൻ തുടർന്നു.

“അപ്പോൾ മഴ പെയ്തു.”

ഇത് കേട്ട കുഞ്ഞുണ്ണി -

“മഴ പെയ്തു. മണ്ണാംകട്ട കുട എടുത്തു.”

ഇങ്ങനെ പറഞ്ഞ് ഓടിപ്പോയി. കുട എടുത്താൽ പിന്നെ കഥ തുടരാൻ കഴിയില്ലല്ലോ എന്നോർത്ത് മനസ്സിൽ ചിരിച്ച് ഞാനും അവന്റെ പിറകേ പോയി...



കുഞ്ഞുണ്ണിയുടെ "ചൂച്ചു"

ഒന്ന്

ഒരു ദിവസം, ഞാനും കുഞ്ഞുണ്ണിയും കൂടെ കളിക്കുന്നതിനിടയിൽ വീട്ടിലെ സ്വീകരണമുറിയിൽ മൂത്രം ഒഴിച്ചു. കുഞ്ഞുണ്ണിയുടെ ഭാഷയിൽ പറഞ്ഞാൽ - "ചൂച്ചു" ഒഴിച്ചു.

കളിക്കുന്നതിനിടയിൽ അവന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ ഞാൻ വേഗം അത് തുടച്ചു കളഞ്ഞു. കളിയുടെ തിരക്ക് കഴിഞ്ഞപ്പോൾ "ചൂച്ചു" കാണാതെ അവൻ ബഹളം വെക്കാൻ തുടങ്ങി. എന്ത് പറഞ്ഞിട്ടും ബഹളം മാറ്റാൻ അവൻ തയ്യാറായില്ല. 

അവനറിയാതെ അവന്റെ "ചൂച്ചു" തുടച്ച് കളയാൻ എനിയ്ക്കെന്ത് അധികാരം ? 

അവനെ സമാധാനിപ്പിക്കാൻ, അവനറിയാതെ, അടുത്തിരുന്ന വെള്ളക്കുപ്പിയുടെ അടപ്പിൽ കുറച്ച് വെള്ളം ഞാൻ താഴെ ഒഴിച്ചു.

“ഇതാ കുഞ്ഞുണ്ണിയുടെ "ചൂച്ചു"” - ഞാൻ പറഞ്ഞു.

ഇത് കേട്ട അവൻ ബഹളം നിർത്തി, തുടക്കാനുള്ള തുണിയെടുക്കാനായി അടുക്കളയിലേയ്ക്ക് ഓടിപ്പോയി.

രണ്ട്

ഒരു ദിവസം രാത്രി, ഉറക്കത്തിനിടയിൽ കുഞ്ഞുണ്ണി "ചൂച്ചു" ഒഴിക്കണമെന്നാവശ്യപ്പെട്ടു. ഉറക്കച്ചടവിലുള്ള അവനേയും കൊണ്ട് ഞാൻ ടോയ്‌ലെറ്റിലേയ്ക്ക് പോയി. യൂറോപ്യൻ ക്ലോസെറ്റിന്റെ മുകളിൽ നിർത്തി, അവനോട് "ചൂച്ചു" ഒഴിച്ചോളാൻ പറഞ്ഞു. അത് കഴിഞ്ഞ ഉടൻ ഞാൻ “ഫ്ലഷ്” ചെയ്തു. അത് കണ്ടതും അവന്‌ ഫ്ലഷ് ചെയ്യണം എന്ന് പറഞ്ഞ് അവൻ കരച്ചിൽ തുടങ്ങി.

“എന്നാൽ കുഞ്ഞുണ്ണീം ചെയ്തോളൂ ” - ഞാൻ പറഞ്ഞു. 


“ചൂച്ചു പോയി. ചൂച്ചു കാണാനില്ല” - എന്ന് പറഞ്ഞ കുഞ്ഞുണ്ണിയോട് ഞാൻ വീണ്ടും അവനോട് "ചൂച്ചു" ഒഴിച്ചോളാൻ പറഞ്ഞു. വീണ്ടും ചൂച്ചു ഒഴിക്കാൻ ശ്രമിച്ച കുഞ്ഞുണ്ണി ഇങ്ങനെ പറഞ്ഞു.

”ചൂച്ചു കഴിഞ്ഞു“

ഉറക്കച്ചടവിനിടയിൽ ഇങ്ങനെ പറഞ്ഞ് വീണ്ടും കരയാൻ തുടങ്ങിയ അവനെ മണ്ണാംകട്ടയുടെ കഥ പറഞ്ഞ് ശാന്തനാക്കി. തിരിച്ച് വന്ന് കിടന്ന ഉടൻ അവൻ ഉറങ്ങിപ്പോയി.

ഈ കാര്യം പിറ്റേന്ന് എന്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഇങ്ങനെ ചോദിച്ചു.

”നിനക്ക് കുറച്ച് ഒഴിച്ച് കൊടുക്കായിരുന്നില്ലേ അവന്‌ ഫ്ലഷ് ചെയ്യാൻ ?“  :)





പുലിമുരുകൻ

ഈയിടെ എന്റെ ഒരു സുഹൃത്ത് രശ്മിയുടെ വീട്ടിൽ ഞങ്ങൾ പോകാനിടയായി. അവരുടെ വീട്ടിൽ ചുമരിൽ കുറച്ച് വലിയ ഒരു ചിത്രത്തിൽ രണ്ട് പുലികൾ ഉണ്ടായിരുന്നു. എന്റെ മടിയിൽ ഇരുന്നിരുന്ന കുഞ്ഞുണ്ണിയ്ക്ക് ഞാൻ ആ ചിത്രം കാണിച്ചു കൊടുത്തു. അപ്പോൾ അവൻ പറഞ്ഞു.

”ഇപ്പോ മോഹൻലാൽ വരും“

ആ ചിത്രത്തിനടുത്തേയ്ക്ക് ഓടിപ്പോയി അവൻ അത് സശ്രദ്ധം വീക്ഷിച്ചു. തിരിച്ച് എന്റെ അടുത്തേയ്ക്ക് ഓടി വരുന്നതിനിടയിൽ അവൻ പ്രശസ്തമായ ”പുലിമുരുകൻ പോസ്“ ചെയ്ത് എല്ലാവരേയും ചിരിപ്പിച്ചു.

ഒരു സിനിമ രണ്ടര വയസ്സ് മാത്രം പ്രായം ഉള്ള എന്റെ മകനിൽ ചെലുത്തുന്ന സ്വാധീനം എത്ര വലുതാണ്‌ എന്ന സത്യം ഞാൻ അപ്പോഴാണ്‌ ശരിയ്ക്കും മനസ്സിലാക്കിയത്.


Monday, May 15, 2017

തേൻമിഠായി

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കോട്ടായിയിൽ നിന്നും ആലുവയിലേയ്ക്ക് ഞങ്ങൾ കാറിൽ വരുകയായിരുന്നു. പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന കുഞ്ഞുണ്ണി അവന്റെ ഇഷ്ടവാഹനമായ ജെ.സി.ബി കാണണം എന്ന് പറഞ്ഞ് കരച്ചിൽ തുടങ്ങി.

“അമ്മ ഒരു സാധനം തരാലോ ” എന്ന് പറഞ്ഞ് ഗ്രീഷ്മ അവന്റെ ശ്രദ്ധ തിരിച്ചു. ബാഗിൽ വെച്ചിരുന്ന തേൻമിഠായി അവന്‌ കൊടുത്തപ്പോൾ അവൻ കരച്ചിൽ നിർത്തി.

“ഹരിയേട്ടന്‌ വേണ്ടേ ” എന്ന് ചോദിച്ച് ഒരെണ്ണം എനിക്കും തന്നു. അത് കഴിച്ചപ്പോൾ ഓർമ്മകൾ ഒരു 25 വർഷം പിറകിലേയ്ക്ക് പോയി. അന്ന് ഒരു 20 പൈസ മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും മാത്രമേ ഇത് കഴിച്ചിരുന്നുള്ളൂ അന്നും. പക്ഷെ, അതിന്റെ മധുരം ഇന്നും മനസ്സിൽ നില്ക്കുന്നു.



തവനൂർ എം.എ.എം.യു.പി സ്കൂളിലാണ്‌ ഞാൻ 1990 - 1996 കാലഘട്ടത്തിൽ ഒന്ന് മുതൽ ആറ്‌ വരെ പഠിച്ചത്. സ്കൂളിനടുത്തുള്ള അബ്ദുക്ക ആണ്‌ ഇത്തരത്തിലുള്ള മിഠായികൾ ഒക്കെ വിറ്റിരുന്നത്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു; ഒരു വെള്ളിയാഴ്ച ഹൃദയാഘാതം വന്ന് അബ്ദുക്ക മരിച്ചത്. അന്ന് ഉച്ഛയ്ക്ക് 2 മണിക്കൂർ സമയം ഒഴിവുണ്ട്. ഞങ്ങൾ ഉച്ചയൂണിന്‌ ശേഷം കുട്ടിയും കോലും കളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ്‌ അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം വന്നത്. സ്കൂളും അദ്ദേഹത്തിന്റെ വീടും തമ്മിൽ അതിർത്തിയൊന്നും ഉണ്ടായിരുന്നില്ല അന്ന്. ഞങ്ങൾ ഓടിച്ചെന്നപ്പോഴേയ്ക്കും അദ്ദേഹത്തെ അകത്തേയ്ക്ക് എടുത്തുകൊണ്ടു പോയി. അകത്തെ ഒരു മുറിയുടെ ജനൽ തുറന്ന് കിടന്നിരുന്നു. അതിലൂടെ അവിടെ എന്താണ്‌ നടക്കുന്നത് എന്ന് ഞങ്ങൾ എത്തിനോക്കിയത് ഇന്നും ഓർക്കുന്നു. അപ്പോഴേയ്ക്കും സ്കൂളിലെ ടീച്ചർമാർ എല്ലാവരും വന്ന് ഞങ്ങളോട് ക്ലാസിൽ പോയി ഇരിക്കാൻ പറഞ്ഞു. അന്ന് ഉച്ചയ്ക്ക് സ്കൂൾ വിടുകയും ചെയ്തു. മരണത്തിന്റെ ഗൗരവമൊന്നും അന്ന് അത്രയ്ക്കൊന്നും മനസ്സിലാക്കാതെ ഞങ്ങൾ അന്ന് വേഗം വീട്ടിലേയ്ക് പോയി.

“അമ്മേ, എനിയ്ക്ക് ഇനീം വേണം” എന്ന് കുഞ്ഞുണ്ണി പറയുന്നത് കേട്ടു. അപ്പോഴേയ്ക്കും ഞങ്ങൾ തൃശ്ശൂർ എത്താറായിരുന്നു.

കുഞ്ഞുണ്ണിക്കഥകൾ

എന്റെ മകനാണ്‌ കുഞ്ഞുണ്ണി (ശരിക്കുള്ള പേര്‌ അച്യുതൻ). അവന്റെ ചില കാര്യങ്ങളാണ്‌ എഴുതുന്നത്

കുഞ്ഞുണ്ണിയുടെ ആന

ഞാനും കുഞ്ഞുണ്ണിയും കൂടെ വൈകുന്നേരങ്ങളിൽ പുറത്തിറങ്ങി നടക്കാറുണ്ട്. ഒരു ദിവസം റോഡിലൂടെ നടക്കുമ്പോൾ അവൻ പറഞ്ഞു. “അച്ഛ്ഛാ, അതാ ആന” . ഞാൻ നോക്കിയപ്പോൾ ഒരു ലോറിയിൽ കുറച്ച് പോത്തുകളെ കൊണ്ടു പോകുന്നു. അതു വരെ ചിത്രങ്ങളിൽ മാത്രം ആനയെ കണ്ടിട്ടുള്ള അവന്‌ ആനയുടെ വലുപ്പവും ശരിയായ രൂപവും മനസ്സിലായിട്ടുണ്ടായിരുന്നില്ല. പോത്തിന്റെ നിറവും അതിന്റെ ഏകദേശ രൂപവും ചേർത്തായിരുന്നു അവൻ അങ്ങനെ പറഞ്ഞത്. അത് ആനയല്ല, പോത്താണ്‌ എന്ന് പറഞ്ഞപ്പോൾ അവൻ ഒന്നും മനസ്സിലാകാത്ത പോലെ എന്നെ നോക്കി. കുറച്ച് കൂടെ വലുതാവുമ്പോൾ അവൻ അത് കൃത്യമായി മനസ്സില്ലാക്കും എന്നുറപ്പോടെ ഞങ്ങൾ വീട്ടിലേയ്ക്ക് നടന്ന് നീങ്ങി.


അച്ഛനെ വേദനിപ്പിച്ചാലുണ്ടല്ലോ ?


അന്ന് പൊന്നാനി എ.വി ഹൈസ്കൂളിൽ ഗ്രീഷ്മയുടെ ഒരു പരിപാടി നടക്കുകയായിരുന്നു. അതിനിടയിൽ ഞാനും കുഞ്ഞുണ്ണിയും കൂടെ എന്തോ ആവശ്യത്തിന്‌ പുറത്തേക്കിറങ്ങാൻ നോക്കി. എന്റെ കൈ പിടിച്ച് നടക്കുകയായിരുന്നു അവൻ. അപ്പോൾ എന്റെ കാൽ അവിടെ ഒരു മതിലിൽ തട്ടി എനിയ്ക്ക് നന്നായി വേദനിച്ചു. അതിയായ വേദന കാരണം ഞാൻ അവിടെ ഇരുന്നു പോയി. അപ്പോൾ അവൻ ആ മതിലിനടുത്തേയ്ക്ക് ഓടിപ്പോയി, കാൽ തട്ടിയ സ്ഥലത്ത് രണ്ടടി കൊടുത്തു. “മ്മാ...മ്മാ... ” അത് കണ്ടപ്പോൾ എന്റെ വേദനയെല്ലാം പോകുകയും, അവനെ കോരിയെടുത്ത് രണ്ടുമ്മ കൊടുക്കുകയും ചെയ്തു.



കടുവ

ഒരു ദിവസം, കുഞ്ഞുണ്ണി, അടുക്കളയിൽ നിന്നും ഒരു പാത്രം എടുത്ത് അമ്മയോടൂം അമ്മമ്മയോടും പറയാണ്‌.. 

“അമ്മേ, അമ്മമ്മേ.. ഇതാ കടുവ”. 

കടുവയോ ? അവർക്ക് ഒന്നും മനസ്സിലായില്ല. നോക്കിയപ്പോൾ കടുക് ഇട്ടു വെച്ച പാത്രം ആയിരുന്നു അവൻ എടുത്തിരുന്നത്. ഞങ്ങൾ ചിരിക്കുന്നത് കണ്ട് അവനും ഞങ്ങളുടെ കൂടെ ചിരിക്കാൻ തുടങ്ങി.


Sunday, December 4, 2016

“പരീക്ഷ”ണം

പരീക്ഷാത്തലേന്ന് വൈകുന്നേരം അനിശ്ചിതകാലത്തേയ്ക്ക് പരീക്ഷ മാറ്റി വെച്ച് കുട്ടികളെ ശരിക്കും വലക്കുകയാണ്‌ യൂണിവേഴ്സിറ്റി ചെയ്തത്.
ഈ പരീക്ഷകളുടെ ടൈംടേബിൾ ഏകദേശം 4 മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചതാണ്‌. അന്നൊന്നും ഇല്ലാത്ത പരാതിയാണ്‌ ഇപ്പോൾ. ഈ വാർത്തയിൽ പറയുന്ന പോലെ സപ്ലിമെന്ററി പരീക്ഷ എഴുതുന്നവർക്ക് മൂന്ന് ചാൻസ് കിട്ടിയതാണ്‌. ഇതൊന്നും പോരാതെ ഇനി വരുന്ന മെയ് - ജൂൺ മാസങ്ങളിൽ ഒരു ചാൻസ് കൂടെ കിട്ടുകയും ചെയ്യും. അടുത്ത സെമസ്റ്റർ പരീക്ഷകൾ ഇപ്പോൾ തന്നെ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ഇപ്പോൾ തന്നെ അത് കൊടുത്ത് ആവശ്യമായ പരിഹാരങ്ങൾ വരുത്തുക. അല്ലാതെ അവസാനനിമിഷം ഇങ്ങനെ ബുദ്ധിമുട്ടിക്കാതിരിക്കുക. അതുപോലെത്തന്നെ ഓൺലൈൻ വഴി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് വരുന്ന ചോദ്യപേപ്പർ കോളേജുകളിൽ ചോരാൻ സാധ്യത ഉണ്ടത്രെ. അച്ചടിച്ച് പരീക്ഷകൾക്ക് ദിവസങ്ങൾക്ക് മുൻപ് കോളേജുകളിൽ എത്തുന്ന ചോദ്യപേപ്പർ ചോരാൻ ഉള്ള സാധ്യതയൊക്കെത്തന്നെയെ ഇതിനുമുള്ളു..
അനിശ്ചിതകാലത്തേയ്ക്ക് മാറ്റിവെച്ച് അടുത്ത സെമസ്റ്ററുകളുടെ നടത്തിപ്പിനെപോലും ബാധിക്കുന്ന തരത്തിലാണ്‌ ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.



Thursday, June 2, 2016

Peace Out !!!!

ഇന്ന് KMEA ഏഞ്ചിനീയറിംഗ് കോളേജിൽ യൂണിവേഴ്സിറ്റി ഇൻവിജിലേഷൻ ഡ്യൂട്ടി ആയിരുന്നു. C 402 എന്ന മുറിയിലായിരുന്നു എനിയ്ക്ക് ഡ്യൂട്ടി. 9:15 നു മുൻപ് തന്നെ മുറിയിലെത്തി. കുട്ടികൾ പലരും പുറത്ത് നിന്ന് പഠിച്ച് കൊണ്ടിരിക്കുകയാണ്‌. 9:25 ആയപ്പോഴേയ്ക്കും കുട്ടികൾ അവരവരുടെ സീറ്റുകളിൽ ഇരുന്നു. അപ്പോഴാണ്‌ ഫാൻ ഒന്നും ഓൺ ചെയ്തിട്ടില്ല എന്ന് ഞാൻ ശ്രദ്ധിച്ചത്. 

ഓരോ ഫാൻ ആയി ഞാൻ ഓൺ ചെയ്യാൻ തുടങ്ങിയപ്പോഴാണ്‌, ഒരു ഫാനിന്‌ മുകളിൽ ഒരു പ്രാവ് ഇരിക്കുന്നത് ഞാൻ കണ്ടത്. അതിനെ ഓടിക്കുന്നതിനായി ആ ഫാൻ മാത്രം ഓൺ ചെയ്ത ഉടനെ ഓഫാക്കി. ഫാൻ ചെറുതായി അനങ്ങിയപ്പോൾ അത് അവിടെ നിന്ന് പറന്ന് പോയി. ഇനി ഫാനിന്റെ മുകളിൽ ഇരിക്കാതിരിക്കാൻ എല്ലാ ഫാനുകളും ഞാൻ പ്രവർത്തിപ്പിച്ചു. പ്രാവിനെക്കുറിച്ച് ഞാൻ പിന്നെ ശ്രദ്ധിച്ചതുമില്ല. 

പരീക്ഷ തുടങ്ങി ഒരു 15 മിനുട്ട് ആയപ്പോൾ, ആ പാവം മിണ്ടാപ്രാണി വീണ്ടും പറന്നു വന്ന്, ഫാനിനിടയിൽ പെട്ട് തല തകർന്ന്, താഴെ കുട്ടികൾക്കിടയിലൂടെ ഡസ്കിലും തല ഇടിച്ച്, ഒരു ചെറിയ പിടച്ചിലോടെ നിമിഷാർദ്ധം കൊണ്ട് ജീവൻ വെടിഞ്ഞു. തലയിൽ ഉണ്ടായ ചെറിയ മുറിവിലൂടെ രണ്ട് തുള്ളി രക്തം പുറത്ത് വരികയും ചെയ്തു.


പരീക്ഷക്കിടയിൽ ഉണ്ടായ ആ സംഭവം പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥികളുടേയും മനസ്സുലച്ചു. അറിയാതെ ആണെങ്കിലും, ഞാൻ കാരണം ആണല്ലോ ആ പാവത്തിന്‌ ജീവൻ നഷ്ടപ്പെടാനിടയായത്. എനിയ്ക്കും വിഷമം ആയി. പരീക്ഷക്കിടയിൽ വെള്ളം കൊണ്ടു വന്ന ഒരു ചേച്ചിയോട് സംഭവം പറഞ്ഞപ്പോൾ അവർ അതിനെ എടുത്തു കളയുകയും ചെയ്തു. അവർ പറഞ്ഞപ്പോൾ ആണ്‌ ഞാൻ ശ്രദ്ധിച്ചത് - ആ മുറിയിലെ Air Hole - ൽ ആ പക്ഷിയുടെ ഒരു കൂട് ഉണ്ടായിരുന്നു. അത് ലക്ഷ്യമാക്കി പറക്കുന്നതിനിടയിലാണ്‌ ആ പാവത്തിന്‌ ജീവൻ നഷ്ടപ്പെട്ടത്. ആ കൂട്ടിൽ മറ്റ് പ്രാവുകളോ, മറ്റ് ഒന്നും തന്നെയോ ഉണ്ടായിരുന്നില്ല.

ആ മുറിയിൽ വിദ്യാർത്ഥികൾ, Peace Out എന്ന് വലുതാക്കി ചുവന്ന നിറത്തിൽ എഴുതി വെച്ചിട്ടുണ്ട്. Good Bye എന്ന് അർത്ഥം വരുന്ന ആ വാക്കിന്‌ മറ്റൊരു അർത്ഥമാണ്‌ എനിയ്ക്ക് അപ്പോൾ തോന്നിയത്. സമാധാനത്തിന്റെ (Peace) അടയാളമായ ആ പാവം പ്രാവിനെ അറിയാതെ ആണെങ്കിലും ജീവിതത്തിന്റ കളത്തിൽ നിന്ന് ഞാൻ ആണല്ലോ Out ആക്കിയത്. 


പ്രിയ പക്ഷീ, മനസ്സിൽ എപ്പൊഴും നീ ഒരു നൊമ്പരമായി ഉണ്ടാകും.

മാപ്പ് !!!