Saturday, June 26, 2010

മറ്റൊരു ഹര്‍ത്താല്‍ കൂടി......

ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് (26/06/2010) മറ്റൊരു ഹര്‍ത്താല്‍ കൂടി...... ഹര്‍ത്താലുകള്‍ ആഘോഷമാക്കി മാറ്റുന്ന മലയാളിയുടെ പ്രവണത കൂടി വരുന്നതില്‍ എനിയ്ക്കും പങ്കുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി....... ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയാണ്... എന്നാല്‍ അടുത്ത ശനിയാഴ്ച “സെന്റ് തോമസ് ഡേ“ ആയതിനാല്‍ അവധിയാണ്... അതിന് പകരം ഇന്ന് പ്രവര്‍ത്തി ദിവസം ആണെന്ന് ഇന്നലെ നോട്ടീസ് വന്നു.... ഇങ്ങനെ പ്രവര്‍ത്തിദിവസം ആക്കുന്നതെല്ലാം ഒരു 2-3 ദിവസങ്ങള്‍ മുന്‍പെങ്കിലും അറിയിക്കണമായിരുന്നു.... എന്നും വീട്ടില്‍ നിന്ന് പോയി വരുന്ന എന്നെ അതത്ര ബാധിക്കില്ല എന്നുള്ളത് ശരി തന്നെ.... എന്നാല്‍ ഹോസ്റ്റലില്‍ താമസിക്കുന്നവരെല്ലാം ഇന്നലെ വീ‍ട്ടില്‍ പോ‍കണമെന്ന് കരുതിയവരുമാ‍ണ്..... ചിലര്‍ ലീവ് കൊടുത്തിട്ട് പോകുകയും ചെയ്തൂ... ഇന്നലെ വൈകീ‍ട്ടാണ് ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇടതുപക്ഷസംഘടനകള്‍ “ഹര്‍ത്താലിന്റെ സ്വന്തം നാ‍ട്ടില്‍“ ഹര്‍ത്താലിന്‌ ആഹ്വാനം നടത്തിയത്.....  ഇന്നും കോ‍ളേജില്‍ പോകണമല്ല്ലോ എന്ന ചിന്തയോടെ ആണ് ഇന്നലെ വീ‍ട്ടിലെത്തിയത്... വീട്ടിലെത്തിയപ്പോള്‍ ആണ് ഇന്ന് ഹര്‍ത്താല്‍ ആണെന്നും പോകാന്‍ പറ്റില്ല എന്നും മനസ്സിലായത്.... കോളേജ് ബസ്സ് ഓടിക്കാന്‍ പറ്റാത്തത് കൊണ്ട് കോളേജിന് അവധിയും ആണ്.... അങ്ങനെ വീണുകിട്ടിയതായി ഈ അവധി.....
                          ഹര്‍ത്താലുകളെ അവധിദിവസങ്ങളും ആഘോഷദിവസങ്ങളും ആക്കി മാറ്റുന്ന ഞാനുള്‍പ്പെടെയുള്ളവരുടെ ചിന്താഗതിയ്ക്ക് മാറ്റം സംഭവിച്ചേ മതിയാകൂ........

Tuesday, June 22, 2010

ലോകകപ്പ് ഫ്ലക്സ് യുദ്ധം

ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് അതിന്റെ രണ്ടാം റൌണ്ടിലേയ്ക്ക് കടക്കുകയാണ്. അതിന്റെ ആവേശം കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിക്കുകയാണ്.
                 വിവിധ രാജ്യങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ മത്സരിച്ച് കേരളത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുമുണ്ട്. ആര്‍ക്കുവേണ്ടി ? ആരും ആലോചിക്കുന്നുമില്ല. പരസ്പരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന വാചകങ്ങള്‍ എല്ലാവരും എഴുതിയിട്ടുമുണ്ട്. ഇതാണോ യഥാര്‍ത്ഥ Sportsman Spirit ? ടീമുകളോടും കളിക്കാരോടുമുള്ള ഇഷ്ടം മനസ്സിലാകുന്നു. പക്ഷെ, എന്തോ ഇത് എനിയ്ക്ക് മനസ്സിലാകുന്നില്ല.
                   അര്‍ജന്റീന, ബ്രസീല്‍ എന്നീ ടീമുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഫ്ലക്സ് ബോര്‍ഡുകള്‍. മറഡോണ പുകവലിക്കുന്ന(ചുരുട്ട് പോലെ എന്തോ ആണ്)ഒരു ഫ്ലക്സ് ബോര്‍ഡും, വായടക്കടാ എന്ന് എതിര്‍കളിക്കാരോടുള്ള വാചകവും ഒരു അര്‍ജന്റീന ടീമീന്റെ ഒരു വലിയ ബോര്‍ഡില്‍ വഴിവക്കിലെവിടെയോ കണ്ടു. ബ്രസീല്‍ ടീമും ഇത്തരത്തില്‍ (അതില്‍ പുകവലിക്കുന്ന ആരെയും കണ്ടില്ല) പ്രകോപ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ടു.
                     ഫ്ലക്സ് പ്രിന്റ് ചെയ്യുന്ന ഒരു കടയില്‍ ഇപ്പോള്‍ നടന്ന ഒരു സംഭവം മനസ്സില്‍ ചിരിയുണര്‍ത്തി. ഒരു നാട്ടിലെ ബ്രസീല്‍, അര്‍ജ്ജന്റീന ഫാന്‍സ് അസോസിയേഷനുകാര്‍ ഒരേ സമയം കടയില്‍ എത്തി. ഫ്ലക്സ് ഡിസൈന്‍ ചെയ്യുന്നതിനിടയില്‍ രണ്ട് കൂട്ടരും ഒരുമിച്ചായതിനാ‍ല്‍, അതില്‍ പ്രിന്റ് ചെയ്യാനുള്ള വാചകങ്ങള്‍ മാറ്റി മാറ്റി പറയാന്‍ തുടങ്ങി. അവസാനം കടക്കാരന്‍, രണ്ട് കൂട്ടരോടും പിന്നീട് വേറെ വേറെ സമയങ്ങളില്‍ വരാ‍ന്‍ പറഞ്ഞത്രെ.
                      പ്ലാസ്റ്റിക്ക് എന്ന വസ്തുവിന്റെ ദോഷങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരു തലമുറയാണ് ജീവിച്ചിരിക്കുന്നത്. അടുത്ത തലമുറയുടെ ശാപം ഫ്ലക്സ് ബോര്‍ഡുകള്‍ ആയിരിക്കും എന്നതില്‍ സംശയമില്ല.........

അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷ - കാലിക്കറ്റ് സര്‍വ്വകലാശാല 2010

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ചില ബ്രാഞ്ചുകളുടെ പരീ‍ക്ഷകള്‍ കഴിഞ്ഞിരിക്കുന്നു.
                       പരീക്ഷ എന്നാല്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാനുള്ളതല്ല എന്ന് സര്‍വ്വകലാ‍ശാലക്കകത്തിരിക്കുന്നവര്‍ ഓര്‍ത്താല്‍ നല്ലതായിരിക്കും. പരീക്ഷ നടന്ന് കഴിഞ്ഞാല്‍ പോലും സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കും. ചോദ്യപേപ്പറുകള്‍ ചിലപ്പോള്‍ ഫാക്സ് ഒക്കെ ആയിട്ടായിരിക്കും വരുന്നത് തന്നെ.
                        ഈയിടെ നടന്ന പരീക്ഷയില്‍ Applied Electronics & Instrumentation വിഭാഗത്തിന്റെ AI04 802 Analaytical Instrumentation എന്ന പരീക്ഷയെക്കുറിച്ച് കുറച്ചധികം പറയാനുണ്ട്. പരീക്ഷ മുന്‍ നിശ്ചയിച്ച ദിവസം തന്നെ നടന്നു. എന്നാല്‍ ചോദ്യപേപ്പര്‍ വന്നത് ഫാക്സ് ആയിട്ടാണത്രെ. ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ വായിച്ചെടുക്കാന്‍ മൂന്ന് കണ്ണുകള്‍ ഉണ്ടെങ്കില്‍ പോലും പണിപ്പെടും. അങ്ങനെ പരീക്ഷയൊക്കെ കുട്ടികള്‍ വളരെ കഷ്ടപ്പെട്ട് എഴുതി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പരീക്ഷ Reshedule ചെയ്ത് പുതിയ ഒരു തിയ്യതി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ഒരു അറിയിപ്പ് കണ്ടു. മുന്‍പ് എഴുതിയ പരീക്ഷ റദ്ദാക്കിയോ എന്നോ മറ്റൊന്നും അതിലില്ല താനും. ഏഴോ എട്ടോ പരീക്ഷകള്‍ Reshedule ചെയ്ത ലിസ്റ്റില്‍ ഉണ്ടായിരുന്നു. പിറ്റേന്ന്, ആ അറിയിപ്പ് മാറ്റം വരുത്തി. അതില്‍, ഈ പറഞ്ഞ AI04 802 Analaytical Instrumentation എന്ന പരീക്ഷ ഇല്ലായിരുന്നു. അതായത് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം റദ്ദാക്കി.
               AI04 802 Analaytical Instrumentation നെക്കുറിച്ച് പറഞ്ഞ സ്ഥിതിയ്ക്ക് ME04 803 Mechatronics and Machine controls എന്ന പരീക്ഷയെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല.  പരീക്ഷാഹാളില്‍ ചോദ്യപേപ്പര്‍കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഞെട്ടിപ്പോയി. എഴുപത് ശതമാനത്തില്‍ അധികം ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്നാണ്. പരീക്ഷ റദ്ദാക്കുകയും വീണ്ടും നടത്തുകയും ചെയ്തു. അതിനുള്ള അറിയിപ്പ് സര്‍വ്വകലാശാല വെബ് സൈറ്റില്‍ കണ്ടപ്പോള്‍ വിഷമം തോന്നിപ്പോയി. ME04 803 Mechatronics and Machine controls എന്നതിന് പകരം ME04 803 Mechatromin and Machine controls എന്നാണ് എഴുതിയിരുന്നത്. രണ്ടിലും ഉള്ള Spelling ശ്രദ്ധിക്കുക.
                    നേരായ രീതിയില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടോ ? ആര്‍ക്കോ വേണ്ടി, യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ, ചോദ്യപേപ്പറുകള്‍ ഫാക്സ് അയച്ചും സിലബസിന് പുറത്തെ ചോ‍ദ്യങ്ങള്‍ ചോദിച്ചും വിദ്യാര്‍ത്ഥികളെ വീ‍ണ്ടും വീണ്ടും സര്‍വ്വകലാശാല കളിയാക്കിക്കൊണ്ടിരിക്കുകയാണ്.
                പരീക്ഷകള്‍ വൈകിക്കുന്നതില്‍ ഈ സര്‍വ്വകലാശാല പണ്ടേ പ്രശസ്തമാണ്. അത് ഒഴിവാക്കുന്നതിനായി, യാതൊരു മുന്നറിയിപ്പുമില്ലാതെ Supplementary പരീക്ഷകള്‍ സര്‍വ്വകലാശാല വേണ്ടെന്നു വെച്ചു. ഇപ്പോള്‍ ഒരു വിഷയത്തില്‍ പരാജയപ്പെട്ടാല്‍, അടുത്ത വര്‍ഷമേ എഴുതാന്‍ കഴിയൂ. ഇത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അവര്‍ നടത്തിയെതെന്നോര്‍ക്കുക. എന്നിട്ട് പോലും പരിക്ഷകള്‍ വൈകുന്നത് തടയാന്‍ അധികൃതര്‍ക്കാകുമോ എന്ന് കണ്ടറിയാം.
                          യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്തെ ഒരു പറ്റം ആളുകള്‍ വെറുതെ ആര്‍ക്കോ വേണ്ടി, എപ്പൊഴെങ്കിലും പരീക്ഷകള്‍ നടത്തുന്നു. എഴുതിക്കഴിഞ്ഞാല്‍ പോലും യാതൊരു ഉറപ്പുമില്ലാത്ത ഈ പരീക്ഷകള്‍ക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
                           എങ്കിലും, ഉത്തരക്കടലാസിന്റെ ആദ്യത്തെ പേജില്‍  ബാര്‍കോഡ് ഉപയോഗിച്ച് ഫാള്‍സ് നമ്പറിംഗ് എളുപ്പം ആക്കാനുള്ള നീക്കം അഭിനന്ദനീയം തന്നെ. എന്നാലും, ഇതൊക്കെ നേരായ രീതിയില്‍ നടത്തിയാല്‍ മതിയായിരുന്നു.

Sunday, June 20, 2010

യാത്രയയപ്പ്

ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ആദ്യത്തെ Applied Electronics & Instrumentation ബാച്ച് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുകയായി. അവര്‍ക്ക് ഇന്നലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു യാത്രയയപ്പ് നടത്തുകയുണ്ടായി.
                        ഉച്ചയ്ക്ക് 12:15ന് ആണ് പരിപാടികള്‍ ആരംഭിച്ചത്. ഉച്ചഭക്ഷണത്തിന് പ്രിന്‍സിപ്പാള്‍, തോമസ് മാത്യു സാര്‍, റോയ് ഫാദര്‍ എന്നിവരേയും വിളിച്ചിരുന്നു. പിരിഞ്ഞു പോകുന്ന ഓരോരുത്തരേയും പേര് വിളിച്ച് റോസ് പൂ നല്‍കിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. പലരുടേയും പേര് വിളിക്കുമ്പോള്‍ അവരുടെ ഇരട്ട പേരുകളുമൊക്കെ കൂട്ടുകാര്‍ ഉറക്കെ വിളിക്കുന്നത് കേട്ടു. തലമുടിയില്‍ കൂടുതല്‍ സ്ട്രോ കുത്തിക്കയറ്റുന്ന കളിയും, ഈര്‍ക്കിള്‍ ഉപയോഗിച്ച് കൂടുതല്‍ പോളോ കോര്‍ത്തെടുക്കുന്ന കളിയും, ഒരു വിഷയം കൊടുത്ത് അതിന്റെ അവതരണവും ഒക്കെ അവരെക്കൊണ്ട് ജൂനിയേര്‍സ് ചെയ്യിച്ചു.
                     യാത്രയയപ്പ് നടക്കുകയാണെന്നും എന്തെങ്കിലും പറയണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയെന്നും ഞാന്‍ സജീഷിന് മെസ്സേജ് അയച്ചപ്പോള്‍ എന്നെ സജീഷ് വിളിച്ചു. മൊബൈല്‍ ലൌഡ് സ്പീക്കര്‍ മോഡില്‍ ഇട്ട് എല്ലാവരോടും സജീഷ് സംസാരിച്ചു. ടെക്നോളജിയുടെ വികസനം എത്ര വലുതെന്ന് എനിക്കപ്പോള്‍ തോന്നി.
                    അതിന് ശേഷം കുറേ പേര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ആദ്യവര്‍ഷത്തില്‍ എല്ലാവരും ഒത്തൊരുമയോടെ ആയിരുന്നെന്നും പിന്നീട് അത് എവിടെ വെച്ചോ നഷ്ടപ്പെട്ടു എന്നൊക്കെ ചിലര്‍ പറഞ്ഞു. പക്ഷെ എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കാറുണ്ടായിരുന്നു എന്നൊക്കെ പലരും പറഞ്ഞു. എവിടെ വെച്ച്, എങ്ങനെ ഈ ഒത്തൊരുമ നഷ്ടപ്പെട്ടു ? അറിയില്ല- ആര്‍ക്കൂം അതിനുള്ള കാരണം. മനുഷ്യന്‍ ഒരു സാമൂ‍ഹ്യജീവിയാണെന്നുള്ള കാര്യം മറക്കാതിരിക്കൂക.  ടൂര്‍, പ്രൊജക്റ്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചതെന്നും പറഞ്ഞു. അവര്‍ക്കൊപ്പം ഇവിടെ വന്ന് അവരോടൊപ്പം തന്നെ ഇവിടെ നിന്ന് പോകുന്ന (പി.എച്ച്.ഡി പഠനത്തിന്) പോകുന്ന വിവേക് സാറിനോടുള്ള അവരുടെ അടുപ്പം എത്രയെന്ന് എനിയ്ക്ക് ഇന്നലെ ആണ് മനസ്സിലായത്. എഞ്ചിനീയറിംഗിന് വരണമെന്നൊന്നും കരുതിയിരുന്നില്ല എന്നും, കിട്ടിയപ്പോള്‍ വന്നതാണ് എന്നും ചിലരൊക്കെ പറയുന്നത് കേട്ടു.
                     വിദ്യാര്‍ത്ഥികളില്‍ ആരോ ഒരാള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ആരും ഒരു പിരിഞ്ഞുപോകുന്ന ഒരു അവസ്ഥയില്‍ അല്ല ഇരിക്കുന്നതെന്നും എന്നും കാണുന്നത് മാത്രമേ ഇല്ലാതാവുന്നുള്ളും എന്നൊക്കെ പറഞ്ഞു. മൊബൈല്‍, ഇമെയില്‍, ഓര്‍ക്കുട് എന്നിവയൊക്കെ ഉള്ളപ്പോള്‍ ആ പറഞ്ഞത് ശരിയാണെന്ന് എനിയ്ക്കും തോന്നി. പണ്ടൊക്കെ യാത്രയയപ്പ് ചടങ്ങുകളില്‍ ചിലരൊക്കെ കരച്ചിലടക്കാന്‍ പാടുപെട്ടിരുന്നു എന്നത് ഞാന്‍ ഓര്‍ക്കുന്നു.
                    വിവേക് സാര്‍, സംസാരിച്ചപ്പോള്‍ ഒരു കാര്യം സൂചിപ്പിച്ചു - എല്ലാവരും എല്ലാ പേപ്പറും പാസ് ആയില്ലല്ലോ എന്ന വിഷമം സാര്‍ പങ്കുവെച്ചു. പിന്നെ, ആരൊക്കെയോ യാത്രയയപ്പിന് വന്നില്ലല്ലോ എന്നും പറഞ്ഞു. ഞാന്‍ നേരത്തെ പറഞ്ഞ ഒത്തൊരുമയില്ലായ്മയായിരുന്നോ എതിനുള്ള കാരണം എന്ന് എനിയ്ക്ക് തോന്നി.
                            അവരുടെ ഒരു ഫോട്ടോ ആല്‍ബം അവര്‍ വിവേക് സാറിന് നല്‍കി.
                     ഇനി പരിപാടി സംഘടിപ്പിച്ച ഇപ്പോഴെത്തെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളോട് ഒരു വാക്ക് - പരിപാടി എല്ലാം നന്നായി. പക്ഷെ, നിങ്ങള്‍ അവരെ പഠിപ്പിച്ച ടീച്ചര്‍മാരെ സംസാരിക്കാന്‍ ക്ഷണിച്ചില്ല. ഒരു യാത്രയയപ്പ് വേദിയില്‍ അവരെ കുറിച്ച് കൂടുതല്‍ പറയാന്‍ അവരെ പഠിപ്പിച്ചവര്‍ക്കാകുമായിരുന്നു എന്ന് എനിയ്ക്ക് തോന്നുന്നു. അവരെ ഒരു വിഷയം പോലും പഠിപ്പിച്ചിട്ടില്ലാത്ത എനിയ്ക്ക് ഒന്നും തന്നെ പറയാന്‍ ഇല്ലായിരുന്നു എന്നത് വേറെക്കാര്യം.

ബ്ലോഗ്

ഒരു ബ്ലോഗ് തുടങ്ങാന്‍ എളുപ്പമാണ്... പക്ഷെ, അത് മുന്നോട്ട് കൊണ്ട് പോകല്‍ അത്ര എളുപ്പമല്ല എന്ന് എന്റെ മുന്‍പരിചയങ്ങളില്‍ നിന്ന്‌ മനസ്സിലായി. രണ്ടോ മൂന്നോ ബ്ലോഗുകള്‍ മുന്‍പ് ഞാന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പക്ഷെ, പിന്നീട് അതിലേയ്ക്ക് തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പക്ഷെ, ഇത് അങ്ങനെ ആവില്ല എന്ന് കരുതുന്നു. മുന്‍പും അങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്. എങ്കിലും, അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.