Sunday, September 19, 2010

“ചേട്ടാ ഒരു ചായ “

“ചായ..... ചായ..... ചായ..... “

റെയില്‍വേ സ്റ്റേഷനുകളിലെ ഈ വിളി കേള്‍ക്കാത്തവരും ആ ചായ കുടിക്കാത്തവരും വളരെ കുറവായിരിക്കും....... പട്ടാമ്പി- കൊളപ്പുള്ളി റോഡ് പണി നടക്കുന്നതിനാല്‍ ബസ്സുകളെല്ലാം വഴി തിരിച്ചു വിട്ടിരിക്കുകയാണ്. 4 : 10 നുള്ള കൊയമ്പത്തൂര്‍ - കണ്ണൂര്‍ പാസഞ്ചറില്‍ കുറ്റിപ്പുറം വരെ വരാനായി ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. പട്ടാമ്പി ഭാഗത്തേയ്ക്കൂള്ള ജ്യോതിയിലെ കുട്ടികളും അവിടെയുണ്ട്.

              ഞങ്ങളെല്ലാവരും കൂടെ ചായ കുടിക്കാനായി ഒരു കടയില്‍ എത്തി. ഞങ്ങള്‍ 6 പേര്‍ക്കും ചായ വാങ്ങി. അപ്പോള്‍, കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ച ഒരു രസകരമായ സംഭവം മനസ്സില്‍ ഓടിയെത്തി.

                അന്ന് M.Tech ന് പഠിക്കുന്ന കാലം. മുകളില്‍ പറഞ്ഞ അതേ വണ്ടിയിലാണ് വീട്ടിലേയ്ക്ക് പോരാറുള്ളത്. ഞാനും എന്റെ കുറച്ച് കൂട്ടുകാരും കൂടിയാണ് പോരാറുള്ളത്. വണ്ടി കൃത്യസമയത്ത് തന്നെ ഷൊര്‍ണൂരില്‍ എത്തി. “ഇട്ടിമഡൈ” യില്‍ നിന്നും കയറിയ എനിയ്ക്ക് ഷൊര്‍ണൂരിലെത്തിയപ്പോള്‍ ഒരു ചായ കുടിക്കാന്‍ തോന്നി. മറ്റുള്ളവര്‍ക്കൊന്നും വേണ്ട എന്ന് പറഞ്ഞു. വണ്ടിക്കടുത്ത് ചായ വില്‍ക്കുകയായിരുന്ന ചായക്കാരനോട് ഒരു ചായ പറഞ്ഞു. അയാള്‍ ചായ തന്നു. കൃത്യസമയമാണെങ്കില്‍ വണ്ടി അഞ്ച് മിനുട്ട് മാത്രമേ അവിടെ നിര്‍ത്താറുള്ളൂ. കൂ‍ടുതല്‍ ആളുകള്‍ ചായ വാങ്ങിക്കൊണ്ടിരിക്കുകയാണ്. എന്റെ കയ്യിലുള്ള ഇരുപത് രൂ‍പ ഞാന്‍ അയാള്‍ക്ക് നേരെ നീട്ടിയിട്ട് “ചേട്ടാ, ഒരു ചായ” എന്ന് ഒരു അഞ്ചാറ് തവണ പറഞ്ഞു. തിരക്കിനിടയില്‍ അയാളത് വാങ്ങുന്നില്ല. ചുറ്റുമുള്ള ആളുകള്‍ പോയപ്പോള്‍ അയാള്‍ ഒരു ആറ് ചായ വണ്ടിയുടെ ജനലില്‍ എടുത്ത് വെച്ചു. എന്റെ കയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട് അയാള്‍ ബാക്കി പൈസയും തന്നു. എന്നിട്ടും ആരും ആ ചായകള്‍ ജനലില്‍ നിന്ന് എടുക്കുന്നില്ല്ല. അയാള്‍ അല്‍പ്പം ദേഷ്യത്തോടെ ചോദിച്ചു.

“ ആരാ ചായ ചോദിച്ചത്, ആ‍ര്‍ക്കും വേണ്ടേ???? “.

ആര്‍ക്കും ഒന്നും മനസ്സിലായില്ല.

“വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍...... “

അയാള്‍ ആ ചായ തിരിച്ചെടുക്കാന്‍ ഒരുങ്ങി. അപ്പോഴേയ്ക്കും എന്റെ അടുത്തിരുന്ന നാല് പേര്‍ ചായ വാങ്ങി. എന്നിട്ടും രണ്ട് ചായകള്‍ ബാക്കി. അയാള്‍ പാത്രത്തിലേയ്ക്ക് ചായ തിരിച്ചൊഴിച്ച് ദേഷ്യത്തോടെ നടന്ന് പോയി.ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല.

           കുറച്ച് കഴിഞ്ഞപ്പോള്‍ ആണ് എനിയ്ക്ക് കാര്യം പിടികിട്ടിയത്. ഞാന്‍ ഇരുപത് രൂപ നീട്ടിയിട്ട്  “ചേട്ടാ ഒരു ചായ “ എന്ന് പറഞ്ഞ് കേട്ടതിനിലെല്ലാം അയാള്‍ ചായ എടുത്ത് വെച്ചു. ഞാന്‍ ആ കാര്യം അപ്പോള്‍ ആരോടും പറഞ്ഞില്ല.

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.......... “

അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് പോകാനുള്ള വണ്ടി വരാനുള്ള അനൌണ്‍സ് മെന്റ് കേട്ടു. ചായ വേഗം കുടിച്ച് തീര്‍ത്ത് പ്ലാറ്റ്ഫോമിലേയ്ക്ക് നീ‍ങ്ങി.