Sunday, October 3, 2010

CRO യും ഉത്പ്രേക്ഷയും

കോളേജില്‍ EEE Department HOD ആയ ശ്രീ. ഹമീദ് സാറിന് എഞ്ചിനീയറിംഗ് രംഗത്തേയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള മികച്ച അധ്യാപകനുള്ള വിക്രം സാരഭായ് അവാര്‍ഡ് ലഭിച്ചു.

               അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞാന്‍ പഠിക്കുന്ന കാലത്ത് MES College of Engineering ലെ ECE Department HOD ആയിരുന്നു. എനിക്ക് സാറിനെ അറിയാമായിരുന്നെങ്കിലും സാറിന് അന്ന്‌ എന്നെ പരിചയമുണ്ടാവാന്‍ സാധ്യത ഇല്ല. പിന്നീട് ജ്യോതിയില്‍ ഞാന്‍ അധ്യാപകനായതിന് ശേഷം അദ്ദേഹം ഇവിടെ EEE Department ലെ HOD ആയി വന്നു. അതിന് ശേഷം കോളേജിലെ വിവിധ കാര്യങ്ങള്‍ക്കായി അദ്ദേഹത്തെ ഞാന്‍ കൂടുതല്‍ പരിചയപ്പെട്ടു.

           അദ്ദേഹത്തിനെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച മീറ്റിംഗില്‍ പ്രിന്‍സിപ്പാള്‍ സാര്‍ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഈ അവാര്‍ഡിലേയ്ക്ക് ഒരുപാട് പേരെ പരിഗണിച്ചിരുന്നു. ഒരു മികച്ച പാനല്‍ ആയിരുന്നു ഈ ലിസ്റ്റ് തയ്യാറാക്കിയത്. സമൂഹത്തിലെ പ്രശസ്തരായവരില്‍ നിന്നും ഇവര്‍ ഒരു ഫീഡ് ബാക്ക് വാങ്ങിയിരുന്നത്രെ. അതിലേയ്ക്ക് ഹമീദ് സാറിന്റെ ശിഷ്യനും ISRO Director - Dr. Chandraseskhar നല്‍കിയ ഫീഡ് ബാക്ക് ആണത്രെ ഹമീദ് സാറിനെ ഒരുപാട് മുന്നിലെത്തിച്ചത്. CRO എന്താണ് എന്ന് ഞാന്‍ മനസ്സിലാക്കിയത് ഹമീദ് സാര്‍ വഴി ആണ് എന്നാണത്രെ അദ്ദേഹം നല്‍കിയ ഫീഡ് ബാക്കിലെ പ്രധാന ആശയം. ഇന്ത്യയുടെ അഭിമാനം ISRO യിലെ സമുന്നതമായ ഒരു പോസ്റ്റില്‍ ഉള്ള ഒരാള്‍ നല്‍കിയ ഈ ഫീഡ് ബാക്ക് വളരെ വിലപ്പെട്ടതാണ്.

                CRO - Cathode Ray Oscilloscope ന്റെപ്രാധാന്യം എഞ്ചിനീയറിംഗ് രംഗത്ത് വളരെ ഉയര്‍ന്നതാണല്ലോ.... കാലങ്ങള്‍ ഒരു പാട് കഴിഞ്ഞിട്ടും, ഹമീദ് സാര്‍ പഠിപ്പിച്ച CRO യെ ക്കുറിച്ച് തന്നെയാണ്  അദ്ദേഹത്തിന് പറയാനുള്ളത്. അത് വഴി ഹമീദ് സാര്‍ നമ്മുടെ രാജ്യത്തിന് പരോക്ഷമായിട്ട് നല്‍കിയ സംഭാവനകളും വളരെ വലുതാണല്ലോ.. ഒരു അധ്യാപകന്‍ എങ്ങനെയാണൊ ആവേണ്ടത്, അതാണ് ഹമീദ് സാര്‍ കാണിച്ച് തന്നത്. ഹമീദ് സാറിന് ഒരു ശിഷ്യനെന്ന നിലയിലും ഒരു സഹപ്രവര്‍ത്തകനെന്ന നിലയിലും എന്റെ പ്രണാമം........

              രണ്ടാഴ്ച മുന്‍പ് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള അടയ്ക്കാപുത്തൂരില്‍ വെച്ചും ഏറെ സമാനതകള്‍ ഉള്ള ഒരു കാര്യം ഉണ്ടായി. അടയ്ക്കാപുത്തൂര്‍ - പേര് കേട്ടപ്പോള്‍ രസകരമായി തോന്നി. എന്തായിരിക്കാം ആ പേര് വരാ‍ന്‍ കാരണം ?? ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയത് - പണ്ട് ചിലപ്പോള്‍ അടയ്ക്ക പൊതി(പൊളി)ക്കുന്ന സ്ഥലം (ഊര്) ആയിരിക്കാം - അടയ്ക്ക പൊതിക്കുന്ന ഊര് - പറഞ്ഞ് പറഞ്ഞ് അത് അടയ്ക്കാപുത്തൂരായതാവാം... പറഞ്ഞ് പറഞ്ഞ് വിഷയം മാറിപ്പോകുന്നു...

                           അവിടെ ശ്രീ. പി.ടി ഭാസ്കരപണിക്കര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ “കവിതാസ്വാദനക്കളരിയും കവിയരങ്ങും“ എന്ന പരിപാടി ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 21 നായിരുന്നു പരിപാടി. അച്ഛന്‍ അതില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അവധി ആയതിനാല്‍ ഞാനും കൂടെ പോയിരുന്നു. കെ.പി ശങ്കരന്‍ മാഷ്, ആലങ്കോട് ലീലാകൃഷ്ണേട്ടന്‍, പൊതുവാള്‍ മാഷ് - തുടങ്ങി കുറേ പ്രമുഖര്‍ ഉണ്ടായിരുന്നു.

                          കെ.പി ശങ്കരന്‍ മാഷിന്റെ പ്രഭാഷണം രണ്ട് ദിവസം കേട്ടിരുന്നാലും ബോറടിക്കില്ല. അത്ര മനോഹരമായ സംസാരശൈലി. അദ്ദേഹം മലയാള കവിതയിലെ ഇപ്പോള്‍ കൈമോശം വന്നുകൊണ്ടിരിക്കുന്ന വൃത്തങ്ങളേയും അലങ്കാരങ്ങളേയും കുറിച്ചൊക്കെ പറഞ്ഞു. അതില്‍ അദ്ദേഹം, അദ്ദേഹത്തെ മലയാളം പഠിപ്പിച്ച രായിരനെല്ലൂര്‍ സ്കൂളിലെ നമ്പീശന്‍ മാഷിനെ കുറിച്ച് പറഞ്ഞു. നമ്പീശന്‍ മാഷ് “ഉത്പ്രേക്ഷ” എന്ന അലങ്കാരം പഠിപ്പിച്ചതിപ്രകാരമാണത്രെ...

ഉത്പ്രേക്ഷയുടെ ലക്ഷണം

“മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതുതാനല്ലയോയിത്
എന്ന് വര്‍ണ്ണ്യത്തിലാശങ്ക - ഉത്പ്രേക്ഷാലങ്കാരം കൃതി “

ഇത് കേട്ടപ്പോള്‍ അന്ന് അവരുടെ ക്ലാസില്‍ ഉണ്ടായിരുന്നവര്‍ക്ക് ഒന്നും മനസ്സിലായില്ലെന്നും, അത് മനസ്സിലാക്കിയ നമ്പീശന്‍ മാഷ് സ്കൂളിന് പുറത്തുള്ള വലിയ ആല്‍മരത്തിലേയ്ക്ക് നോക്കാനും പറഞ്ഞത്രെ. കാറ്റില്‍ ആല്‍മരത്തിലെ ഇലകള്‍ ആടുന്നുണ്ട്. ആല്‍മര്‍ത്തിന് ചുവട്ടില്‍ ഒരു സ്ത്രീ, വിവിധ പലഹാരങ്ങള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.

“ആല്‍മരത്തിലെ ഇലകള്‍ കുട്ടികളെ പലഹാരങ്ങള്‍ കഴിക്കാന്‍ വിളിക്കുന്നത് പോലെ തോന്നുന്നില്ലേ ?“ -

നമ്പീശന്‍ മാഷ് ഇത് ചോദിച്ചപ്പോള്‍ - ശരിയാണ് - അങ്ങനെ തോന്നുന്നുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. 

നമ്പീശന്‍ മാഷ് തുടര്‍ന്നു - “ആല്‍മരത്തിലെ ഇലകള്‍ ആടുന്നത് കണ്ടാല്‍ കുട്ടികളെ വിളിക്കുന്നത് പോലെ തോന്നുന്നു. അത് താനല്ലയോ ഇത്  - അതാണ് ഉത്പ്രേക്ഷ”.

              എഴുപത് വയസ്സിന് മുകളില്‍ പ്രായമായ കെ.പി ശങ്കരന്‍ മാഷ് ഇന്നും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അധ്യാപകനെയും ആ ക്ലാസുകളും ഓര്‍ക്കുന്നു. - ഇത് തന്നെയല്ലേ ഹമീദ് സാറിന് ലഭിച്ച ഫീഡ് ബാക്കും ?????

ഇത്തരത്തില്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു അധ്യാപകനാവണമെങ്കില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടെന്ന് ഇന്ന് എനിക്ക് മനസ്സിലാവും...........