Sunday, December 18, 2011

ട്രാഫിക് പോലീസ്

ഈയിടെ തിരുവനന്തപുരത്ത് ഒരു ദിവസം പോകാനിടയായി. അവിടെ ചെന്നപ്പോള്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ പോകേണ്ട ഒരു കാര്യം ഉണ്ടായിരുന്നു.

   അവിടുത്തെ കാര്യങ്ങള്‍ കഴിഞ്ഞ്, പുറത്ത് കടന്നു. റോഡ് മുറിച്ചു കടക്കാനായി നില്‍ക്കുമ്പോള്‍ ആണ് എന്റെ ഒരു സുഹൃത്ത് എന്നെ ഫോണ്‍ ചെയ്തത്. ഞാന്‍ ഫോണ്‍ എടുത്തു. സിഗ്നല്‍ ആയപ്പോള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു തന്നെ റോഡ് മുറിച്ച് കടന്നു. അപ്പുറത്തെത്തിയപ്പോള്‍ പിറകില്‍ നിന്ന് ഒരാള്‍ വിളിക്കുന്നു. തിരിഞ്ഞ് നോക്കിയപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ ട്രാഫിക് പോലീസ്. ഞാന്‍ കാര്യം ചോദിച്ചു.

അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു. “ നിങ്ങള്‍ ഈ ചെയ്തത് ശരിയാണോ ? “

     എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ കാര്യം ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. “ഫോണില്‍ സംസാരിച്ച് കൊണ്ട് റോഡ് മുറിച്ച് കടക്കുന്നത് ശരിയാണോ ?. ഇനി അങ്ങനെ ചെയ്യരുത്.” വളരെ സൌഹാര്‍ദ്ദപരമായി പറഞ്ഞ് നിര്‍ത്തിയ അവര്‍ ഒരല്‍പ്പം ഗൌരവത്തോടെ ഇങ്ങനെയും കൂടെ പറഞ്ഞു. “ ഇപ്പോള്‍ പൊയ്ക്കോളൂ, ഇനി കണ്ടാല്‍, മൊബൈല്‍ ഞാന്‍ കസ്റ്റഡിയില്‍ എടുക്കും." 

  ആലോചിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ശരിയാണ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യത തന്നെയാണ് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചാലും ഉണ്ടാകുക. ആ വനിതാ പോലീസുകാരിയോട് വളരെയധികം ബഹുമാനം തോന്നി. ഒരു ക്ഷമ പറഞ്ഞ് ഞാന്‍ നടന്നു നീങ്ങി.

Tuesday, November 1, 2011

പ്രിയപ്പെട്ട സഹോദരിയ്ക്ക്




പ്രിയപ്പെട്ട സഹോദരിയ്ക്ക്...


ഇന്നലെയാണല്ലോ നിനക്ക് നീതി കിട്ടിയത്.

എന്നെ നിനക്കറിയാന്‍ സാധ്യത ഇല്ല. പക്ഷെ, നിന്നെ എല്ലാവര്‍ക്കും അറിയാം....

      എല്ലാദിവസവും ആ റെയില്‍വേ ട്രാക്കുകളുടെ പരിസരത്തുകൂടെ ജോലി ചെയ്യുന്ന കോളേജിലേയ്ക്ക് കോളേജ് ബസ്സില്‍ എല്ലാ ദിവസവും ഞാന്‍ സഞ്ചരിക്കാറുണ്ട്. ഇപ്പോഴും അവിടുത്തെ മരങ്ങളും ചെടികളും ആ ദുരന്തക്കാഴ്ചകള്‍ വിളിച്ച് പറയാന്‍ വെമ്പുന്നുണ്ടോ എന്ന് ഞാന്‍ ബസ്സില്‍ ഇരുന്ന് ചിന്തിക്കാറുണ്ട്. ദൃക്‌സാക്ഷികള്‍ ഇല്ല എന്ന് കോടതി പറഞ്ഞാല്‍, എനിക്കുറപ്പുണ്ട്, ആ ദുരന്തക്കാഴ്ചകള്‍ കാണാ‍ന്‍ വിധിക്കപ്പെട്ട മരങ്ങള്‍ പോലും നിനക്കു വേണ്ടി കോടതിയില്‍ സാക്ഷി പറയാനെത്തും.

                  കഴിഞ്ഞ ഫെബ്രുവരി മാസം ഒന്നാം തിയ്യതി രാത്രിയിലെ നിന്റെ ദുരന്തം ഭൂരിപക്ഷം പേരും അറിയുന്നത്, മൂന്നാം തിയ്യതിയിലാണ്. നിനക്ക് നീതി കിട്ടുന്നതിനായി, പോലീസ് ഫെബുവരി രണ്ടാം തിയ്യതി നടത്തിയ തെളിവെടുപ്പ്, കോളേജ് ബസ്സിലിരുന്ന് കണ്ട ഞങ്ങള്‍ക്ക് അന്ന് കാര്യം പിടികിട്ടിയിരുന്നില്ല. ട്രെയിനിന്റെ എഞ്ചിന്‍ ഡ്രൈവറുടെ ലൈസന്‍സ് പരിശോധിക്കുകയാവുമെന്നും, ട്രെയിനിന്റെ ഓവര്‍ സ്പീഡ് പരിശോധിക്കുകയാവുമെന്നൊക്കെ ഞങ്ങള്‍ തമാശ രൂപേണ പറയുകയും ചെയ്തിരുന്നു. വീട്ടിലെത്തി, ടി.വി യില്‍ നിന്നാണ് നിന്റെ ദുരന്തം ഞങ്ങള്‍ അറിഞ്ഞത്. ഇന്നലെ, നിനക്ക് നീതി കിട്ടിയ വിവരം അറിഞ്ഞതിന് ശേഷം, ആ ദുരന്തം നടന്ന ട്രാക്കിനടുത്തെത്തിയപ്പോള്‍, ആ കാര്യങ്ങളെല്ലാം, കോളേജ് ബസ്സിലിരുന്ന് ഞങ്ങള്‍ ഓര്‍ത്തു.

      നിനക്കെതിരെ ലോകത്തിലെ ഏത് “വിലയേറിയ (വിലകുറഞ്ഞ ?) “ വക്കീല്‍ കോടതിയിലെത്തിയാലും നിന്റെ വിജയം തടയാനാവില്ല എന്നെനിക്കുറപ്പുണ്ട്. സത്യം ഒരിക്കലും മൂടി വെക്കാനാവില്ല എന്ന് വീണ്ടും കാലം തെളിയിച്ചു. സ്വന്തമായുള്ള വീട് പണി കഴിയുന്നതിനും കല്യാണം സ്വപ്നം കണ്ടു കൊണ്ടും എറണാകുളത്തു നിന്നും വരുന്ന വഴിയ്ക്ക് ഷൊര്‍ണ്ണൂരിനടുത്തുള്ള വള്ളത്തോള്‍ നഗര്‍ സ്റ്റേഷനടുത്തു വെച്ച് ജീവിതം തകര്‍ത്തെറിയപ്പെട്ട നിന്റെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല.

        ഇപ്പോഴത്തെ നിന്റെ ചെറിയ വീട്ടില്‍, നിനക്ക് ഇഷ്ടപ്പെട്ട പാവക്കുട്ടികളേയും, വസ്ത്രങ്ങളും, വളകളും, പൊട്ടുകളും എല്ലാം അമ്മ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് പത്രത്താളുകളില്‍ നിന്ന് അറിയാനായി. ഇപ്പോഴും നന്മ വിട്ടുമാറാത്ത അനേകം സ്ഥാപനങ്ങളുണ്ടെന്ന് മനസ്സിലാകുന്നു. നീ ജോലി ചെയ്തിരുന്ന എറണാകുളത്തെ സ്ഥാപനം,ഇപ്പോഴും നിന്റെ അമ്മയ്ക്കായി എല്ലാമാസവും പണ അയക്കുന്നുണ്ടെത്രെ. കാണാമറയത്തിരുന്ന്, നീ അവര്‍ക്കായി ഇപ്പോഴും ജോലി ചെയ്തു കൊടുക്കുന്നുണ്ടോ ?

         നിന്റെ അമ്മയുടെ വേദന ഇവിടുത്തെ അമ്മമാരുടെ വേദനയായി മാറി. നിന്റെ സഹോദരന്റെ ദു:ഖം ഇവിടുത്തെ നല്ല മനസ്സിന്റെ ഉടമകള്‍ക്കാര്‍ക്കും താങ്ങാനാവാത്തതായി. 

                   നിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

                                                           നിര്‍ത്തുന്നു..  ഒപ്പം എല്ലാ നന്മകളും..

                                                                                                 ഒരു സഹോദരന്‍.



കുറിപ്പ്:   

പ്രിയപ്പെട്ട അധികാരികളേ....
           മറ്റൊരു കേരളപ്പിറവി ദിനത്തില്‍, പ്രതിയുടെ ശിക്ഷ വെട്ടിക്കുറക്കരുതേ... അത്, ഈ കുട്ടിയോടും സമൂഹത്തോടും നിങ്ങള്‍ ഇപ്പോള്‍ ചെയ്ത അനീതിയേക്കാള്‍ കടുത്ത അനീതി ആയിരിക്കും......



Tuesday, September 13, 2011

കരടിയോ ? അതോ പുലിയോ ?

കോളേജ് ഉള്ള ദിവസങ്ങളില്‍ രാവിലെ പത്രം വായിക്കാന്‍ അത്ര സമയം കിട്ടാറില്ല. ഒന്ന് മറിച്ച് നോക്കാറേ ഉള്ളൂ....അതിനാല്‍ വൈകുന്നേരം കോളേജ് വിട്ട് വന്നാലാണ് പത്രം വായിക്കാറുള്ളത്. എന്റെ വീട്ടിലെ മാതൃഭൂമിയും, അടുത്ത വീട്ടിലെ മനോരമയും കൂടി വായിക്കാന്‍ അരമണിക്കൂറോളം വേണം.

       ഇന്നത്തെ (12/09/2011) മലപ്പുറം എഡിഷന്‍ മാത്രഭൂമിയിലേയും മനോരമയിലേയും ഒരു വാര്‍ത്ത ആണ് താഴെക്കൊടുത്തിരിക്കുന്നത്.




ചിത്രത്തിന്റെ മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായിട്ട് കാണാം...

ഇങ്ങനെയാണ് വാര്‍ത്തകള്‍ കൊടുക്കുന്നതെങ്കില്‍ നല്ല രസമായിരിക്കും.

എന്തായാലും ആ ജീവി, പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു “പുലി ” തന്നെ. 

ഇനി വല്ല “ പുപ്പുലി ” യും ആണോ ആവോ ?????  :)

Tuesday, August 9, 2011

കണ്ടക്റ്റര്‍

പാലക്കാടിനും മധുക്കരയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ എന്തോ പണി നടക്കുന്ന കാരണം ട്രെയിനുകള്‍ എല്ലാം 20 മിനുട്ടോളം വൈകിയോടും എന്ന് പത്രത്തില്‍ വായിച്ചിരുന്നു. അതിനാല്‍, കൊയമ്പത്തൂര്‍ - കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കിട്ടും എന്ന് കരുതി ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈകുന്നേരം എത്തിയപ്പോഴേയ്ക്കും അത് പോയിരുന്നു. സമയം നോക്കിയപ്പോള്‍ 4:40 കഴിഞ്ഞിരുന്നു.  4:55 ന്റെ നേത്രാവതിയുടെ അനൌണ്‍സ്മെന്റ് അപ്പോഴേയ്ക്കും കേട്ടു. ആറാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നടന്നു.

     വണ്ടി കൃത്യം 4:55 ന് തന്നെ എടുത്തു.  5:20 നു തന്നെ കുറ്റിപ്പുറത്തെത്തുകയും ചെയ്തു. കുറ്റിപ്പുറത്ത് നിന്ന് പത്ത് മിനുട്ട് കൊണ്ട് വീട്ടിലെത്താം എന്നുള്ളത് കൊണ്ട് കോഴിക്കോട് നിന്ന് വരുന്ന ഏതെങ്കിലും തൃശ്ശൂര്‍ക്കോ ഗുരുവായൂര്‍ക്കോ പോകുന്ന ബസ്സില്‍ കയറാം എന്ന് കരുതി, കുറ്റിപ്പുറത്ത് നിന്ന് തുടങ്ങുന്ന തൃശ്ശൂര്‍ ബസ്സില്‍ കയറാതെ മാറി നിന്നു. എന്നല്‍, അവിടുന്ന് തുടങ്ങുന്ന ബസ്സില്‍ സീറ്റ് ഉള്ളത് കണ്ടപ്പോള്‍ അതില്‍ തന്നെ കയറി. ഏറ്റവും ബാക്കിലെ സീറ്റിന്റെ നടുവില്‍ ഇരുന്നു. അപ്പോഴാണ് കുറെക്കാലങ്ങള്‍ക്ക് ശേഷം ആ കണ്ടക്റ്ററെ വീണ്ടും കാണുന്നത്.

ഇനി കുറച്ച് ഫ്ലാഷ് ബാക്ക്......

ഞാന്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി ചേര്‍ന്ന കാലം. ഇതേ പോലെ നേത്രാവതിയില്‍ കുറ്റിപ്പുറത്തെത്തി. ഇതേ ബസ്സില്‍ കയറാനായി ചെന്നപ്പോള്‍ എന്നെ ആ കണ്ടക്റ്റര്‍ തടഞ്ഞിട്ടിങ്ങനെ പറഞ്ഞു.

“ C T (വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ടിക്കറ്റ്) അല്ലേ, പോകുമ്പോള്‍ കയറാം. മാറി നില്‍ക്ക് “

       നോക്കിയപ്പോള്‍ കുറച്ച് കുട്ടികള്‍ പോകുമ്പോള്‍ കയറാനായി അവിടെ മാറി നില്‍ക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു.

“ചേട്ടാ, ഞാന്‍ C T അല്ല. ഒരു മാസം മുന്‍പ് കോളേജില്‍ പഠിപ്പിക്കാന്‍ തുടങ്ങി. “

അപ്പോള്‍ അയാള്‍ പറഞ്ഞു.

“ക്ഷമിക്കണം, ഈ ഷര്‍ട്ടും ബാഗും കണ്ടപ്പോള്‍ വിദ്യാര്‍ത്ഥിയാണെന്ന് തോന്നി. കയറിക്കോളൂ “
                
                   അതെ, നോക്കിയപ്പോള്‍ യൂണിഫോം പോലെത്തെ, ലൈറ്റ് കളര്‍ നീല ഷര്‍ട്ടും, പുറത്ത് ഇടുന്ന “ലുഡാന്‍” ബാഗും ആയിരുന്നു എന്റെ കയ്യിലുണ്ടായിരുന്നത്. മീശമാധവന്‍ സിനിമയില്‍ സലീം കുമാര്‍ പറഞ്ഞ പോലെ “ കാണാന്‍ ഒരു ലുക്ക് ഇല്ലായ്കയേ ഉള്ളൂ“,  എന്ന് അയാളോട് പറയാന്‍ തോന്നിയെങ്കിലും, പറഞ്ഞില്ല.

               *                           *                                  *                       *

അപ്പോഴേയ്ക്കും ബസ്സ് കുറ്റിപ്പുറം പാലം കടന്നിരുന്നു. എടപ്പാളിലേയ്ക്ക് കൂടെയുണ്ടായിരുന്ന ഗണേശേട്ടനും കൂടെ ടിക്കറ്റ് എടുത്തു. അന്നത്തെ, ആ സംഭവത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് ഞാന്‍ അയാളെ പിന്നെയും കാണുന്നത്. പൈസ കൊടുക്കുമ്പോള്‍, എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാലോ എന്ന് തോന്നി. 

അതിന് ഒരു കാരണം കൂടെ ഉണ്ടായിരുന്നു. അതെ, ഇന്നും അതേ ഷര്‍ട്ടും ബാഗും തന്നെ ആണ് ഉണ്ടായിരുന്നത്.

Saturday, July 30, 2011

മൈഡിയര്‍ കുട്ടിച്ചാത്തന്‍

മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന 3D സിനിമ വീണ്ടും വരുന്നു എന്ന് ഈയിടെ പത്രത്തില്‍ വായിച്ചു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി സിനിമയുടെ പ്രത്യേക പ്രദര്‍ശനം കാണുന്നതിന്റെ ഫോട്ടോയും പത്രത്തില്‍ ഉണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ എനിക്ക് ഒരു പഴയ കാര്യം ആണ് ഓര്‍മ്മ വന്നത്.

           1998 - 1999 കാലഘട്ടത്തിലാണ് ഈ സിനിമ പഴയ സിനിമയില്‍ ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി വീണ്ടും പ്രദര്‍ശനത്തിനത്തുന്നത്. അന്ന് എന്റെ ഏട്ടന്‍ തിരുവനന്തപുരത്ത് എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലമാണ്. അന്ന് ഞാനും അച്ഛനും അമ്മയും, അമ്മമ്മയും (അച്ഛന്റെ അമ്മയാണ്. അമ്മമ്മ എന്ന് തന്നെയാണ് വിളിക്കാറുള്ളത്) കൂടെ ഏട്ടന്റെ അടുത്ത് പോയിരുന്നു. അവിടെ ഉള്ള ഒരു ദിവസമാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ഞങ്ങള്‍ എല്ലാവരും കൂടെ കാണാന്‍ പോയി.

       റിലീസ് ദിവസം ആയതിനാല്‍ നല്ല തിരക്കായിരുന്നു. അമ്മ, സ്ത്രീകളുടെ ക്യൂവില്‍ ടിക്കറ്റ് എടുക്കാന്‍ പോയി. ഞങ്ങള്‍, കുറച്ചപ്പുറത്ത് മാറിനിന്നു. അപ്പോള്‍ കുറച്ച് പേര്‍, അമ്മമ്മയോട് ടിക്കറ്റ് എടുത്ത് തരാമോ എന്നൊക്കെ ചോദിച്ച് വന്നതൊക്കെ തമാശയായിരുന്നു. അമ്മ ടിക്കറ്റുമായി വന്നപ്പോള്‍, ഞങ്ങള്‍ തിയേറ്ററിനകത്തേക്ക് നടന്നു.

തിയേറ്ററിന്റെ വാതിലിനടുത്ത് വെച്ച്, ഞങ്ങള്‍ക്ക് കണ്ണട തന്നു. കണ്ണട കൊടുത്തപ്പോള്‍ അമ്മമ്മയുടെ മറുപടി ഇപ്രകാരമായിരുന്നു.

“ എനിക്ക് കണ്ണടയൊന്നും വേണ്ട. കണ്ണ് നന്നായിട്ട് കാണാം “

ഈ കണ്ണട വെച്ചാലേ സിനിമ കാണാനാവൂ എന്ന് പറഞ്ഞ് ഞങ്ങള്‍ ആ കണ്ണട അമ്മമ്മയെക്കൊണ്ട് വാങ്ങിപ്പിച്ചു.

ഇപ്പോള്‍ വീണ്ടും സിനിമ പുറത്തിറങ്ങുന്ന വാര്‍ത്ത കണ്ടപ്പോള്‍ ഇതൊക്കെയാണ് ഓര്‍ത്തത്.

Thursday, June 23, 2011

തട്ടിപ്പിന്റെ മണിക്കിലുക്കം

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ടെക്കിന് പഠിക്കുന്ന കാലം. പ്രൊജക്റ്റ് ചെയ്തിരുന്നത് എറണാകുളത്ത് DRDO യുടെ ലാബായ NPOL ല്‍ ആയിരുന്നു. വൈകുന്നേരങ്ങളില്‍ ഒരു അഞ്ചര മണി ആകുമ്പോഴേയ്ക്കും ‘ഫ്രീ’ ആകുമായിരുന്നു. അങ്ങനെയിരിക്കെ, ഒരു നാള്‍ എന്നെ എന്റെ ഒരു കുടുംബസുഹൃത്തിന്റെ മകന്‍ ഫോണ്‍ ചെയ്തു.

“ഹരിയേട്ടാ, ‘ഫ്രീ‘ ആണോ ? നമുക്ക് ഒരു ക്ലാസിന്  പോയാലോ ???“

         പ്രൊജക്റ്റ് കഴിഞ്ഞ് തിരിച്ച് റൂമില്‍ എത്തിയാല്‍, പിന്നെ കാര്യമായി പണിയൊന്നും ഇല്ലാതിരുന്നതിനാല്‍, ഞാന്‍  സമ്മതിച്ചു. പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്ന അവന്‍, എന്നെ എഞ്ചിനീയറിംഗ് സംബന്ധമായ എന്തോ ക്ലാസിനാണ് വിളിക്കുന്നതെന്ന് കരുതി.
       കുറച്ച് കഴിഞ്ഞപ്പോള്‍, അവന്‍ ബൈക്കുമെടുത്ത് എന്നെ കൂട്ടാനെത്തി. ഞാന്‍ അവനോടൊന്നിച്ച് പോയി. പാലാരിവട്ടത്തിനടുത്ത്, ഒരു കെട്ടിടത്തിന് അടുത്ത് ഞങ്ങള്‍ ഇറങ്ങി. പുറത്ത് നില്‍ക്കുന്ന ആളോട് അവന്‍ ക്ലാസ് തുടങ്ങിയോ എന്ന് ചോദിക്കുന്നതും കേട്ടു. എന്തോ കാര്യമായ ക്ലാസാണ് നടക്കുന്നതെന്നും, അത് നഷ്ടപ്പെടാതിരിക്കാനുള്ള അവന്റെ വ്യഗ്രതയുമാണ് അതെന്ന് എനിക്ക് തോന്നി. ഞാനും അവന്റെ കൂടെ വേഗത്തില്‍ നടന്നു. അപ്പോഴെല്ലാം എന്ത് ക്ലാസ്സാ‍ണ് എന്നുള്ള എന്റെ ചോദ്യത്തിന് അതൊക്കെ അവിടെ ചെല്ലുമ്പോള്‍ അറിയാം എന്ന മറുപടി ആണ് പറഞ്ഞത്.

               ക്ലാസ് നടക്കുന്ന മുറിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഇരുപത് പേരോളം ഉണ്ടായിരുന്നു. ഞങ്ങള്‍ മുന്‍ നിരയിലെ കസേരകളില്‍ തന്നെ പോയിരുന്നു. അവന്‍ കൊണ്ടു ചെന്നിരുത്തി എന്നു പറയുന്നതായിരിക്കും ശരി. ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാ‍യിരിക്കുന്ന “മണിചെയിന്‍” എന്ന തട്ടിപ്പിന്റെ ക്ലാസായിരുന്നു അത്. ഇപ്പോഴത്തെ പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കമ്പനിയുടെ പേരായിരുന്നില്ല അന്ന് ആ ക്ലാസില്‍ കേട്ടത്. പക്ഷെ, ഈ കമ്പനിയുടെ പേരും ഈയിടെ പത്രത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ക്ലാസ് തുടങ്ങിയപ്പോള്‍ തന്നെ ഇറങ്ങിപ്പോരണം എന്ന് വിചാരിച്ചെങ്കിലും എന്റെ മാന്യത അതിന് അനുവദിച്ചില്ല. അവസാനം ഏകദേശം മുക്കാല്‍ മണിക്കൂര്‍ അവിടെ ആ ക്ലാസ് കേട്ടിരുന്നു. മാസത്തില്‍ വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്നൊക്കെ ആയിരുന്നു അവരുടെ അവകാശവാദങ്ങള്‍.

ക്ലാസ് കഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു.

“ഹരിയേട്ടാ... ഇതില്‍ ചേരുകയല്ലേ ? “

ഇല്ല എന്ന് വായില്‍ വന്നെങ്കിലും അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാന്‍ പറഞ്ഞു.

“ഇപ്പോള്‍ പറയാന്‍ പറ്റില്ല. വീട്ടില്‍ ഒക്കെ ആലോചിക്കണം “

                അന്ന് അവന്റെ വീട്ടിലൊക്കെ പോയി, രാത്രി ഭക്ഷണം അവരുടെ വീട്ടില്‍ നിന്ന് കഴിച്ചു. എന്നെ, ഞാന്‍ താമസിക്കുന്ന സ്ഥലത്ത് രാത്രി പത്തരയോടെ കൊണ്ടു വന്നു വിട്ടു. ഇന്‍ഫോസിസില്‍ ക്യാമ്പസ് സെലക്ഷന്‍ വഴി ജോലി കിട്ടിയിരുന്ന അവന്‍ അതിലൊന്നും പോകുന്നില്ല, ഈ ബിസിനസ് നടത്താന്‍ ഉദ്ദേശിക്കുന്നു എന്നൊക്കെ അവന്‍ എന്നോട് പറഞ്ഞു. അവന്‍ അതു തന്നെ ചെയ്തു എന്ന് ഞാന്‍ പിന്നീടറിഞ്ഞു. പിറ്റേ ദിവസം രാവിലെ അവന്‍ വീണ്ടും വിളിച്ചു.

“എന്തായി ഹരിയേട്ടാ ? തീരുമാനം ?”

ഞാന്‍ പറഞ്ഞു - “ പിന്നെ പറയാം “ -

           അതിനു ശേഷം NPOL ല്‍ പ്രൊജക്റ്റ് ചെയ്യാന്‍ പോയി. അവിടെ മൊബൈല്‍ കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍, പിന്നെ, അവന്റെ വിളി വന്നില്ല. പക്ഷെ, വൈകുന്നേരം റൂമില്‍ എത്തിയ ഉടന്‍ അവന്‍ വിളിച്ചു.

“ഹരിയേട്ടാ.. റൂമിലുണ്ടോ ? ഒന്ന് പുറത്തേക്ക് വരാമോ ?”

ഞാന്‍ ചെന്നു. അവന്റെ കൂടെ തലേദിവസം ക്ലാസെടുത്ത ആളും ഉണ്ടായിരുന്നു. അയാള്‍ എന്നോട് ചോദിച്ചു.

“നമുക്ക് ഒന്ന് കറങ്ങിയാലോ ? കാറുണ്ട് “

ഞാന്‍ ഒഴിഞ്ഞുമാറി.

“ശരി, എന്നാല്‍ കാറിനകത്തിരുന്ന് സംസാരിച്ചാലോ ? “

       ഞാന്‍ സമ്മതിച്ചു. സംസാരിക്കുന്നതിനിടയില്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളെല്ലാം അയാള്‍ വീണ്ടും ആവര്‍ത്തിച്ചു. കമ്പനിയുടെ കാര്യങ്ങള്‍ ഒക്കെ വിവരിച്ചു. ഞാന്‍ ആലോചിച്ചിട്ട് പറയാം എന്നും എനിക്ക് കുറച്ച് പണിയുണ്ട് എന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.

ദേഷ്യം സഹിക്കാന്‍ വയ്യാതെ, അവര്‍ പോയിക്കഴിഞ്ഞ ഉടനെത്തന്നെ, ഞാന്‍ അവനെ വിളിച്ചു.

“മേലാല്‍, ഈ പേരും പറഞ്ഞ്, നീയോ മറ്റാരെങ്കിലുമോ എന്നെ കാണാന്‍ വരരുത് “ 

      ഞാന്‍ ഫോണ്‍ വെച്ചു. അതിന് ശേഷം, ഇന്നു വരെ, അവന്‍ എന്നെ വിളിച്ചിട്ടില്ല. ഇപ്പോള്‍ മണിചെയിന്‍ തട്ടിപ്പുകള്‍ക്കെതിരെ നടക്കുന്ന അന്വേഷണം ഈ കമ്പനിക്കെതിരെയും നടക്കുന്നുണ്ടത്രെ. മോഹന വാഗ്ദാനങ്ങള്‍ നടത്തുന്ന മണിചെയിന്‍ കമ്പനികളെല്ലാം കൂടി ഏകദേശം 1000 കോടിയുടേ തട്ടിപ്പ് ആണ് കേരളത്തില്‍ നടത്തിയതെന്ന് രണ്ട് ദിവസം മുന്‍പ് പത്രത്തില്‍ വായിച്ചു. 

           ഈ പോസ്റ്റിന് എന്ത് ടൈറ്റില്‍ ഇടും എന്നാലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കൈരളി ടി.വി യില്‍ മണിചെയിന്‍ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു വാര്‍ത്ത കണ്ടത്. അവര്‍ ഉപയോഗിച്ച “തട്ടിപ്പിന്റെ മണിക്കിലുക്കം” എന്ന വാക്ക് ഞാന്‍ കടമെടുക്കുന്നു.

മാഞ്ചിയവും ഭൂമി, ഫ്ലാറ്റ് തട്ടിപ്പുകളും നടന്ന, അല്ലെങ്കില്‍ ഇപ്പോഴും നടക്കുന്ന ഈ സാക്ഷരകേരളത്തില്‍ “തട്ടിപ്പിന്റെ മണികിലുക്ക”ങ്ങള്‍ ഇനിയും ഒരുപാട് കേള്‍ക്കാനിടയുണ്ട്....

Monday, June 20, 2011

ഒരു വയസ്സ്

ഇന്ന് (2011 ജൂണ്‍ 20) എന്റെ ബ്ലോഗിന് ഒരു വയസ്സ് തികയുന്നു.. 

ഒരു ബ്ലോഗ് തുടങ്ങാന്‍ എളുപ്പമാണ്... പക്ഷെ, അത് മുന്നോട്ട് കൊണ്ട് പോകല്‍ അത്ര എളുപ്പമല്ല എന്ന് എന്റെ മുന്‍പരിചയങ്ങളില്‍ നിന്ന്‌ മനസ്സിലായി. രണ്ടോ മൂന്നോ ബ്ലോഗുകള്‍ മുന്‍പ് ഞാന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പക്ഷെ, പിന്നീട് അതിലേയ്ക്ക് തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പക്ഷെ, ഇത് അങ്ങനെ ആവില്ല എന്ന് കരുതുന്നു. മുന്‍പും അങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്. എങ്കിലും, അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.

ഈ വാക്കുകള്‍ ആണ് ഞാന്‍ ആദ്യമായി ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. അതിന്റെ അഭിപ്രായങ്ങളില്‍ എന്റെ സുഹൃത്ത് ദീപു “ഇത് അങ്ങിനെ ആവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.“ എന്ന കമന്റും എഴുതി. ഇങ്ങനെ ദീപു അടക്കം എന്റെ പ്രിയസുഹൃത്തുക്കളുടെ ആശംസകളും പ്രാര്‍ത്ഥനകളും ആണ് ബ്ലോഗിനെ ഇന്ന് ഒന്നാം പിറന്നാളിലെത്തിച്ചത്. എല്ലാവര്‍ക്കും നന്ദി.

       ആദ്യത്തെ അഞ്ചാറു പോസ്റ്റുകള്‍ക്ക് ശേഷം അദ്ധ്യാപകജീവിതത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍..... എന്ന പോസ്റ്റ് ആണ് ഒരുപാട് പേര്‍ വായിച്ചത് എന്ന് എനിയ്ക്ക് ബ്ലോഗിന്റെ സ്ഥിതിവിവരകണക്കുകളില്‍ നിന്നും മനസ്സിലായി. കോളേജിലെ കുട്ടികളടക്കം കുറേ പേര്‍ ഈ പോസ്റ്റ് വായിച്ചിരുന്നു എന്നെനിക്ക് പിന്നീട് മനസ്സിലായി. 

          പിന്നീടുള്ള ഒരു പ്രിയ കൂട്ടുകാരിയുടെ ഓര്‍മ്മ......, മീതുവും മത്തങ്ങയും......, പോണ്ടിച്ചേരിയിലെ നേഴ്സ്, ഉയിരെടുത്ത ഉത്സവപ്പകിട്ട്, “ചേട്ടാ ഒരു ചായ “, മഴ, RC Phase Shift Oscillator, Digital Electronics Lab തുടങ്ങിയ പോസ്റ്റുകള്‍ ഒരുപാട് പേര്‍ വായിക്കുകയും, നല്ല അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. അതിലെ മീതുവും മത്തങ്ങയും...... ഇന്നും എല്ലാവരും പറഞ്ഞ് ചിരിക്കാറുണ്ട്. അതിലെ കഥാപാത്രം മീതു വിളിക്കുമ്പോള്‍ ഇപ്പോഴും അതിനെക്കുറിച്ച് പറയാറും ഉണ്ട്. 

           എന്നെ, ബ്ലോഗില്‍ എഴുതുന്നത് വായിച്ച് സ്ഥിരമായി വായിച്ച് അഭിപ്രായം പറയുന്നവര്‍ ഉണ്ട്. അവരെയും ഞാന്‍ ഇവിടെ ഓര്‍ക്കുന്നു. എന്റെ കൂടെ ജോലി ചെയ്തിരുന്ന സജീഷ് സാര്‍, അഫ് സല്‍ സാര്‍, കൂടെ ജോലി ചെയ്യുന്ന രശ്മി മിസ്സ്, കൂടെ പഠിച്ച കിരണ്‍, സിബി ചാര്‍ളി, മീതു, പ്രിയസുഹൃത്തുക്കളായ ടിനു, രാകേഷ്, കോളേജിലെ വിദ്യാര്‍ത്ഥികളായ മാലിനി, അഭിലാഷ്, അനഘ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. പേരെടുത്ത് പറയേണ്ട ആരൊക്കെയോ ഇനിയും ഉണ്ട്. അവരുടെ പേര് ഇവിടെ പരാമര്‍ശിക്കാത്തതില്‍, അവരോട് ക്ഷമ പറയേണ്ടതില്ല എന്നെനിക്കറിയാം... :)

          മുകളില്‍ പറഞ്ഞ സജീഷ് സാര്‍, ബ്ലോഗ് വായിക്കുകയും സജീഷിനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്നും പറയാറുണ്ട്. “സജീഷുപുരാണം”എന്ന പേരില്‍ ഉള്ള പോസ്റ്റ് എപ്പോഴെങ്കിലും എഴുതുന്നതാണ്. അതുപോലെ തന്നെ, അഭിലാഷിന്റെയും അനഘയുടേയും ബ്ലോഗുകള്‍ എന്റെ സുഹൃത്ത് സിബി ആണ് എനിക്കു കാണിച്ചു തന്നത്. മീതുവിനെ എല്ലാവര്‍ക്കും അറിയാമായിരിക്കും. മീതുവും മത്തങ്ങയും...... എന്നെ പോസ്റ്റിലെ നായികയാണ്...... അതുപോലെ എന്റെ സുഹൃത്ത് ടിനു, എന്റെ ബ്ലോഗ് വായിക്കുകയും അതിന് ശേഷം, ഗൂഗിളില്‍ മറ്റ് ബ്ലോഗുകള്‍ തിരഞ്ഞ് വായിക്കുകയും ചെയ്യുന്നു എന്ന് ഞാനറിഞ്ഞു. എം.ടെക്കിന് പഠിക്കുന്ന ടിനു, ഞാന്‍ കാരണം ഇപ്പോള്‍ പ്രൊജക്റ്റ് ഒന്നും ചെയ്യാതെ നല്ല ഒരു ബ്ലോഗ് വായനക്കാരിയായെന്ന് തോന്നുന്നു...... :)
                 കുറെ ബ്ലോഗെഴുത്തുകാരെ പരിചയപ്പെട്ടു. കുറെ, ബ്ലോഗുകളിലെ നല്ല നല്ല പോസ്റ്റുകള്‍ വായിച്ചു. ഓര്‍ക്കുടും, ഫെയ്സ് ബുക്കും എല്ലാം പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍ സഹായിച്ചു.....എല്ലാവര്‍ക്കും നന്ദി.....

വായനക്കാരുടെ അഭിപ്രായങ്ങളാണ് ബ്ലോഗിന്റെ ജീവന്‍. നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ അറിയിക്കും എന്ന് ഞാന്‍ കരുതുന്നു.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി.......

Friday, June 3, 2011

ഉച്ചഭക്ഷണം

ഇന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ ഇറങ്ങുമ്പോഴാണ് സലാം സാറും മെജോ സാറും വന്നത്. സലാം സാറിന്റെ കാര്‍ എടുക്കാന്‍ തീരുമാനിച്ചു.

         “എന്തായാലും കാറുണ്ടല്ലോ, ഇന്ന് വെള്ളിയാഴ്ചയും ആണ്, ഉച്ചയ്ക്ക് സമയവും ഉണ്ടല്ലോ... നമുക്ക് ഷാലിമാറില്‍ പോയാലോ ?” - പറഞ്ഞത് ഞാനായിരുന്നു.

           കാറില്‍ ഉണ്ടായിരുന്ന അരുണ്‍ സാര്‍, സലാം സാര്‍, മെജൊ സാര്‍ എല്ലാവരും അതംഗീകരിച്ചു. മെജോ സാര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്.

              വെട്ടിക്കാട്ടിരിയില്‍ നിന്നും ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിഞ്ഞു. അവിടെ ഉള്ള പള്ളിയുടെ മുന്‍പില്‍ എത്തിയപ്പോഴാണ് സലാം സാര്‍ ഇന്ന് വെള്ളിയാഴ്ചയാണല്ലോ പള്ളിയില്‍ പോകണമല്ലോ എന്നാലോചിച്ചത്. വാച്ചില്‍ നോക്കിയപ്പോള്‍ ഒരു മണി ആയിട്ടില്ല. ഭക്ഷണം കഴിക്കാന്‍ ഷാലിമാറില്‍ പോയാല്‍ പള്ളിയില്‍ പോകാന്‍ പിന്നെ സമയം കിട്ടില്ല. പള്ളിയില്‍ കയറണോ അതോ ഞങ്ങളോടൊപ്പം പോരണോ എന്നാലോചിച്ച സാര്‍ ഞങ്ങളോടൊപ്പം പോരാന്‍ തീരുമാനിച്ചു.

         അവിടെ നിന്ന് മെജോ സാര്‍ വണ്ടിയെടുത്തതും, ആ പള്ളിയുടെ മുന്‍പില്‍ വെച്ച്, റോഡിനു നടുവില്‍ വണ്ടി ഓഫ് ആയിപ്പോയി. എത്ര നോക്കിയിട്ടും വണ്ടി സ്റ്റാര്‍ട്ട് ആകുന്നില്ല. അപ്പോഴാണ് പെട്രോള്‍ തീര്‍ന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. പള്ളിയില്‍ കയറാതെ ഭക്ഷണം കഴിക്കാന്‍ പോകാന്‍ ശ്രമിച്ചതിന് ഞങ്ങള്‍ക്ക് ഉള്ള ശിക്ഷയാണോ അത് എന്ന് ഞങ്ങള്‍ സംശയിച്ചു......

          എന്തായാലും വണ്ടി വശത്തേക്ക് ഒതുക്കി ഇട്ട് കോളേജില്‍ ഉള്ള എബ്രഹാം സാറിനെ ഫോണ്‍ ചെയ്ത് ബൈക്ക് ആയി വരാന്‍ പറഞ്ഞു. സാറിന്റെ ബൈക്കില്‍ ഷൊര്‍ണൂര്‍ വരെ പോയി, പെട്രോള്‍ വാങ്ങിക്കൊണ്ടു വന്നാണ് വണ്ടിയെടുത്തത്. സലാം സാര്‍ പള്ളിയിലേക്കും പോയി. എന്തായാലും പിന്നെ, ഷാലിമാറില്‍ പോകാന്‍ സമയം ഇല്ലാത്തതിനാല്‍ കോളേജിന്റെ മുന്നില്‍ ഉള്ള കടയില്‍ നിന്നും കഴിച്ചു.

               ഇതാണോ “ദൈവത്തിന്റെ കളികള്‍ ?“

Thursday, June 2, 2011

പേപ്പര്‍ വാല്വേഷന്‍

വെക്കേഷന്‍ കഴിഞ്ഞു. 3 ആഴ്ച പോയതറിഞ്ഞില്ല. ഒരു മാസം വെക്കേഷന്‍ ഉണ്ടെങ്കിലും ഞാന്‍ 3 ആഴ്ചയേ ഇപ്പോള്‍ എടുത്തിട്ടുള്ളൂ. ഇപ്പോള്‍ നടക്കുന്ന ആറാമത്തെ സെമസ്റ്റര്‍ അവസാനിച്ചിട്ട് ബാക്കിയുള്ള ഒരാഴ്ച കൂടെ എടുക്കണം.

             കോളേജില്‍ എത്തിയപ്പോള്‍ എല്ലാവരേയും കണ്ട് ഹായ് പറഞ്ഞു. പുതിയതായി ചാര്‍ജ്ജെടുത്ത പ്രിന്‍സിപ്പാളിനേയും പരിചയപ്പെടാനിടയായി. ഞാന്‍, MES ല്‍ പഠിക്കുമ്പോള്‍ സാര്‍ അവിടെ ഉണ്ടായിരുന്നു. കുറ്റിപ്പുറത്താണ് വീട്. സാറിന്റെ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലും ഈയിടെ പോയിരുന്നു.

              മറ്റ് ക്ലാസുകളൊന്നും നടക്കാത്തതിനാല്‍, കുറച്ച് സമയം കിട്ടിയപ്പോള്‍ എന്റെ മേശ ഒന്ന് വൃത്തിയാക്കാന്‍ വിചാരിച്ചു. പേപ്പറുകളാണ് കൂടുതലും. ISO Certification സമയത്തെ പേപ്പറുകളാണധികവും.

           ആവശ്യമുള്ളതും ഇല്ലാത്തതുമായ പേപ്പറുകള്‍ വേര്‍തിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് യൂണിവേഴ്സിറ്റിയില്‍ നിന്നും, 2 മാസം മുന്‍പ് എനിക്ക് വന്ന പേപ്പര്‍ ശ്രദ്ധയില്‍ പെട്ടത്. അത് പരീക്ഷാപേപ്പര്‍ നോക്കാന്‍ ചെല്ലാനുള്ള ഒരു അറിയിപ്പായിരുന്നു.

              കഴിഞ്ഞ മാര്‍ച്ച് 30 ന് പേപ്പര്‍ വാല്വേഷന്‍ ആരംഭിക്കുമെന്നും,  അന്ന് വാല്വേഷന്‍ നടക്കുന്ന കോ‍ളേജില്‍ എത്തിച്ചേരണം എന്നും ആണ്‌ അറിയിപ്പുണ്ടായിരുന്നത്. എനിക്ക് അത് കിട്ടിയതാകെട്ടെ ഏപ്രില്‍ ആദ്യത്തെ ആഴ്ചയും. അയ്യോ, തിയ്യതി കഴിഞ്ഞുപോയല്ലോ എന്നൊക്കെ അന്ന് ആദ്യം വിചാരിച്ചു.

        എന്തായാലും ശരി, വാല്വേഷന്‍ നടക്കുന്ന കോ‍ളേജിലേക്ക് വിളിച്ചേക്കാം എന്ന് കരുതി ഫോണ്‍ ചെയ്തു. അപ്പോള്‍ കിട്ടിയ മറുപടി അതിലും രസകരമായിരുന്നു.

         “ഇതുപോലൊരു അറിയിപ്പ് ഇവിടേയും വന്നിട്ടുണ്ട്. പക്ഷെ, നോ‍ക്കാനുള്ള പേപ്പര്‍ ഇതുവരെ വന്നിട്ടില്ല്ല. ഒരാഴ്ച കഴിഞ്ഞിട്ട് വിളിച്ചിട്ട് വരൂ‍...“.

          അറിയിപ്പ് കിട്ടിയിട്ടും നോക്കാനുള്ള പേപ്പര്‍ വന്നിട്ടില്ല എന്ന ആ മറുപടി കേട്ടപ്പോള്‍, ഞാന്‍ ഞെട്ടിപ്പോയി. എന്തായാലും ശരി, ഒരാഴ്ച കഴിഞ്ഞ് വിളിക്കാം എന്ന് തീരുമാനിച്ചു. അറിയിപ്പ് ഒന്നുകൂടെ വായിക്കുന്നതിനിടയിലാണ് ഒരു കാര്യം കൂടെ ശ്രദ്ധയില്‍ പെട്ടത്. അറിയിപ്പ് പ്രിന്റ് ചെയ്തിരിക്കുന്നത് മാര്‍ച്ച് 31നും. അതായത്, മാര്‍ച്ച് 31 ഡേറ്റ് ഇട്ട് അയച്ച അറിയിപ്പില്‍ മാര്‍ച്ച് 30 ന് പേപ്പര്‍ വാല്വേഷന്‍ ആരംഭിക്കുമെന്നും, അതിന് എത്തിച്ചേരണമെന്നും ആണ്. മാര്‍ച്ച് 30 കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് ആ അറിയിപ്പ് ലഭിക്കുന്നത് എന്ന് മാത്രമല്ല, അപ്പോഴും നോക്കാനുള്ള പേപ്പര്‍ എത്തിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ച് നോക്കി.

“ഇവിടെ കുറച്ച് പേപ്പര്‍ വന്നിട്ടുണ്ട്. അത് ഇവിടെയുള്ളവര്‍ക്ക് പോലും ഇല്ല. കൂടുതല്‍ പേപ്പര്‍ വന്നാല്‍ കോളേജിലേക്ക് വിളിക്കാം..”

എന്തായാലും പിന്നീട് വിളിയൊന്നും വന്നില്ല.

        അപ്പോഴേക്കും ബെല്ലടിച്ചു. കവര്‍ എടുത്ത് വെച്ച് DSP ക്ലാസ് എടുക്കാനായി ക്ലാസിലേക്ക് നടന്നു........

Monday, May 9, 2011

ഐഡിയ സ്റ്റാര്‍ സിംഗര്‍

ഞാന്‍, ബി.ടെക് അവസാന വര്‍ഷത്തില്‍ പഠിക്കുമ്പോഴത്തെ കാലം. അന്ന് ഞാന്‍ എന്തോ കാര്യത്തിന് തിരുവനന്തപുരം വരെ പോയിരുന്നു. തിരിച്ച് പോരാന്‍ റിസര്‍വേഷന്‍ ഇല്ലായിരുന്നു. 2 ദിവസം എന്ന് വിചാരിച്ച് പോയ കാര്യം ഒരു ദിവസം കൊണ്ട് തീര്‍ന്നു. തിരിച്ച് പോരാന്‍ രണ്ടാമത്തെ ദിവസത്തേക്കാണ് റിസര്‍വേഷന്‍. റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കിയപ്പോള്‍ വെയിറ്റിങ്ങ് ലിസ്റ്റ് ആണ്. എന്‍ക്വയറിയില്‍ ചോദിച്ചപ്പോള്‍, വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് എടുത്തോളൂ... സീ‍സണും വീക്കെന്റും അല്ലാത്തതിനാല്‍ ചാര്‍ട്ട് ഇടുമ്പോള്‍ ബെര്‍ത്ത് കിട്ടും എന്നു പറഞ്ഞു. പറഞ്ഞതനുസരിച്ച് റിസര്‍വേഷന്‍ കൌണ്ടര്‍ അന്വേഷിച്ചിട്ട് അവിടേക്ക് പോയി...

           പുറത്ത് ഒന്നാം നിലയിലെ റിസര്‍വേഷന്‍ കൌണ്ടറില്‍ എത്തി. അവിടെ ഏതാണ്ട് എല്ലാ കൌണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പക്ഷെ, അവിടെ ആ‍രും തന്നെ ടിക്കറ്റ് എടുക്കാന്‍ ഇല്ലാ‍യിരുന്നു. ഞാന്‍ കൌണ്ടറില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ എഴുതിക്കൊടുത്തു.

             അപ്പോഴാ‍ണ്, എന്റെ അടുത്ത് അപ്പോള്‍ വന്ന ആളെ ഞാന്‍ നോക്കിയത്. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. ഒരു പരിചയവും ഇല്ലാത്ത ആള്‍ ആയിരുന്നു അത്. ഞാന്‍ അങ്ങോട്ടും ചിരിച്ചു. അവിടെ ഒട്ടും തന്നെ തിരക്കില്ലാത്തതിനാല്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അപ്പോഴത്തെ ഐഡിയ സ്റ്റാര്‍ സിംഗറിലെ ഒരു മത്സരാര്‍ത്ഥിയുടെ അച്ഛനായിരുന്നു അത്.

              അദ്ദേഹത്തിന്റെ കുട്ടിയ്ക്ക് വേണ്ടി എസ്.എം.എസ് അയക്കണമെന്നും, ഇത്തവണ ‘എലിമിനേഷന്‍ റൌണ്ടില്‍’ വരാന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞു. എനിക്കാണെങ്കില്‍ പരിപാടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ആ മത്സരാര്‍ത്ഥി ആരാണെന്ന് പോലും അപ്പോള്‍ എനിക്ക് മനസ്സിലായില്ല. എന്തായാലും എസ്.എം.എസ് അയച്ച് പൈസ കളയാന്‍ ഞാന്‍ ഒരുക്കം അല്ലായിരുന്നു.....

                 തിരിച്ച് വീട്ടിലെത്തി, പിന്നീടൊരു ദിവസം ആ പരിപാടിയില്‍ ആ കുട്ടിയേയും ആ അച്ഛനേയും കാണാനിടയായി.

             രണ്ട് - മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ പരിചയപ്പെടല്‍ വീണ്ടും ഓര്‍ത്തത്. കൊച്ചി ടസ്കേഴിന്റെ ഐ.പി.എല്‍ മത്സരം കാണുന്നതിനിടയിലാണ്, അമ്മ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണാന്‍ ഏഷ്യാനെറ്റ് വെക്കാന്‍ പറഞ്ഞത്. അപ്പോള്‍ ഈ കുട്ടി, ഇപ്പോഴത്തെ ഒരു മത്സരാ‍ര്‍ത്ഥിക്കൊപ്പം പാ‍ടുന്നത് കണ്ടു.

Tuesday, March 29, 2011

Digital Electronics Lab

ലാബ് പരീക്ഷയ്ക്കായി ഈയിടെ മറ്റൊരു കോളേജില്‍ പോകാനിടയായി. ആ കോളേജില്‍ ഞാന്‍ 6 മാസങ്ങള്‍ക്ക് മുന്‍പ് Digital Electronics Lab പരീക്ഷ നടത്താനായി പോയിരുന്നു. ഇത്തവണ പോയപ്പോള്‍ അന്ന് പരീക്ഷയ്ക്ക് വന്നവരൊക്കെ എന്നെ കണ്ട്, ആ സാറിനെ ഓര്‍മ്മയുണ്ടോ എന്നൊക്കെ അവര്‍ തമ്മില്‍ പറയുന്നുണ്ടായിരുന്നു. അത് എനിക്കും രസകരമായി തോന്നി. എന്തായാലും ഞാന്‍ അവരോട് സംസാരിക്കാന്‍ പോയില്ല.

        ഇപ്പോഴത്തെ പരീക്ഷ നടക്കുന്നതിനിടയില്‍ ഞാന്‍ ഒന്ന് പുറത്തിറങ്ങി. അപ്പോള്‍ രണ്ട് പേര്‍ എന്റെ അടുത്തേക്ക് വന്നു. അവര്‍ക്കായിരുന്നു ഞാന്‍ Digital Electronics Lab നായി പോയിരുന്നത്. അതിലെ ഒരാളെ എനിക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു.

          Digital Electronics Lab പരീക്ഷക്കിടയില്‍ ആ കുട്ടിയുടെ ചോദ്യം മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് ഒരല്‍പ്പം ബുദ്ധിമുട്ടുള്ളതായിരുന്നു. എങ്കിലും ആ കുട്ടി അത് നന്നായി ചെയ്തിരുന്നു. പക്ഷെ, പരീക്ഷയില്‍ ആ കുട്ടിയ്ക്ക് Output കിട്ടിയിട്ടില്ല്ലായിരുന്നു. അന്നത്തെ പരീ‍ക്ഷ കഴിഞ്ഞ് പേപ്പര്‍ തരുമ്പോള്‍ ആ കുട്ടി എന്നോട് ചോദിച്ചിരുന്നു.

“ സാര്‍, Output ഇല്ലാത്തതിനാല്‍ ഞാന്‍ തോല്‍ക്കുമോ‍ ? “ 

          ആ കുട്ടിയുടെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു. എന്നാലും ഞാന്‍ ഒന്നും പറഞ്ഞില്ല്ല. Output കിട്ടാത്തതിനാല്‍ പരീക്ഷയില്‍ തോല്‍ക്കുമോ എന്ന പേടി ഞാനും പഠിക്കുമ്പോള്‍ ഇതുപോലെ Digital Electronics Lab പരീക്ഷ കഴിഞ്ഞപ്പോള്‍ വിചാരിച്ചിട്ടുണ്ടായിരുന്നു. അന്ന്, ഞാന്‍ കോളേജിലെ എന്റെ സാറിനോടും ഇതേ പോലെ ചോ‍ദിച്ചിരുന്നു. പക്ഷെ, അന്ന്‍ എന്റെ സാറും എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. റിസല്‍ട്ട് വന്നപ്പോള്‍ അത്യാവശ്യം മാര്‍ക്ക് കിട്ടി ഞാന്‍ ജയിച്ചിരുന്നു. എങ്കിലും Output കിട്ടിയില്ലെങ്കില്‍ തോല്‍ക്കും എന്നുള്ള ആ പേടി ഇന്നും നിലനില്‍ക്കുന്നുണ്ട്. Output ന്റെ മാര്‍ക്ക് അല്ലേ പോകുള്ളൂ എന്നും, ജയിക്കുമായിരിക്കും എന്ന് വിചാരിക്കാമെങ്കിലും റിസല്‍ട്ട് വരുന്നത് വരെ നമ്മള്‍ അങ്ങനെ വിചാരിക്കില്ല. പകരം പേടിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

         എന്തായാലും ആ കുട്ടി പരാജയപ്പെട്ടിരുന്നില്ല്ല. ഞാന്‍ എന്റെ സാറിനോട് ചോദിച്ച പോലെ തന്നെ എന്നോട് ചോദിച്ച ആ കുട്ടിയെ ഞാന്‍ അന്നേ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ഒരു മാസം മുന്‍പ് ആ പരീക്ഷയുടെ റിസല്‍ട്ട് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിരുന്നു. ഞാന്‍ പഠിക്കുമ്പോള്‍ ആ Digital Electronics Lab ന്റെ റിസല്‍ട്ട് വരുന്നത് വരെ പേടിച്ചിരുന്ന പോലെ തന്നെ ആകും ആ കുട്ടിയും റിസല്‍ട്ട് വരുന്നത് വരെ പേടിച്ചിരുന്നിട്ടുണ്ടാകുക എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷെ, കുട്ടികളെ തോല്‍പ്പിക്കണം എന്ന മനസ്സോടെ വരുന്ന അദ്ധ്യാപകരേയും ഞാ‍ന്‍ കണ്ടിട്ടുണ്ട്.

         തോല്‍ക്കും എന്ന് വിചാരിച്ചിരുന്ന ലാ‍ബ് അത്യാവശ്യം മാര്‍ക്ക് കിട്ടി പാസാകുമ്പോള്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം. ആ സന്തോഷം എന്നോടും പറയാനാണ് എന്നെ കണ്ടപ്പോള്‍ ആ കുട്ടി വന്നത് എന്ന് എനിക്ക് മനസ്സിലായി.

“മാര്‍ക്ക്, അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്നതല്ല. അത്, കുട്ടികള്‍ നമ്മളില്‍ നിന്നും വാങ്ങുന്നതാണ്. കുട്ടികള്‍ മാര്‍ക്ക്  പഠിച്ച് വാങ്ങുമ്പോള്‍ നമുക്കത് കൊടുക്കാതിരിക്കാനാവില്ല....“

എന്റെ ഏട്ടന്‍ എനിക്ക് പറഞ്ഞുതന്ന ഈ വാചകങ്ങളാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. പരീക്ഷ ജയിച്ച സന്തോഷം ആ കുട്ടി എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഈ വാചകമാണ് ആ കുട്ടിയോട് പറഞ്ഞത്.

അതെ, ആ കുട്ടി ജയിക്കാനുള്ള മാര്‍ക്ക്, ഞാന്‍ കൊടുത്തതല്ല... ആ കുട്ടി എന്റെ കയ്യില്‍ നിന്നും പഠിച്ച് വാങ്ങിയതാണ്.... എനിക്കത് കൊടുക്കാനിരിക്കാനാവില്ലല്ലോ......

Wednesday, March 2, 2011

RC Phase Shift Oscillator

കുറ്റിപ്പുറത്തെ MES Enginering College ലെ Applied Electronics and Instrumentation (2003 - 2007) ലെ ഒരു വിദ്യാ‍ര്‍ത്ഥിയായിരുന്നു ഞാ‍ന്‍. അവിടുന്ന് പോ‍ന്നിട്ട് ഏകദേശം മൂന്നര വര്‍ഷത്തിലധികമായി. കഴിഞ്ഞ ആഴ്ചയില്‍  അവിടെ മറ്റൊരു ആവശ്യത്തിന് പോകുകയുണ്ടായി.  ഒരുപാട് ഓര്‍മ്മകളുമായിട്ടാണ് അവിടുന്ന് പോന്നത്. ഞാന്‍ ചെന്നപ്പോള്‍ അവിടെ എന്റെ കൂടെ പഠിച്ചിരുന്ന കിരണും വന്നിരുന്നു. എന്റെ ബാച്ചിലെ രണ്ടാം റാങ്കു കിട്ടിയ ഒരു “വന്‍പുലി” ആണ് കിരണ്‍. കാലിക്കറ്റ് യൂണിവേഴ്സ്റ്റി AEI Branch ല്‍ അന്ന് അവനായിരുന്നു രണ്ടാം റാങ്ക്. പക്ഷെ, ഇംഗ്ലീഷില്‍ ആള്‍ ഇത്തിരി മോശം ആണോ എന്ന് അവനു തന്നെ സംശയം. അതിന് ഒരു കാരണം കൂ‍ടെ പറയാറുണ്ട്. കോളേജില്‍ നടന്ന ഒരു പരിപാടിയ്ക്ക് കൊടുക്കാനുള്ള സമ്മാനം അവനാണ് പുറത്ത് നിന്ന് ഉണ്ടാക്കിച്ചത്. അതില്‍ “College” എന്നുള്ളതിന് “Collage” എന്നാണ് അവന്‍ എഴുതിച്ചത്. എന്നാള്‍ കിരണ്‍ ഇംഗ്ലീഷില്‍ ഇപ്പോള്‍ അത്ര മോശം അല്ല എന്ന് തെളിയിച്ചു. അവന് "TOEFL" സ്കോര്‍ കിട്ടി എന്ന് ഈയിടെ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞു.

പ്രിയപ്പെട്ട കിരണ്‍ -

“ ഞാന്‍ അടുത്ത തവണ "TOEFL" എഴുതണോ എന്നാലോചിക്കുന്നു....“  :)


ഞങ്ങള്‍ രണ്ട് പേരും കൂടെ അന്ന്‌ ലാബിലൊക്കെ പോയി. കിരണുമായി ലാബില്‍ പോയപ്പോള്‍ ആണ് ഇക്കാര്യം ഓര്‍മ്മവന്നത്.

           ഞങ്ങള്‍ മൂന്നാം സെമസ്റ്ററില്‍ ഇലക്ട്രോണിക്സ് ലാബ് ചെയ്തുകൊണ്ടിരുന്ന കാലം. Breadboard ല്‍ ആണ് Experiment ചെയ്യാറുള്ളത്. ഇനി Breadboard എന്താണ് എന്നറിയാത്തവര്‍ക്കായി പറയുന്നു. വശങ്ങളിലേക്കും താഴേയ്ക്കും കണക്ഷന്‍സ് ഉള്ള ഒരു ബോര്‍ഡ്. ഒരുപാട് സുഷിരങ്ങള്‍ മാത്രം നമുക്ക് കാണാം. അതില്‍ ആണ് Electronics Components വെക്കാറുള്ളത്. തല്‍ക്കാലം അത്രയും മനസ്സിലാക്കുക. ഞങ്ങളുടെ ക്ലാസിലെ റജീന ഒരു Experiment ചെയ്യുകയായിരുന്നു. എന്തോ അതിന്റെ Output കിട്ടുന്നില്ല. ക്ലാസിലെ “പുലി” കിരണ്‍ ആണ് അടുത്തുണ്ടായിരുന്നത്.

കിരണ്‍ നോക്കിയിട്ട് പറഞ്ഞു

“റജീന, Breadboard ലെ സുഷിരങ്ങള്‍ വഴി അതിനകത്ത് Air കയറിയിട്ടുണ്ടാവും. അതുവഴി സര്‍ക്യൂട്ടില്‍ Air Gap വരാന്‍ സാധ്യത ഉണ്ട്. ഒഴിവാക്കാന്‍ വേണ്ടി ശക്തമായി Breadboard നകത്തേക്ക് ഊതിയാല്‍ ചിലപ്പോള്‍ ശരിയാകും”

           കിരണിന്റെ വാക്ക് കേട്ട റജീന ശക്തമായി ഊതാന്‍ തുടങ്ങി. എന്തോ ലൂ‍സ് കണക്ഷന്‍ കൊണ്ട് Output കിട്ടാതിരുന്ന Circuit ഊതലിന്റെ ശക്തിയില്‍ ശരിയാവുകയും Output കിട്ടുകയും ചെയ്തു എന്നാണ് കേള്‍വി. ഈ സംഭവം ബി.ടെക്കിലെ ലാബ് ജീവിതത്തിലെ മറക്കാനാവാത്ത സംഭവം ആയി മാറുകയും ചെയ്തു.

                ഇക്കാര്യം പറഞ്ഞപ്പോഴാണ് എനിക്ക് മറ്റൊരു സംഭവം ഓര്‍മ്മ വരുന്നത്. ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ചെന്നതിന് ശേഷം ഇലക്ട്രോണിക്സ് ലാബ് ഒരുപാട് ചെയ്തിട്ടുണ്ട്. ലാബ് ചെയ്യിക്കുകയും, ലാബിന്‌ Internal Examiner ആയിട്ടും External Examiner ആയിട്ടും കുറേ പരീക്ഷകള്‍ നടത്തിയിട്ടുമുണ്ട്. അതിനിടയില്‍ എപ്പോഴോ നടന്ന സംഭവമാണിത്.

              RC Phase Shift Oscillator എന്ന ഒരു Experiment ലാബില്‍ ചെയ്യാനുണ്ട്. അതില്‍ Feedback Path ല്‍ Variable Resistance ആണ് ഉപയോഗിക്കാറുള്ളത്. ഒരു കുട്ടിക്ക് ഈ Experiment ചെയ്തിട്ട് Output കിട്ടുന്നില്ല. പോയി നോക്കിയപ്പോള്‍ Circuit ല്‍ കുട്ടി Variable Resistance വെക്കേണ്ട സ്ഥലത്ത് ഒരു മള്‍ട്ടിമീറ്റര്‍ കൊടുത്തിട്ടുണ്ട്. അതു കണ്ട ഞാന്‍ ചോദിച്ചു.

ഞാന്‍: “ അല്ല കുട്ടീ, ഇതെന്താ മള്‍ട്ടീമീറ്റര്‍ ?

കുട്ടി: “സാര്‍, അത് Variable Resistance ആണ് “

ഞാന്‍: “Variable Resistance എന്നുള്ളതുകൊണ്ട് എന്താണ്‍ ഉദ്ദേശിക്കുന്നത് ?”

കുട്ടി: “സാര്‍, Resistance, Vary ചെയ്യാന്‍ പറ്റും ? “

ഞാന്‍: “കുട്ടിയെങ്ങനെയാ മള്‍ട്ടിമീറ്റര്‍ ഉപയോഗിച്ച് Variable Resistance മാറ്റുന്നത് ?”

എന്നെ, ഞെട്ടിച്ചുകൊണ്ട്, ആ കുട്ടി മള്‍ട്ടിമീറ്റര്‍ 20 K യില്‍ നിന്നും 200 K യിലേക്ക് മാറ്റി. എന്നിട്ട് സാര്‍, നമുക്കിത് ഇങ്ങനെ മാറ്റാം എന്നും പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കൂടെയുണ്ടായിരുന്ന മറ്റു ടീച്ചര്‍മാരും ഞെട്ടിപ്പോയി.

                പിന്നീട്,  മള്‍ട്ടിമീറ്റര്‍ ഉപയോഗിച്ച് Resistance കണ്ടുപിടിക്കാനേ കഴിയൂ‍ എന്നും Resistance, Vary ചെയ്യണമെങ്കില്‍ Variable Resistance (Potentiometer (POT)) ഉപയോഗിക്കണം എന്നും പറഞ്ഞുകൊടുത്തപ്പോഴാണ് സംഭവിച്ച അബദ്ധം ആ കുട്ടിക്ക് മനസ്സിലായത്.

             അന്ന്, റജീനയ്ക്ക് പറ്റിയ Air Gap അബദ്ധവും RC Phase Shift Oscillator ചെയ്യുമ്പോഴാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇതൊക്കെ പറഞ്ഞ് കഴിഞ്ഞ് ഞങ്ങള്‍ അന്ന് പിരിയുമ്പോള്‍ വൈകുന്നേരം ആയിരുന്നു.

Tuesday, March 1, 2011

“എന്താണ് നല്ല അദ്ധ്യാപകരൊക്കെ പെട്ടെന്ന് പോകുന്നത്......?“

ഇന്നലെ രാവിലെ കോളേജിലെത്തിയപ്പോള്‍ മറ്റേതൊരു ദിവസത്തേക്കാള്‍ എന്തോ പ്രത്യേകതകള്‍ ഉണ്ടായിരുന്നു.....അതിലേറ്റവും പ്രധാനം നിധിന്‍ സാര്‍ ജ്യോതിയില്‍ നിന്ന് പോയി എന്നുള്ളതാണോ എന്നെനിക്ക് ഇപ്പോള്‍ തോന്നുന്നു..

                രാവിലെ കോളേജിലേക്ക് വെട്ടിക്കാട്ടിരിയില്‍ നിന്ന് കോളേജ് ബസ്സ് തിരിഞ്ഞപ്പോഴേ ബ്ലോക്ക് ആയിപ്പോയി. മുന്നില്‍ മൂന്ന് - നാല് കോളേജ് ബസ്സുകള്‍ വേറെയും ഉണ്ടായിരുന്നു. എന്തോ ഒരു മോശം ലക്ഷണം ? ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ നിധിന്‍ സാറിനെ കണ്ടു. സാറിനെ കണ്ടപ്പോള്‍ ഇന്ന് പോകുകയാണല്ലേ എന്ന് ഞാന്‍ ചോദിച്ചു. “അതെ“ എന്ന് സാറും പറഞ്ഞു. അപ്പോഴേക്കും റെക്കോര്‍ഡ് കൊണ്ടു വന്നിട്ടില്ല എന്ന് പറഞ്ഞ് നാലാം സെമസ്റ്ററിലെ ആരൊക്കെയോ കാണാന്‍ വന്നു. അപ്പോഴേയ്ക്കും ബെല്ലടിച്ചിരുന്നു. ഷൈനു മിസ്സ് ലീവ് ആയതിനാല്‍ മൂന്നാമത്തെ പിരിയഡ് ആറാം സെമസ്റ്ററില്‍ ഞാന്‍ ക്ലാസ് എടുക്കാം എന്നും വിചാ‍രിച്ചു. പിന്നെ, രണ്ട് പിരിയഡ് മറ്റെന്തൊക്കെയോ തിരക്കില്‍ പെട്ടതിനാല്‍ നിധിന്‍ സാ‍റിനെ കണ്ടില്ല.

               എന്റെ സുഹൃത്ത് സിബി ചാര്‍ളി, കാണിച്ചു തന്ന ഒരു ബ്ലോഗിന്റെ ഉടമസ്ഥയെ കാണാനിടയായി. ആ ബ്ലോഗില്‍ ആ കുട്ടിയുടെ ഫോട്ടോ ഉള്ളതിനാല്‍ എനിക്ക് ആളെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി. എങ്കിലും, വേറെ ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടിയാ‍യതിനാല്‍ അവരുടെ ഡിപ്പാര്‍ട്ട്മെന്റിലെ ടീച്ചര്‍മാരോട് ചോദിച്ചാണ് ആള്‍ അതു തന്നെയാണ് എന്നുറപ്പിച്ചത്.

               ആ ബ്ലോഗിലെ പോസ്റ്റുകളെല്ലാം തന്നെ മനോഹരമാണ്. എന്റെ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിക്കുകയും അഭിപ്രായം ചാറ്റില്‍ പറയുകയും; എന്നാല്‍ എന്റെ ബ്ലോഗില്‍ ഒരു കമന്റ് പോലും ചെയ്യാത്ത സിബി ചാര്‍ളി, ആ ബ്ലോഗില്‍ കമന്റ് ചെയ്തിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അതിന്‌ ആ ബ്ലോ‍ഗിലെ പോസ്റ്റുകളുടെ മനോഹാരിത തന്നെയായിരിക്കണം കാരണം.

                 ഇന്റര്‍വെല്ലിന് നിധിന്‍ സാര്‍ എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. മൂന്നാമത്തെ പിരിയഡിന്റെ ആദ്യത്തെ അഞ്ച് മിനുട്ട് സാറിന് വേണം. ക്ലാസില്‍ എന്തോ മിഠായി കൊടുക്കാനോ മറ്റോ ആയിരുന്നു അത്. നിധിന്‍ സാര്‍ പറഞ്ഞത് പോലെ അഞ്ച് മിനുട്ട് കൊണ്ട് മിഠായി കൊടുത്ത് പുറത്തിറങ്ങി. മൂന്നാമത്തെ പിരിയഡ് കഴിഞ്ഞപ്പോള്‍ ആണ് അടുത്ത പിരിയഡ് എടുക്കേണ്ട റോയ് ഫാദര്‍ വന്നിട്ടില്ല എന്നറിഞ്ഞത്. ഞാന്‍ തന്നെ പോയി ക്ലാസെടുത്തു.

             ഉച്ചഭക്ഷണം സ്റ്റാഫ് എല്ലാവരും ഒരുമിച്ചായിരുന്നു. കോളേജില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞവരും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തവരും ചേര്‍ന്നായിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്.....ഭക്ഷണം കഴിഞ്ഞിട്ട് നിധിന്‍ സാറിന് ഞങ്ങളെല്ലാവരും കൂടെച്ചേര്‍ന്ന് വാങ്ങിവെച്ചിരുന്ന ഗിഫ്റ്റും കൊടുത്തു. സാര്‍ അത് പിടിച്ച് നില്‍ക്കുന്ന കുറേ ഫോട്ടോസും എടുത്തു. അപ്പോഴേക്കും ബെല്ലടിച്ചിരുന്നു. എല്ലാവരും ക്ലാസുകളിലേക്ക് പോയി. ഞാന്‍ ഒരു മീ‍റ്റിംഗിനും പോയി. അത് കഴിഞ്ഞപ്പോഴേയ്ക്കും രണ്ടര ആയി.... ഞാന്‍ തന്നെയാണ് അവസാ‍നത്തെ പിരിയഡ് ആറാം സെമസ്റ്റര്‍ ക്ലാസില്‍. ഒരു പിരിയഡ് കൂടെ പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ സമ്മതിക്കില്ല എന്നുറപ്പുള്ളതിനാല്‍ രണ്ട് പ്രോബ്ലം ചെയ്യിക്കാന്‍ തീരുമാനിച്ചു. അത് നോക്കിയപ്പോഴെയ്ക്കും അവസാനത്തെ പിരിയഡ് ആയി. മൂന്നേ മുക്കാല്‍ ആയപ്പോള്‍ കപില്‍ സാര്‍ വന്ന് വിളിച്ചു. അവസാ‍ന വര്‍ഷ വിദ്യാര്‍ത്ഥികള്‍ നിധിന്‍ സാറിന് യാത്രയയപ്പ് നടത്തുന്നു എന്ന് പറഞ്ഞു. അവിടെ പോയപ്പോഴേയ്ക്കും ചടങ്ങ് ആരംഭിച്ചിരുന്നു.....

                    എല്ലാവരും സംസാരിച്ച് തുടങ്ങിയിരുന്നു. അപ്പോഴാണ് മേരി എന്നെ ക്ഷണിച്ചത്. ഏകദേശം ഒന്നര വര്‍ഷം ഒപ്പമുണ്ടായിരുന്ന നിധിന്‍ സാറിനെക്കുറിച്ച് പറയാന്‍ വിളിച്ചപ്പോഴാണ് നിധിന്‍ സാര്‍ ജോലി വിട്ട് പോകുന്നു എന്ന് വിഷമത്തോടെ മനസ്സിലാക്കിയത്. ഞാനും നിധിന്‍ സാറും ഒരാഴ്ചത്തെ വ്യത്യാസത്തിലാണ് ജ്യോതിയില്‍ എത്തിയത്.

                 പക്ഷെ, അതിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാറിനെ എനിക്കറിയാമായിരുന്നു എന്ന് നിധിന്‍ സാറിനെ പരിചയപ്പെട്ടപ്പോ‍ള്‍ ആണ് മനസ്സിലായത്. എങ്ങനെയാണെന്നു വെച്ചാല്‍, ഞാന്‍ എം.ടെകിന് പഠിക്കുന്ന കാലത്ത്, എന്റെ ബ്രാഞ്ചില്‍ 18 പേര്‍ക്കാണ് പ്രവേശനം. എന്നാല്‍ പതിനേഴ് പേരെ ക്ലാസില്‍ വന്നിരുന്നുള്ളൂ.

                   ക്ലാസില്‍ റോള്‍ നമ്പര്‍ 9 ഇല്ലായിരുന്നു. നിധിന്‍ സാറും ഞാന്‍ പഠിച്ച ക്ലാസില്‍ തന്നെ ചേര്‍ന്നിരുന്നു എന്നും, പിന്നെ, വേറെ കോളേജില്‍ കിട്ടിയപ്പോള്‍ മാറിയതാണ് എന്നും പറഞ്ഞിരുന്നു. ഓര്‍ത്തപ്പോള്‍ ശരിയാണ്. റോള്‍ നമ്പര്‍ 8 ആയിട്ട് മീതുവും റോള്‍ നമ്പര്‍ 10 ആയിട്ട് നോബിയും ആയിരുന്നു. റോള്‍ നമ്പര്‍ 9, നിധിന്‍ സാര്‍ തന്നെ ആയിരിക്കാ‍നാണ് സാധ്യത എന്നും ഞങ്ങള്‍ ജ്യോതിയില്‍ വന്നപ്പോള്‍ പരിചയപ്പെടുന്ന കാലത്ത് പറഞ്ഞിരുന്നു. ഒന്നര വര്‍ഷം കൊണ്ട് മറക്കാ‍നാവാത്ത ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. ഒരുമിച്ച് ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. XTRONICON 2010, അരുണ്‍ സാറിന്റെ കല്യാണം, NIT യിലെ രണ്ടാഴ്ചക്കാലത്തെ പ്രോഗ്രാം, അവിടുന്ന് വയനാട്ടിലേയ്ക്ക് ടൂര്‍ പോയത്, രണ്ട് സ്റ്റാഫ് ടൂറുകള്‍, കല്യാണങ്ങള്‍, എല്ലാദിവസവും ഞാനും മജീന്ദ്രന്‍ സാറും നിധിന്‍ സാറും ഒരുമിച്ചുള്ള ഉച്ചഭക്ഷണം..... അങ്ങനെ ഒരുപാട്...ഒരുപാട്...

                ഇതെല്ലാം അവിടെ പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും രശ്മി മിസ്സിനെ ആരോ പാ‍ടാന്‍ വിളിച്ചു. “ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍ “ എന്ന സ്ഫടികം സിനിമയിലെ പാ‍ട്ട് മിസ്സ് പാടിയപ്പോള്‍ അത് വല്ലാതെ മനസ്സില്‍ തട്ടി. നിധിന്‍ സാറിനെ കൊണ്ട് കേക്ക് മുറിപ്പിച്ച് അത് എല്ലാവര്‍ക്കും കൊടുത്തു. നിധിന്‍ സാറിന്റെ ഏറ്റവും വലിയ പ്രത്യേകത - സാര്‍ ആരോടും ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല; അതായിരിക്കും എന്ന് എനിക്ക് തോന്നുന്നു. എന്തായാലും നിധിന്‍ സാര്‍ പോയത് സൃഷ്ടിക്കുന്ന വിടവ് മാറാന്‍ കുറച്ച് സമയം എടുക്കും എന്ന് തോന്നുന്നു....

       എന്തായാലും നിധിന്‍ സാര്‍ - “ എല്ലാവിധ ആശംസകളും...... “

ആ കുട്ടിയുടെ ബ്ലോഗിലെ ഒരു പോസ്റ്റില്‍ പറഞ്ഞത് പോലെ

“ എന്താണ് നല്ല അദ്ധ്യാപകരൊക്കെ പെട്ടെന്ന് പോകുന്നത് ?“

Friday, February 18, 2011

ഓര്‍മ്മകള്‍

കഴിഞ്ഞ വര്‍ഷത്തെ പയ്യങ്ങാട്ടില്‍ ഭഗവതീക്ഷേത്രത്തിലെ ഉത്സവദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല. അന്നാണ് ഞങ്ങളുടെ പ്രിയസുഹൃത്തുക്കളില്‍ ഒരാളായ കൃഷ്ണപ്രസാദ് ഞങ്ങളെ വിട്ടുപോയത്. എന്റെ അച്ഛന്റെ അനിയന്റ മകന്‍ അനുട്ടന്‍ എന്ന് വിളിക്കുന്ന ശ്രീജിത്തിന്റെ വളരെ അടുത്ത സുഹൃത്തുമായിരുന്നു കൃഷ്ണപ്രസാദ്. ഞാനുള്‍പ്പെടെ മറ്റെല്ലാവരോടും വളരെ അടുപ്പം ഉണ്ടായിരുന്ന കൃഷ്ണപ്രസാദിന്റെ വിയോഗത്തിന് ഒരു വയസ്സ് തികയാറായി.

         നമ്പൂതിരി കുടുംബത്തിലെ അംഗമായിരുന്ന കൃഷ്ണപ്രസാദ് ബസ്സിലെ കണ്ടക്റ്ററായിട്ട് പോകുകയായിരുന്നു. അന്ന്, ജോലി കഴിഞ്ഞ് വീ‍ട്ടിലെത്തിയതിന് ശേഷം മറ്റെന്തോ ആവശ്യത്തിന്‍ പുറത്തേക്ക് പോയതായിരുന്നു പ്രസാദ്. രാത്രി, വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍, ഓടിച്ചിരുന്ന ബൈക്ക് ഒരു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാ‍ണ് അപകടം ഉണ്ടായത്. തല പൊട്ടി, ചോര വാര്‍ന്ന് റോഡരികില്‍ കിടന്നിരുന്ന പ്രസാദിനെ ആരൊക്കെയോ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നത്രെ.

            ഈ സമയത്താ‍ണ് പയ്യങ്ങാട്ടില്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള നാടകം “കരിങ്കുട്ടി” കാണാന്‍ ഇവിടുന്ന് അനുട്ടനടക്കം കുറേ പേര്‍ പോയത്. പിറ്റേന്ന്, കോളേജുണ്ടായിരുന്നതിനാല്‍ ഉറക്കമൊഴിച്ചാല്‍ ശരിയാകില്ല എന്നുള്ളതിനാല്‍ ഞാന്‍ പോയിരുന്നില്ല. അവിടെ വെച്ച് ആരോ അനുട്ടനോട് പ്രസാ‍ദിനെന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പറഞ്ഞത്. അപ്പോ‍ള്‍ തന്നെ പ്രസാദിന്റെ ഫോണിലേയ്ക്ക് വിളിച്ചു. ഫോണെടുത്ത ആള്‍ വിളിക്കുന്നതാരാ‍ണെന്ന് ചോദിച്ചു. കൂട്ടുകാരനാണെന്ന് പറഞ്ഞപ്പോള്‍ വേഗം ആശുപത്രിയിലേക്ക് ചെല്ലാനും പറഞ്ഞു. ആ ഉത്സവപ്പറമ്പില്‍ ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടുകാരെല്ലാവരും ആശുപത്രിയിലേക്ക് പോയി. കരളുപിളര്‍ക്കുന്ന കാഴ്ചയുമായി കിടന്നിരുന്ന പ്രസാദ് അപ്പോഴേക്കും മറ്റൊരു ലോ‍കത്തേക്ക് പോയിരുന്നു.

             വീട്ടിലേക്ക് ഫോണ്‍ വന്നപ്പോ‍ള്‍ അമ്മയാണ് ഉറങ്ങിക്കിടന്നിരുന്ന എന്നെ വിളിച്ചുണര്‍ത്തിയത്. ആശുപത്രിയിലേക്ക് ഉടന്‍ ഞാനും പോയി. മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടന്നിരുന്ന പ്രസാദിനെ ഇന്നും മറക്കാന്‍ കഴിയുന്നില്ല.

               അപകടമരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം ആ‍വശ്യമായതിനാ‍ല്‍ നേരം പുലരാന്‍ കാത്തിരുന്നു. പോലീസ് വന്നപ്പോള്‍ ബന്ധുക്കളല്ലാത്ത അഞ്ച് ആളുകള്‍ സാക്ഷി ഒപ്പിടാന്‍ ആവശ്യമുണ്ടെന്ന് പറഞ്ഞു. അവിടെ ന്നിന്നിരുന്ന ഞാനും അതില്‍ ഉള്‍പ്പെട്ടു. മോര്‍ച്ചറിക്കകത്തേക്ക് വരാന്‍ പറഞ്ഞു. പ്രസാ‍ദിന്റെ അടുത്ത് സാക്ഷികള്‍ നില്‍ക്കുന്ന ഫോട്ടോ ആവശ്യമുണ്ടെത്രെ. അതിനാണ് വിളിച്ചത്. ഫോട്ടോ എടുത്ത് കഴിഞ്ഞതും ഞാന്‍ വേഗം പുറത്തിറങ്ങി. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച പ്രസാദിനെ യാത്രയാക്കാന്‍ നാട് മുഴുവന്‍ കാത്തുനിന്നിരുന്നു.

                 ഞങ്ങളുടെ നാ‍ട്ടിലെ ക്ഷേത്രമായ തലമുണ്ട മാനത്തുകാവിലെ  ഈ വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ച് പ്രസാദിന്റെ ഓര്‍മ്മക്കായി കൂട്ടുകാര്‍ അമ്പലത്തിലെ സ്റ്റേജ് പുനര്‍നിര്‍മ്മാണം നടത്തി. എന്നിട്ട് ആ‍ സ്റ്റേജില്‍ ഉത്സവത്തിന്റെ ഭാഗമായിട്ടുണ്ടായ നാടകം “കരിങ്കുട്ടി” യായിരുന്നു. കഴിഞ്ഞവര്‍ഷം പയ്യങ്ങാട്ടില്‍ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അതേ നാടകം.

                      ഞങ്ങളോടൊപ്പം എല്ലാകാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന പ്രസാ‍ദിനെ ഞങ്ങള്‍ക്കൊരിക്കലും മറക്കാനാകില്ല. എവിടുന്ന് കണ്ടാലും ഹരിയേട്ടാ എന്ന് വിളിച്ച് ഓടിവന്നിരുന്ന പ്രസാദിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല.

                    എടപ്പാളില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് ബസ് സ്റ്റോപ്പിന് തൊട്ടടുത്തുള്ള ശ്രീ. പയ്യങ്ങാട്ടില്‍ ഭഗവതീക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ ആണ്. അവിടത്തെ ഈ വര്‍ഷത്തെ ഉത്സവത്തിന്റെ ബാനര്‍ അവിടെ കണ്ടു. ഈ വര്‍ഷത്തെ ഉത്സവത്തിന് അവിടുത്തെ പരിപാടി “ഓര്‍മ്മകള്‍” എന്ന പേരില്‍ ഉള്ള പഴയ നാടകഗാനങ്ങളെല്ലാം കോര്‍ത്തിണക്കികൊണ്ടുള്ള പരിപാടിയാണ്. ഉത്സവത്തിന്റെ ബാനറില്‍ ഓര്‍മ്മകള്‍ എന്ന് കണ്ടപ്പോള്‍ പ്രസാദിനെയാണ് ഓര്‍ത്തത്..

ഒരിക്കലും മറക്കാത്ത ഒരുപാട് ഓര്‍മ്മകള്‍........

Friday, January 14, 2011

ഹിന്ദി

നിശ്ചല്‍ എന്ന ഫോട്ടോഗ്രാഫറെ അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാവാന്‍ സാധ്യത ഇല്ല. കാണികള്‍ക്ക് ഇന്നും ഹരമായ “കിലുക്കം” എന്ന സിനിമയില്‍ ശ്രീ. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ആ കഥാപാത്രത്തെ ആരും മറന്ന് കാണാനിടയില്ല. ഹിന്ദി അറിയാത്തതിനാല്‍ വില്ലന്റെ അടി കൊണ്ട് ആശുപത്രിയില്‍ കിടക്കുന്ന രംഗം കാണാന്‍ ഇന്നും രസമാണല്ലോ.

                            രാംസിംഗ് എന്ന മലയാളി ഗൂ‍ര്‍ഖയേയും എല്ലാവരും കൈനീട്ടി സ്വീകരിച്ചതാണല്ലോ. “ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്“ എന്ന സിനിമയില്‍ ശ്രീ. മോ‍ഹന്‍ലാല്‍ അവതരിപ്പിച്ച ആ കഥാപാത്രവും ഹിന്ദി അറിയാതെ അബദ്ധങ്ങള്‍ വിളിച്ച് പറഞ്ഞതും നമ്മളാരും മറക്കാന്‍ സാധ്യത ഇല്ല. ഹിന്ദി മാത്രം അറിയുന്ന ആനയെ കൊണ്ട് ബുദ്ധിമുട്ടിലായ “ഗജകേസരിയോഗം” എന്ന സിനിമയിലെ ശ്രീ. ഇന്നസെന്റ് അവതരിപ്പിച്ച ആനപ്പാപ്പാനേയും എല്ലാവരും ഓര്‍ക്കുന്നുണ്ടാവും.

                   ഒരു ഹിന്ദി അധ്യാപകന്റെ മകനായ എനിക്ക് ഹിന്ദി അറിയാതെ പെട്ടുപോയ ഒരു സംഭവം ഈയിടെക്കുണ്ടായി. ഒരു കോണ്‍ഫറന്‍സിനായി ഈയിടെ “മുംബൈ” വരെ പോകാനിടയായി. ഞാനും അപ്പു(എന്റെ ചെറിയച്ഛന്റെ മകന്‍)വും കൂടെയാണ് പോയത്. അവിടെ ദാദര്‍ എന്ന സ്ഥലത്തു നിന്നും “വഡാല റോഡ്” എന്ന റെയില്‍വേ സ്റ്റേഷനിലേക്ക് ഞങ്ങള്‍ ടാക്സി വിളിക്കാനിടയായി. വൈകുന്നേരം ആയതിനാല്‍ ട്രാഫിക് ബ്ലോക്ക് കൂടുതല്‍ ഉള്ള സമയമായതിനാല്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് വണ്ടി കിട്ടിയത്. അത്യാവശ്യം വയസ്സ് തോന്നിക്കുന്ന ഒരാള്‍ ആണ് ഞങ്ങളെ കൊണ്ടു പോയത്. അദ്ദേഹത്തിന്റെ വാഹനത്തിന് അദ്ദേഹത്തേക്കാള്‍ പ്രായം കാണും. ഞങ്ങള്‍ പറഞ്ഞ “വഡാല റോഡ്” റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ ഒരു ട്രാഫിക് സിഗ്നല്‍ ഉണ്ട്. അവിടെ എത്തിയപ്പോള്‍ അയാള്‍ എന്തോ ചോദിച്ചു. ഞങ്ങള്‍ ഇവിടെ ഇറങ്ങിക്കോളാം എന്നര്‍ത്ഥത്തില്‍ വണ്ടി സൈഡ് ആക്കാന്‍ ഞാന്‍ “ലെഫ്റ്റ്” എന്ന് പറഞ്ഞു. അതുകേട്ട അയാള്‍ എന്തോ പറഞ്ഞു. വണ്ടി നിര്‍ത്താതെ അയാള്‍ ഇടതു വശത്തേയ്ക്ക് ഓടിച്ചു പോയി. വണ്ടി “യു ടേണ്‍” ചെയ്ത് റെയില്‍വേ സ്റ്റേഷനുള്ളിലേയ്ക്ക് ആക്കിത്തരും എന്നാണ് ഞാനും അപ്പുവും വിചാരിച്ചത്. ഞങ്ങളത് പരസ്പരം പറയുകയും ചെയ്തു. സിറ്റി ആയതിനാലും റോഡില്‍ ഡിവൈഡര്‍ ഉള്ളതിനാലും കുറെ പോയിട്ടും “യു ടേണ്‍” എടുക്കാനുള്ള സ്ഥലം കാണാ‍നില്ല. ഒരു രണ്ട് കിലോമീറ്ററിനടുത്ത് ദൂരം ആയപ്പോള്‍ അടുത്ത ട്രാ‍ഫിക് സിഗ്നലില്‍ എത്തി. അവിടെ വെച്ച് “എവിടെ പോകണം ?” എന്ന് ഡ്രൈവര്‍  ചോദിച്ചപ്പോ‍ള്‍ ഞങ്ങളൊരുമിച്ചാണ് ഞെട്ടിയത്. ഞാന്‍ വഡാല റോഡ് റെയില്‍വേ സ്റ്റേഷന്‍ എന്നും പറഞ്ഞതും അയാള്‍ വണ്ടി റോഡിന്റെ ഇടതു വശത്തേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്നല്ലേ ഞാന്‍ നിങ്ങളോട് എവിടെ പോകണം എന്ന് ചോദിച്ചത്. അപ്പോള്‍ നിങ്ങളല്ലേ “ലെഫ്റ്റ്” പോകാന്‍ പറഞ്ഞതെന്നും അത് കൊണ്ടല്ലേ ഞാന്‍ ഇതു വരെ പോന്നതെന്നും അയാള്‍ പറഞ്ഞു. ഹിന്ദിയിലാണെങ്കിലും ഞങ്ങള്‍ക്കതെല്ലാം മനസ്സിലായി. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. ഞങ്ങള്‍ക്കത് മനസ്സിലായില്ല. “കിലുക്കം” എന്ന സിനിമയില്‍ നിശ്ചലിന് സംഭവിച്ച പോലെ ഞങ്ങള്‍ക്ക് ഒന്നും അങ്ങോട്ട് പറയാന്‍ പറ്റിയില്ല. “ദുശ്മന്‍” എന്ന് പറഞ്ഞതിന് നിശ്ചലിന് അടികിട്ടിയെങ്കിലും ഒന്നും പറയാത്തതിനാലായിരിക്കാം ഞങ്ങള്‍ രക്ഷപ്പെട്ടത്. ഞങ്ങള്‍ അവിടെ ഇറങ്ങിയിട്ട് ആ അധികം പോയ ദൂരം മുഴുവന്‍ തിരിച്ച് നടന്നു. തിരിച്ച് നടക്കുന്നതിനിടയില്‍ “കിലുക്ക”വും “ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റും” “ഗജകേസരിയോഗ”വുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. ആയുര്‍വ്വേദ ഡോക്റ്ററായ അപ്പു, ഹിന്ദി മാ‍ത്രം അറിയാവുന്ന രോഗി കാണാന്‍ വന്നാല്‍ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞു. എന്തായാലും ഒരു ഇരുപത് മിനുട്ട് നടന്നിട്ടാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

             ഇത്രയും പറഞ്ഞപ്പോള്‍ മറ്റൊരും സംഭവും കൂടെ ഓര്‍മ്മ വരുന്നു.

            8-10 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അച്ഛനും മുത്തശ്ശനും കൂടെ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പുറത്തേക്ക് കടക്കാനുള്ള വഴി കാണാനില്ല.

അച്ഛന്‍ അവിടെ കണ്ട ഒരു സെക്യൂരിറ്റിയോട് ഇങ്ങനെ ചോദിച്ചു.

“ബാഹര്‍ ജാനെ കെ ലിയെ രാസ്തെ കഹാം ഹെ ? (പുറത്തേക്ക് പോകാനുള്ള വഴി എവിടെയാണ് ?) “.

ഒരു ഭാഗത്തേക്ക് ചൂണ്ടിക്കാട്ടിയിട്ട്, ഒരു ചെറുചിരിയോടെ സെക്യൂരിറ്റിയുടെ മറുപടി മലയാളത്തില്‍ തന്നെ ഇങ്ങനെ ആയിരുന്നത്രെ.

           “ നേരെ നടന്നാല്‍ മതി”.

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് അച്ചടിഭാഷയില്‍ ഹിന്ദി സംസാരിച്ച അച്ഛനെ ഒറ്റനോട്ടത്തില്‍ തന്നെ മലയാളിയാണെന്ന് മറ്റൊരു മലയാളിയായ അയാള്‍ക്ക് മനസ്സിലായി. ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ പിന്നീട് ഒരുപാട് ചിരിച്ചിട്ടുണ്ട്.

             ഹിന്ദി സംസാരിക്കാനറിയാതെ പെട്ട് പോയ സംഭവം ഇനി സംഭവിക്കാതിരിക്കാന്‍ ഹിന്ദി പഠിക്കാന്‍ തീരുമാനിച്ചു. നടന്നാല്‍ ഭാഗ്യം.

           “കിലുക്ക“ത്തില്‍ ശ്രീ.ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ

               “മുജെ ഹിന്ദി നഹീം മാലും”

Saturday, January 1, 2011

ആടുജീവിതം

വിടവാങ്ങിയ 2010 എന്ന വര്‍ഷത്തിലെ അവസാന ദിവസം- 2010 ഡിസംബര്‍ 31. ആ ദിവസത്തിനെന്തോ പ്രത്യേകത ഉണ്ടായിരുന്നു. എന്താണ് എന്ന് എനിക്കറിയില്ല. ആ ദിവസത്തിന് ആടുകളുമായിട്ടെന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു.....

                      2010 ലെ ക്രിസ്തുമസ്സിന് പുറത്തിറങ്ങിയ ദിലീപ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ആണ് “മേരിക്കുണ്ടൊരു കുഞ്ഞാട്”. പേരില്‍ തന്നെ ആട് ഉള്ളത് ശ്രദ്ധിച്ചല്ല്ലോ അല്ലെ ??. അത് അന്നാണ് കണ്ടത്. രാവിലെ 10:30 നുള്ള ഷോ ആണ് കണ്ടത്. വലിയ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഒരു മണിയായി.

               പോസ്റ്റ് ഓഫീസിലും ബാങ്കിലും പോകാന്‍ ഉള്ളതിനാല്‍ ഊണ് കഴിച്ചില്ല. രണ്ട് സ്ഥലത്തും പോയിട്ട് തിരിച്ചെത്തിയപ്പോള്‍ 2 മണി കഴിഞ്ഞിരുന്നു. ഊണ് കഴിഞ്ഞ് കുറച്ച് നേരം ടി.വി കാണാനായി ടി.വി ഓണ്‍ ചെയ്തു. കേബിള്‍ ഇല്ലായിരുന്നു. ടി.വി ഓഫാക്കി പുസ്തകങ്ങള്‍ വെച്ച അലമാരയില്‍ വെറുതെ ഒന്ന് പരതിയപ്പോള്‍ ഒരു പുസ്തകം ശ്രദ്ധയില്‍ പെട്ടു - ശ്രീ. ബെന്യാമിന്‍ എഴുതിയ “ആടുജീവിതം“ !!!!

                   കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹരീഷേട്ടന്‍ എന്റെ ഏട്ടന് കൊടുത്ത പുസ്തകമാണ് അത്. ഏട്ടന്‍ വായന കഴിഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന് വെച്ചതാണ്. ഈ പുസ്തകത്തെ പറ്റി ഏകദേശം ഒരു മാസം മുന്‍പ് ഒരു പത്രവാര്‍ത്തയും ഉണ്ടായിരുന്നത് അപ്പോള്‍ ഓര്‍മ്മ വന്നു. “ആടുജീവിതം” എന്ന ഈ നോവല്‍ ആരൊ നാടകം കളിക്കുകയും അതിനെതിരെ നോവലിസ്റ്റോ മറ്റോ കോടതിയെ സമീപിച്ചു എന്നും ആയിരുന്നു വാര്‍ത്ത. അത് ഇനി ആവര്‍ത്തിക്കില്ല്ല എന്ന സന്ധിയില്‍ അവര്‍ കേസ് ഒഴിവാക്കി എന്നും വായിച്ചു. ഈ കഥയുമായി ബ്ലെസ്സി സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നും അന്ന് പത്രത്തില്‍ ഉണ്ടായിരുന്നു. “ആടുജീവിതം” എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

                   “ആടുജീവിതം” എന്ന നോവല്‍ കൃഷ്ണദാസ് എന്ന വ്യക്തി പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ പറയുന്ന പോലെ അനുഭവസാക്ഷ്യത്തില്‍ നിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ ഒരു നോവലാണ്. അദ്ദേഹം പറഞ്ഞത് പോലെ ഈ കൃതിയെ മലയാളത്തിലെ അപൂര്‍വ്വ രചനകളിലൊന്ന് എന്ന് പറയാന്‍ സംശയിക്കേണ്ടതില്ല. വായിച്ച് കഴിഞ്ഞാല്‍ അനുഭവത്തിന്റെ തീക്ഷ്ണതയില്‍ നാം വെന്തു നീറും എന്നും അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്. എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍ എന്നാണ് ശ്രീ. എം. മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. ജീവിതത്തില്‍ നീന്നും ചീന്തിയെടുത്ത ഒരേടല്ല; ചോരവാര്‍ക്കുന്ന ജീവിതം തന്നെയാണ് എന്നാണ് ശ്രീ. എന്‍ ശശിധരന്‍ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. രാത്രിയില്‍ ഈ പുസ്തകം വായിച്ചു കൊണ്ടാണ് ഞാന്‍ പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്ത് കുത്തിയത്.

                   അറബി നാട്ടില്‍ അറബിയുടെ അടിമയായി ഒറ്റപ്പെട്ടുപോയ (കുടുങ്ങിപ്പോയ എന്ന് പറയുന്നതായിരിക്കും ശരി) നജീബ് എന്ന വ്യക്തിയുടെ നിസ്സഹായവസ്ഥയും ജീവിക്കാനുള്ള ആഗ്രഹവും ആണ് നോവലിന്റെ ഇതിവൃത്തം.

                       അദ്ദേഹത്തിന്റെ രക്ഷയ്ക്ക് ദൈവം മാത്രമാണ് കൂടെയുണ്ടായിരുന്നത്. സാധാരണക്കാരന്റെ ജീവിതത്തിലെ എല്ലാം കാര്യങ്ങളും സാധാരണക്കാരന്റെ ഭാഷയില്‍ ആണ് പറഞ്ഞിരിക്കുന്നത്. നമ്മള്‍ ഇവിടെ എന്നും വളരെ ലളിതമായി കാണുന്ന പലതും നമുക്ക് ഏറ്റവും വിലപ്പെട്ടതായി എങ്ങനെ മാറുന്നു എന്ന് എണ്ണിയെണ്ണി ഇതില്‍ പറയുന്നുണ്ട്. മരുഭൂമിയുടെ സ്വഭാവസവിശേഷതകളും, മരുഭൂമിയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വഴി തെറ്റിപ്പോയാലുള്ള അവസ്ഥയും എല്ലാം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. വെള്ളത്തിനെ ഏറ്റവും ദുര്‍ലഭവും വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുമായ ഒരു ദ്രാവകം എന്നാണ് ഒരിടത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. 212 പേജുകള്‍ ഉള്ള പുസ്തകം ഒറ്റ ഇരുപ്പിന് വായിച്ചു പോകും. വായിച്ച് കഴിയുമ്പോള്‍ നജീബിനൊപ്പം കഥാപാത്രമായ ഇബ്രാഹിം രക്ഷപ്പെട്ടിട്ടുണ്ടാവണേ എന്നും നമ്മള്‍ ആഗ്രഹിക്കും. നോവലിലെ “മലബാര്‍ റെസ്റ്റോറന്റ്” നടത്തുന്ന കുഞ്ഞാക്കയെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത്  “അറബിക്കഥ” എന്ന സിനിമയിലെ ശ്രീനിവാസന്‍ അഭിനയിച്ച മുകുന്ദന്‍ എന്ന കഥാപാത്രത്തെ സഹായിക്കുന്ന ഹോട്ടലുടമയെ ആണ്.

                       മനുഷ്യന്മാരെ പീഡിപ്പിക്കുന്നതിനൊപ്പം അതിക്രൂരമായി ആടുകളെ അറബികള്‍ പീഡിപ്പിക്കുന്നതും കഥയില്‍ പറയുന്നുണ്ട്. കഥാനായകന്‍ ആടുകളുടെ ഇടയില്‍ “ആടുജീവിതം“ തന്നെയാണ് നയിച്ചിരുന്നത് എന്ന് നിസ്സംശയം പറയാം. അവസാനം നോവലിസ്റ്റ് പറയുന്ന പോലെ, ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ്! ആടുജീവിതം !!!!

                     വായിച്ച് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഒരു ആഗ്രഹം തോന്നുന്നു. നജീബിനേയും, അദ്ദേഹത്തിന്റെ ഭാര്യ സൈനുവിനേയും മകന്‍ നബീലിനേയും ഒന്ന് കാണാന്‍.... എന്നെങ്കിലും സാധിക്കും എന്ന് കരുതുന്നു.