Friday, January 14, 2011

ഹിന്ദി

നിശ്ചല്‍ എന്ന ഫോട്ടോഗ്രാഫറെ അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാവാന്‍ സാധ്യത ഇല്ല. കാണികള്‍ക്ക് ഇന്നും ഹരമായ “കിലുക്കം” എന്ന സിനിമയില്‍ ശ്രീ. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ആ കഥാപാത്രത്തെ ആരും മറന്ന് കാണാനിടയില്ല. ഹിന്ദി അറിയാത്തതിനാല്‍ വില്ലന്റെ അടി കൊണ്ട് ആശുപത്രിയില്‍ കിടക്കുന്ന രംഗം കാണാന്‍ ഇന്നും രസമാണല്ലോ.

                            രാംസിംഗ് എന്ന മലയാളി ഗൂ‍ര്‍ഖയേയും എല്ലാവരും കൈനീട്ടി സ്വീകരിച്ചതാണല്ലോ. “ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്“ എന്ന സിനിമയില്‍ ശ്രീ. മോ‍ഹന്‍ലാല്‍ അവതരിപ്പിച്ച ആ കഥാപാത്രവും ഹിന്ദി അറിയാതെ അബദ്ധങ്ങള്‍ വിളിച്ച് പറഞ്ഞതും നമ്മളാരും മറക്കാന്‍ സാധ്യത ഇല്ല. ഹിന്ദി മാത്രം അറിയുന്ന ആനയെ കൊണ്ട് ബുദ്ധിമുട്ടിലായ “ഗജകേസരിയോഗം” എന്ന സിനിമയിലെ ശ്രീ. ഇന്നസെന്റ് അവതരിപ്പിച്ച ആനപ്പാപ്പാനേയും എല്ലാവരും ഓര്‍ക്കുന്നുണ്ടാവും.

                   ഒരു ഹിന്ദി അധ്യാപകന്റെ മകനായ എനിക്ക് ഹിന്ദി അറിയാതെ പെട്ടുപോയ ഒരു സംഭവം ഈയിടെക്കുണ്ടായി. ഒരു കോണ്‍ഫറന്‍സിനായി ഈയിടെ “മുംബൈ” വരെ പോകാനിടയായി. ഞാനും അപ്പു(എന്റെ ചെറിയച്ഛന്റെ മകന്‍)വും കൂടെയാണ് പോയത്. അവിടെ ദാദര്‍ എന്ന സ്ഥലത്തു നിന്നും “വഡാല റോഡ്” എന്ന റെയില്‍വേ സ്റ്റേഷനിലേക്ക് ഞങ്ങള്‍ ടാക്സി വിളിക്കാനിടയായി. വൈകുന്നേരം ആയതിനാല്‍ ട്രാഫിക് ബ്ലോക്ക് കൂടുതല്‍ ഉള്ള സമയമായതിനാല്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് വണ്ടി കിട്ടിയത്. അത്യാവശ്യം വയസ്സ് തോന്നിക്കുന്ന ഒരാള്‍ ആണ് ഞങ്ങളെ കൊണ്ടു പോയത്. അദ്ദേഹത്തിന്റെ വാഹനത്തിന് അദ്ദേഹത്തേക്കാള്‍ പ്രായം കാണും. ഞങ്ങള്‍ പറഞ്ഞ “വഡാല റോഡ്” റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ ഒരു ട്രാഫിക് സിഗ്നല്‍ ഉണ്ട്. അവിടെ എത്തിയപ്പോള്‍ അയാള്‍ എന്തോ ചോദിച്ചു. ഞങ്ങള്‍ ഇവിടെ ഇറങ്ങിക്കോളാം എന്നര്‍ത്ഥത്തില്‍ വണ്ടി സൈഡ് ആക്കാന്‍ ഞാന്‍ “ലെഫ്റ്റ്” എന്ന് പറഞ്ഞു. അതുകേട്ട അയാള്‍ എന്തോ പറഞ്ഞു. വണ്ടി നിര്‍ത്താതെ അയാള്‍ ഇടതു വശത്തേയ്ക്ക് ഓടിച്ചു പോയി. വണ്ടി “യു ടേണ്‍” ചെയ്ത് റെയില്‍വേ സ്റ്റേഷനുള്ളിലേയ്ക്ക് ആക്കിത്തരും എന്നാണ് ഞാനും അപ്പുവും വിചാരിച്ചത്. ഞങ്ങളത് പരസ്പരം പറയുകയും ചെയ്തു. സിറ്റി ആയതിനാലും റോഡില്‍ ഡിവൈഡര്‍ ഉള്ളതിനാലും കുറെ പോയിട്ടും “യു ടേണ്‍” എടുക്കാനുള്ള സ്ഥലം കാണാ‍നില്ല. ഒരു രണ്ട് കിലോമീറ്ററിനടുത്ത് ദൂരം ആയപ്പോള്‍ അടുത്ത ട്രാ‍ഫിക് സിഗ്നലില്‍ എത്തി. അവിടെ വെച്ച് “എവിടെ പോകണം ?” എന്ന് ഡ്രൈവര്‍  ചോദിച്ചപ്പോ‍ള്‍ ഞങ്ങളൊരുമിച്ചാണ് ഞെട്ടിയത്. ഞാന്‍ വഡാല റോഡ് റെയില്‍വേ സ്റ്റേഷന്‍ എന്നും പറഞ്ഞതും അയാള്‍ വണ്ടി റോഡിന്റെ ഇടതു വശത്തേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്നല്ലേ ഞാന്‍ നിങ്ങളോട് എവിടെ പോകണം എന്ന് ചോദിച്ചത്. അപ്പോള്‍ നിങ്ങളല്ലേ “ലെഫ്റ്റ്” പോകാന്‍ പറഞ്ഞതെന്നും അത് കൊണ്ടല്ലേ ഞാന്‍ ഇതു വരെ പോന്നതെന്നും അയാള്‍ പറഞ്ഞു. ഹിന്ദിയിലാണെങ്കിലും ഞങ്ങള്‍ക്കതെല്ലാം മനസ്സിലായി. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. ഞങ്ങള്‍ക്കത് മനസ്സിലായില്ല. “കിലുക്കം” എന്ന സിനിമയില്‍ നിശ്ചലിന് സംഭവിച്ച പോലെ ഞങ്ങള്‍ക്ക് ഒന്നും അങ്ങോട്ട് പറയാന്‍ പറ്റിയില്ല. “ദുശ്മന്‍” എന്ന് പറഞ്ഞതിന് നിശ്ചലിന് അടികിട്ടിയെങ്കിലും ഒന്നും പറയാത്തതിനാലായിരിക്കാം ഞങ്ങള്‍ രക്ഷപ്പെട്ടത്. ഞങ്ങള്‍ അവിടെ ഇറങ്ങിയിട്ട് ആ അധികം പോയ ദൂരം മുഴുവന്‍ തിരിച്ച് നടന്നു. തിരിച്ച് നടക്കുന്നതിനിടയില്‍ “കിലുക്ക”വും “ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റും” “ഗജകേസരിയോഗ”വുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. ആയുര്‍വ്വേദ ഡോക്റ്ററായ അപ്പു, ഹിന്ദി മാ‍ത്രം അറിയാവുന്ന രോഗി കാണാന്‍ വന്നാല്‍ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞു. എന്തായാലും ഒരു ഇരുപത് മിനുട്ട് നടന്നിട്ടാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

             ഇത്രയും പറഞ്ഞപ്പോള്‍ മറ്റൊരും സംഭവും കൂടെ ഓര്‍മ്മ വരുന്നു.

            8-10 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അച്ഛനും മുത്തശ്ശനും കൂടെ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പുറത്തേക്ക് കടക്കാനുള്ള വഴി കാണാനില്ല.

അച്ഛന്‍ അവിടെ കണ്ട ഒരു സെക്യൂരിറ്റിയോട് ഇങ്ങനെ ചോദിച്ചു.

“ബാഹര്‍ ജാനെ കെ ലിയെ രാസ്തെ കഹാം ഹെ ? (പുറത്തേക്ക് പോകാനുള്ള വഴി എവിടെയാണ് ?) “.

ഒരു ഭാഗത്തേക്ക് ചൂണ്ടിക്കാട്ടിയിട്ട്, ഒരു ചെറുചിരിയോടെ സെക്യൂരിറ്റിയുടെ മറുപടി മലയാളത്തില്‍ തന്നെ ഇങ്ങനെ ആയിരുന്നത്രെ.

           “ നേരെ നടന്നാല്‍ മതി”.

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് അച്ചടിഭാഷയില്‍ ഹിന്ദി സംസാരിച്ച അച്ഛനെ ഒറ്റനോട്ടത്തില്‍ തന്നെ മലയാളിയാണെന്ന് മറ്റൊരു മലയാളിയായ അയാള്‍ക്ക് മനസ്സിലായി. ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ പിന്നീട് ഒരുപാട് ചിരിച്ചിട്ടുണ്ട്.

             ഹിന്ദി സംസാരിക്കാനറിയാതെ പെട്ട് പോയ സംഭവം ഇനി സംഭവിക്കാതിരിക്കാന്‍ ഹിന്ദി പഠിക്കാന്‍ തീരുമാനിച്ചു. നടന്നാല്‍ ഭാഗ്യം.

           “കിലുക്ക“ത്തില്‍ ശ്രീ.ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ

               “മുജെ ഹിന്ദി നഹീം മാലും”

Saturday, January 1, 2011

ആടുജീവിതം

വിടവാങ്ങിയ 2010 എന്ന വര്‍ഷത്തിലെ അവസാന ദിവസം- 2010 ഡിസംബര്‍ 31. ആ ദിവസത്തിനെന്തോ പ്രത്യേകത ഉണ്ടായിരുന്നു. എന്താണ് എന്ന് എനിക്കറിയില്ല. ആ ദിവസത്തിന് ആടുകളുമായിട്ടെന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു.....

                      2010 ലെ ക്രിസ്തുമസ്സിന് പുറത്തിറങ്ങിയ ദിലീപ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ആണ് “മേരിക്കുണ്ടൊരു കുഞ്ഞാട്”. പേരില്‍ തന്നെ ആട് ഉള്ളത് ശ്രദ്ധിച്ചല്ല്ലോ അല്ലെ ??. അത് അന്നാണ് കണ്ടത്. രാവിലെ 10:30 നുള്ള ഷോ ആണ് കണ്ടത്. വലിയ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഒരു മണിയായി.

               പോസ്റ്റ് ഓഫീസിലും ബാങ്കിലും പോകാന്‍ ഉള്ളതിനാല്‍ ഊണ് കഴിച്ചില്ല. രണ്ട് സ്ഥലത്തും പോയിട്ട് തിരിച്ചെത്തിയപ്പോള്‍ 2 മണി കഴിഞ്ഞിരുന്നു. ഊണ് കഴിഞ്ഞ് കുറച്ച് നേരം ടി.വി കാണാനായി ടി.വി ഓണ്‍ ചെയ്തു. കേബിള്‍ ഇല്ലായിരുന്നു. ടി.വി ഓഫാക്കി പുസ്തകങ്ങള്‍ വെച്ച അലമാരയില്‍ വെറുതെ ഒന്ന് പരതിയപ്പോള്‍ ഒരു പുസ്തകം ശ്രദ്ധയില്‍ പെട്ടു - ശ്രീ. ബെന്യാമിന്‍ എഴുതിയ “ആടുജീവിതം“ !!!!

                   കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹരീഷേട്ടന്‍ എന്റെ ഏട്ടന് കൊടുത്ത പുസ്തകമാണ് അത്. ഏട്ടന്‍ വായന കഴിഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന് വെച്ചതാണ്. ഈ പുസ്തകത്തെ പറ്റി ഏകദേശം ഒരു മാസം മുന്‍പ് ഒരു പത്രവാര്‍ത്തയും ഉണ്ടായിരുന്നത് അപ്പോള്‍ ഓര്‍മ്മ വന്നു. “ആടുജീവിതം” എന്ന ഈ നോവല്‍ ആരൊ നാടകം കളിക്കുകയും അതിനെതിരെ നോവലിസ്റ്റോ മറ്റോ കോടതിയെ സമീപിച്ചു എന്നും ആയിരുന്നു വാര്‍ത്ത. അത് ഇനി ആവര്‍ത്തിക്കില്ല്ല എന്ന സന്ധിയില്‍ അവര്‍ കേസ് ഒഴിവാക്കി എന്നും വായിച്ചു. ഈ കഥയുമായി ബ്ലെസ്സി സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നും അന്ന് പത്രത്തില്‍ ഉണ്ടായിരുന്നു. “ആടുജീവിതം” എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

                   “ആടുജീവിതം” എന്ന നോവല്‍ കൃഷ്ണദാസ് എന്ന വ്യക്തി പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ പറയുന്ന പോലെ അനുഭവസാക്ഷ്യത്തില്‍ നിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ ഒരു നോവലാണ്. അദ്ദേഹം പറഞ്ഞത് പോലെ ഈ കൃതിയെ മലയാളത്തിലെ അപൂര്‍വ്വ രചനകളിലൊന്ന് എന്ന് പറയാന്‍ സംശയിക്കേണ്ടതില്ല. വായിച്ച് കഴിഞ്ഞാല്‍ അനുഭവത്തിന്റെ തീക്ഷ്ണതയില്‍ നാം വെന്തു നീറും എന്നും അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്. എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍ എന്നാണ് ശ്രീ. എം. മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. ജീവിതത്തില്‍ നീന്നും ചീന്തിയെടുത്ത ഒരേടല്ല; ചോരവാര്‍ക്കുന്ന ജീവിതം തന്നെയാണ് എന്നാണ് ശ്രീ. എന്‍ ശശിധരന്‍ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. രാത്രിയില്‍ ഈ പുസ്തകം വായിച്ചു കൊണ്ടാണ് ഞാന്‍ പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്ത് കുത്തിയത്.

                   അറബി നാട്ടില്‍ അറബിയുടെ അടിമയായി ഒറ്റപ്പെട്ടുപോയ (കുടുങ്ങിപ്പോയ എന്ന് പറയുന്നതായിരിക്കും ശരി) നജീബ് എന്ന വ്യക്തിയുടെ നിസ്സഹായവസ്ഥയും ജീവിക്കാനുള്ള ആഗ്രഹവും ആണ് നോവലിന്റെ ഇതിവൃത്തം.

                       അദ്ദേഹത്തിന്റെ രക്ഷയ്ക്ക് ദൈവം മാത്രമാണ് കൂടെയുണ്ടായിരുന്നത്. സാധാരണക്കാരന്റെ ജീവിതത്തിലെ എല്ലാം കാര്യങ്ങളും സാധാരണക്കാരന്റെ ഭാഷയില്‍ ആണ് പറഞ്ഞിരിക്കുന്നത്. നമ്മള്‍ ഇവിടെ എന്നും വളരെ ലളിതമായി കാണുന്ന പലതും നമുക്ക് ഏറ്റവും വിലപ്പെട്ടതായി എങ്ങനെ മാറുന്നു എന്ന് എണ്ണിയെണ്ണി ഇതില്‍ പറയുന്നുണ്ട്. മരുഭൂമിയുടെ സ്വഭാവസവിശേഷതകളും, മരുഭൂമിയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വഴി തെറ്റിപ്പോയാലുള്ള അവസ്ഥയും എല്ലാം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. വെള്ളത്തിനെ ഏറ്റവും ദുര്‍ലഭവും വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുമായ ഒരു ദ്രാവകം എന്നാണ് ഒരിടത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. 212 പേജുകള്‍ ഉള്ള പുസ്തകം ഒറ്റ ഇരുപ്പിന് വായിച്ചു പോകും. വായിച്ച് കഴിയുമ്പോള്‍ നജീബിനൊപ്പം കഥാപാത്രമായ ഇബ്രാഹിം രക്ഷപ്പെട്ടിട്ടുണ്ടാവണേ എന്നും നമ്മള്‍ ആഗ്രഹിക്കും. നോവലിലെ “മലബാര്‍ റെസ്റ്റോറന്റ്” നടത്തുന്ന കുഞ്ഞാക്കയെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത്  “അറബിക്കഥ” എന്ന സിനിമയിലെ ശ്രീനിവാസന്‍ അഭിനയിച്ച മുകുന്ദന്‍ എന്ന കഥാപാത്രത്തെ സഹായിക്കുന്ന ഹോട്ടലുടമയെ ആണ്.

                       മനുഷ്യന്മാരെ പീഡിപ്പിക്കുന്നതിനൊപ്പം അതിക്രൂരമായി ആടുകളെ അറബികള്‍ പീഡിപ്പിക്കുന്നതും കഥയില്‍ പറയുന്നുണ്ട്. കഥാനായകന്‍ ആടുകളുടെ ഇടയില്‍ “ആടുജീവിതം“ തന്നെയാണ് നയിച്ചിരുന്നത് എന്ന് നിസ്സംശയം പറയാം. അവസാനം നോവലിസ്റ്റ് പറയുന്ന പോലെ, ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ്! ആടുജീവിതം !!!!

                     വായിച്ച് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഒരു ആഗ്രഹം തോന്നുന്നു. നജീബിനേയും, അദ്ദേഹത്തിന്റെ ഭാര്യ സൈനുവിനേയും മകന്‍ നബീലിനേയും ഒന്ന് കാണാന്‍.... എന്നെങ്കിലും സാധിക്കും എന്ന് കരുതുന്നു.