Friday, February 18, 2011

ഓര്‍മ്മകള്‍

കഴിഞ്ഞ വര്‍ഷത്തെ പയ്യങ്ങാട്ടില്‍ ഭഗവതീക്ഷേത്രത്തിലെ ഉത്സവദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല. അന്നാണ് ഞങ്ങളുടെ പ്രിയസുഹൃത്തുക്കളില്‍ ഒരാളായ കൃഷ്ണപ്രസാദ് ഞങ്ങളെ വിട്ടുപോയത്. എന്റെ അച്ഛന്റെ അനിയന്റ മകന്‍ അനുട്ടന്‍ എന്ന് വിളിക്കുന്ന ശ്രീജിത്തിന്റെ വളരെ അടുത്ത സുഹൃത്തുമായിരുന്നു കൃഷ്ണപ്രസാദ്. ഞാനുള്‍പ്പെടെ മറ്റെല്ലാവരോടും വളരെ അടുപ്പം ഉണ്ടായിരുന്ന കൃഷ്ണപ്രസാദിന്റെ വിയോഗത്തിന് ഒരു വയസ്സ് തികയാറായി.

         നമ്പൂതിരി കുടുംബത്തിലെ അംഗമായിരുന്ന കൃഷ്ണപ്രസാദ് ബസ്സിലെ കണ്ടക്റ്ററായിട്ട് പോകുകയായിരുന്നു. അന്ന്, ജോലി കഴിഞ്ഞ് വീ‍ട്ടിലെത്തിയതിന് ശേഷം മറ്റെന്തോ ആവശ്യത്തിന്‍ പുറത്തേക്ക് പോയതായിരുന്നു പ്രസാദ്. രാത്രി, വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍, ഓടിച്ചിരുന്ന ബൈക്ക് ഒരു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാ‍ണ് അപകടം ഉണ്ടായത്. തല പൊട്ടി, ചോര വാര്‍ന്ന് റോഡരികില്‍ കിടന്നിരുന്ന പ്രസാദിനെ ആരൊക്കെയോ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നത്രെ.

            ഈ സമയത്താ‍ണ് പയ്യങ്ങാട്ടില്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള നാടകം “കരിങ്കുട്ടി” കാണാന്‍ ഇവിടുന്ന് അനുട്ടനടക്കം കുറേ പേര്‍ പോയത്. പിറ്റേന്ന്, കോളേജുണ്ടായിരുന്നതിനാല്‍ ഉറക്കമൊഴിച്ചാല്‍ ശരിയാകില്ല എന്നുള്ളതിനാല്‍ ഞാന്‍ പോയിരുന്നില്ല. അവിടെ വെച്ച് ആരോ അനുട്ടനോട് പ്രസാ‍ദിനെന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പറഞ്ഞത്. അപ്പോ‍ള്‍ തന്നെ പ്രസാദിന്റെ ഫോണിലേയ്ക്ക് വിളിച്ചു. ഫോണെടുത്ത ആള്‍ വിളിക്കുന്നതാരാ‍ണെന്ന് ചോദിച്ചു. കൂട്ടുകാരനാണെന്ന് പറഞ്ഞപ്പോള്‍ വേഗം ആശുപത്രിയിലേക്ക് ചെല്ലാനും പറഞ്ഞു. ആ ഉത്സവപ്പറമ്പില്‍ ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടുകാരെല്ലാവരും ആശുപത്രിയിലേക്ക് പോയി. കരളുപിളര്‍ക്കുന്ന കാഴ്ചയുമായി കിടന്നിരുന്ന പ്രസാദ് അപ്പോഴേക്കും മറ്റൊരു ലോ‍കത്തേക്ക് പോയിരുന്നു.

             വീട്ടിലേക്ക് ഫോണ്‍ വന്നപ്പോ‍ള്‍ അമ്മയാണ് ഉറങ്ങിക്കിടന്നിരുന്ന എന്നെ വിളിച്ചുണര്‍ത്തിയത്. ആശുപത്രിയിലേക്ക് ഉടന്‍ ഞാനും പോയി. മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടന്നിരുന്ന പ്രസാദിനെ ഇന്നും മറക്കാന്‍ കഴിയുന്നില്ല.

               അപകടമരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം ആ‍വശ്യമായതിനാ‍ല്‍ നേരം പുലരാന്‍ കാത്തിരുന്നു. പോലീസ് വന്നപ്പോള്‍ ബന്ധുക്കളല്ലാത്ത അഞ്ച് ആളുകള്‍ സാക്ഷി ഒപ്പിടാന്‍ ആവശ്യമുണ്ടെന്ന് പറഞ്ഞു. അവിടെ ന്നിന്നിരുന്ന ഞാനും അതില്‍ ഉള്‍പ്പെട്ടു. മോര്‍ച്ചറിക്കകത്തേക്ക് വരാന്‍ പറഞ്ഞു. പ്രസാ‍ദിന്റെ അടുത്ത് സാക്ഷികള്‍ നില്‍ക്കുന്ന ഫോട്ടോ ആവശ്യമുണ്ടെത്രെ. അതിനാണ് വിളിച്ചത്. ഫോട്ടോ എടുത്ത് കഴിഞ്ഞതും ഞാന്‍ വേഗം പുറത്തിറങ്ങി. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച പ്രസാദിനെ യാത്രയാക്കാന്‍ നാട് മുഴുവന്‍ കാത്തുനിന്നിരുന്നു.

                 ഞങ്ങളുടെ നാ‍ട്ടിലെ ക്ഷേത്രമായ തലമുണ്ട മാനത്തുകാവിലെ  ഈ വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ച് പ്രസാദിന്റെ ഓര്‍മ്മക്കായി കൂട്ടുകാര്‍ അമ്പലത്തിലെ സ്റ്റേജ് പുനര്‍നിര്‍മ്മാണം നടത്തി. എന്നിട്ട് ആ‍ സ്റ്റേജില്‍ ഉത്സവത്തിന്റെ ഭാഗമായിട്ടുണ്ടായ നാടകം “കരിങ്കുട്ടി” യായിരുന്നു. കഴിഞ്ഞവര്‍ഷം പയ്യങ്ങാട്ടില്‍ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അതേ നാടകം.

                      ഞങ്ങളോടൊപ്പം എല്ലാകാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന പ്രസാ‍ദിനെ ഞങ്ങള്‍ക്കൊരിക്കലും മറക്കാനാകില്ല. എവിടുന്ന് കണ്ടാലും ഹരിയേട്ടാ എന്ന് വിളിച്ച് ഓടിവന്നിരുന്ന പ്രസാദിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല.

                    എടപ്പാളില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് ബസ് സ്റ്റോപ്പിന് തൊട്ടടുത്തുള്ള ശ്രീ. പയ്യങ്ങാട്ടില്‍ ഭഗവതീക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ ആണ്. അവിടത്തെ ഈ വര്‍ഷത്തെ ഉത്സവത്തിന്റെ ബാനര്‍ അവിടെ കണ്ടു. ഈ വര്‍ഷത്തെ ഉത്സവത്തിന് അവിടുത്തെ പരിപാടി “ഓര്‍മ്മകള്‍” എന്ന പേരില്‍ ഉള്ള പഴയ നാടകഗാനങ്ങളെല്ലാം കോര്‍ത്തിണക്കികൊണ്ടുള്ള പരിപാടിയാണ്. ഉത്സവത്തിന്റെ ബാനറില്‍ ഓര്‍മ്മകള്‍ എന്ന് കണ്ടപ്പോള്‍ പ്രസാദിനെയാണ് ഓര്‍ത്തത്..

ഒരിക്കലും മറക്കാത്ത ഒരുപാട് ഓര്‍മ്മകള്‍........