Tuesday, November 1, 2011

പ്രിയപ്പെട്ട സഹോദരിയ്ക്ക്




പ്രിയപ്പെട്ട സഹോദരിയ്ക്ക്...


ഇന്നലെയാണല്ലോ നിനക്ക് നീതി കിട്ടിയത്.

എന്നെ നിനക്കറിയാന്‍ സാധ്യത ഇല്ല. പക്ഷെ, നിന്നെ എല്ലാവര്‍ക്കും അറിയാം....

      എല്ലാദിവസവും ആ റെയില്‍വേ ട്രാക്കുകളുടെ പരിസരത്തുകൂടെ ജോലി ചെയ്യുന്ന കോളേജിലേയ്ക്ക് കോളേജ് ബസ്സില്‍ എല്ലാ ദിവസവും ഞാന്‍ സഞ്ചരിക്കാറുണ്ട്. ഇപ്പോഴും അവിടുത്തെ മരങ്ങളും ചെടികളും ആ ദുരന്തക്കാഴ്ചകള്‍ വിളിച്ച് പറയാന്‍ വെമ്പുന്നുണ്ടോ എന്ന് ഞാന്‍ ബസ്സില്‍ ഇരുന്ന് ചിന്തിക്കാറുണ്ട്. ദൃക്‌സാക്ഷികള്‍ ഇല്ല എന്ന് കോടതി പറഞ്ഞാല്‍, എനിക്കുറപ്പുണ്ട്, ആ ദുരന്തക്കാഴ്ചകള്‍ കാണാ‍ന്‍ വിധിക്കപ്പെട്ട മരങ്ങള്‍ പോലും നിനക്കു വേണ്ടി കോടതിയില്‍ സാക്ഷി പറയാനെത്തും.

                  കഴിഞ്ഞ ഫെബ്രുവരി മാസം ഒന്നാം തിയ്യതി രാത്രിയിലെ നിന്റെ ദുരന്തം ഭൂരിപക്ഷം പേരും അറിയുന്നത്, മൂന്നാം തിയ്യതിയിലാണ്. നിനക്ക് നീതി കിട്ടുന്നതിനായി, പോലീസ് ഫെബുവരി രണ്ടാം തിയ്യതി നടത്തിയ തെളിവെടുപ്പ്, കോളേജ് ബസ്സിലിരുന്ന് കണ്ട ഞങ്ങള്‍ക്ക് അന്ന് കാര്യം പിടികിട്ടിയിരുന്നില്ല. ട്രെയിനിന്റെ എഞ്ചിന്‍ ഡ്രൈവറുടെ ലൈസന്‍സ് പരിശോധിക്കുകയാവുമെന്നും, ട്രെയിനിന്റെ ഓവര്‍ സ്പീഡ് പരിശോധിക്കുകയാവുമെന്നൊക്കെ ഞങ്ങള്‍ തമാശ രൂപേണ പറയുകയും ചെയ്തിരുന്നു. വീട്ടിലെത്തി, ടി.വി യില്‍ നിന്നാണ് നിന്റെ ദുരന്തം ഞങ്ങള്‍ അറിഞ്ഞത്. ഇന്നലെ, നിനക്ക് നീതി കിട്ടിയ വിവരം അറിഞ്ഞതിന് ശേഷം, ആ ദുരന്തം നടന്ന ട്രാക്കിനടുത്തെത്തിയപ്പോള്‍, ആ കാര്യങ്ങളെല്ലാം, കോളേജ് ബസ്സിലിരുന്ന് ഞങ്ങള്‍ ഓര്‍ത്തു.

      നിനക്കെതിരെ ലോകത്തിലെ ഏത് “വിലയേറിയ (വിലകുറഞ്ഞ ?) “ വക്കീല്‍ കോടതിയിലെത്തിയാലും നിന്റെ വിജയം തടയാനാവില്ല എന്നെനിക്കുറപ്പുണ്ട്. സത്യം ഒരിക്കലും മൂടി വെക്കാനാവില്ല എന്ന് വീണ്ടും കാലം തെളിയിച്ചു. സ്വന്തമായുള്ള വീട് പണി കഴിയുന്നതിനും കല്യാണം സ്വപ്നം കണ്ടു കൊണ്ടും എറണാകുളത്തു നിന്നും വരുന്ന വഴിയ്ക്ക് ഷൊര്‍ണ്ണൂരിനടുത്തുള്ള വള്ളത്തോള്‍ നഗര്‍ സ്റ്റേഷനടുത്തു വെച്ച് ജീവിതം തകര്‍ത്തെറിയപ്പെട്ട നിന്റെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല.

        ഇപ്പോഴത്തെ നിന്റെ ചെറിയ വീട്ടില്‍, നിനക്ക് ഇഷ്ടപ്പെട്ട പാവക്കുട്ടികളേയും, വസ്ത്രങ്ങളും, വളകളും, പൊട്ടുകളും എല്ലാം അമ്മ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് പത്രത്താളുകളില്‍ നിന്ന് അറിയാനായി. ഇപ്പോഴും നന്മ വിട്ടുമാറാത്ത അനേകം സ്ഥാപനങ്ങളുണ്ടെന്ന് മനസ്സിലാകുന്നു. നീ ജോലി ചെയ്തിരുന്ന എറണാകുളത്തെ സ്ഥാപനം,ഇപ്പോഴും നിന്റെ അമ്മയ്ക്കായി എല്ലാമാസവും പണ അയക്കുന്നുണ്ടെത്രെ. കാണാമറയത്തിരുന്ന്, നീ അവര്‍ക്കായി ഇപ്പോഴും ജോലി ചെയ്തു കൊടുക്കുന്നുണ്ടോ ?

         നിന്റെ അമ്മയുടെ വേദന ഇവിടുത്തെ അമ്മമാരുടെ വേദനയായി മാറി. നിന്റെ സഹോദരന്റെ ദു:ഖം ഇവിടുത്തെ നല്ല മനസ്സിന്റെ ഉടമകള്‍ക്കാര്‍ക്കും താങ്ങാനാവാത്തതായി. 

                   നിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

                                                           നിര്‍ത്തുന്നു..  ഒപ്പം എല്ലാ നന്മകളും..

                                                                                                 ഒരു സഹോദരന്‍.



കുറിപ്പ്:   

പ്രിയപ്പെട്ട അധികാരികളേ....
           മറ്റൊരു കേരളപ്പിറവി ദിനത്തില്‍, പ്രതിയുടെ ശിക്ഷ വെട്ടിക്കുറക്കരുതേ... അത്, ഈ കുട്ടിയോടും സമൂഹത്തോടും നിങ്ങള്‍ ഇപ്പോള്‍ ചെയ്ത അനീതിയേക്കാള്‍ കടുത്ത അനീതി ആയിരിക്കും......