Saturday, January 7, 2012

പ്രകാശന്‍

ഇന്നലെ NIT യില്‍ നിന്നും ഇറങ്ങിയപ്പോള്‍ 4:45 കഴിഞ്ഞിരുന്നു. 6:15 ന്റെ കണ്ണുര്‍ - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ കിട്ടണം എന്നുള്ളതിനാല്‍ ആദ്യം വന്ന ബസ്സില്‍ തന്നെ തിക്കിത്തിരക്കി കയറി. കോഴിക്കോടെത്താന്‍ ഏകദേശം മുക്കാല്‍ മണിക്കൂറെടുക്കും എന്നുള്ളതും, കോഴിക്കോട് സിറ്റിയിലെ തിരക്കും കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ എത്താനുള്ളതിനാലും സമയം കളയാനില്ലായിരുന്നു. എന്തായാലും 5:35 ന് ബസ്സ് പാളയത്തെത്തി. “പിള്ളൈ സ്നാക്സി“ല്‍ നിന്നും ദോശയും ഒരു ചായയും കഴിച്ചു. പുറത്തെ പ്രൈവറ്റ് ടിക്കറ്റ് കൌണ്ടറില്‍ നിന്നും കുറ്റിപ്പുറത്തേയ്ക്ക് ടിക്കറ്റ് എടുത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ 5:50 ആയതേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ആഴ്ച വൈശാഖുമായി ഈ സമയത്ത് പാളയത്തെത്തുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും, പിന്നീട് അവിടെ നിന്നുള്ള ഒരു ഓട്ടത്തിലൂടെ ആണല്ലോ സ്റ്റേഷനിലെത്തിയതെന്നൊക്കെ ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഞാന്‍ വണ്ടി വന്നിട്ടില്ല എന്ന് ശ്രദ്ധിച്ചത്. സാധാരണ ഈ സമയത്ത് അവിടെ എത്തുമ്പോള്‍ അവിടെ വണ്ടി കിടക്കാറുണ്ടായിരുന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെരാവെല്‍ എക്സ്പ്രസ് കിടക്കുന്നുണ്ടായിരുന്നു. അവിടെ കണ്ട ഗാര്‍ഡിനോട് വണ്ടി, കുറ്റിപ്പുറത്ത് നിര്‍ത്തുമല്ലോ എന്ന് ചോദിച്ചുറപ്പാക്കുകയും ചെയ്തു.

               അപ്പോഴാണ് ടിക്കറ്റ് മാറ്റി എടുക്കണമല്ലോ എന്നാലോചിച്ചത്. ടിക്കറ്റ് കൌണ്ടറിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ എനിക്ക് തോന്നി, ചിലപ്പോള്‍ ഇത് അബദ്ധമാകും. ഞാന്‍ ടിക്കറ്റ് എടുക്കുമ്പോഴേയ്ക്ക് വണ്ടി പോകും. ഇന്‍ഫര്‍മേഷന്‍ കൌണ്ടറില്‍ പാസഞ്ചര്‍ 6:15 ന് തന്നെ പോകും എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടു. എന്നാലും ഒന്ന് ചോദിച്ചുറപ്പിച്ചു. പാസഞ്ചറിന് പോകാം എന്ന് തീരുമാനിച്ച് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് നീങ്ങി. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍ ആ വെരാവെല്‍ എക്സ്പ്രസ് പോയി. ഉടന്‍ തന്നെ പാസഞ്ചര്‍ വരുകയും ചെയ്തു. പറഞ്ഞ പോലെത്തന്നെ, വണ്ടി 6:15 ന് എടുത്തു. കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും ഞാന്‍ പതിവു പോലെ ഉറക്കമായി. തിരൂരെത്തിയപ്പോഴാണ് ഉണര്‍ന്നത്.

                      തിരുന്നാവായ കഴിഞ്ഞപ്പോഴാണ് നുറുക്കുകളും, അല്ലറ ചില്ലറ ആ ഗണത്തില്‍ പെട്ട പലഹാരങ്ങളുമായി 10 - 12 വയസ്സ് മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി വില്‍പ്പനക്ക് വന്നത്. അവനെ കഴിഞ്ഞ യാത്രക്കിടയിലും കണ്ടിരുന്നു. പാസഞ്ചര്‍ ആയതിനാല്‍ ഒരുപാട് സീറ്റ് ഒഴിവുണ്ടായിരുന്നു. ഞാന്‍ ഇരുന്നതിന്റെ അടുത്ത് വന്നിരുന്നു അവന്‍. എന്റെ അടുത്തിരുന്ന ആള്‍ അവനോട് ചോദിച്ചു.

"എന്താ മോനേ വില ? “

“പാക്കറ്റിന് പത്ത് രൂപ “

“എന്താ മോനേ, ഈ ചെറുപ്പത്തില്‍ തന്നെ ഇങ്ങനെ നടക്കുന്നത് ?”

“ജീവിക്കേണ്ടേ ??? “

“നിന്റെ വീട് എവിടെയാ ? “

“അത്.. ഞാന്‍ പറയില്ല “ 

"അതെന്താ ? നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട് ? നീ സ്കൂളില്‍ പോകുന്നില്ലേ ? “

"ഇല്ല... പോകുന്നില്ല. വീട്ടില്‍ ഞാനും അമ്മയും മാത്രമേ ഉള്ളൂ. അച്ഛന്‍ വേറെ പെണ്ണുകെട്ടി പോയി. ഞാനും അമ്മയും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ. അമ്മ ഈ പലഹാരം ഒക്കെ ഉണ്ടാക്കിത്തരും. ഞാനത് ട്രെയിനിലൊക്കെ കൊണ്ടു നടന്ന് വില്‍ക്കും”

           അത് കേട്ട ഞാനടക്കം എല്ലാവരും ഞെട്ടിപ്പോയി. അത് പറയുമ്പോഴും അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. ഒരു തമാശ പറയുന്ന ലാഘവത്തോടെ ആണ് അത് അവന്‍ പറഞ്ഞു നിര്‍ത്തിയത്. അപ്പോഴേയ്ക്കും വണ്ടി കുറ്റിപ്പുറത്തെത്താറായിരുന്നു. അവന്‍ പലഹാ‍രങ്ങളൊക്കെ എടുത്ത് ബോഗിയുടെ വാതില്‍ക്കലേയ്ക്ക് നീങ്ങി. വണ്ടി നിര്‍ത്തിയാല്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് പോകാനായിരുന്നു അത്. അവന്‍ പോയതിന് പിന്നാലെ ഞാനും ബാഗെടുത്ത് വാതില്‍ക്കലേയ്ക്ക് നീങ്ങി. ഞാന്‍ വാതില്‍ക്കലെത്തിയപ്പോള്‍ അവന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. 

"എവിടെയാ നിന്റെ വീട് ?


"പട്ടാമ്പി “


"എനിക്ക് ഒരു രണ്ട് പാക്കറ്റ് നുറുക്ക് താ “ - ഞാന്‍ ഒരു ഇരുപത് രൂപ അവന് കൊടുത്തു.


“ നുറുക്ക് ഇടാന്‍ കവര്‍ വേണോ ?”


"വേണ്ട “   


"എന്താ നിന്റെ പേര് “


“പ്രകാശന്‍ “

   അപ്പോഴേയ്ക്കും വണ്ടി കുറ്റിപ്പുറത്ത് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തി. പലഹാരം നിറച്ച കുട്ടയുമായി അവന്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് ഓടി. സ്കൂളില്‍ പോകുകയും, കൂട്ടുകാരോടൊത്ത് കളിച്ച് നടക്കുകയും ചെയ്യേണ്ട ഈ കാലത്ത്, മനസ്സിലെ ദു:ഖങ്ങള്‍ എല്ലാം ഒളിപ്പിച്ച് വെച്ച്, ചുണ്ടില്‍ പുഞ്ചിരിക്കുന്ന മുഖവുമായി, ഇവന്‍ ഇത്രയും ചെറുപ്പത്തില്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി അധ്വാനിക്കുകയാണ്. ഈ ചെറുപ്രായത്തില്‍ പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കുടുംബത്തിന്റെ “പ്രകാശ“മായ പ്രകാശനോട് അടങ്ങാത്ത ബഹുമാനം തോന്നി.

          ഇന്ന് ഇത് ടൈപ്പ് ചെയ്യുന്നതിനിടയ്ക്കാണ് ചായ കുടിക്കാന്‍ പോയത്. അമ്മ ചായയുടെ കൂടെ പ്രകാശന്റെ അമ്മ ഉണ്ടാക്കിയ നുറുക്കാണ് എനിയ്ക്ക് തന്നത്.....