Sunday, December 9, 2012

മധുരപ്രതികാരം

2012 ഡിസംബര്‍ 7 വെള്ളിയാഴ്ച - ഒരു ടീച്ചര്‍ ആയി ജോലി നോക്കിയതിന് ശേഷം ഏറ്റവും അധികം സന്തോഷിച്ച ദിവസമായിരുന്നു.

        അതിന്റെ കാരണം പറയുന്നതിന് മുന്‍പ്, 2009 ഡിസംബര്‍ അവസാനത്തില്‍ നടന്ന ഒരു ലാബ് പരീക്ഷയെക്കുറിച്ച് പറയണം...ഞാന്‍ ആദ്യമായി പഠിപ്പിച്ച ഒരു ക്ലാസിലെ ആ ഇലക്ട്രോണിക്സ് ലാബ് യൂണിവേഴ്‌സിറ്റി പരീക്ഷ നടക്കുകയായിരുന്നു. ഞാന്‍ തന്നെ ആയിരുന്നു ആ ലാബിന്റെ ഇന്റേര്‍ണല്‍ എക്സാമിനര്‍. അതിന് എക്‌സ്റ്റേര്‍ണല്‍ എക്‌സാമിനര്‍ ആയി വന്നത് ഒരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒരു സാറായിരുന്നു. അദ്ദേഹത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായം ആയിരുന്നില്ല കേട്ടിരുന്നത്.
          
          അദ്ദേഹം പരീക്ഷ നടത്തിയ രീതി ശരിയല്ല എന്നാണ് എന്റെ അന്നത്തേയും ഇന്നത്തേയും അഭിപ്രായം. വളരെ കുറച്ച് മാത്രം Experience ഉണ്ടായിരുന്ന എന്റെ പല അഭിപ്രായങ്ങളോടും വളരെക്കാലം Experience ഉണ്ടായിരുന്ന അദ്ദേഹം മുഖവിലക്കെടുത്തിരുന്നില്ല. ആ Experience ല്‍ അദ്ദേഹം അല്‍പ്പമെങ്കിലും അഹങ്കരിച്ചിരുന്നോ എന്നും ഞാന്‍ കരുതുന്നു. പരീക്ഷ നടത്തുന്നതിനിടയില്‍ അദ്ദേഹം പലപ്പോഴും കുട്ടികളോടും അല്‍പ്പമൊക്കെ മോശമായി പെരുമാറിയിരുന്നു. ഒരു പരീക്ഷാഹാളില്‍ അദ്ധ്യാപകന്‍ എങ്ങനെ ആയിരിക്കരുത് എന്ന് അദ്ദേഹം എനിക്ക് പഠിപ്പിച്ചു തന്നു.

        വളരെ നന്നായി പഠിച്ചിരുന്ന ഒരു കുട്ടി, ആ ലാബ് പരീക്ഷയില്‍ വളരെ അധികം മാര്‍ക്ക് കുറഞ്ഞ് പോയി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആ പെണ്‍കുട്ടി പൊട്ടിക്കരയുന്നത് കാണാനെ എനിക്കന്ന് കഴിഞ്ഞുള്ളൂ. അന്ന്‍, ആ കുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ പകച്ചു പോയി. 

       കൃത്യം പരീക്ഷ ജയിക്കാന്‍ ആവശ്യമായ 40 മാര്‍ക്കാണ് അന്ന് ആ കുട്ടിയ്ക്ക് ആ എക്സ്റ്റേര്‍ണല്‍ എക്സാമിനര്‍ നല്‍കിയത്. ഞാന്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്, ക്ലാസ് ടോപ്പര്‍ ആണെന്നൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു.

“നിങ്ങള്‍ മികച്ച കുട്ടികള്‍ എന്ന് പറയുന്നവര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മോശം കുട്ടികള്‍ക്ക് സമമാണ്”

      ആ വാക്കുകള്‍ എന്നെ അല്‍പ്പമൊന്നുമല്ല എന്നെ വിഷമിപ്പിച്ചത്.

      പക്ഷെ, കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഇതേ കുട്ടി ഇപ്പൊള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും, ക്യാമ്പസ് സെലക്ഷന്‍ വഴി നല്ലൊരു കമ്പനിയില്‍ പ്രവേശിക്കുകയും ചെയ്‌തു. ഇക്കഴിഞ്ഞ ഡിസംബര്‍ 7 ന് ഉച്ചയ്ക്ക് എന്റെ ജിമെയിലെ ചാറ്റില്‍ ഈ കുട്ടിയുടെ ഒരു മെസ്സേജ് കിടക്കുന്നുണ്ടായിരുന്നു. “സാര്‍, എനിക്ക് യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കുണ്ട്. ഇപ്പോള്‍ ഫോണ്‍ വന്നിരുന്നു. ”. ഒരു അദ്ധ്യാപകനായതിന് ശേഷം ഏറ്റവും സന്തോഷിപ്പിച്ച ദിവസം ആയിരുന്നു അത്. നിങ്ങളുടെ കോളേജിലെ മികച്ച കുട്ടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ മോശം കുട്ടിയ്ക്ക് സമമാണ്  എന്നു പറഞ്ഞ ആ സാറിനുള്ള ഒരു മികച്ച മറുപടി ആയിരുന്നു അത് എന്നതായിട്ടാണ് ഞാന്‍ ഈ റാങ്ക് നേട്ടത്തെ കാണുന്നത്. അദ്ദേഹം പറഞ്ഞ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ “മികച്ച കുട്ടികള്‍”ക്കൊന്നും ആദ്യ റാങ്ക് വിട്ടുകൊടുക്കാതെയുള്ള ഈ നേട്ടം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. 

       അന്ന്, ആ പരീക്ഷയില്‍ ഈ കുട്ടിയ്ക്ക് ഒരു 40 - 50 മാര്‍ക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നാം റാങ്കും രണ്ടാം റാങ്കും തമ്മില്‍ 40 ല്‍ അധികം മാര്‍ക്കിന്റെ വ്യത്യാസം ഉണ്ടെന്നാണ് ഞാന്‍ കേട്ടത്. 40 - 50 മാര്‍ക്ക് അന്ന് നഷ്ടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍, ഈ വ്യത്യാസം 100 മാര്‍ക്കിന്റെ അടുത്തെങ്കിലും എത്തുമായിരുന്നു.

        ഈ കുട്ടിയോടൊപ്പം അതേ ക്ലാസിലെ മറ്റൊരു കുട്ടി മൂന്നാം റാങ്കും നേടിയിട്ടുണ്ട്. കോളേജിന് മറ്റൊരു ബ്രാഞ്ചില്‍, വേറൊരു ഒന്നാം റാങ്കും അഞ്ചാം റാങ്കും ഉണ്ട്. അവരെയൊക്കെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ല. ഏവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

       ഇതിനു മുന്‍പും കോളേജിന് റാങ്ക് കിട്ടിയിട്ടുണ്ട്. പക്ഷെ, അതിലൊന്നും ഇല്ലാത്തെ ഒരു “മധുര പ്രതികാരം” ആയി ഞാന്‍ ഇതിനെ കണക്കാക്കുന്നു. ഒരിക്കല്‍ കൂടെ ഏവര്‍ക്കും അഭിനന്ദനങ്ങള്‍ !!!