Friday, January 29, 2016

വാല്യു എജുക്കേഷൻ


ആലുവ യു.സി കോളേജിലെ “വാല്യു എജുക്കേഷൻ” ക്ലാസിലാണ്‌ എന്റെ ഭാര്യ ഗ്രീഷ്മ ആ ക്ലാസിൽ പഠിക്കുന്ന സാം ഡേവിസിനെ കാണാനായത്.ക്ളാസിൽ ആ കുട്ടി വളരെ ആക്റ്റീവ് ആയിരുന്നത്രെ.  ക്ലാസിന്റെ ഭാഗമായി എല്ലാവരേയും വിവിധ ഗ്രൂപ്പുകളാക്കിത്തിരിച്ച് ഓരോരുത്തരും വിവിധ ആക്റ്റിവിറ്റികൾ നല്കിയപ്പോൾ സാം അംഗമായ ഗ്രൂപ്പ് ഒരു സ്കിറ്റ് അവതരിപ്പിക്കാനിടയായി. അവർ അവതരിപ്പിച്ച സ്കിറ്റ് ഇപ്രകാരമായിരുന്നു.

തിരക്കേറിയ ഒരു ബസ്സിലേയ്ക്ക് തീരെ അവശയായ ഒരു സ്ത്രീ കടന്നു വരുന്നു. അവർക്കായി ഇരുന്നിരുന്ന സീറ്റ് ഒഴിഞ്ഞു കൊടുത്ത് അതിൽ യാത്ര ചെയ്യുന്ന ആൾ മറ്റുള്ളവർക്ക് മാതൃകയായി. മാനുഷികമൂല്യങ്ങൾക്ക് ഒട്ടും വില കല്പ്പിക്കാത്ത ഒരു സമൂഹം തന്നെ വളർന്നു വരുന്ന ഈ കാലത്ത് സാമും കൂട്ടരും അവതരിപ്പിച്ച ഈ സ്കിറ്റ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.


പക്ഷെ, ഒരാഴ്ചയ്ക്കു ശേഷം, വിധിയുടെ വിളയാട്ടത്തിൽ ഒരു കണ്ണുനീരായി, ഒരു ബൈക്കപകടത്തിന്റെ രൂപത്തിൽ സാം ഈ ലോകത്തു നിന്നു തന്നെ വിടവാങ്ങി. മസ്തിഷ്കമരണം സംഭവിച്ച സാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായി. അതുവഴി അവരും ഈ സമൂഹത്തിനു തന്നെ മാതൃകയായി മാറി. ഇതൊക്കെ തന്നെ അല്ലേ “വാല്യു എജുക്കേഷൻ” വഴി ഉദ്ദേശിക്കുന്നത്......

ഇല്ല. സാം മരിക്കുന്നില്ല. ഒരു നല്ല ഹൃദയത്തിന്‌ ഉടമയായ സാമിന്റെ “ഹൃദയം” അടക്കം മറ്റ് പ്രധാന ശരീരഭാഗങ്ങൾ മറ്റുള്ളവർക്ക് നല്കുക വഴി, സാമിന്റെ നന്മകൾ മറ്റുള്ളവരിലൂടെ സമൂഹത്തിന്‌ പകർന്ന് കിട്ടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

No comments:

Post a Comment