Monday, November 1, 2010

വേലികളില്ലാത്ത ഭൂമി

കുളപ്പുള്ളി - പട്ടാമ്പി റോഡില്‍ ഇപ്പോള്‍ റോഡ് പണി നടക്കുകയാണ്. അതിനാല്‍ വാഹനങ്ങളെല്ലാം തന്നെ വഴിതിരിച്ച് വിട്ടിരിക്കുകയാണ്. പാലക്കാട് - ഗുരുവായൂര്‍ റോഡില്‍ ഓടുന്ന ബസ്സുകളെല്ലാം തന്നെ ചെറുതുരുത്തി - ആറങ്ങോട്ടുകര - കൂട്ടുപാത വഴി തിരിച്ച് വിട്ടിരിക്കുകയാണ്. പല ബസ്സുകളും മറ്റ് ചെറിയ ഏതൊക്കെയോ വഴികളിലൂടെയും ഓടുന്നു. അതിനാല്‍ ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ കൃത്യമായി വീട്ടിലെത്താന്‍ സാധിക്കാതെ വന്നു. രാവിലെ യാതൊരു കുഴപ്പവുമില്ല. എല്ലാ ബസ്സുകളും ചെറുതുരുത്തി നിര്‍ത്തി തരും. അവിടെ എത്തുമ്പോള്‍ കൃത്യം ഒരു ബസ്സ് കോളേജിന്റെ ഭാഗത്തേയ്ക്കുണ്ട്. അല്ലെങ്കില്‍ ഒരു ഇരുപത് മിനുട്ട് കാത്തുനിന്നാല്‍ കോളേജ് ബസ്സ് വരും. പക്ഷെ, ഞാനതിന് കാത്തു നില്‍ക്കാറില്ല. രാ‍വിലെ സാധാരണ എത്തിയിരുന്നതിനേക്കാള്‍ നേരത്തെ എത്താനും തൂടങ്ങി. അങ്ങനെ വൈകുന്നേരങ്ങളില്‍ എന്തു ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണ്, ഓട്ടുപാറ - നെല്ലുവായ് വഴി കുന്ദംകുളത്തേക്കുള്ള കോളേജ് ബസ്സിനെക്കുറിച്ചാരോ പറഞ്ഞത്. കുന്ദംകുളത്തു നിന്ന് എടപ്പാളെത്തുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്. അങ്ങനെ ആ വഴിയില്‍ താല്‍ക്കാലികമായി യാത്ര ആരംഭിച്ചു.

                അങ്ങനെ, രണ്ട് ദിവസം മുന്‍പ് കുന്ദംകുളത്തേക്കുള്ള യാത്രക്കിടയില്‍ മങ്ങാട് അയ്യപ്പക്ഷേത്രത്തിലേക്കുള്ള ഒരു ബോര്‍ഡ് കണ്ടു. അത് എന്നെ, ഒരിക്കലും തിരിച്ച് കിട്ടാത്ത, സ്കൂള്‍ കാലഘട്ടങ്ങളിലെ, ഒരുപാട് സുന്ദരമായ ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

                മങ്ങാട് ആയിരുന്നു ശ്രീനിയേട്ടന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ആളുടെ വീട്. അദ്ദേഹത്തെ ഞാന്‍ പരിചയപ്പെടുന്നത് എട്ടാം ക്ലാസിലെ യുവജനോത്സവവേദികളില്‍ നിന്നാണ്. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന കാലത്തെ, സ്കൂള്‍ യുവജനോത്സവകാലം - ഞങ്ങളുടെ “ബ്ലൂ“ ഗ്രൂപ്പിന് നാടകങ്ങള്‍ ഒന്നും ഇല്ല. മറ്റ് ഗ്രൂപ്പുകാര്‍, നാടകങ്ങള്‍ പ്രാക്റ്റീസ് ചെയ്യാനും തുടങ്ങി. അതിനിടയില്‍ “റെഡ്”‘ ഗ്രൂപ്പിന്റെ നാടകം പഠിപ്പിക്കാന്‍ വന്ന ആളാണ് ഈ ശ്രീനിയേട്ടന്‍. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ - ഞങ്ങള്‍ക്കും നാടകം കളിക്കാന്‍ പറ്റും - ഞങ്ങള്‍ക്കും വാശി കയറി - ഞങ്ങള്‍ ആറേഴ് പേര്‍ ചേര്‍ന്ന് നാടകത്തിന് പേര് കൊടുത്തു. ദിവസങ്ങള്‍ കഴിഞ്ഞ് പോയി തുടങ്ങി. നാടകം ഒന്നും ആയിട്ടില്ല. മറ്റുള്ളവരുടെ പ്രാക്റ്റീസ് ഞങ്ങളുടെ ഉറക്കം കെടുത്തി. അപ്പോഴാണ്, പഴയ ഒരു “യുറീക്ക” മാസിക കയ്യില്‍ കിട്ടിയത്. അതില്‍ ഒരു ചെറിയ നാടകം ഉണ്ടായിരുന്നു. നാടകത്തിന്റെ പേര് - “പാല് വാലായാല്‍” എന്നായിരുന്നു. ഞങ്ങള്‍ അതില്‍ ഞങ്ങളുടേതായ ചെറിയ മാറ്റങ്ങള്‍ വരുത്തി പ്രാക്റ്റീസ് ആരംഭിച്ചു. ഞാന്‍, നിഷാദ്, ദീപക് എന്നിവര്‍ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മറ്റ് ചിലരും കൂടെയുണ്ടായിരുന്നു. അങ്ങനെ നാടകം, യുവജനോത്സവത്തില്‍ സ്റ്റേജില്‍ കയറി. ആകെ നാല് നാടകങ്ങളാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ നാടകത്തിന് മൂന്നാംസ്ഥാനം കിട്ടുകയും ചെയ്തൂ. പ്രതീക്ഷിക്കാതെ, എനിയ്ക്ക് അന്നത്തെ "Best Actor" സമ്മാനം കിട്ടുകയും ചെയ്തു.

               ഞങ്ങളുടെ സ്കൂളില്‍ ഗ്രൂപ്പായിട്ടുള്ള പരിപാടികളില്‍ ഒന്നാം സമ്മാനം കിട്ടിയവരെ നേരെ സബ് ജില്ലാതലത്തിലേയ്ക്ക് കൊണ്ടുപോകാറില്ല. അങ്ങനെയുള്ളവയില്‍, മറ്റ് ഗ്രൂപ്പൂകളിലെ മികച്ചവരെക്കുടെ ചേര്‍ത്ത് നല്ലൊരു ഗ്രൂപ്പാക്കിയിട്ടാണ് സബ് ജില്ലാതലത്തിലേയ്ക്ക് കൊണ്ടുപോകാറുള്ളത്. അതുകൊണ്ടായിരിക്കാം, ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടും  യുവജനോത്സവത്തില്‍ സ്കൂ‍ളിന് ഇന്നും സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കിട്ടുന്നത്. സ്കൂ‍ള്‍ യുവജനോത്സവത്തിന് ശേഷം സബ് ജില്ലാതലത്തിലേക്കുള്ള ഈ ഗ്രൂപ്പുകളുടെ “ഉടച്ച് വാര്‍ക്കല്‍” കാലം. സ്വാഭാവികമായിട്ടും എനിക്ക് നാടകത്തിന് സെലക്ഷന്‍ കിട്ടി. ഒന്നാം സമ്മാനം കിട്ടിയത് നേരത്തെ പറഞ്ഞ ശ്രീനിയേട്ടന്‍ പഠിപ്പിച്ച റെഡ് ഗ്രൂപ്പുകാര്‍ക്കായിരുന്നു. സബ് ജില്ലയിലേക്കുള്ള നാടകം ഒരുക്കാന്‍ ശ്രീനിയേട്ടനെ തന്നെ സ്കൂള്‍ തീരുമാനിച്ചു.

               “വേലികളില്ലാത്ത ഭൂമി” - അതായിരുന്നു നാടകത്തിന്റെ പേര്. അതിലെ കേന്ദ്രകഥാപാത്രമായ “ഗോപാലകൃഷ്ണ”നെയാണ് ഞാന്‍ അവതരിപ്പിച്ചത്. ആ നാടകത്തിനായി സ്റ്റേജില്‍ “വേലി”കള്‍ ഒക്കെ ഒരുക്കേണ്ടതുണ്ടായിരുന്നു. അതൊക്കെ ഞങ്ങള്‍ എല്ലാവരും കൂടെ ചേര്‍ന്നൊരുക്കി. വലിയ ഒരുക്കങ്ങളോടെ സബ് ജില്ലാതലത്തിലേയ്ക്ക് നീങ്ങി.

                    എടപ്പാള്‍ ഹൈസ്കൂളില്‍ വെച്ചായിരുന്നു അന്നത്തെ സബ് ജില്ലാ കലോത്സവം. ആ കലോത്സവവേദിയിലെ അവസാന ദിവസം രണ്ടാം നമ്പര്‍ സ്റ്റേജില്‍ ആയിരുന്നു ഞങ്ങളുടെ നാടകം. വേലികളെല്ലാം തന്നെ സ്റ്റേജില്‍ നിരത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ആത്മവിശ്വാസം ആയിരുന്നു. പക്ഷെ, നാടകത്തിനിടയില്‍ മറ്റാര്‍ക്കും മനസ്സിലാകാത്ത ഒരു തെറ്റ് ഞാന്‍ വരുത്തിയിരുന്നു. എന്റെ കൂട്ടുകാര്‍, അത് മറ്റുള്ളവരെ അറിയിക്കാതെ നാടകം തുടര്‍ന്നു എന്നുള്ളതാണ് സത്യം. നാടകത്തിന്റെ ഫലം വന്നപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ ആയിരുന്നു ഒന്നാം സ്ഥാ‍നം. അങ്ങനെ, മലപ്പുറം ജില്ലാ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇവിടെ, “കക്കാട്” വെച്ചായിരുന്നു ആ വര്‍ഷത്തെ ജില്ലാ യുവജനോത്സവം. എല്ലാ സബ് ജില്ലകളില്‍ നിന്നുമായിട്ട് ഒരുപാട് നാടകങ്ങള്‍ അവിടെയുണ്ടായിരുന്നു. അവസാനം നാടകം കളിക്കാനായിരുന്നു ഞങ്ങളുടെ യോഗം. നാടകം കളിച്ചത് രാവിലെ അഞ്ചര മണിക്കാണ്. അതായത് തലേദിവസം ഉച്ചക്ക് തുടങ്ങിയ നാടകമത്സരം തീ‍രുന്നത് രാവിലെ ആറ് മണിക്ക്. ഉറക്കമൊഴിച്ചത് ഞങ്ങളെ ഒരുപാട് തളര്‍ത്തിയിരുന്നു. അവിടെ “A" ഗ്രേഡോടെ തൃപ്തിപ്പെടേണ്ടി വന്നു. “ഓന്‍ തിരിച്ച് വരും “ എന്ന നാടകത്തിനാണ് അവിടെ ഒന്നാം സ്ഥാനം കിട്ടിയത്. ശ്രീനിയേട്ടനുമായി അപ്പോഴേക്കും അടുത്ത സുഹൃത് ബന്ധം ഉണ്ടായി.  ഒരുപാട് കത്തുകള്‍ അയച്ചിരുന്നു.

                    പിറ്റേ വര്‍ഷം, ഞാനും എന്റെ സുഹൃത്തും അയല്‍വാസിയുമായ ധനീഷും ചേര്‍ന്ന് സ്കൂള്‍ യുവജനോത്സവത്തില്‍ ശ്രീനിയേട്ടന്‍ പഠിപ്പിച്ച നാടകം കളിച്ചു. “ഉണ്ണിക്കുട്ടന്റെ ലോകം” എന്നുള്ള നാടകമായിരുന്നു അന്ന് അവതരിപ്പിച്ചത്. ധനീഷാണ് ഉണ്ണിക്കുട്ടനെ അവതരിപ്പിച്ചത്. ആ വര്‍ഷവും സ്കൂള്‍ - സബ് ജില്ല - ജില്ലാകലോത്സവങ്ങളില്‍ ഞങ്ങള്‍ നാടകം കളിച്ചു. ജില്ലയില്‍ ഇടശ്ശേരിയുടെ “പൂതപ്പാട്ട്” എന്ന കവിതയെ ആസ്പദമാക്കി കളിച്ച മികച്ചൊരു നാടകത്തിനായിരുന്നു ഒന്നാംസ്ഥാനം. ഞങ്ങള്‍ക്ക് അന്നും “A" ഗ്രേഡോടെ തൃപ്തിപ്പെടേണ്ടി വന്നു.

                    ഹൈസ്കൂള്‍ കാലഘട്ടത്തിലെ അവസാനവര്‍ഷം - എന്തോ വ്യക്തിപരമായ കാരണങ്ങളാല്‍ ശ്രീനിയേട്ടന് വരാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ നാടകത്തിന്റെ പ്രയാണം സബ് ജില്ലയില്‍ അവസാനിച്ചു. ശ്രീനിയേട്ടനുമായി കത്തുകളിലൂടെ സംസാരിച്ചിരുന്നു. ശ്രീനിയേട്ടന്റെ കല്യാണത്തിന് ഞങ്ങളെയൊക്കെ ക്ഷണിച്ചിരുന്നു. കല്യാണത്തിന് ഞാനും ധനീഷും കൂടെ പോയി. മങ്ങാട്, ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി. ശ്രീനിയേട്ടന്റെ കൂ‍ടെ മങ്ങാട് അയ്യപ്പക്ഷേത്രത്തിലും പോയി.

                   എന്റെ സ്കൂള്‍ കാലഘട്ടങ്ങളിലെ ഈ നല്ല നിമിഷങ്ങള്‍ക്ക് മനോഹാരിത നല്‍കാന്‍ “വേലികളില്ലാത്ത ഭൂമി” എന്ന നാടകം വഹിച്ച പങ്ക് വളരെ വലുതാണ്. കത്തുകളിലൂടെ ഉണ്ടായിരുന്ന ശ്രീനിയേട്ടനുമായുള്ള സുഹൃദ്ബന്ധം പിന്നീട് എവിടെ വെച്ചോ നഷ്ടപ്പെട്ടു. ഇപ്പോള്‍ കുറേക്കാലമായി ഒരു വിവരവും ഇല്ല്ല. എങ്കിലും ശ്രീനിയേട്ടന്റെ അഡ്രസ്സ് ഇന്നും കാണാതെ അറിയാം. ഒരു കത്തെഴുതണം എന്ന് വിചാരിക്കുന്നു.......