Tuesday, December 7, 2010

മഴ

മഴ.. മലയാളികള്‍ക്കെന്നും ഇഷ്ടപ്പെട്ട വാക്ക്.... മറുനാട്ടുകാര്‍ക്ക് നാടിന്റെ മണവും സ്നേഹവും വിളിച്ചുണര്‍ത്തുന്ന വാക്ക്.....മഴയില്ലെങ്കില്‍ മലയാളിയില്ല.....പക്ഷെ, മഴയ്ക്കും കാലം തെറ്റി തുടങ്ങിയിരിക്കുന്നു. അതോ, നമുക്ക് തെറ്റിയതാണോ ? അതോ, നമ്മള്‍ മഴയുടെ സമയം തെറ്റിച്ചതോ ? മഴയെ പറ്റി രണ്ട് വാക്ക് എഴുതാം എന്ന് കരുതി... അങ്ങനെ തുടങ്ങിയതാണ് ഈ പോസ്റ്റ്.....

            വൃശ്ചികമാസത്തിലെ കാര്‍ത്തിക - കാര്‍ത്തികവിളക്ക് (തൃക്കാര്‍ത്തിക).  ഇക്കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ഈ വര്‍ഷത്തെ കാര്‍ത്തികവിളക്ക്.  അന്ന് വൈകീട്ട് ഇവിടെ തലമുണ്ട ക്ഷേത്രത്തിലെ അമ്പലപ്പറമ്പ് മുഴുവന്‍ കാര്‍ത്തികദീപങ്ങളാല്‍ അലങ്കരിക്കും. പലതരത്തില്‍ അലങ്കരിച്ച ദീപങ്ങള്‍ ക്ഷേത്രാങ്കണം മനോഹരമാക്കാറുണ്ട്. അതിനുള്ള പണികള്‍ അന്നേദിവസം രാവിലെ തന്നെ തുടങ്ങുകയും ചെയ്യും. അങ്ങനെ, ഇത്തവണയും രാവിലെ മുതല്‍ പണികള്‍ ആരംഭിച്ചു. ഇത്തവണ രാത്രിയില്‍ ഒരു ചാക്യാര്‍ക്കൂ‍ത്തൂം നടത്താന്‍ പരിപാടി ഉണ്ടായിരുന്നു.  പക്ഷെ, വൈകുന്നേരങ്ങളില്‍ പെയ്യുന്ന മഴയെ എല്ലാവരും പേടിച്ചിരുന്നു. അന്ന്, മഴ പെയ്യല്ലേ എന്ന് എല്ലാവരും ആഗ്രഹിച്ചു; പ്രാര്‍ത്ഥിച്ചു. മഴ പെയ്യില്ല എന്നുറപ്പിച്ച് എല്ലാ പണികളും നടത്തി. ചാക്യാര്‍ക്കൂത്തിനുള്ള ആളുകളും എത്തി. വൈകുന്നേരം അഞ്ചര മണിയായപ്പോള്‍ മാനമിരുണ്ടു. കൂടെ എല്ലാവരുടേയും മനവും. ഒരു പത്ത് മിനുട്ടിനകം മഴ ആരംഭിച്ചു. മഴയ്ക്ക് ശക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. അമ്പലപ്പറമ്പില്‍ കത്തിക്കാനായി അലങ്കരിച്ച് വെച്ച ചെരാതുകളില്‍ വെള്ളം നിറഞ്ഞു. കോരിച്ചൊരിയുന്ന മഴ, ഒരു വിളക്ക് പോലും കത്തിക്കാന്‍ സമ്മതിക്കാതെ ആ രാത്രി മുഴുവന്‍ തകര്‍ത്ത് പെയ്തു. അറിയാവുന്ന ആള്‍ ആയതിനാല്‍ ചാക്യാര്‍ക്കൂത്ത് മറ്റൊരു ദിവസത്തേയ്ക്ക് മാ‍റ്റിവെച്ചു.

                         പിറ്റേദിവസം, രാവിലെ ശബരിമലയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. അമ്പലത്തില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍, പറയുന്നത് കേട്ടു. എരുമേലിയില്‍ വെള്ളപ്പൊക്കം. എരുമേലി ക്ഷേത്രത്തില്‍ വെള്ളം കയറി. എരുമേലിയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ശബരിമല തീര്‍ത്ഥാടകരുടെ വാ‍ഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ടി.വി ചാനലുകളില്‍ ഫ്ലാഷ് ന്യൂസുകളുടെ ബഹളം. കെട്ടുനിറ കഴിയാത്തതിനാല്‍ യാത്ര മാറ്റി വെക്കണോ എന്നാലോചന തുടങ്ങി. പക്ഷെ, അവസാനം പോകാന്‍ തീരുമാനിച്ചു.

                     പിറ്റേന്ന് കാലത്ത്, കെട്ടുനിറ കഴിഞ്ഞ് ഏഴര മണിയോടെ യാത്ര ആരംഭിച്ചു. പോകുന്ന വഴിയ്ക്ക് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പോലീസ് സഹായകേന്ദ്രത്തില്‍ ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. വാഹനഗതാഗതം പുന:സ്ഥാപിച്ചു എന്ന് അവര്‍ പറഞ്ഞു. വഴിയില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും പറഞ്ഞു. ഞങ്ങള്‍ എരുമേലിയ്ക്ക് തിരിച്ചു. എരുമേലി എത്താറായപ്പോള്‍ ചാറ്റല്‍മഴ തുടങ്ങി. എരുമേലിയില്‍ ഇറങ്ങി ക്ഷേത്രത്തിലും വാവര്‍ പള്ളിയിലും ദര്‍ശനം നടത്തി. എരുമേലിയിലെ പുഴയില്‍ വെള്ളം ധാരാളം ഉണ്ടായിരുന്നു. അവിടെ ഇറങ്ങിക്കുളിക്കാന്‍ പോലീസ് ഭക്തരെ അനുവദിച്ചിരുന്നില്ല. അവിടുന്ന് യാത്ര തുടങ്ങിയപ്പോഴും ചെറിയ മഴ തുടരുന്നുണ്ടായിരുന്നു. എന്നാല്‍, കുറച്ച് യാത്ര ചെയ്തപ്പോഴേയ്ക്കും കനത്ത മഴ തുടങ്ങി. വഴിയില്‍ യാത്ര ദുഷ്ക്കരമായിരുന്നു. പതുക്കെ, വാഹനം മുന്നോട്ട് നീങ്ങി. കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും മഴയുടെ കാഠിന്യം കുറഞ്ഞു. പമ്പയിലെത്തിയപ്പോഴേയ്ക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. കാല്‍പ്പാദം മൂടാന്‍ പോലും വെള്ളം ഇല്ലാത്ത പമ്പാനദി മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ പുഴ നിറഞ്ഞ് കവിഞ്ഞൊഴുകുകായാ‍യിരുന്നു. അവിടെയും ഭക്തരെ കുളിക്കാന്‍ പോലീസ് അനുവദിച്ചിരുന്നില്ല്ല. അന്ന് തന്നെ ആ ചാറ്റല്‍മഴയില്‍ മല കയറി. ശബരിമലയില്‍ രാത്രിയോടെ എത്തി. മഴ ആയിരുന്നെങ്കിലും വലിയ തിരക്ക് അനുഭവപ്പെടാഞ്ഞത് ആശ്വാസമായി.

              മഴയെക്കുറിച്ച് പറയുമ്പോള്‍ ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള, ഒരു ദിവസം ആണ് ആദ്യം ഓര്‍മ്മ വരുന്നത്. ചന്ദനക്കാവിലാണ് എന്റെ അമ്മയുടെ വീട്. അവിടത്തെ ക്ഷേത്രം ആണ് സംഭവസ്ഥലം. രാത്രി, അവിടെ അമ്പലത്തിലെ എന്തോ വിശേഷത്തിന് “ബാലെ” ഉണ്ടായിരുന്നു. ശിവനുമായി ബന്ധപ്പെട്ടിട്ടുള്ള ഏതോ പുരാണകഥയായിരുന്നു ബാലെ ആയി കളിച്ചിരുന്നത്. അത് കാണാന്‍ ഞാനും ഏട്ടനും അമ്മമ്മയുടെ കൂടെ പോയി. ബാലെ ആരംഭിച്ച് ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോഴേയ്ക്കും മഴ തുടങ്ങി. മഴ കനത്തു തുടങ്ങി. കൂടെ ശക്തമായ കാറ്റും ആരംഭിച്ചു. മഴ പേമാരി പോലെ തകര്‍ത്ത് പെയ്തു. രൊദ്രഭാവം പകരാന്‍ കാറ്റും ശ്രമം തുടങ്ങി. കനത്ത മഴയും കാറ്റും ബാലെ കളിക്കാന്‍ കെട്ടിയ സ്റ്റേജിനെ ആട്ടിയിളക്കാന്‍ തുടങ്ങി. വലിയൊരു ശബ്ദത്തോടെ സ്റ്റേജ് ഒരു വശത്തേയ്ക്ക് മറിഞ്ഞു വീണു. കൂടെ കറന്റും പോയി. ശക്തമായ മഴയെ അതിജീവിക്കാന്‍ ടോര്‍ച്ച് ലൈറ്റുകള്‍ക്ക് ശക്തിയില്ലായിരുന്നു. സ്റ്റേജിനുള്ളില്‍ ആരൊക്കയോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മനസ്സിലായി. അതിനിടയില്‍ ഒരു ടോര്‍ച്ച് ലൈറ്റുമായി തകര്‍ന്ന് വീണ സ്റ്റേജിനുള്ളില്‍ നിന്ന് ഒരാള്‍ പുറത്ത് ചാടി. നോക്കിയപ്പോള്‍ അത് ശിവനായി വേഷമിട്ട ആളായിരുന്നു. അയാളുടെ കഴുത്തില്‍ പ്ലാസ്റ്റിക്കിന്റെ പാമ്പ് ഒക്കെ ഉണ്ടായിരുന്നു. രാത്രിയില്‍, ആ ശിവന്‍ അവിടെയൊക്കെ ടോര്‍ച്ചും അടിച്ച്, മറ്റുള്ളവരെ രക്ഷിക്കാന്‍ ഓടി നടന്നു. എല്ലാ ആളുകളേയും ബാലെ കളിക്കാന്‍ കെട്ടിയ അതേ വേഷത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. “അണ്ണന്‍തമ്പി” എന്ന സിനിമയില്‍ ഇത് പോലെ ഒരു രംഗം ഉണ്ട്. നാടകം പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ തളര്‍ന്ന് വീണ നായികയെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് സിനിമയിലെ രംഗം. രാത്രി ഞാനും അമ്മമ്മയും ഒരുമിച്ചാണ് വീട്ടിലേക്ക് പോന്നത്. ഏട്ടന്‍ പിന്നീ‍ട് വരുന്നതിനിടയില്‍ വഴിതെറ്റി എന്ന് പിറ്റേ ദിവസം പറഞ്ഞ് കേട്ടു. അമ്പലപ്പറമ്പില്‍ ടോര്‍ച്ച് അടിച്ച് നടന്നിരുന്ന ശിവഭഗവാനെ പറ്റി ഇന്ന് പലപ്പോഴും പറയാറുണ്ട്. ഇന്നത് മഴയില്‍ കുതിര്‍ന്ന ഒരു തമാശ ആണെന്ന് മാത്രം....

                      മഴയത്ത് നിറഞ്ഞ് കവിഞ്ഞ അമ്പലക്കുളത്തിലേയും വീട്ടിലെ കുളത്തിലേയും ഒക്കെയുള്ള കുളി ഒരുപാട് നല്ല നല്ല ഓര്‍മ്മകള്‍ തരുന്നു. ഒരു പെരുമഴക്കാലത്ത് ഏട്ടനും ഏട്ടന്റെ കൂട്ടുകാരും ഇവിടെ വന്നതും, ഇവിടത്തെ നിറഞ്ഞ് കവിഞ്ഞ പാടങ്ങളിലും പുഞ്ചക്കായലില്‍ പോയതും എല്ലാം നല്ല നല്ല ഓര്‍മ്മകളാണ്. “പെരുമഴക്കാലം” എന്ന സിനിമ ഇന്നും മനസ്സില്‍ ഒരുപാട് വേദന തോന്നിപ്പിക്കുന്നു.

                  മഴ - ഇനിയും ഒരുപാട് അനുഭവങ്ങള്‍ തരുമെന്ന് കരുതാം......

11 comments:

  1. മഴയില്ലെങ്കില്‍ മലയാളിയില്ല.....പക്ഷെ, മഴയ്ക്കും കാലം തെറ്റി തുടങ്ങിയിരിക്കുന്നു. അതോ, നമുക്ക് തെറ്റിയതാണോ ? അതോ, നമ്മള്‍ മഴയുടെ സമയം തെറ്റിച്ചതോ ?

    Good Thought...

    ReplyDelete
  2. വളരെ നന്നായിരിയ്ക്കുന്നു ഹരീ. ലളിതമായ ശൈലിയിൽക്കൂടി കാര്യങ്ങൾ വിവരിച്ചിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ. എഴുതാനുള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. ഹരിയ്ക്ക് അത് കിട്ടിയിട്ടുണ്ട്. തുടരുക. മുന്നോട്ട് മുന്നോട്ട് മുന്നോട്ട്. ആശംസകൾ. ഋഷി കപ്ലിങ്ങാട്

    ReplyDelete
  3. ormakalode kalikkuvanethrayum muttathe chakkara ..............in chuvattilllll............mazha kondu nilkunnathu nalllatha.......... anganengilum onnu kulichuvalloooooooooo..........!!!!!!!!!!!!!!!1

    ReplyDelete
  4. good thought and good article....
    sreeja.

    ReplyDelete
  5. good work again

    Appreciated Your Talent;

    ReplyDelete
  6. a very nice article......

    keep tuning ur writing skills!

    ReplyDelete
  7. ഹരി, വളരെ നന്നായിട്ടുണ്ട്. മഴയുടെ അനുഭവങ്ങള്‍ മലയാളികള്‍ക്കെല്ലാം ഓക്കാനുണ്ടാകും. അതിലേയ്ക്ക്...വായിക്കുന്നവരുടെ സ്മരണകളിലേയ്ക്ക് പോകുവാന്‍ ഈ പോസ്റ്റ് സഹായിക്കുന്നു. എഴുത്തു തുടരൂ....

    എവിടെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലും തൃക്കാര്‍ത്തിക വലിയ വിളക്കായി ഉത്സവം ആണ്. അന്ന് ക്ഷേത്രവും പരിസരവും ദീപാലംകൃതമാവാറുണ്ട്. എന്നാല്‍ ഇത്തവണ ശക്തമായ മഴ മൂലം ദീപകാഴ്ച്ച ഉണ്ടായില്ല എന്നു മാത്രമല്ല എഴുന്നള്ളിപ്പിന്റെ പകിട്ടും സമയവും കുറഞ്ഞു. ഇങ്ങിനെ മഴയില്‍ നനഞ്ഞ് ശോഭകുറഞ്ഞ ഒരു ഉത്സവം ഇതിനുമുന്‍പ് ഉണ്ടായതായി ദേശവാസികളില്‍ ആര്‍ക്കും ഓര്‍മ്മയില്ല. കാലത്തിന്റെ...മഴയുടെ മാറ്റം! നമ്മള്‍ മനുഷ്യര്‍ തന്നെയല്ലെ പ്രകൃതിയുടെ ഈ മാറ്റങ്ങള്‍ക്ക് കാരണക്കാര്‍?

    ReplyDelete
  8. മഴ ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങള്‍ സമ്മാനിക്കുന്നു..
    സന്തോഷത്തിന്റെ, ത്യാഗത്തിന്റെ , വേദനയുടെ, സ്വപ്നങ്ങളുടെ, പ്രണയത്തിന്റെ, ഓര്‍മ്മകളുടെ....
    അങ്ങനെ നിരവധി അനുഭവങ്ങള്‍..

    ഇന്ന് മഹത്തായ കാലവും ആ അനുഭവങ്ങള്‍ പങ്കിടുന്നു..!

    എങ്കിലും കയ്പ്പായും മധുരമായും ഇനിയും മഴപെയ്യട്ടെ...!

    സ്നേഹപൂര്‍വ്വം ലിനേഷ്‌

    ReplyDelete
  9. @മണിയേട്ടന്‍:- ഒരു സംശയവും വേണ്ട; നമ്മള്‍ തന്നെയാണ് പ്രകൃതിയുടെ ഈ മാറ്റങ്ങള്‍ക്ക് കാരണക്കാര്‍.. നമുക്കും അടുത്ത തലമുറയ്ക്കും പ്രകൃതി ഒന്നും തന്നെ കാത്തുവെച്ചിട്ടുണ്ടാവില്ല്ല. അല്ല. പ്രകൃതിയെ അതിന് അനുവദിച്ചില്ല. അങ്ങനെ പറയുന്നതാവും ശരി.

    നമുക്ക് ഇങ്ങനെ സമാധാനിക്കാം... കാലം തെറ്റിയെങ്കിലും മഴ പെയ്യുന്നുണ്ടല്ലോ.... അതു കൂടെ ഇല്ലെങ്കിലോ ?

    @ലിനേഷേട്ടന്‍:- അനുഭവങ്ങള്‍ കാത്തുവെച്ചു കൊണ്ട് ഇനിയും മഴ പെയ്യുമായിരിക്കും.....

    ReplyDelete
  10. hari valare nannayittundu.. continue the good work

    ReplyDelete
  11. goa-mumbai tourine kurich oru post pretheekshikkunnu..

    ReplyDelete