Thursday, June 23, 2011

തട്ടിപ്പിന്റെ മണിക്കിലുക്കം

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ടെക്കിന് പഠിക്കുന്ന കാലം. പ്രൊജക്റ്റ് ചെയ്തിരുന്നത് എറണാകുളത്ത് DRDO യുടെ ലാബായ NPOL ല്‍ ആയിരുന്നു. വൈകുന്നേരങ്ങളില്‍ ഒരു അഞ്ചര മണി ആകുമ്പോഴേയ്ക്കും ‘ഫ്രീ’ ആകുമായിരുന്നു. അങ്ങനെയിരിക്കെ, ഒരു നാള്‍ എന്നെ എന്റെ ഒരു കുടുംബസുഹൃത്തിന്റെ മകന്‍ ഫോണ്‍ ചെയ്തു.

“ഹരിയേട്ടാ, ‘ഫ്രീ‘ ആണോ ? നമുക്ക് ഒരു ക്ലാസിന്  പോയാലോ ???“

         പ്രൊജക്റ്റ് കഴിഞ്ഞ് തിരിച്ച് റൂമില്‍ എത്തിയാല്‍, പിന്നെ കാര്യമായി പണിയൊന്നും ഇല്ലാതിരുന്നതിനാല്‍, ഞാന്‍  സമ്മതിച്ചു. പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്ന അവന്‍, എന്നെ എഞ്ചിനീയറിംഗ് സംബന്ധമായ എന്തോ ക്ലാസിനാണ് വിളിക്കുന്നതെന്ന് കരുതി.
       കുറച്ച് കഴിഞ്ഞപ്പോള്‍, അവന്‍ ബൈക്കുമെടുത്ത് എന്നെ കൂട്ടാനെത്തി. ഞാന്‍ അവനോടൊന്നിച്ച് പോയി. പാലാരിവട്ടത്തിനടുത്ത്, ഒരു കെട്ടിടത്തിന് അടുത്ത് ഞങ്ങള്‍ ഇറങ്ങി. പുറത്ത് നില്‍ക്കുന്ന ആളോട് അവന്‍ ക്ലാസ് തുടങ്ങിയോ എന്ന് ചോദിക്കുന്നതും കേട്ടു. എന്തോ കാര്യമായ ക്ലാസാണ് നടക്കുന്നതെന്നും, അത് നഷ്ടപ്പെടാതിരിക്കാനുള്ള അവന്റെ വ്യഗ്രതയുമാണ് അതെന്ന് എനിക്ക് തോന്നി. ഞാനും അവന്റെ കൂടെ വേഗത്തില്‍ നടന്നു. അപ്പോഴെല്ലാം എന്ത് ക്ലാസ്സാ‍ണ് എന്നുള്ള എന്റെ ചോദ്യത്തിന് അതൊക്കെ അവിടെ ചെല്ലുമ്പോള്‍ അറിയാം എന്ന മറുപടി ആണ് പറഞ്ഞത്.

               ക്ലാസ് നടക്കുന്ന മുറിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഇരുപത് പേരോളം ഉണ്ടായിരുന്നു. ഞങ്ങള്‍ മുന്‍ നിരയിലെ കസേരകളില്‍ തന്നെ പോയിരുന്നു. അവന്‍ കൊണ്ടു ചെന്നിരുത്തി എന്നു പറയുന്നതായിരിക്കും ശരി. ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാ‍യിരിക്കുന്ന “മണിചെയിന്‍” എന്ന തട്ടിപ്പിന്റെ ക്ലാസായിരുന്നു അത്. ഇപ്പോഴത്തെ പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കമ്പനിയുടെ പേരായിരുന്നില്ല അന്ന് ആ ക്ലാസില്‍ കേട്ടത്. പക്ഷെ, ഈ കമ്പനിയുടെ പേരും ഈയിടെ പത്രത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ക്ലാസ് തുടങ്ങിയപ്പോള്‍ തന്നെ ഇറങ്ങിപ്പോരണം എന്ന് വിചാരിച്ചെങ്കിലും എന്റെ മാന്യത അതിന് അനുവദിച്ചില്ല. അവസാനം ഏകദേശം മുക്കാല്‍ മണിക്കൂര്‍ അവിടെ ആ ക്ലാസ് കേട്ടിരുന്നു. മാസത്തില്‍ വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്നൊക്കെ ആയിരുന്നു അവരുടെ അവകാശവാദങ്ങള്‍.

ക്ലാസ് കഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു.

“ഹരിയേട്ടാ... ഇതില്‍ ചേരുകയല്ലേ ? “

ഇല്ല എന്ന് വായില്‍ വന്നെങ്കിലും അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാന്‍ പറഞ്ഞു.

“ഇപ്പോള്‍ പറയാന്‍ പറ്റില്ല. വീട്ടില്‍ ഒക്കെ ആലോചിക്കണം “

                അന്ന് അവന്റെ വീട്ടിലൊക്കെ പോയി, രാത്രി ഭക്ഷണം അവരുടെ വീട്ടില്‍ നിന്ന് കഴിച്ചു. എന്നെ, ഞാന്‍ താമസിക്കുന്ന സ്ഥലത്ത് രാത്രി പത്തരയോടെ കൊണ്ടു വന്നു വിട്ടു. ഇന്‍ഫോസിസില്‍ ക്യാമ്പസ് സെലക്ഷന്‍ വഴി ജോലി കിട്ടിയിരുന്ന അവന്‍ അതിലൊന്നും പോകുന്നില്ല, ഈ ബിസിനസ് നടത്താന്‍ ഉദ്ദേശിക്കുന്നു എന്നൊക്കെ അവന്‍ എന്നോട് പറഞ്ഞു. അവന്‍ അതു തന്നെ ചെയ്തു എന്ന് ഞാന്‍ പിന്നീടറിഞ്ഞു. പിറ്റേ ദിവസം രാവിലെ അവന്‍ വീണ്ടും വിളിച്ചു.

“എന്തായി ഹരിയേട്ടാ ? തീരുമാനം ?”

ഞാന്‍ പറഞ്ഞു - “ പിന്നെ പറയാം “ -

           അതിനു ശേഷം NPOL ല്‍ പ്രൊജക്റ്റ് ചെയ്യാന്‍ പോയി. അവിടെ മൊബൈല്‍ കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍, പിന്നെ, അവന്റെ വിളി വന്നില്ല. പക്ഷെ, വൈകുന്നേരം റൂമില്‍ എത്തിയ ഉടന്‍ അവന്‍ വിളിച്ചു.

“ഹരിയേട്ടാ.. റൂമിലുണ്ടോ ? ഒന്ന് പുറത്തേക്ക് വരാമോ ?”

ഞാന്‍ ചെന്നു. അവന്റെ കൂടെ തലേദിവസം ക്ലാസെടുത്ത ആളും ഉണ്ടായിരുന്നു. അയാള്‍ എന്നോട് ചോദിച്ചു.

“നമുക്ക് ഒന്ന് കറങ്ങിയാലോ ? കാറുണ്ട് “

ഞാന്‍ ഒഴിഞ്ഞുമാറി.

“ശരി, എന്നാല്‍ കാറിനകത്തിരുന്ന് സംസാരിച്ചാലോ ? “

       ഞാന്‍ സമ്മതിച്ചു. സംസാരിക്കുന്നതിനിടയില്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളെല്ലാം അയാള്‍ വീണ്ടും ആവര്‍ത്തിച്ചു. കമ്പനിയുടെ കാര്യങ്ങള്‍ ഒക്കെ വിവരിച്ചു. ഞാന്‍ ആലോചിച്ചിട്ട് പറയാം എന്നും എനിക്ക് കുറച്ച് പണിയുണ്ട് എന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.

ദേഷ്യം സഹിക്കാന്‍ വയ്യാതെ, അവര്‍ പോയിക്കഴിഞ്ഞ ഉടനെത്തന്നെ, ഞാന്‍ അവനെ വിളിച്ചു.

“മേലാല്‍, ഈ പേരും പറഞ്ഞ്, നീയോ മറ്റാരെങ്കിലുമോ എന്നെ കാണാന്‍ വരരുത് “ 

      ഞാന്‍ ഫോണ്‍ വെച്ചു. അതിന് ശേഷം, ഇന്നു വരെ, അവന്‍ എന്നെ വിളിച്ചിട്ടില്ല. ഇപ്പോള്‍ മണിചെയിന്‍ തട്ടിപ്പുകള്‍ക്കെതിരെ നടക്കുന്ന അന്വേഷണം ഈ കമ്പനിക്കെതിരെയും നടക്കുന്നുണ്ടത്രെ. മോഹന വാഗ്ദാനങ്ങള്‍ നടത്തുന്ന മണിചെയിന്‍ കമ്പനികളെല്ലാം കൂടി ഏകദേശം 1000 കോടിയുടേ തട്ടിപ്പ് ആണ് കേരളത്തില്‍ നടത്തിയതെന്ന് രണ്ട് ദിവസം മുന്‍പ് പത്രത്തില്‍ വായിച്ചു. 

           ഈ പോസ്റ്റിന് എന്ത് ടൈറ്റില്‍ ഇടും എന്നാലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കൈരളി ടി.വി യില്‍ മണിചെയിന്‍ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു വാര്‍ത്ത കണ്ടത്. അവര്‍ ഉപയോഗിച്ച “തട്ടിപ്പിന്റെ മണിക്കിലുക്കം” എന്ന വാക്ക് ഞാന്‍ കടമെടുക്കുന്നു.

മാഞ്ചിയവും ഭൂമി, ഫ്ലാറ്റ് തട്ടിപ്പുകളും നടന്ന, അല്ലെങ്കില്‍ ഇപ്പോഴും നടക്കുന്ന ഈ സാക്ഷരകേരളത്തില്‍ “തട്ടിപ്പിന്റെ മണികിലുക്ക”ങ്ങള്‍ ഇനിയും ഒരുപാട് കേള്‍ക്കാനിടയുണ്ട്....

Monday, June 20, 2011

ഒരു വയസ്സ്

ഇന്ന് (2011 ജൂണ്‍ 20) എന്റെ ബ്ലോഗിന് ഒരു വയസ്സ് തികയുന്നു.. 

ഒരു ബ്ലോഗ് തുടങ്ങാന്‍ എളുപ്പമാണ്... പക്ഷെ, അത് മുന്നോട്ട് കൊണ്ട് പോകല്‍ അത്ര എളുപ്പമല്ല എന്ന് എന്റെ മുന്‍പരിചയങ്ങളില്‍ നിന്ന്‌ മനസ്സിലായി. രണ്ടോ മൂന്നോ ബ്ലോഗുകള്‍ മുന്‍പ് ഞാന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പക്ഷെ, പിന്നീട് അതിലേയ്ക്ക് തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പക്ഷെ, ഇത് അങ്ങനെ ആവില്ല എന്ന് കരുതുന്നു. മുന്‍പും അങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്. എങ്കിലും, അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.

ഈ വാക്കുകള്‍ ആണ് ഞാന്‍ ആദ്യമായി ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. അതിന്റെ അഭിപ്രായങ്ങളില്‍ എന്റെ സുഹൃത്ത് ദീപു “ഇത് അങ്ങിനെ ആവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.“ എന്ന കമന്റും എഴുതി. ഇങ്ങനെ ദീപു അടക്കം എന്റെ പ്രിയസുഹൃത്തുക്കളുടെ ആശംസകളും പ്രാര്‍ത്ഥനകളും ആണ് ബ്ലോഗിനെ ഇന്ന് ഒന്നാം പിറന്നാളിലെത്തിച്ചത്. എല്ലാവര്‍ക്കും നന്ദി.

       ആദ്യത്തെ അഞ്ചാറു പോസ്റ്റുകള്‍ക്ക് ശേഷം അദ്ധ്യാപകജീവിതത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍..... എന്ന പോസ്റ്റ് ആണ് ഒരുപാട് പേര്‍ വായിച്ചത് എന്ന് എനിയ്ക്ക് ബ്ലോഗിന്റെ സ്ഥിതിവിവരകണക്കുകളില്‍ നിന്നും മനസ്സിലായി. കോളേജിലെ കുട്ടികളടക്കം കുറേ പേര്‍ ഈ പോസ്റ്റ് വായിച്ചിരുന്നു എന്നെനിക്ക് പിന്നീട് മനസ്സിലായി. 

          പിന്നീടുള്ള ഒരു പ്രിയ കൂട്ടുകാരിയുടെ ഓര്‍മ്മ......, മീതുവും മത്തങ്ങയും......, പോണ്ടിച്ചേരിയിലെ നേഴ്സ്, ഉയിരെടുത്ത ഉത്സവപ്പകിട്ട്, “ചേട്ടാ ഒരു ചായ “, മഴ, RC Phase Shift Oscillator, Digital Electronics Lab തുടങ്ങിയ പോസ്റ്റുകള്‍ ഒരുപാട് പേര്‍ വായിക്കുകയും, നല്ല അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. അതിലെ മീതുവും മത്തങ്ങയും...... ഇന്നും എല്ലാവരും പറഞ്ഞ് ചിരിക്കാറുണ്ട്. അതിലെ കഥാപാത്രം മീതു വിളിക്കുമ്പോള്‍ ഇപ്പോഴും അതിനെക്കുറിച്ച് പറയാറും ഉണ്ട്. 

           എന്നെ, ബ്ലോഗില്‍ എഴുതുന്നത് വായിച്ച് സ്ഥിരമായി വായിച്ച് അഭിപ്രായം പറയുന്നവര്‍ ഉണ്ട്. അവരെയും ഞാന്‍ ഇവിടെ ഓര്‍ക്കുന്നു. എന്റെ കൂടെ ജോലി ചെയ്തിരുന്ന സജീഷ് സാര്‍, അഫ് സല്‍ സാര്‍, കൂടെ ജോലി ചെയ്യുന്ന രശ്മി മിസ്സ്, കൂടെ പഠിച്ച കിരണ്‍, സിബി ചാര്‍ളി, മീതു, പ്രിയസുഹൃത്തുക്കളായ ടിനു, രാകേഷ്, കോളേജിലെ വിദ്യാര്‍ത്ഥികളായ മാലിനി, അഭിലാഷ്, അനഘ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. പേരെടുത്ത് പറയേണ്ട ആരൊക്കെയോ ഇനിയും ഉണ്ട്. അവരുടെ പേര് ഇവിടെ പരാമര്‍ശിക്കാത്തതില്‍, അവരോട് ക്ഷമ പറയേണ്ടതില്ല എന്നെനിക്കറിയാം... :)

          മുകളില്‍ പറഞ്ഞ സജീഷ് സാര്‍, ബ്ലോഗ് വായിക്കുകയും സജീഷിനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്നും പറയാറുണ്ട്. “സജീഷുപുരാണം”എന്ന പേരില്‍ ഉള്ള പോസ്റ്റ് എപ്പോഴെങ്കിലും എഴുതുന്നതാണ്. അതുപോലെ തന്നെ, അഭിലാഷിന്റെയും അനഘയുടേയും ബ്ലോഗുകള്‍ എന്റെ സുഹൃത്ത് സിബി ആണ് എനിക്കു കാണിച്ചു തന്നത്. മീതുവിനെ എല്ലാവര്‍ക്കും അറിയാമായിരിക്കും. മീതുവും മത്തങ്ങയും...... എന്നെ പോസ്റ്റിലെ നായികയാണ്...... അതുപോലെ എന്റെ സുഹൃത്ത് ടിനു, എന്റെ ബ്ലോഗ് വായിക്കുകയും അതിന് ശേഷം, ഗൂഗിളില്‍ മറ്റ് ബ്ലോഗുകള്‍ തിരഞ്ഞ് വായിക്കുകയും ചെയ്യുന്നു എന്ന് ഞാനറിഞ്ഞു. എം.ടെക്കിന് പഠിക്കുന്ന ടിനു, ഞാന്‍ കാരണം ഇപ്പോള്‍ പ്രൊജക്റ്റ് ഒന്നും ചെയ്യാതെ നല്ല ഒരു ബ്ലോഗ് വായനക്കാരിയായെന്ന് തോന്നുന്നു...... :)
                 കുറെ ബ്ലോഗെഴുത്തുകാരെ പരിചയപ്പെട്ടു. കുറെ, ബ്ലോഗുകളിലെ നല്ല നല്ല പോസ്റ്റുകള്‍ വായിച്ചു. ഓര്‍ക്കുടും, ഫെയ്സ് ബുക്കും എല്ലാം പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍ സഹായിച്ചു.....എല്ലാവര്‍ക്കും നന്ദി.....

വായനക്കാരുടെ അഭിപ്രായങ്ങളാണ് ബ്ലോഗിന്റെ ജീവന്‍. നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ അറിയിക്കും എന്ന് ഞാന്‍ കരുതുന്നു.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി.......

Friday, June 3, 2011

ഉച്ചഭക്ഷണം

ഇന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ ഇറങ്ങുമ്പോഴാണ് സലാം സാറും മെജോ സാറും വന്നത്. സലാം സാറിന്റെ കാര്‍ എടുക്കാന്‍ തീരുമാനിച്ചു.

         “എന്തായാലും കാറുണ്ടല്ലോ, ഇന്ന് വെള്ളിയാഴ്ചയും ആണ്, ഉച്ചയ്ക്ക് സമയവും ഉണ്ടല്ലോ... നമുക്ക് ഷാലിമാറില്‍ പോയാലോ ?” - പറഞ്ഞത് ഞാനായിരുന്നു.

           കാറില്‍ ഉണ്ടായിരുന്ന അരുണ്‍ സാര്‍, സലാം സാര്‍, മെജൊ സാര്‍ എല്ലാവരും അതംഗീകരിച്ചു. മെജോ സാര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്.

              വെട്ടിക്കാട്ടിരിയില്‍ നിന്നും ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിഞ്ഞു. അവിടെ ഉള്ള പള്ളിയുടെ മുന്‍പില്‍ എത്തിയപ്പോഴാണ് സലാം സാര്‍ ഇന്ന് വെള്ളിയാഴ്ചയാണല്ലോ പള്ളിയില്‍ പോകണമല്ലോ എന്നാലോചിച്ചത്. വാച്ചില്‍ നോക്കിയപ്പോള്‍ ഒരു മണി ആയിട്ടില്ല. ഭക്ഷണം കഴിക്കാന്‍ ഷാലിമാറില്‍ പോയാല്‍ പള്ളിയില്‍ പോകാന്‍ പിന്നെ സമയം കിട്ടില്ല. പള്ളിയില്‍ കയറണോ അതോ ഞങ്ങളോടൊപ്പം പോരണോ എന്നാലോചിച്ച സാര്‍ ഞങ്ങളോടൊപ്പം പോരാന്‍ തീരുമാനിച്ചു.

         അവിടെ നിന്ന് മെജോ സാര്‍ വണ്ടിയെടുത്തതും, ആ പള്ളിയുടെ മുന്‍പില്‍ വെച്ച്, റോഡിനു നടുവില്‍ വണ്ടി ഓഫ് ആയിപ്പോയി. എത്ര നോക്കിയിട്ടും വണ്ടി സ്റ്റാര്‍ട്ട് ആകുന്നില്ല. അപ്പോഴാണ് പെട്രോള്‍ തീര്‍ന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. പള്ളിയില്‍ കയറാതെ ഭക്ഷണം കഴിക്കാന്‍ പോകാന്‍ ശ്രമിച്ചതിന് ഞങ്ങള്‍ക്ക് ഉള്ള ശിക്ഷയാണോ അത് എന്ന് ഞങ്ങള്‍ സംശയിച്ചു......

          എന്തായാലും വണ്ടി വശത്തേക്ക് ഒതുക്കി ഇട്ട് കോളേജില്‍ ഉള്ള എബ്രഹാം സാറിനെ ഫോണ്‍ ചെയ്ത് ബൈക്ക് ആയി വരാന്‍ പറഞ്ഞു. സാറിന്റെ ബൈക്കില്‍ ഷൊര്‍ണൂര്‍ വരെ പോയി, പെട്രോള്‍ വാങ്ങിക്കൊണ്ടു വന്നാണ് വണ്ടിയെടുത്തത്. സലാം സാര്‍ പള്ളിയിലേക്കും പോയി. എന്തായാലും പിന്നെ, ഷാലിമാറില്‍ പോകാന്‍ സമയം ഇല്ലാത്തതിനാല്‍ കോളേജിന്റെ മുന്നില്‍ ഉള്ള കടയില്‍ നിന്നും കഴിച്ചു.

               ഇതാണോ “ദൈവത്തിന്റെ കളികള്‍ ?“

Thursday, June 2, 2011

പേപ്പര്‍ വാല്വേഷന്‍

വെക്കേഷന്‍ കഴിഞ്ഞു. 3 ആഴ്ച പോയതറിഞ്ഞില്ല. ഒരു മാസം വെക്കേഷന്‍ ഉണ്ടെങ്കിലും ഞാന്‍ 3 ആഴ്ചയേ ഇപ്പോള്‍ എടുത്തിട്ടുള്ളൂ. ഇപ്പോള്‍ നടക്കുന്ന ആറാമത്തെ സെമസ്റ്റര്‍ അവസാനിച്ചിട്ട് ബാക്കിയുള്ള ഒരാഴ്ച കൂടെ എടുക്കണം.

             കോളേജില്‍ എത്തിയപ്പോള്‍ എല്ലാവരേയും കണ്ട് ഹായ് പറഞ്ഞു. പുതിയതായി ചാര്‍ജ്ജെടുത്ത പ്രിന്‍സിപ്പാളിനേയും പരിചയപ്പെടാനിടയായി. ഞാന്‍, MES ല്‍ പഠിക്കുമ്പോള്‍ സാര്‍ അവിടെ ഉണ്ടായിരുന്നു. കുറ്റിപ്പുറത്താണ് വീട്. സാറിന്റെ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലും ഈയിടെ പോയിരുന്നു.

              മറ്റ് ക്ലാസുകളൊന്നും നടക്കാത്തതിനാല്‍, കുറച്ച് സമയം കിട്ടിയപ്പോള്‍ എന്റെ മേശ ഒന്ന് വൃത്തിയാക്കാന്‍ വിചാരിച്ചു. പേപ്പറുകളാണ് കൂടുതലും. ISO Certification സമയത്തെ പേപ്പറുകളാണധികവും.

           ആവശ്യമുള്ളതും ഇല്ലാത്തതുമായ പേപ്പറുകള്‍ വേര്‍തിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് യൂണിവേഴ്സിറ്റിയില്‍ നിന്നും, 2 മാസം മുന്‍പ് എനിക്ക് വന്ന പേപ്പര്‍ ശ്രദ്ധയില്‍ പെട്ടത്. അത് പരീക്ഷാപേപ്പര്‍ നോക്കാന്‍ ചെല്ലാനുള്ള ഒരു അറിയിപ്പായിരുന്നു.

              കഴിഞ്ഞ മാര്‍ച്ച് 30 ന് പേപ്പര്‍ വാല്വേഷന്‍ ആരംഭിക്കുമെന്നും,  അന്ന് വാല്വേഷന്‍ നടക്കുന്ന കോ‍ളേജില്‍ എത്തിച്ചേരണം എന്നും ആണ്‌ അറിയിപ്പുണ്ടായിരുന്നത്. എനിക്ക് അത് കിട്ടിയതാകെട്ടെ ഏപ്രില്‍ ആദ്യത്തെ ആഴ്ചയും. അയ്യോ, തിയ്യതി കഴിഞ്ഞുപോയല്ലോ എന്നൊക്കെ അന്ന് ആദ്യം വിചാരിച്ചു.

        എന്തായാലും ശരി, വാല്വേഷന്‍ നടക്കുന്ന കോ‍ളേജിലേക്ക് വിളിച്ചേക്കാം എന്ന് കരുതി ഫോണ്‍ ചെയ്തു. അപ്പോള്‍ കിട്ടിയ മറുപടി അതിലും രസകരമായിരുന്നു.

         “ഇതുപോലൊരു അറിയിപ്പ് ഇവിടേയും വന്നിട്ടുണ്ട്. പക്ഷെ, നോ‍ക്കാനുള്ള പേപ്പര്‍ ഇതുവരെ വന്നിട്ടില്ല്ല. ഒരാഴ്ച കഴിഞ്ഞിട്ട് വിളിച്ചിട്ട് വരൂ‍...“.

          അറിയിപ്പ് കിട്ടിയിട്ടും നോക്കാനുള്ള പേപ്പര്‍ വന്നിട്ടില്ല എന്ന ആ മറുപടി കേട്ടപ്പോള്‍, ഞാന്‍ ഞെട്ടിപ്പോയി. എന്തായാലും ശരി, ഒരാഴ്ച കഴിഞ്ഞ് വിളിക്കാം എന്ന് തീരുമാനിച്ചു. അറിയിപ്പ് ഒന്നുകൂടെ വായിക്കുന്നതിനിടയിലാണ് ഒരു കാര്യം കൂടെ ശ്രദ്ധയില്‍ പെട്ടത്. അറിയിപ്പ് പ്രിന്റ് ചെയ്തിരിക്കുന്നത് മാര്‍ച്ച് 31നും. അതായത്, മാര്‍ച്ച് 31 ഡേറ്റ് ഇട്ട് അയച്ച അറിയിപ്പില്‍ മാര്‍ച്ച് 30 ന് പേപ്പര്‍ വാല്വേഷന്‍ ആരംഭിക്കുമെന്നും, അതിന് എത്തിച്ചേരണമെന്നും ആണ്. മാര്‍ച്ച് 30 കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് ആ അറിയിപ്പ് ലഭിക്കുന്നത് എന്ന് മാത്രമല്ല, അപ്പോഴും നോക്കാനുള്ള പേപ്പര്‍ എത്തിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ച് നോക്കി.

“ഇവിടെ കുറച്ച് പേപ്പര്‍ വന്നിട്ടുണ്ട്. അത് ഇവിടെയുള്ളവര്‍ക്ക് പോലും ഇല്ല. കൂടുതല്‍ പേപ്പര്‍ വന്നാല്‍ കോളേജിലേക്ക് വിളിക്കാം..”

എന്തായാലും പിന്നീട് വിളിയൊന്നും വന്നില്ല.

        അപ്പോഴേക്കും ബെല്ലടിച്ചു. കവര്‍ എടുത്ത് വെച്ച് DSP ക്ലാസ് എടുക്കാനായി ക്ലാസിലേക്ക് നടന്നു........