Sunday, December 9, 2012

മധുരപ്രതികാരം

2012 ഡിസംബര്‍ 7 വെള്ളിയാഴ്ച - ഒരു ടീച്ചര്‍ ആയി ജോലി നോക്കിയതിന് ശേഷം ഏറ്റവും അധികം സന്തോഷിച്ച ദിവസമായിരുന്നു.

        അതിന്റെ കാരണം പറയുന്നതിന് മുന്‍പ്, 2009 ഡിസംബര്‍ അവസാനത്തില്‍ നടന്ന ഒരു ലാബ് പരീക്ഷയെക്കുറിച്ച് പറയണം...ഞാന്‍ ആദ്യമായി പഠിപ്പിച്ച ഒരു ക്ലാസിലെ ആ ഇലക്ട്രോണിക്സ് ലാബ് യൂണിവേഴ്‌സിറ്റി പരീക്ഷ നടക്കുകയായിരുന്നു. ഞാന്‍ തന്നെ ആയിരുന്നു ആ ലാബിന്റെ ഇന്റേര്‍ണല്‍ എക്സാമിനര്‍. അതിന് എക്‌സ്റ്റേര്‍ണല്‍ എക്‌സാമിനര്‍ ആയി വന്നത് ഒരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒരു സാറായിരുന്നു. അദ്ദേഹത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായം ആയിരുന്നില്ല കേട്ടിരുന്നത്.
          
          അദ്ദേഹം പരീക്ഷ നടത്തിയ രീതി ശരിയല്ല എന്നാണ് എന്റെ അന്നത്തേയും ഇന്നത്തേയും അഭിപ്രായം. വളരെ കുറച്ച് മാത്രം Experience ഉണ്ടായിരുന്ന എന്റെ പല അഭിപ്രായങ്ങളോടും വളരെക്കാലം Experience ഉണ്ടായിരുന്ന അദ്ദേഹം മുഖവിലക്കെടുത്തിരുന്നില്ല. ആ Experience ല്‍ അദ്ദേഹം അല്‍പ്പമെങ്കിലും അഹങ്കരിച്ചിരുന്നോ എന്നും ഞാന്‍ കരുതുന്നു. പരീക്ഷ നടത്തുന്നതിനിടയില്‍ അദ്ദേഹം പലപ്പോഴും കുട്ടികളോടും അല്‍പ്പമൊക്കെ മോശമായി പെരുമാറിയിരുന്നു. ഒരു പരീക്ഷാഹാളില്‍ അദ്ധ്യാപകന്‍ എങ്ങനെ ആയിരിക്കരുത് എന്ന് അദ്ദേഹം എനിക്ക് പഠിപ്പിച്ചു തന്നു.

        വളരെ നന്നായി പഠിച്ചിരുന്ന ഒരു കുട്ടി, ആ ലാബ് പരീക്ഷയില്‍ വളരെ അധികം മാര്‍ക്ക് കുറഞ്ഞ് പോയി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആ പെണ്‍കുട്ടി പൊട്ടിക്കരയുന്നത് കാണാനെ എനിക്കന്ന് കഴിഞ്ഞുള്ളൂ. അന്ന്‍, ആ കുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ പകച്ചു പോയി. 

       കൃത്യം പരീക്ഷ ജയിക്കാന്‍ ആവശ്യമായ 40 മാര്‍ക്കാണ് അന്ന് ആ കുട്ടിയ്ക്ക് ആ എക്സ്റ്റേര്‍ണല്‍ എക്സാമിനര്‍ നല്‍കിയത്. ഞാന്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്, ക്ലാസ് ടോപ്പര്‍ ആണെന്നൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു.

“നിങ്ങള്‍ മികച്ച കുട്ടികള്‍ എന്ന് പറയുന്നവര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മോശം കുട്ടികള്‍ക്ക് സമമാണ്”

      ആ വാക്കുകള്‍ എന്നെ അല്‍പ്പമൊന്നുമല്ല എന്നെ വിഷമിപ്പിച്ചത്.

      പക്ഷെ, കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഇതേ കുട്ടി ഇപ്പൊള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും, ക്യാമ്പസ് സെലക്ഷന്‍ വഴി നല്ലൊരു കമ്പനിയില്‍ പ്രവേശിക്കുകയും ചെയ്‌തു. ഇക്കഴിഞ്ഞ ഡിസംബര്‍ 7 ന് ഉച്ചയ്ക്ക് എന്റെ ജിമെയിലെ ചാറ്റില്‍ ഈ കുട്ടിയുടെ ഒരു മെസ്സേജ് കിടക്കുന്നുണ്ടായിരുന്നു. “സാര്‍, എനിക്ക് യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കുണ്ട്. ഇപ്പോള്‍ ഫോണ്‍ വന്നിരുന്നു. ”. ഒരു അദ്ധ്യാപകനായതിന് ശേഷം ഏറ്റവും സന്തോഷിപ്പിച്ച ദിവസം ആയിരുന്നു അത്. നിങ്ങളുടെ കോളേജിലെ മികച്ച കുട്ടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ മോശം കുട്ടിയ്ക്ക് സമമാണ്  എന്നു പറഞ്ഞ ആ സാറിനുള്ള ഒരു മികച്ച മറുപടി ആയിരുന്നു അത് എന്നതായിട്ടാണ് ഞാന്‍ ഈ റാങ്ക് നേട്ടത്തെ കാണുന്നത്. അദ്ദേഹം പറഞ്ഞ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ “മികച്ച കുട്ടികള്‍”ക്കൊന്നും ആദ്യ റാങ്ക് വിട്ടുകൊടുക്കാതെയുള്ള ഈ നേട്ടം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. 

       അന്ന്, ആ പരീക്ഷയില്‍ ഈ കുട്ടിയ്ക്ക് ഒരു 40 - 50 മാര്‍ക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നാം റാങ്കും രണ്ടാം റാങ്കും തമ്മില്‍ 40 ല്‍ അധികം മാര്‍ക്കിന്റെ വ്യത്യാസം ഉണ്ടെന്നാണ് ഞാന്‍ കേട്ടത്. 40 - 50 മാര്‍ക്ക് അന്ന് നഷ്ടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍, ഈ വ്യത്യാസം 100 മാര്‍ക്കിന്റെ അടുത്തെങ്കിലും എത്തുമായിരുന്നു.

        ഈ കുട്ടിയോടൊപ്പം അതേ ക്ലാസിലെ മറ്റൊരു കുട്ടി മൂന്നാം റാങ്കും നേടിയിട്ടുണ്ട്. കോളേജിന് മറ്റൊരു ബ്രാഞ്ചില്‍, വേറൊരു ഒന്നാം റാങ്കും അഞ്ചാം റാങ്കും ഉണ്ട്. അവരെയൊക്കെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ല. ഏവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

       ഇതിനു മുന്‍പും കോളേജിന് റാങ്ക് കിട്ടിയിട്ടുണ്ട്. പക്ഷെ, അതിലൊന്നും ഇല്ലാത്തെ ഒരു “മധുര പ്രതികാരം” ആയി ഞാന്‍ ഇതിനെ കണക്കാക്കുന്നു. ഒരിക്കല്‍ കൂടെ ഏവര്‍ക്കും അഭിനന്ദനങ്ങള്‍ !!!

Saturday, June 23, 2012

കൈയ്യടിയുടെ ശബ്ദം

കോഴിക്കോട് NIT യില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന “രാഗം 2012” ഉദ്ഘാടനം ചെയ്തത് പ്രശസ്ത സിനിമാസംവിധായകനായ ശ്രീ.രഞ്ജിത് ആയിരുന്നു. അന്ന് ഉദ്ഘാടനസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നതിനിടയില്‍ അടുത്ത ആഴ്ച മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന “സ്പിരിറ്റ്” എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ പേര് അദ്ദേഹം പറഞ്ഞപ്പോള്‍, കാണികള്‍ വന്‍ കരഘോഷം മുഴക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഈ “കൈയ്യടിയുടെ ശബ്ദം“ മോഹന്‍ലാല്‍ തിരിച്ചറിയട്ടെ എന്നും, സിനിമ നന്നാവട്ടെ എന്നും ആയിരുന്നു.

                 അങ്ങനെ കഴിഞ്ഞ ആഴ്ച “സ്പിരിറ്റ്” സിനിമ റിലീസ് ചെയ്തു. തലേ ദിവസം തന്നെ ടിക്കറ്റ് ഓണ്‍ലൈന്‍ ഒക്കെ റിസര്‍വ്വ് ചെയ്ത്, ആദ്യത്തെ ദിവസം തന്നെ സിനിമ കാണാനിടയായി.  സിനിമയുടെ മുക്കാല്‍ പങ്കിലധികവും “മദ്യപാനം, പുകവലി എന്നിവ ആരോഗ്യത്തിന് ഹാനികരം” എന്നെഴുതിക്കാണിക്കുന്നുണ്ട്. മദ്യപാനത്തിന്റേയും, പുകവലിയുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്ന സിനിമ രഞ്ജിത്തിന്റേയോ മോഹന്‍ലാലിന്റേയോ ഏറ്റവും മികച്ച സിനിമയാണ് എന്നെനിക്കഭിപ്രായമില്ല. പക്ഷെ, രഞ്ജിത്ത് നല്‍കിയ കഥാപാത്രം, മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിട്ടുമുണ്ട്. ഇത് നിങ്ങള്‍ക്ക് അറിയാവുന്ന, അല്ലെങ്കില്‍ നിങ്ങളുടെ തന്നെ കഥയാവാം എന്ന് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്ന കഥാപാത്രം രഘുനന്ദന്‍ പറയുന്നുണ്ട്.

            സിനിമയുടെ ഇടവേളയിലും, സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും, പുറത്ത് ആളുകളുടെ പുകവലിയുടെ മണം നിറഞ്ഞുനിന്നത് കണ്ടപ്പോള്‍ രഘുനന്ദന്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. “എന്നെ തല്ലണ്ട അമ്മാവാ, ഞാന്‍ നേരെയാവില്ല“ എന്ന് ആളുകള്‍ ഉറക്കെ വിളിച്ചു പറയുന്ന പോലെയും തോന്നി. ഒരു സിനിമ കൊണ്ടൊന്നും ആളുകളുടെ ലഹരി ഉപയോഗം നിര്‍ത്താന്‍ കഴിയും എന്നൊന്നും എനിക്കഭിപ്രായമില്ല. എങ്കിലും, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്ന സിനിമ കണ്ടിറങ്ങിയിട്ടും, കുറച്ച് നേരത്തെക്കെങ്കിലും, അത് ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്ന ആളുകളെ വിഷമത്തോടെ കണ്ടുനില്‍ക്കാനേ എനിക്ക് പറ്റിയുള്ളൂ.

              ശ്രീ. രഞ്ജിത്ത് പറഞ്ഞ ആ “കൈയ്യടിയുടെ ശബ്ദം“, കൈയ്യടിക്കുന്നതിനോടൊപ്പം, ജനങ്ങള്‍ സ്വയം തിരിച്ചറിയുകയും ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.......

Wednesday, May 30, 2012

പ്രൊഫഷണല്‍ കോഴ്‌സ് ഓപ്‌ഷന്‍ രജിസ്ട്രേഷന്‍ എങ്ങനെ ? (Professional Course (Engineering) Option Regsitration - Kerala)

കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഏകദേശധാരണ ആയിരിക്കുന്നതിനാല്‍ വളരെ വൈകാതെ തന്നെ ഓപ്‌ഷന്‍ കൊടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു കാര്യം ആണ് ഇത്. അശ്രദ്ധമായി കൈകാര്യം ചെയ്താല്‍ നമുക്ക് അര്‍ഹതപ്പെട്ട കോഴ്‌സ് / കോളേജ് കിട്ടില്ല എന്ന് മാത്രമല്ല, ഇഷ്ടമില്ലാത്ത കോഴ്‌സ് പഠിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായി തീരുകയും ചെയ്യും.

       ഇത്തവണ എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ, ഓപ്‌ഷന്‍ കൊടുക്കേണ്ടി വരാനും സാദ്ധ്യത ഉണ്ട് എന്നും ഈയിടെ വായിക്കാനിടയായി. റാങ്ക് അറിയാതെ ഓപ്‌ഷന്‍ കൊടുത്താലും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓപ്‌ഷന്‍സ് തിരുത്താന്‍ അവസരം കിട്ടും എന്നുറപ്പാണ്. പക്ഷേ, തുടക്കത്തില്‍ റാങ്ക് അറിയുന്നതിന് മുന്‍പ് ഓപ്‌ഷന്‍സ് കൊടുക്കേണ്ടി വന്നേക്കാം.

എഞ്ചിനീയറിംഗ് റാങ്ക് ഉണ്ടാക്കുന്നതെങ്ങനെ ?

കഴിഞ്ഞ വർഷം മുതൽ ‌+2 മാർക്ക് കൂടെ പരിഗണിക്കുന്നുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. +2 വിനും എൻ‌ട്രൻസിനും കിട്ടിയ മാർക്ക് 50:50 എന്ന അനുപാതത്തിൽ കൂട്ടിയിട്ടാണ് റാങ്ക് കണ്ടു പിടിക്കുന്നത്. എൻ‌ട്രൻസ് പരീക്ഷയ്ക്ക് കുട്ടികളും രക്ഷിതാക്കളും അമിതപ്രാധാന്യം കൽ‌പ്പിക്കുകയും, കുട്ടികൾ എൻ‌ട്രൻസ് കോച്ചിംഗ് സെന്ററുകളിലേയ്ക്ക് ഒഴുകുകയും, പണമുള്ളവന് മാത്രം കോച്ചിംഗ് ലഭിക്കുകയും, ഇല്ലാത്തവർ തഴയപ്പെട്ടിരുന്നതുമാണ് കഴിഞ്ഞ ഗവൺ‌മെന്റിനെ ഇങ്ങനെ ഒരു മാറ്റത്തിന് നിർബന്ധിതരാക്കിയത് എന്നാണ് വാദം. അതിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൂടെ ഉണ്ടാവാനിടയുണ്ട്. ഇങ്ങനെ രണ്ടും കൂടി കൂട്ടിയ മാർക്കിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ ആൾക്കാണ് ഒന്നാം റാങ്ക്. അതിന് താഴെയുള്ള ആൾക്ക് രണ്ടാം റാങ്ക് എന്ന ക്രമത്തിൽ പോകുന്നു. എൻ‌ട്രൻസിന് 10 മാർക്കെങ്കിലും കിട്ടാത്ത ആളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. ഇത്തവണ അങ്ങനെയുള്ള 25,000 പേരെങ്കിലും ഉണ്ടെന്നാണ് അറിവ്. അതുപോലെ തന്നെ +2വിന് എല്ലാ വിഷയത്തിലും ജയിക്കുന്നതിനോടൊപ്പം, മാത്‌സിൽ മാത്രമായി 50 ശതമാനം മാർക്കും, ഫിസിക്സിനും കെമിസ്‌ട്രിയ്ക്കും കൂടെ 50 ശതമാനം മാർക്കും വേണം. നിശ്ചിതസമയത്തിനകം എൻ‌ട്രൻസ് കമ്മീഷണറുടെ വെബ്‌സൈറ്റിൽ പോയി +2 മാർക്ക് കൊടുക്കാത്തവരേയും പരിഗണിക്കില്ല. +2 മാർക്ക് ലിസ്റ്റ് കോപ്പി എൻ‌ട്രൻസ് കമ്മീഷണർക്ക് തപാലിൽ അയച്ചു കൊടുക്കുകയും വേണം. ഇവിടെ ക്ലിക്ക് ചെയ്താൽ മാർക്ക് സബ്‌മിറ്റ് ചെയ്യാനുള്ള പേജിൽ എത്തും.

         ഇവിടെ ക്ലിക്ക് ചെയ്താൽ ഈ വർഷത്തെ പ്രവേശനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കിട്ടും. ഈ പേജിൽ നിന്നും കിട്ടുന്ന പ്രോസ്‌പെക്ടസിന്റെ 27 മത്തെ പേജിൽ +2 മാർക്കുകൾ നോർമലൈസ് ചെയ്യുന്ന രീതി മനസ്സിലാകും.


എന്താണ് നോർമലൈസേഷൻ ?

+2 വിന് രണ്ട് സിലബസ്സിൽ പഠിച്ചവർ എൻ‌ട്രൻസ് എഴുതിയിട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ +2 മാർക്കുകളിലും വ്യത്യാസം വരും. ഒരു സിലബസ്സിൽ പഠിച്ചവർക്ക് ചിലപ്പോൾ മറ്റുള്ളവരേക്കാൾ മാർക്ക് കൂടുതലോ കുറവോ കിട്ടാനിടയുണ്ട്. അത് പരീക്ഷ നടത്തിയ ചോദ്യപേപ്പറിനേയും സിലബസ്സിനേയും അനുസരിച്ചായിരിക്കും. എൻ‌ട്രൻസ് റാങ്ക് ഉണ്ടാക്കുമ്പോൾ 50 ശതമാനം മാർക്ക് +2 മാർക്കിനെ “ഡിപ്പെൻഡ്“ ചെയ്യുന്നത് കൊണ്ട്, ഈ വ്യതിയാനം റാങ്കിൽ ഉണ്ടാകാതിരിക്കാനാണ് “നോർമലൈസേഷൻ ” നടത്തുന്നത്.

            ഇത്തവണ എൻ‌ട്രൻസിന് കിട്ടിയ മാർക്കും, +2 മാർക്കും (ഫിസിക്സ്, മാത്‌സ്, കെമിസ്‌ട്രി മാർക്കുകൾ മാത്രം) 300 വീതം മാർക്കിലേയ്ക്ക് (രണ്ടും കൂടെ 600) നോർമലൈസ് ചെയ്തിട്ടാണ് റാങ്ക് കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 500 വീതം മാർക്കിലേക്കായിരുന്നു. കഴിഞ്ഞ വർഷത്തെ (2011) റാങ്ക് പട്ടിക തയ്യാറാക്കാൻ വേണ്ടി ഉണ്ടാക്കിയ മാർക്കുകളും (നോർമലൈഷേനു ശേഷം) ഓരോരുത്തർക്ക് കിട്ടിയ റാങ്കുകളും ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം. കഴിഞ്ഞ വർഷത്തേയും ഈ വർഷത്തേയും നോർമലൈസേഷനിൽ ഉള്ള വ്യത്യാസം കാരണം ഈ വർഷത്തെ റാങ്ക് ഈ പട്ടിക വെച്ച് നോക്കിയാൽ മാറ്റം വരാനിടയുണ്ട്. ഓരോ വർഷത്തേയും മാർക്കുകൾ ആ വർഷത്തെ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ നിലവാരത്തിനനുസരിച്ചായിരിക്കും. അതുപോലെ, റാങ്ക് ഓരോ സ്കീമിലും  മറ്റ് കുട്ടികളുടെ പ്രകടനത്തേയും ആശ്രയിച്ചിരിക്കും എന്നും ഓർക്കുക.

      നോർമലൈസേഷൻ ചെയ്യുന്നതിന് Mean, Standard Deviation എന്നിവ ആവശ്യമാണ്. കഴിഞ്ഞ വർഷത്തെ നോർമലൈസേഷന് ഉപയോഗിച്ച Mean & Standard Deviation എന്നിവയുടെ വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം.

ഓപ്‌ഷന്‍സ് പരിഗണിക്കുന്നതെങ്ങനെ ?

       പലര്‍ക്കും സംശയം ഉള്ള കാര്യം ആണ് ഇത്. എങ്ങനെയാണ് നമ്മുടെ ഓപ്‌ഷന്‍സ് പരിഗണിക്കുന്നത്. എന്‍‌ട്രന്‍സ് പരീക്ഷാകണ്‍‌ട്രോളര്‍, ഓപ്‌ഷന്‍സ് വാങ്ങിയതിന് ശേഷം, നമ്മുടെ ഓപ്‌ഷന്‍സിന്റെ ക്രമം അനുസരിച്ച് പരിഗണിച്ച്, നമുക്ക് അര്‍ഹതപ്പെട്ട ഓപ്‌ഷന്‍ അനുവദിച്ച് തരും.

ഉദാഹരണത്തിന്, 4 കുട്ടികൾ P, Q, R & S (യഥാക്രമം 1, 2, 3 &  4 റാങ്കുകൾ).എല്ലാ കോഴ്‌സുകൾക്കും ഓരോ സീറ്റ് വീതം എന്നും കരുതുക.

P യുടെ ഓപ്‌ഷനുകൾ

ഓപ്‌ഷന്‍ 1      -     A എന്ന കോളേജിലെ AA എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 2      -     B എന്ന കോളേജിലെ BB എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 3      -     C എന്ന കോളേജിലെ CC എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 4      -     D എന്ന കോളേജിലെ DD എന്ന കോഴ്‌സ്

Q യുടെ ഓപ്‌ഷനുകൾ

ഓപ്‌ഷന്‍ 1      -     B എന്ന കോളേജിലെ BB എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 2      -     A എന്ന കോളേജിലെ AA എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 3      -     C എന്ന കോളേജിലെ CC എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 4      -     D എന്ന കോളേജിലെ DD എന്ന കോഴ്‌സ്

R ന്റെ ഓപ്‌ഷനുകൾ

ഓപ്‌ഷന്‍ 1      -     A എന്ന കോളേജിലെ AA എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 2      -     B എന്ന കോളേജിലെ BB എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 3      -     C എന്ന കോളേജിലെ CC എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 4      -     D എന്ന കോളേജിലെ DD എന്ന കോഴ്‌സ്

S ന്റെ ഓപ്‌ഷനുകൾ

ഓപ്‌ഷന്‍ 1      -     A എന്ന കോളേജിലെ AA എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 2      -     B എന്ന കോളേജിലെ BB എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 3      -     C എന്ന കോളേജിലെ CC എന്ന കോഴ്‌സ്
ഓപ്‌ഷന്‍ 4      -     D എന്ന കോളേജിലെ DD എന്ന കോഴ്‌സ്

ഇവിടെ ആദ്യം ഒന്നാം റാങ്കുകാരനായ P യുടെ ഓപ്‌ഷനുകൾ പരിഗണിക്കും. അയാളുടെ ആദ്യത്തെ ഓപ്‌ഷനായ A എന്ന കോളേജിലെ AA എന്ന കോഴ്‌സ് അയാൾക്ക് അനുവദിച്ച് കിട്ടും. അതിനു ശേഷം രണ്ടാം റാങ്കുകാരനായ Q വിന്റെ ഓപ്‌ഷനുകൾ പരിഗണിക്കും. അയാളുടെ ആദ്യത്തെ ഓപ്‌ഷനായ B എന്ന കോളേജിലെ BB എന്ന കോഴ്‌സ് അയാൾക്ക് അനുവദിച്ച് കിട്ടും. എന്നാൽ മൂന്നാം റാങ്കുകാരനായ R ന്റെ ഓപ്‌ഷനുകൾ പരിഗണിക്കുമ്പോൾ അയാളുടെ ആദ്യത്തെ ഓ‌പ്‌ഷൻ പരിഗണിക്കുമ്പോൾ ആ സീറ്റ് ഒഴിവില്ലാത്തതിനാൽ (അത് P യ്ക്ക് അനുവദിച്ച് കഴിഞ്ഞു) രണ്ടാമത്തെ ഓപ്‌ഷൻ പരിഗണിക്കും. പക്ഷെ, അതും ഒഴിവില്ലാത്തതിനാൽ (അത് Q വിന് അനുവദിച്ചു കഴിഞ്ഞു) അയാളുടെ മൂന്നാമത്തെ ഓപ്‌ഷനായ C എന്ന കോളേജിലെ CC എന്ന കോഴ്‌സ് ആയിരിക്കും അയാൾക്ക് അനുവദിച്ച് കിട്ടുക. ഇതു പോലെ തന്നെ, അതിന് ശേഷം നാലാം റാങ്കുകാരനായ S ന്റെ ഓപ്‌ഷനുകൾ പരിഗണിക്കുമ്പോൾ അയാളുടെ നാലാമത്തെ ഓപ്‌ഷനായ D എന്ന കോളേജിലെ DD എന്ന കോഴ്‌സ് ആയിരിക്കും അയാൾക്ക് കിട്ടുക.

എന്താണ് ഹയർ ഓപ്‌ഷനുകൾ ?

നമുക്ക് അനുവദിച്ചതിന് ശേഷം, അതിന് മുകളിൽ നിൽക്കുന്ന ഓപ്‌ഷനുകൾ ആണ് നമ്മുടെ ഹയർ ഓപ്‌ഷനുകൾ. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ P, Q എന്നിവർക്ക് ഹയർ ഓപ്‌ഷനുകൾ ഒന്നും തന്നെ ഉണ്ടാവില്ല. കാരണം അവരുടെ ആദ്യത്തെ ഓപ്‌ഷൻ തന്നെയാണ് അവർക്ക് അനുവദിച്ച് കിട്ടിയിരിക്കുന്നത്. എന്നാൽ, R ന് ആദ്യത്തെ രണ്ട് ഓപ്‌ഷനുകൾ (A എന്ന കോളേജിലെ AA എന്ന കോഴ്‌സ് & B എന്ന കോളേജിലെ BB എന്ന കോഴ്‌സ്) ഹയർ ഓപ്‌ഷനുകൾ ആയി അവശേഷിക്കും. അതുപോലെത്തന്നെ S ന് ആദ്യത്തെ മൂന്ന് ഓപ്‌ഷനുകൾ (A എന്ന കോളേജിലെ AA എന്ന കോഴ്‌സ്,  B എന്ന കോളേജിലെ BB എന്ന കോഴ്‌സ് & C എന്ന കോളേജിലെ CC എന്ന കോഴ്‌സ്) എന്നിവ ഹയർ ഓപ്‌ഷനുകൾ ആയി അവശേഷിക്കും.

         ഇവിടെ ഓപ്‌ഷൻസ് അനുവദിച്ചതിന് ശേഷം നിശ്ചിത സമയത്തിനകം ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കാൻ പറയും. അത് ചെയ്തില്ലെങ്കിൽ അവരുടെ അവസരം നഷ്ടപ്പെടുകയും ഹയർ ഓപ്‌ഷനുകൾ ക്യാൻസൽ ആയി പോകുകയും ചെയ്യും. ഉദാഹരണത്തിന് ഇവിടെ Q എന്ന ആൾ ചേർന്നില്ല എന്നു കരുതുക. അതായത്  B എന്ന കോളേജിലെ BB എന്ന കോഴ്‌സിനുള്ള സീറ്റ് ഒഴിവ് വന്നു. ഹയർ ഓപ്‌ഷനുകൾ പരിഗണിക്കുമ്പോൾ R എന്ന കുട്ടി,  തന്റെ ഹയർ ഓപ്‌ഷനായ B എന്ന കോളേജിലെ BB എന്ന കോഴ്‌സിലേയ്ക്ക് മാറും. അപ്പോൾ ആദ്യം കിട്ടിയ C എന്ന കോളേജിലെ CC എന്ന കോഴ്‌സിലേയ്ക്ക് സീറ്റ് ഒഴിവ് വരികയും S എന്ന കുട്ടി, ഈ കോഴ്‌സിലേയ്ക്ക് മാറുകയും ചെയ്യും.

       ഹയർ ഓപ്‌ഷൻ കിട്ടിയാൽ നമ്മൾ മാറണം എന്ന് നിർബന്ധമാണ്. അത് ചെയ്തില്ലെങ്കിൽ, നമ്മുടെ പ്രവേശനം റദ്ദാക്കപ്പെടും. അല്ലെങ്കിൽ, നമ്മൾ ഹയർ ഓപ്‌ഷൻസ് നിശ്ചിത സമയത്തിനകം റദ്ദ് ചെയ്തിരിക്കണം. ഉദാഹരണത്തിന് ഇവിടെ Q എന്ന ആൾ തനിയ്ക്ക് അനുവദിച്ച B എന്ന കോളേജിലെ BB എന്ന കോഴ്‌സിൽ ചേർന്നില്ല എന്നും, R എന്ന ആൾ, തനിക്ക് ആദ്യം അനുവദിച്ച, C എന്ന കോളേജിലെ CC എന്ന കോഴ്‌സിൽ ചേർന്നതിന് ശേഷം, തന്റെ  എല്ലാ ഹയർ ഓപ്‌ഷനുകളും ക്യാൻസൽ ചെയ്തെന്നും കരുതുക. അപ്പോൾ ഹയർ ഓപ്‌ഷൻസ് പരിഗണിക്കുമ്പോൾ S എന്ന കുട്ടി, തന്റെ ഹയർ ഓപ്‌ഷനുകളിൽ പെട്ട B എന്ന കോളേജിലെ BB എന്ന കോഴ്‌സിലേയ്ക്ക് (Q എന്ന കുട്ടി ചേരാത്തതിനാൽ ഒഴിവ് വന്ന സീറ്റ്) ആയിരിക്കും പ്രവേശനം നേടുക.

റിസർവേഷൻ കൂടെ പരിഗണിക്കുമ്പോൾ, ഈ അലോട്ട്‌മെന്റിന് അതിന്റേതായ മാ‍റ്റങ്ങൾ കൂടെ വരും എന്നോർക്കുക.


       ഓപ്‌ഷന്‍സ് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ താഴെപ്പറയുന്നു.

1. ജീവിതകാലം മുഴുവന്‍ ബാധിക്കുന്ന കാര്യം ആയതിനാല്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സ് / കോളേജ് പ്രത്യേകം ശ്രദ്ധിക്കുക.
                  വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യം ആണ് ഇത്. അതു പോലെ തന്നെ,  “കിട്ടിയാല്‍ ചേരില്ല എന്നുറപ്പുള്ള കോഴ്‌സുകള്‍ക്ക് യാതൊരു കാരണവശാലും ഓപ്‌ഷന്‍സ് കൊടുക്കരുത്.“ ആ ഇഷ്ടമില്ലാത്ത ഓപ്‌ഷന്‍ കിട്ടിയാല്‍ നമ്മള്‍ ചേരാന്‍ നിര്‍ബന്ധിതരാവും. ചിലപ്പോള്‍ ഹയര്‍ ഓപ്‌ഷന്‍സ് കിട്ടിയില്ല എന്നും വരും.  അപ്പോൾ നമ്മൾ ആ ഇഷ്ടമില്ലാത്ത കോഴ്‌സ് പഠിക്കേണ്ടി വരും. എന്നാലും, ഏതെങ്കിലും കോഴ്‌സിന് കിട്ടിയാല്‍ മതി, ഞാന്‍ പഠിക്കും എന്നുള്ളവര്‍ക്ക്, വേണമെങ്കില്‍ അവസാനത്തെ ഓപ്‌ഷന്‍സായി ഇതു കൊടുക്കാം. പക്ഷെ, അത് ഒരു നല്ല സ്വഭാവമല്ല.

2. എനിക്ക് ഈ കോഴ്‌സ് / കോളേജ് കിട്ടില്ല എന്ന് വിചാരിച്ച് ഒരു ഓപ്‌ഷനും വിട്ടുകളയരുത്

            വളരെ ഉയര്‍ന്ന റാങ്ക് ഉള്ളവര്‍ക്കുള്ള കാര്യം അല്ല ഇത്. ഉദാഹരണത്തിന്, ഇലക്ട്രോണിക്സ് &; കമ്മ്യൂണിക്കേഷന്‍ പഠിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു കുട്ടിയ്ക്ക്, റാങ്ക് 5000 ആണ് എന്ന് കരുതുക. ആ കുട്ടിയ്ക്ക് തിരുവനന്തപുരം ഗവണ്‍‌മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഈ കോഴ്‌സ് കിട്ടില്ല എന്ന് 100 ശതമാനം ഉറപ്പാണ്. എന്നാലും ഓപ്‌ഷന്‍ കൊടുക്കുമ്പോള്‍ ഇത് തന്നെ ആദ്യത്തെ ഓപ്‌ഷന്‍ ആയി കൊടുക്കണം. എന്തെന്നാല്‍, കിട്ടിയാല്‍ വളരെ സന്തോഷം ഉള്ള കാര്യം ആണ് ഇത്. എനിക്ക് ഈ കോഴ്‌സ് / കോളേജ് കിട്ടില്ല എന്ന് വിചാരിച്ച് ഒരു ഓപ്‌ഷനും വിട്ടുകളയരുത് എന്ന് സാരം. അങ്ങനെ വിട്ടു കളയുമ്പോള്‍, ചിലപ്പോള്‍ നമുക്ക് അര്‍ഹതപ്പെട്ട കോഴ്‌സ് ചിലപ്പോൾ കിട്ടില്ല എന്ന് മാത്രമല്ല, അതിനേക്കാളും താഴെയുള്ള കോഴ്‌സ് / കോളേജില്‍ പഠിക്കേണ്ടി വരും. അതിനാല്‍ കിട്ടില്ല എന്നുറപ്പുള്ളതും, കിട്ടിയാല്‍ വളരെ സന്തോഷം എന്നുള്ളതും ആയ കോഴ്‌സുകള്‍ക്കുള്ള ഓപ്‌ഷന്‍സ് ആദ്യം കൊടുക്കുക. 

3. പാസ്‌വേർഡുകൾ കൈമാറ്റം ചെയ്യരുത്
        
        യാതൊരു കാരണവശാലും ലോഗിൻ ചെയ്യുന്നതിനാവശ്യമായ പാസ്‌വേർഡുകൾ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കരുത്. ഇവ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതാലാണ്. അടുത്ത കൂട്ടുകാർക്ക് പോലും ഇത് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറന്നു പോകാതിരിക്കാൻ, ഇവ വീട്ടിൽ എഴുതി വളരെ ഭദ്രമായി സൂക്ഷിക്കുക. ഒരിക്കലും കമ്പ്യൂട്ടറിൽ ഇവ “ടൈപ്പ്” ചെയ്ത് വെച്ച് സൂക്ഷിക്കാതിരിക്കുക. പാസ്‌വേർഡ് മറ്റാർക്കെങ്കിലും കിട്ടി എന്ന് സംശയം തോന്നിയാൽ പോലും ഉടൻ പാസ്‌വേർഡ് മാറ്റുക.

4. ട്രയൽ അലോട്ട്‌മെന്റുകളിൽ നിർബന്ധമാ‍യും പങ്കെടുക്കുക.

          ഓപ്‌ഷൻസ് കൊടുത്തതിന് ശേഷം ട്രയൽ അലോട്ട്‌മെന്റുകൾ ഉണ്ടാകാറുണ്ട്. ഇവയിൽ നിർബന്ധമായും പങ്കെടുക്കണം. ട്രയൽ അലോട്ട്‌മെന്റുകൾക്ക് ശേഷവും ഓപ്‌ഷൻസ് ചേർക്കാനും ക്രമം മാറ്റാനും അവസരമുണ്ടാകും. ട്രയൽ അലോട്ട്‌മെന്റ് അല്ലേ, അതു കഴിഞ്ഞിട്ട് എന്റെ ഓപ്‌ഷൻസ് കൊടുക്കാം എന്ന് വിചാരിക്കരുത്. ട്രയൽ അലോട്ട്‌മെന്റുകളിൽ പങ്കെടുത്താൽ, നമ്മുടെ പൊസിഷൻ എവിടെയാണ്, എന്തൊക്കെ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് എന്നിവയെക്കുറിച്ചൊക്കെ വളരെ വ്യക്തമായ രൂപം കിട്ടും.

                അതുപോലെ തന്നെ, ഓപ്‌ഷനുകൾ കൊടുക്കാൻ അവസാനദിവസം വരെ കാക്കരുത്. ഒരുപാട് പേർ ഒരുമിച്ച് ശ്രമിക്കുമ്പോൾ നമുക്ക് ചിലപ്പോൾ ഓപ്‌ഷൻ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലാന്നു വരും. അതു പോലെ തന്നെ, കമ്പ്യൂട്ടർ വർക്ക് ചെയ്യാത്തതുകൊണ്ടോ, കറന്റ് ഇല്ലാത്തത് കൊണ്ടോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ചിലപ്പോൾ നമുക്ക് ഓപ്‌ഷൻ കൊടുക്കാൻ കഴിയാതെ വന്നേക്കം.


5. മികച്ചതേത് ?
          
          മികച്ച കോളേജ് / കോഴ്‌സ് ഏത് എന്നുള്ള സംശയം ഉണ്ടാകാനിടയുണ്ട്. ഉദാഹരണത്തിന് തൃശ്ശൂർ ഗവൺ‌മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കൽ എഞ്ചിനീയറിംഗ് ആണോ അതോ മറ്റേതെങ്കിലും സ്വാശ്രയ കോളേജിലെ ഇലക്ട്രോണിക്സ് ആണോ മികച്ചത് ? സ്വാഭാവികമായും വരാവുന്ന ഒരു സംശയം ആണിത്. തൃശ്ശൂർ ഗവൺ‌മെന്റ് എഞ്ചിനീയറിംഗ് സ്ഥാപിതമായിട്ട് വർഷങ്ങളായി. അതിനാൽ അവിടെ ലഭിക്കുന്ന സൌകര്യങ്ങളും, മികച്ച അധ്യാപകരും. ക്യാമ്പസ് പ്ലേസ്‌മെന്റും എല്ലാം കൂടാനിടയുണ്ട്. എന്നാൽ ഇലക്ട്രോണിക്സിനാണ് കൂടുതൽ സാധ്യതകൾ എന്നാണ് ഇപ്പോഴത്തെ സമൂഹം പറയുന്നതും വിലകൽ‌പ്പിക്കുന്നതും. അതു പോലെ തന്നെ, ഒരിക്കലും ഇഷ്‌ടമില്ലാത്ത കോഴ്‌സ് പഠിക്കരുത്. അതുകൊണ്ട്, ഇങ്ങനെ ഒരു ഘട്ടം വരുമ്പോൾ തീരുമാനം എടുക്കേണ്ടത് ഓരോരുത്തരുടേയും ചുറ്റുപാടുകൾക്കും താൽ‌പ്പര്യങ്ങൾക്കും അനുസരിച്ചായിരിക്കണം. അതുപോലെ തന്നെ, എല്ലാ കോഴ്‌സുകൾക്കും അതിന്റേതായ പോസിറ്റീവ് ഘടകങ്ങളും നെഗറ്റീവ് ഘടകങ്ങളും ഉണ്ടാകും.

6 സീറ്റുകൾ ?

ഇത്തവണ, എഞ്ചിനീയറിംഗ് പ്രവേശനത്തെക്കുറിച്ച് ഒരു ഏകദേശധാരണ ആയിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വിവരം. കേരളത്തിൽ 50000 - 55000 എഞ്ചിനീയറിംഗ് സീറ്റുകൾ ഉണ്ട്. ഗവൺ‌മെന്റ് കോളേജിലെ സീറ്റുകൾക്ക് പുറമെ, ഗവൺ‌മെന്റ് നിയന്ത്രണത്തിൽ ഉള്ള സ്വാശ്രയകോളേജുകൾ (LBS, IHRD, CAPE, KSRTC (SCT), & University Colleges), മറ്റു സ്വാശ്രയകോളേജുകൾ എന്നിവയാണ്‌ ഉള്ളത്. ഇവയിലെ സീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും കൃത്യമായ ധാരണം ഓപ്‌ഷൻ കൊടുക്കുമ്പോൾ വേണം. ഗവൺ‌മെന്റ് കോളേജുകളിൽ ഗവൺ‌മെന്റ് നിശ്ചയിക്കുന്ന കുറഞ്ഞ ഫീസ് മാത്രമേ ഉണ്ടാകൂ. ഗവൺ‌മെന്റ് നിയന്ത്രണത്തിൽ ഉള്ള സ്വാശ്രയകോളേജുകളിൽ (LBS, IHRD, CAPE, KSRTC (SCT), & University Colleges) രണ്ട് തരത്തിൽ ഉള്ള സീറ്റുകൾ ഉണ്ട്. അവിടെ മെറിറ്റ് സീറ്റിൽ ഒരു ഫീസും (25000 - 35000) അവരുടെ മാനേജ്‌മെന്റ് സീറ്റിൽ മറ്റൊരു ഫീസും (60000 - 65000) ആയിരിക്കും ഫീസ്. ഈ രണ്ട് സീറ്റുകളിലേയ്ക്കും എൻ‌ട്രൻസ് കമ്മീഷണർ നേരിട്ടാണ് പ്രവേശനം നടത്തുന്നത്. സ്വാശ്രയകോളേജുകളിലെ മെറിറ്റ് സീറ്റിൽ (50 ശതമാനം) മറ്റൊരു ഫീസ് (45000 - 65000) ആണുള്ളത്. ഈ മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്നവരിൽ 50 ശതമാനം പേർക്ക് (വരുമാനപരിധിയ്ക്ക് താഴെ നിൽക്കുന്നവർ ഉണ്ടെങ്കിൽ മാത്രം) 45000 രൂപയും, ബാക്കി 50 ശതമാനം പേർക്ക് 65000 രൂപയും ആണ് ഫീസ്. അവിടുത്തെ മാനേജ്‌മെന്റ് സീറ്റിൽ (ഫീസ് - 60000 - 90000 വും തിരിച്ച് കിട്ടുന്ന പലിശരഹിത നിക്ഷേപവും ഉണ്ടാകും) അതാത് മാനേജ്‌മെന്റുകൾ ആണ് പ്രവേശനം നടത്തുന്നത്. കഴിഞ്ഞ വർഷം എല്ലാം സീറ്റുകളിലും നേരിട്ട് പ്രവേശനം നടത്തിയിരുന്ന ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിൽ ഉള്ള കോളേജുകളിലെ 50 ശതമാനം സീറ്റിൽ ഇക്കുറി എൻ‌‌ട്രൻസ് കമ്മീഷണർ ആണ് പ്രവേശനം നടത്തുന്നത്. അവിടെ എല്ലാ സീറ്റുകളിലും 75000 രൂപയാണ് ഫീസ്. ഇവിടുത്തെ മാനേജ്‌മെന്റ് സീറ്റിൽ തിരിച്ച് കിട്ടുന്ന പലിശരഹിത നിക്ഷേപം ഉണ്ട്. എൻ‌ട്രൻസ് കമ്മീഷണൽ അഡ്‌മിഷൻ നടത്തുന്നവർക്ക് അത് ഉണ്ടോ എന്ന് വ്യക്തമല്ല.

Note : ഫീസിന്റെ കാര്യത്തിൽ വ്യതിയാനങ്ങൾ ഉണ്ടായേക്കാം......

കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന കാര്യങ്ങൾ ആയതിനാൽ എല്ലാം കൃത്യസമയത്ത്, വായിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയ്യുക.

Sunday, March 25, 2012

സച്ചിന്റെ സെഞ്ചുറികൾ ഇന്ത്യയെ തോൽ‌പ്പിക്കുന്നുണ്ടോ ?

സച്ചിൻ ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ എന്ന അഭിമാനകരമായ നേട്ടത്തിന് ഉടമയായിരിക്കുകയാണല്ലോ... അദ്ദേഹത്തിന്റെ സെഞ്ചുറികൾ ഇന്ത്യയെ തോൽ‌പ്പിക്കുന്നു എന്ന് ഒരു ആരോപണം ഉയർന്നു വന്നിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്.


       ഏകദിനക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറി അടക്കം 49 സെഞ്ചുറികൾ ആണ് അദ്ദേഹം നേടിയിരിക്കുന്നത്. അതിൽ 13 എണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റിരിക്കുന്നത്.

അതിന്റെ സാഹചര്യങ്ങള്‍ ഒന്ന് പരിശോധിക്കാം.

1. സെഞ്ചുറി നമ്പർ 6 - 1996 മാർച്ച് 2 ന് ശ്രീലങ്കയുമായി നടന്ന മത്സരം. അതിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ചുറി(137)യുടെ മികവിൽ നിശ്ചിത 50 ഓവറിൽ 271 റൺസ് ആണ് എടുത്തത്. അസ്സറുദ്ദീൻ നേടിയ 72 റൺസും മഞ്ജരേക്കറുടെ 32 റൺസും, പിന്നെ 22 റൺസ് എക്സ്ട്രാസും ആണ് എടുത്ത് പറയാനുള്ളത്. മറുപടി ബാറ്റിംഗിൽ പ്രഭാകറുടെ ആദ്യത്തെ 4 ഓവറിൽ 47 റൺസ് ആണ് അടിച്ച് കൂട്ടിയത്. ഈ മത്സരത്തിൽ10 ഓവറിൽ 41 റൺസ് മാത്രം ആണ് സച്ചിൻ വഴങ്ങിയിട്ടുള്ളത്. (ശരാശരി 4.10) കുംബ്ലെ ഒഴികെ ബാക്കിയുള്ളവരുടെയെല്ലാം ശരാശരി 5 ന് മുകളിൽ. ഇതിൽ സച്ചിൻ കാരണമാണോ ഇന്ത്യ തോറ്റത് ? ശ്രീലങ്ക ലോകകപ്പ് നേടിയതും ഈ ടൂർണമെന്റിലാണ്. സ്കോർ കാർഡ് കാണുക. 

2.  സെഞ്ചുറി നമ്പർ 9 - 1996 ഓഗസ്റ്റ് 28 ന് ശ്രീലങ്കയുമായി നടന്ന മത്സരം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ സച്ചിന്റെ സെഞ്ചുറിയുടെ (110) മാത്രം മികവിൽ 226 റൺസെടുത്തു. അതിൽ അസ്സറുദ്ദീൻ 99 പന്തിൽ നിന്നും 58 റൺസും ഗാംഗുലി 41 പന്തിൽ നിന്നും 16 റൺസും എടുത്തിട്ടുണ്ട്. മറുപടി ബാറ്റിംഗിൽ പ്രസാദിന്റെ 6 ഓവറിൽ 47 റൺസ് അടിക്കുകയും താരതമ്യേന ചെറിയ സ്കോർ മറികടക്കുകയും ചെയ്തു. ഇതിലും സച്ചിൻ കാരണമാണോ ഇന്ത്യ തോറ്റത് ? സ്കോർ കാർഡ് കാണുക.

3. സെഞ്ചുറി നമ്പർ 14 - 1998 ഏപ്രിൽ 22 ന് ഓസ്ട്രേലിയക്കെതിരെ ഷാർജയിൽ വെച്ച് നടന്ന മത്സരം. സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി ഇത് കണക്കാക്കുന്നു. ഓസ്ട്രേലിയയുടെ 284 ന് മറുപടിയായി ഇന്ത്യ 46 (മത്സരം 50 ഓവറിൽ നിന്ന് വെട്ടിക്കുറച്ചു) ഓവറിൽ 250 റൺസ് എടുത്തു.അതിൽ 131 പന്തിൽ 143 റൺസ് ആണ് സച്ചിൻ നേടിയത്. നയൻ മോംഗിയ 46 പന്തിൽ നേടിയ 35 റൺസ് ആണ് പിന്നീടുള്ള ഉയർന്ന സ്കോർ. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനലിൽ എത്തുകയും, ഇതേ സച്ചിന്റെ മറ്റൊരു സെഞ്ചുറിയിലൂടെ ഇന്ത്യ കപ്പ് നേടുകയും ചെയ്തു. തലയ്ക്ക് മുകളിലൂടെ സച്ചിൻ സിക്സറടിക്കുന്നത് സ്വപ്നം കാണുന്നു എന്ന് ഷെയ്ൻ വോൺ പിന്നീട് പറഞ്ഞത് ചരിത്രം. സ്കോർ കാർഡ് കാണുക.

4. സെഞ്ചുറി നമ്പർ 26 - 2000 ഒക്ടോബർ 20 ന് ശ്രീലങ്കയുമായി നടന്ന ഈ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സച്ചിന്റെ സെഞ്ചുറിയുടെ മാത്രം പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ നേടിയത് 226 റൺസാണ്. സച്ചിന്റെ സെഞ്ചുറി (101) കഴിഞ്ഞാൽ റോബിൻ സിംഗ് നേടിയ 35 റൺസാണ് ഉയർന്ന സ്കോർ. പിന്നീട് 17 റൺസ് നേടിയ ഗാംഗുലിയും 17 റൺസ് ഉള്ള എക്സ്ട്രാസും ആണ് ഉള്ളത്. താരതമ്യേന ചെറിയ സ്കോർ പ്രതിരോധിക്കാൻ ഇന്ത്യൻ ബൌളർമാർക്കായില്ല. ഇവിടേയും സച്ചിനാണോ കളി തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

5.  സെഞ്ചുറി നമ്പർ 27 - 2000 ഡിസംബർ 8 ന് സിംബാബ് വേയുമായി നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് 283 റൺസാണ്. അതിൽ പകുതിയിലേറെയും നേടിയത് സച്ചിൻ (146) ആണ്. പിന്നീടുള്ള ഉയർന്ന സ്കോറുകൾ സഹീർ ഖാൻ നേടിയ 32 റൺസും, ദ്രാവിഡ് നേടിയ 30 റൺസും ആണ്. സിംബാബ് വേയുടെ മികച്ച ബാറ്റിംഗ് ഒരു പന്ത് ശേഷിക്കേ അവരെ ജയിപ്പിച്ചു. ഇവിടേയും സച്ചിൻ ആണോ കളി തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

6.  സെഞ്ചുറി നമ്പർ 30 - 2001 ഒക്ടോബർ 5 ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗാംഗുലി (127) യുടേയും സച്ചിന്റേ (101) യും സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 279 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ മികച്ച ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണിൽ മത്സരം ജയിച്ചു. ബൌളിംഗിൽ 5 ൽ താഴെ ശരാശരി ഉണ്ടായിരുന്നത് അഗാർക്കറിന് മാത്രം. ഇവിടേയും സച്ചിൻ ആണോ മത്സരം തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

7. സെഞ്ചുറി നമ്പർ 37 - 2004 മാർച്ച് 14 ന് പാകിസ്താനെതിരെ അവരുടെ നാട്ടിൽ വെച്ച് നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറി 329 റൺസ് അടിച്ചു കൂട്ടി. സഹീർ ഖാൻ 7 ഓവറിൽ 72 റൺസും ബാലാജി 6 ഓവറിൽ 47 റൺസും ആണ് വഴങ്ങിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 317 റൺസിന് പുറത്തായി. ഇതിൽ സച്ചിൻ നേടിയത് 141 റൺസാണ്. പിന്നീടുള്ള ഉയർന്ന സ്കോർ എക്സ്ട്രാസിൽ കിട്ടിയ 37 റൺസാണ് എന്നതാണ് ഏറെ രസകരമായ വസ്തുത. ഇവിടെയും സച്ചിൻ ആണോ മത്സരം തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

8. സെഞ്ചുറി നമ്പർ 38 - 2005 ഏപ്രിൽ 12 ന് പാകിസ്താനുമായി നടന്ന ഈ മത്സരത്തിൽ സച്ചിന്റെ സെഞ്ചുറി(123)യുടെ പിൻബലത്തിൽ നിശ്ചിത 48 ഓവറിൽ നേടിയത് 315 റൺസാണ്. പിന്നീടുള്ള ഉയർന്ന സ്കോറുകൾ ധോണിയുടെ 47 ഉം എക്സ്ട്രാസ് ഇനത്തിൽ കിട്ടിയ 39 ഉം ആണ്. മറുപടി ബാറ്റിംഗിൽ പാകിസ്താൻ അവസാന പന്തിൽ മത്സരം ജയിച്ചു. സഹീർ ഖാൻ 9 ഓവറിൽ 75 ഉം ബാലാജി 7 ഓവറിൽ 52 ഉം റൺസാണ് വിട്ടുകൊടുത്തത്. സ്കോർ കാർഡ് കാണുക.

9. സെഞ്ചുറി നമ്പർ 39 - 2006 ഫെബ്രുവരി 6 ന് പാകിസ്താനുമായി നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ചുറി(100) യുടേയും ഇർഫാൻ പഠാന്റേയും (65) ധോണി(68) യുടേയും ഇന്നിംഗ്സുകളിലൂടെയും 49.4 ഓവറിൽ  328 ന് ഓൾ ഔട്ടായി. പാകിസ്താൻ 47 ഓവറിൽ 311 റൺസെടുത്ത് ഡക് വർത്ത് നിയമപ്രകാരം മത്സരം ജയിച്ചു. ശ്രീശാന്ത് 9 ഓവറിൽ 75 ഉം മുരളി കാർത്തിക് 64 റൺസും വിട്ടുകൊടുത്തു. ഇവിടെ സച്ചിനാണോ മത്സരം തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

10 സെഞ്ചുറി നമ്പർ 40 - 2006 സെപ്റ്റംബർ 14 ന് വെസ്റ്റിൻഡീസുമായി നടന്ന ഈ മത്സരത്തിൽ സച്ചിന്റെ സെഞ്ചുറി(141)യുടെ മികവിൽ നിശ്ചിത 50 ഓവറിൽ 309 റൺസെടുത്തു. പിന്നീടുള്ള ഉയർന്ന സ്കോർ ഇർഫാൻ പഠാന്റെ 64 റൺസ് മാത്രം. 20 ഓവറിൽ 2 വിക്കറ്റിന് 141 റൺസ് വെസ്റ്റിൻഡീസ് എടുത്തപ്പോൽ ഡക് വർത്ത് ലൂയിസ് നിയമപ്രകാരം അവർ ജയിച്ചു. സ്കോർ കാർഡ് കാണുക.

11. സെഞ്ചുറി നമ്പർ 45 - 2009 നവംബർ 9 ണ് ഓസ്ട്രേലിയയുമായി നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 350 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 347 ന് എല്ലാവരും പുറത്തായി. സച്ചിൻ തന്റെ മികച്ച ഇന്നിംഗ്സുകളിലൊന്നാണ് അന്ന് കളിച്ചത്. 175 റൺസാണ് സച്ചിൻ അന്ന് അടിച്ച് കൂട്ടിയത്. പിന്നീടുള്ള ഉയർന്ന സ്കോർ സുരേഷ് റെയ്നയുടെ 59 മാത്രമാണ്. ഇവിടേയും സച്ചിൻ ആണോ മത്സരം തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

12. സെഞ്ചുറി നമ്പർ 48 - ലോകകപ്പിൽ 2011 മാർച്ച് 12 ന് ദക്ഷിണാഫിക്കയുമായി നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ചുറി (111) റൺസിന്റെ പിൻബലത്തിൽ 296 റൺസെടുത്തു. 48.4 ഓവറിൽ ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. സച്ചിൻ പുറത്തായതിന് ശേഷം അവസാനത്തെ 7 വിക്കറ്റുകൾ വെറും 20 റൺസുകൾക്കിടയിൽ ഇന്ത്യ കളഞ്ഞുകുളിച്ചു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയുടെ മികച്ച ബാറ്റിംഗ് പ്രകടനം മത്സരം ജയിപ്പിച്ചു. സ്കോർ കാർഡ് കാണുക.

13. സെഞ്ചുറി നമ്പർ 49 - 2012 മാർച്ച് 16 ന് ബംഗ്ലാദേശുമായി നടന്ന ഈ മത്സരത്തിൽ ആണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ തികച്ചത്. മാധ്യമങ്ങളും ആരാധകരുടേയും പ്രതീക്ഷകളുടെ ഭാരം ഒരു വർഷമായി ഏറി വന്നിരുന്ന സച്ചിൻ ഈ മത്സരത്തിൽ അൽ‌പ്പം ശ്രദ്ധയോടെയാണ് കളിച്ചത് എന്നത് ശരിതന്നെ. സച്ചിൻ 114 റൺസാണ് എടുത്തത്. അല്‍പ്പം മോശമായ ഇന്ത്യയുടെ ബൌളിംഗും ബംഗ്ലാദേശിന്റെ മികച്ച ബാറ്റിംഗും അവരെ ത്സരം ജയിപ്പിച്ചു. ബൌളിംഗിൽ സുരേഷ് റെയ്നയുടെ ഒഴികെ എല്ലാവരുടേയും ശരാശരി 5 ന് മുകളിലാണ്. ഈ ടൂര്‍ണമെന്റില്‍ ഇതേ ബംഗ്ലാദേശ് പിന്നീട് ശ്രീലങ്കയേയും തോല്‍പ്പിച്ച് ഫൈനലില്‍ എത്തുകയും, ഫൈനലില്‍ വെറും 2 റണ്‍സിന് മാത്രം പാകിസ്ഥാനോട് പരാജയപ്പെടുകയും ചെയ്തു. സ്കോർ കാർഡ് കാണുക.

            ഇതിലെ ഭൂരിഭാഗം സ്കോർ കാർഡുകൾ നോക്കിയാൽ അതിൽ സച്ചിൻ മാത്രം ആയിരിക്കും മികച്ച കളി പുറത്തെടുത്തിരിക്കുന്നത് എന്ന് കാണാനാവും. ക്രിക്കറ്റ് എന്നുള്ളത് ഒരു ടീം ഗെയിമാണ്. സച്ചിൻ ടെൻഡുൽക്കർക്ക് ഒറ്റയ്ക്ക് വിചാരിച്ചാൽ ചിലപ്പോള്‍ കളി ജയിപ്പിക്കാനാവില്ല. എന്നിട്ടും പലപ്പോഴും അത് ചെയ്തിട്ടുണ്ട് താനും.  മുകളിൽ പറഞ്ഞ സ്കോർ കാർഡുകളിൽ നിന്ന് സച്ചിന്റെ സെഞ്ചുറികൾ ഇന്ത്യയെ തോൽ‌പ്പിക്കുന്നില്ല എന്ന് നിസ്സംശയം പറയാം. അത് ഒരു വലിയ നാണക്കേടില്‍ നിന്നുള്ള രക്ഷിക്കല്‍ മാത്രമാണെന്നും കാണാനാവും. സച്ചിന്റെ സ്കോര്‍ കഴിഞ്ഞാല്‍ എക്സ്ട്രാസ് ഇനത്തില്‍ കിട്ടിയ റണ്‍സ് രണ്ടാമത്തെ ഉയര്‍ന്ന് സ്കോര്‍ ആയ മത്സരങ്ങളുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കുക. മുകളില്‍ പറഞ്ഞിരിക്കുന്ന ഏകദിന ഇന്നിംഗ്സുകളെപ്പോലെത്തന്നെ ആകും ടെസ്റ്റ് മത്സരങ്ങളിലേയും ഇന്ത്യ തോറ്റ മത്സങ്ങളുടേയും സ്ഥിതി.

           ഇന്ത്യൻ ടീമിലെ ഇപ്പോഴത്തെ ഭൂരിഭാഗം പേരും സച്ചിന്റെ കളി കണ്ട് വളർന്ന് വന്നവരാണ്. ഇന്ത്യയില്‍ ക്രിക്കറ്റിന് ഇത്രയധികം പ്രാധാന്യം വരാന്‍ സച്ചിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമാണെന്നുള്ളതില്‍ സംശയമില്ല.1992 ലോകകപ്പ് കളിച്ചവരിൽ സച്ചിൻ മാത്രമാണ് ഇന്ന് ലോകത്തിൽ തന്നെ ക്രിക്കറ്റ് കളിക്കുന്നത്.മോഹൻലാൽ ആരാധകർ മമ്മൂട്ടിയേയും മമ്മൂട്ടി ആരാധകർ മോഹൻലാലിനേയും കുറ്റം പറയുന്ന ഈ കാലത്ത്, അത് പോലെ സച്ചിനെ ഇഷ്ടപ്പെടാത്തവർക്ക് കാണിച്ച് തരാൻ മറ്റൊരു കളിക്കാരനില്ല എന്നതാണ് വാസ്തവം. സച്ചിനെ ഇഷ്ടപ്പെടാത്തവർ, സച്ചിനിലൂടെ തന്നെ ആണ്  ക്രിക്കറ്റ് എന്താണ് എന്ന് പഠിച്ചിട്ടുള്ളത്. കഴിഞ്ഞു പോയ ജീവിതത്തിന്റെ 80 ശതമാനത്തിലേറെയും ക്രിക്കറ്റിനായി നീക്കി വെച്ചിരുന്ന ആളാണ് ഈ താരം. അമിതപ്രതീക്ഷകൾ സച്ചിനിൽ സമ്മർദ്ദം കൂട്ടിയിരുന്നു എന്നുള്ളത് സത്യം തന്നെയാണ്. അദ്ദേഹവും ഒരു മനുഷ്യനാണ്. അദ്ദേഹത്തെ “ക്രിക്കറ്റിലെ ദൈവം” ആക്കിയത് നമ്മള്‍ കാണികൾ തന്നെയാണ്.

      കോഴവിവാദത്തിൽ പെട്ട് ആടിയുലഞ്ഞ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച് നിർത്തിയത് ഈ ഇതിഹാസതാരത്തിന്റെ സാന്നിധ്യം മാത്രമാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ഇപ്പോഴും ചെയ്യുന്ന താരം സച്ചിന്‍ തന്നെയാണ്.  ലോകകപ്പ് ജയിച്ച ശേഷം വിരാട് കോഹ് ലി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. “ കഴിഞ്ഞ 21 വർഷമായി സച്ചിൻ ഇന്ത്യയെ ഒറ്റയ്ക്ക് തോളിൽ ഏറ്റിയിരുന്നു. ഈ ലോകകപ്പാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.” ഏകദിനക്രിക്കറ്റിലെ പ്രഥമ ഡബിള്‍ സെഞ്ചുറി നേടിയ താരം ആണ് ഇദ്ദേഹം എന്നുള്ളതും ഈ സമയം ഓര്‍ക്കുക.

           ക്രിക്കറ്റ് എന്നുള്ളത് ഒരു വിനോദം മാത്രമാണ്. കാണികള്‍ക്ക് എത്ര കാലം വിനോദം നല്‍കാന്‍ കഴിയുമോ അത്രയും കാലം അദ്ദേഹം കളിക്കും. ഇത്രയും കാലത്തെ അനുഭവപാഠം ഉള്ള സച്ചിൻ എന്ന് ക്രിക്കറ്റിൽ നിന്ന് വിരമിക്കണം എന്ന് അദ്ദേഹത്തിനറിയാം. ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യവും ഇല്ല. സച്ചിൻ ഇനിയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഇന്ത്യ ജയിക്കുകയും ചെയ്യും.

Saturday, January 7, 2012

പ്രകാശന്‍

ഇന്നലെ NIT യില്‍ നിന്നും ഇറങ്ങിയപ്പോള്‍ 4:45 കഴിഞ്ഞിരുന്നു. 6:15 ന്റെ കണ്ണുര്‍ - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ കിട്ടണം എന്നുള്ളതിനാല്‍ ആദ്യം വന്ന ബസ്സില്‍ തന്നെ തിക്കിത്തിരക്കി കയറി. കോഴിക്കോടെത്താന്‍ ഏകദേശം മുക്കാല്‍ മണിക്കൂറെടുക്കും എന്നുള്ളതും, കോഴിക്കോട് സിറ്റിയിലെ തിരക്കും കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ എത്താനുള്ളതിനാലും സമയം കളയാനില്ലായിരുന്നു. എന്തായാലും 5:35 ന് ബസ്സ് പാളയത്തെത്തി. “പിള്ളൈ സ്നാക്സി“ല്‍ നിന്നും ദോശയും ഒരു ചായയും കഴിച്ചു. പുറത്തെ പ്രൈവറ്റ് ടിക്കറ്റ് കൌണ്ടറില്‍ നിന്നും കുറ്റിപ്പുറത്തേയ്ക്ക് ടിക്കറ്റ് എടുത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ 5:50 ആയതേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ആഴ്ച വൈശാഖുമായി ഈ സമയത്ത് പാളയത്തെത്തുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും, പിന്നീട് അവിടെ നിന്നുള്ള ഒരു ഓട്ടത്തിലൂടെ ആണല്ലോ സ്റ്റേഷനിലെത്തിയതെന്നൊക്കെ ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഞാന്‍ വണ്ടി വന്നിട്ടില്ല എന്ന് ശ്രദ്ധിച്ചത്. സാധാരണ ഈ സമയത്ത് അവിടെ എത്തുമ്പോള്‍ അവിടെ വണ്ടി കിടക്കാറുണ്ടായിരുന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെരാവെല്‍ എക്സ്പ്രസ് കിടക്കുന്നുണ്ടായിരുന്നു. അവിടെ കണ്ട ഗാര്‍ഡിനോട് വണ്ടി, കുറ്റിപ്പുറത്ത് നിര്‍ത്തുമല്ലോ എന്ന് ചോദിച്ചുറപ്പാക്കുകയും ചെയ്തു.

               അപ്പോഴാണ് ടിക്കറ്റ് മാറ്റി എടുക്കണമല്ലോ എന്നാലോചിച്ചത്. ടിക്കറ്റ് കൌണ്ടറിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ എനിക്ക് തോന്നി, ചിലപ്പോള്‍ ഇത് അബദ്ധമാകും. ഞാന്‍ ടിക്കറ്റ് എടുക്കുമ്പോഴേയ്ക്ക് വണ്ടി പോകും. ഇന്‍ഫര്‍മേഷന്‍ കൌണ്ടറില്‍ പാസഞ്ചര്‍ 6:15 ന് തന്നെ പോകും എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടു. എന്നാലും ഒന്ന് ചോദിച്ചുറപ്പിച്ചു. പാസഞ്ചറിന് പോകാം എന്ന് തീരുമാനിച്ച് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് നീങ്ങി. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍ ആ വെരാവെല്‍ എക്സ്പ്രസ് പോയി. ഉടന്‍ തന്നെ പാസഞ്ചര്‍ വരുകയും ചെയ്തു. പറഞ്ഞ പോലെത്തന്നെ, വണ്ടി 6:15 ന് എടുത്തു. കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും ഞാന്‍ പതിവു പോലെ ഉറക്കമായി. തിരൂരെത്തിയപ്പോഴാണ് ഉണര്‍ന്നത്.

                      തിരുന്നാവായ കഴിഞ്ഞപ്പോഴാണ് നുറുക്കുകളും, അല്ലറ ചില്ലറ ആ ഗണത്തില്‍ പെട്ട പലഹാരങ്ങളുമായി 10 - 12 വയസ്സ് മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി വില്‍പ്പനക്ക് വന്നത്. അവനെ കഴിഞ്ഞ യാത്രക്കിടയിലും കണ്ടിരുന്നു. പാസഞ്ചര്‍ ആയതിനാല്‍ ഒരുപാട് സീറ്റ് ഒഴിവുണ്ടായിരുന്നു. ഞാന്‍ ഇരുന്നതിന്റെ അടുത്ത് വന്നിരുന്നു അവന്‍. എന്റെ അടുത്തിരുന്ന ആള്‍ അവനോട് ചോദിച്ചു.

"എന്താ മോനേ വില ? “

“പാക്കറ്റിന് പത്ത് രൂപ “

“എന്താ മോനേ, ഈ ചെറുപ്പത്തില്‍ തന്നെ ഇങ്ങനെ നടക്കുന്നത് ?”

“ജീവിക്കേണ്ടേ ??? “

“നിന്റെ വീട് എവിടെയാ ? “

“അത്.. ഞാന്‍ പറയില്ല “ 

"അതെന്താ ? നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട് ? നീ സ്കൂളില്‍ പോകുന്നില്ലേ ? “

"ഇല്ല... പോകുന്നില്ല. വീട്ടില്‍ ഞാനും അമ്മയും മാത്രമേ ഉള്ളൂ. അച്ഛന്‍ വേറെ പെണ്ണുകെട്ടി പോയി. ഞാനും അമ്മയും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ. അമ്മ ഈ പലഹാരം ഒക്കെ ഉണ്ടാക്കിത്തരും. ഞാനത് ട്രെയിനിലൊക്കെ കൊണ്ടു നടന്ന് വില്‍ക്കും”

           അത് കേട്ട ഞാനടക്കം എല്ലാവരും ഞെട്ടിപ്പോയി. അത് പറയുമ്പോഴും അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. ഒരു തമാശ പറയുന്ന ലാഘവത്തോടെ ആണ് അത് അവന്‍ പറഞ്ഞു നിര്‍ത്തിയത്. അപ്പോഴേയ്ക്കും വണ്ടി കുറ്റിപ്പുറത്തെത്താറായിരുന്നു. അവന്‍ പലഹാ‍രങ്ങളൊക്കെ എടുത്ത് ബോഗിയുടെ വാതില്‍ക്കലേയ്ക്ക് നീങ്ങി. വണ്ടി നിര്‍ത്തിയാല്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് പോകാനായിരുന്നു അത്. അവന്‍ പോയതിന് പിന്നാലെ ഞാനും ബാഗെടുത്ത് വാതില്‍ക്കലേയ്ക്ക് നീങ്ങി. ഞാന്‍ വാതില്‍ക്കലെത്തിയപ്പോള്‍ അവന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. 

"എവിടെയാ നിന്റെ വീട് ?


"പട്ടാമ്പി “


"എനിക്ക് ഒരു രണ്ട് പാക്കറ്റ് നുറുക്ക് താ “ - ഞാന്‍ ഒരു ഇരുപത് രൂപ അവന് കൊടുത്തു.


“ നുറുക്ക് ഇടാന്‍ കവര്‍ വേണോ ?”


"വേണ്ട “   


"എന്താ നിന്റെ പേര് “


“പ്രകാശന്‍ “

   അപ്പോഴേയ്ക്കും വണ്ടി കുറ്റിപ്പുറത്ത് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തി. പലഹാരം നിറച്ച കുട്ടയുമായി അവന്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് ഓടി. സ്കൂളില്‍ പോകുകയും, കൂട്ടുകാരോടൊത്ത് കളിച്ച് നടക്കുകയും ചെയ്യേണ്ട ഈ കാലത്ത്, മനസ്സിലെ ദു:ഖങ്ങള്‍ എല്ലാം ഒളിപ്പിച്ച് വെച്ച്, ചുണ്ടില്‍ പുഞ്ചിരിക്കുന്ന മുഖവുമായി, ഇവന്‍ ഇത്രയും ചെറുപ്പത്തില്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി അധ്വാനിക്കുകയാണ്. ഈ ചെറുപ്രായത്തില്‍ പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കുടുംബത്തിന്റെ “പ്രകാശ“മായ പ്രകാശനോട് അടങ്ങാത്ത ബഹുമാനം തോന്നി.

          ഇന്ന് ഇത് ടൈപ്പ് ചെയ്യുന്നതിനിടയ്ക്കാണ് ചായ കുടിക്കാന്‍ പോയത്. അമ്മ ചായയുടെ കൂടെ പ്രകാശന്റെ അമ്മ ഉണ്ടാക്കിയ നുറുക്കാണ് എനിയ്ക്ക് തന്നത്.....