Sunday, April 12, 2020

വിശ്രമിക്കാറായിട്ടില്ല... പ്രവർത്തിച്ചു കൊണ്ടേ ഇരിക്കണം........

“വിശ്രമിക്കാറായിട്ടില്ല... പ്രവർത്തിച്ചു കൊണ്ടേ ഇരിക്കണം....”
ന്യൂസ് 18 ചാനലിൽ വാർത്താ അവതാരകൻ നമ്മുടെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറോട് വിശ്രമിക്കാൻ സമയമായോ എന്ന ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി ആണ്‌.
എത്ര ആത്മാർത്ഥമായാണ്‌ അവർ മറുപടി പറയുന്നത്. കാര്യങ്ങളെല്ലാം വിശദമായി പഠിച്ച് എത്ര മനോഹരമായാണ്‌ അവർ സംസാരിക്കുന്നത്. ഒന്നാംഘട്ട വ്യാപനത്തിനു ശേഷം ഇപ്പോൾ ഉള്ള രണ്ടാംഘട്ട വ്യാപനവും, അതു കഴിഞ്ഞാൽ ഉണ്ടാകാൻ സാധ്യതയുള്ള മൂന്നാംഘട്ട വ്യാപനം നേരിടാൻ വേണ്ടിയുള്ള അതിസാഹസിക പ്രവർത്തനങ്ങൾക്കു വരെ വിശദമായ പ്ലാൻ ആരോഗ്യവകുപ്പ് തയ്യാറാക്കി കഴിഞ്ഞു എന്നും അവർ പറയുകയുണ്ടായി. ഇനി നാലാം ഘട്ടം ഉണ്ടായാലും നേരിടാൻ ഇപ്പോളുള്ള ആരോഗ്യവകുപ്പിന്‌ കഴിയും എന്ന് അവർ പറയാതെ പറഞ്ഞു.
ഇത്ര നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുമ്പോൾ ആരോഗ്യവകുപ്പ് ഏറ്റെടുക്കാൻ “ഭയം” കാണിച്ചിരുന്ന ശൈലജ ടീച്ചറെ എനിക്കോർമ്മ വരുന്നു എന്ന് ചിരിച്ച് കൊണ്ട് അവതാരകൻ പറഞ്ഞപ്പോൾ, മന്ത്രി പറഞ്ഞ മറുപടിയുടെ ചുരുക്കം ഇങ്ങനെയായിരുന്നു. - അനാവശ്യമായ ആരോപണങ്ങൾ വരാൻ സാധ്യത ഉള്ളത് മാത്രമാണ്‌ എനിയ്ക്ക് തോന്നിയിരുന്നത്. പക്ഷെ, ഇവിടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് നല്ല അവസരമുണ്ട്. എല്ലാവരും സഹകരിക്കുന്നുണ്ട്. അതുകൊണ്ടാണ്‌ കാര്യങ്ങൾ നന്നായി പോകുന്നത്. - ശൈലജ ടീച്ചർ അല്ലാതെ വേറെ ആർക്കെങ്കിലും ഈ മന്ത്രിസഭയിൽ ഈ വകുപ്പ് ഇത്രയും നന്നായി കൊണ്ടുപോകാൻ പറ്റുമോ ? - സംശയമാണ്‌.
ഏത് അർദ്ധരാത്രിയിലും ഫോൺ ചെയ്യാൻ പറ്റുന്ന ആരോഗ്യമന്ത്രിയാണ്‌ നമുക്കുള്ളത് എന്ന് “നിപ്പ” വന്നപ്പോൾ ആ ടീമിൽ പ്രവർത്തിച്ച ഒരു ഡോക്ടറുടെ കുറിപ്പ് മുൻപ് സോഷ്യൽ മീഡിയയിൽ വായിച്ചിരുന്നു. ടെസ്റ്റ് റിസൽട്ടുകൾക്കായി അർദ്ധ രാത്രിയിലും കാത്തിരിക്കുന്ന മറ്റൊരു മന്ത്രി വേറെ ആരെങ്കിലും ഉണ്ടോ ?
എല്ലാം പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുമ്പോൾ, ആ അഭിനന്ദനങ്ങൾ ആരോഗ്യപ്രവർത്തകർക്കുള്ളതാണ്‌ എന്ന് ചിരിച്ചു കൊണ്ടാണ്‌ അവർ മറുപടി പറയുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും അവരുടെ എല്ലാ പിന്തുണയും നൽകുന്നു എന്നും അവർ പറഞ്ഞു. വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ആവശ്യമുള്ള സമയത്തെല്ലാം പ്രതിപക്ഷവും കൂടെ നിൽക്കുന്നു എന്ന് പറഞ്ഞ് മികച്ച ഒരു രാഷ്ട്രീയക്കാരിയായും മന്ത്രി വേഷപ്പകർച്ച ചെയ്തു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയാണ്‌ വേണ്ടെതെന്നും അതാണ്‌ നിങ്ങൾ തരേണ്ട പിന്തുണ എന്നും പറഞ്ഞ കൂട്ടത്തിൽ, നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ പോലീസിന്‌ നടപടി എടുക്കേണ്ടി വരും എന്ന രീതിയിൽ പറഞ്ഞ് വടി എടുത്ത് പേടിപ്പിക്കുന്ന “ടീച്ചറും” ആയി.
വിശ്രമിക്കാതെ നമുക്കായി പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്ന ആരോഗ്യവകുപ്പിലെ എല്ലാ പ്രവർത്തകർക്കും അതിന്റെ “ടീച്ചറമ്മ” യ്ക്കും ഒരായിരം അഭിനന്ദനങ്ങൾ.
“പോസിറ്റീവ് " വാർത്തകളേക്കാൾ "നെഗറ്റീവ്" വാർത്തകളാണല്ലോ നമ്മൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്. മുഴുവൻ "നെഗറ്റീവ് " വാർത്തകൾക്കായുള്ള കാലം വിദൂരമല്ല. കാത്തിരിക്കാം.