Friday, August 27, 2010

ഉയിരെടുത്ത ഉത്സവപ്പകിട്ട്

തൃശ്ശൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി വളരെ പ്രസിദ്ധമാണല്ലൊ. ഇന്നലെ, ജീവിതത്തില്‍ ആദ്യമായി ഞാനത് കാണാനിടയായി.

                 എന്റെ ഏട്ടന്‍ കല്യാണം കഴിച്ചിരിക്കുന്നത് തൃശ്ശൂരില്‍ നിന്നാണ്. ഇന്നലെ, അവിടെ പോകാനിടയായി. അപ്പോള്‍, പുലിക്കളി കാണാനായി പോയതാണ് ഞാന്‍. തൃശ്ശൂര്‍ നഗരത്തെ മുഴുവന്‍ ‘പുലി’കള്‍ കീഴടക്കിയ കാഴ്ച മനോഹരമായിരുന്നു. മാനമിരുണ്ടിരുന്നെങ്കിലും വലിയ മഴ ഇല്ലാഞ്ഞത് അനുഗ്രഹമായിട്ടെനിക്ക് തോന്നി. ചൂടും കുറവായിരുന്നു. വടക്കേ സ്റ്റാന്‍ഡിനടുത്ത് പാലസ് ഗ്രൌണ്ടിലേയ്ക്ക് കയറുന്ന വഴിയരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് പുലിക്കളി കാണാന്‍ റൌണ്ടിലേയ്ക്ക് നീങ്ങി. വടക്കുംനാഥന്റെ പ്രദക്ഷിണവഴികളിലെല്ലാം തന്നെ ജനങ്ങള്‍ പുലിക്കളി കാണാന്‍ എത്തിയിട്ടുണ്ട്.

                  ‘ബിനി’ സ്റ്റോപ്പില്‍ കുറേ ‘പുലി’കള്‍ ഉണ്ടായിരുന്നു. എല്ലാ പുലിക്കളി സംഘങ്ങളുടേയും കൂടെ പലതരം ഫ്ലോട്ടുകളും ഉണ്ട്. മമ്മൂട്ടിയുടെ അടുത്ത കാലത്തെ ചിത്രമായ "പഴശ്ശിരാ‍ജ“ യിലെ ഒരു രംഗം ആണ് ആദ്യം കണ്ട ഫ്ലോട്ടില്‍ കണ്ടത്.  കൂടെയുള്ള സുഹൃത്തിനോടൊപ്പം റൌണ്ടില്‍ നടക്കാ‍നാരംഭിച്ചു. അതിനിടയില്‍ നിധിന്‍ സാര്‍  പുലിക്കളി കാണാ‍ന്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയൊന്ന് വിളിച്ച് നോക്കി. എന്തോ തിരക്ക് കാരണം വന്നിട്ടില്ല എന്നറിഞ്ഞു.

                   അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു ഫ്ലോട്ട് കണ്ടു. ഒരു പാവപ്പെട്ട കുടുംബത്തെക്കുറിച്ചുള്ള ഒരു രംഗം ആണ് അവര്‍ ആവിഷ്കരിച്ചിരിക്കുന്നത്. അതില്‍ ഒരു നായയുടെ പ്രതിമ അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. പെട്ടെന്ന് എനിക്കോര്‍മ്മ വന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മാതൃഭൂമി പത്രത്തിന്റെ മുന്‍പേജാണ്. “ഉയിരെടുത്ത ഉത്സവപ്പകിട്ട് ” എന്ന പേരോടെ വന്ന ഒരു ചിത്രം ഒരുപാട് കാലം മനസ്സില്‍ നിന്നും മായാതെ നിന്നിരുന്നു. ഇന്നലെയാണ് അത് പിന്നെയും ഓര്‍മ്മവന്നത്. 

“ഉയിരെടുത്ത ഉത്സവപ്പകിട്ട് “
2000 ഡിസംബര്‍ 29 വെള്ളിയാഴ്ച - മാതൃഭൂമി
ഫോട്ടോ : ബി.ചന്ദ്രകുമാര്‍
                      
                                മനസ്സിനെ ഒരുപാട് വേദനിപ്പിച്ച ഈ മികച്ച ചിത്രം ഞാന്‍ എടുത്ത് വെച്ചിരുന്നു.  തൃശ്ശൂര്‍ പട്ടണത്തില്‍ തന്നെ 2000 ലെ കേരളോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന ഘോഷയാത്രയില്‍ “തെരുവ് സര്‍ക്കസ് കുടുംബം” എന്ന ഫ്ലോട്ടില്‍ പ്രദര്‍ശിപ്പിച്ച നായ ആ‍ണിത്. ആ നായയെ വിഷം കുത്തി വെച്ച് കൊന്നാണത്രെ ഈ ദാരുണദൃശ്യം ഒരുക്കിയത്. 2000 ഡിസംബര്‍ 29 വെള്ളിയാഴ്ചയിലെ മാതൃഭൂമി പത്രം ആണ് ഈ “ഉയിരെടുത്ത ഉത്സവപ്പകിട്ട്” പ്രസിദ്ധീകരിച്ചത്.
                  മൃഗസംരക്ഷണവകുപ്പ് എന്തോ നടപടി എടുക്കും എന്നൊക്കെ അന്ന് കേട്ടെങ്കിലും എന്തെങ്കിലും നടപടി എടുത്തോ‍ എന്ന് ഒരു അറിവും ഇല്ല.

Wednesday, August 25, 2010

മെസ്സേജുകള്‍

തിരുവോണത്തിന്റെ തലേന്ന് എനിക്കൊരു മെസ്സേജ് വന്നു. ഞാന്‍ പഠിപ്പിച്ചിരുന്ന ഒരു Student അയച്ചതാണ്.
"Happy Onam" in advance bcoz in dat day world's biggst beggers Tata, Reliance, Voda, BSNL, Aircel wil beg Re 1 for a msg. So lets avoid beggary. Advance HAPPY ONAM".

                           ആളുകള്‍ കൂടുതല്‍ മെസ്സേജുകള്‍ അയക്കുന്ന ദിവസം ആ മെസ്സേജുകള്‍ക്ക് പണം ഈടാക്കുക എന്ന വിപണനതന്ത്രം അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. ഓണത്തിന് ഒരു രണ്ട് - മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് എനിക്ക് വേറൊരു മെസ്സേജ് വന്നിരുന്നു. എത്രയോ പൈസയ്ക്ക് (എത്ര എന്ന് ഓര്‍മ്മയില്ല) റീചാര്‍ജ്ജ് ചെയ്താല്‍ 1000 മെസ്സേജുകള്‍ ഫ്രീ എന്നായിരുന്നു അതിന്റെ ഉള്ളടക്കം. അത് ഈ ഓണദിവസം കിട്ടുമോ ആവോ ? സാധ്യത ഇല്ല എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ഓണത്തലേന്ന്, എന്റെ കൂടെ ജോലി ചെയ്തിരുന്നതും ഇപ്പോള്‍ ഉപരിപഠനാര്‍ത്ഥം ലീവെടുത്തതും ആയ പിഷാരോടി സാറിനെ ഞാന്‍ വിളിച്ചിരുന്നു. സാര്‍, സ്ഥിരമായി മെസ്സേജുകള്‍ അയക്കാറുള്ള ആളായിരുന്നു. അന്ന്, വിളിച്ചപ്പോള്‍ സാറും ഇക്കാര്യം തന്നെ ആണ് പറഞ്ഞത്.

                           കേരളത്തില്‍ മെസ്സേജുകള്‍ അയക്കുന്നതിന് വിപ്ലകരമായ മാറ്റങ്ങള്‍ വരുത്തിയത് BSNL ന്റെ Student Suvidha എന്ന ഓഫര്‍ ആണെന്ന് എനിക്ക് തോന്നുന്നു. ഒരുമാസം ഏകദേശം 2000 മെസ്സേജുകള്‍ അയക്കാം എന്ന് തോന്നുന്നു ആ ഓഫറില്‍. അതായത് ഒരു ദിവസം ഏകദേശം 66 മെസ്സേജുകള്‍.

                          മെസ്സേജുകള്‍ വരുത്തിയ മറ്റൊരു മാറ്റം നമ്മുടെ എഴുത്തുകള്‍ക്കാണെന്ന് എനിക്ക് തോന്നുന്നു. You എന്നതിന് U എന്നും , for എന്നതിന് 4 എന്നും, Because എന്നതിന് becoz എന്നുമൊക്കെയായി എഴുത്തുകള്‍ക്ക് മാറ്റങ്ങള്‍ വന്നു തുടങ്ങി.

                       മെസ്സേജുകളെക്കുറിച്ച് പറയുമ്പോള്‍, റിയാലിറ്റി ഷോകളെക്കുറിച്ചും പറയാതിരിക്കാന്‍ കഴിയില്ലല്ലൊ.. വിജയി, ഒരു കോടി രൂപയുടെ ഫ്ലാറ്റ് നേടുമ്പോള്‍ മെസ്സേജ് അയക്കുന്നവര്‍ എന്തെങ്കിലും നേടുന്നുണ്ടോ എന്ന് സ്വയം ആലോചിക്കേണ്ടിയിരിക്കുന്നു. അല്ല, ഈ റിയാലിറ്റി ഷോകള്‍ക്ക് മെസ്സേജുകള്‍ അയക്കുന്ന ആളുകള്‍, മത്സരാര്‍ത്ഥികളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അല്ലാതെ മറ്റാരെങ്കിലും ഉണ്ടോ ?

                    എനിക്ക് ഫ്രീ മെസ്സേജുകള്‍ ഇല്ലാത്തതിനാല്‍, ഞാന്‍ തിരുവോണദിവസം തന്നെയാണ് സുഹൃത്തുക്കള്‍ക്കെല്ലാം മെസ്സേജുകളുടെ രൂപത്തിലുള്ള ഓണാശംസകള്‍ അയച്ചത്. എന്തൊക്കെയായാലും നമ്മുടെ ഇടയില്‍ വന്‍സ്വാധീനം ചെലുത്തുന്ന മെസ്സേജുകള്‍ ഇനിയും വന്ന് കൊണ്ടിരിക്കും, നമ്മള്‍ അയച്ചുകൊണ്ടിരിക്കുകയും ചെയ്യും........

Wednesday, August 18, 2010

ഉറക്കം

ഇന്ന് വൈകുന്നേരം, കോളേജില്‍ നിന്ന് വരുമ്പോള്‍ ബസ്സിലിരുന്ന് നന്നായി ഉറങ്ങിപ്പോയി. എല്ലാ ദിവസവും ഉറങ്ങാറുണ്ടെങ്കിലും, ഇന്ന് എടപ്പാളിലെ ഗതാഗതക്കുരുക്കിലെ വാഹനങ്ങളുടെ ബഹളം കേട്ടാണ് ഉണര്‍ന്നത്. അല്ലെങ്കില്‍ അതില്‍ തന്നെ യാത്ര തുടര്‍ന്നേനെ എന്നെനിക്ക് തോന്നുന്നു.

             ഉറക്കം - എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണല്ലോ... നല്ല മഴയുള്ള ദിവസങ്ങളില്‍ രാവിലെ ഉണര്‍ന്നതിന് ശേഷം, ഒന്നു കൂടെ പുതച്ചു മൂടി കിടന്നുറങ്ങാന്‍ ആര്‍ക്കാണിഷ്ടമില്ലാത്തത് ? ഉച്ചയ്ക് നല്ലൊരു ഊണ് കഴിച്ചതിന് ശേഷം, ഒന്നൊരുറങ്ങിയാല്‍ കിട്ടുന്ന സുഖം നല്ലൊരു അനുഭവമാ‍ണല്ലോ.... ഇങ്ങനെ ഉറക്കത്തെ കുറിച്ചാലോചിച്ചപ്പോള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം ഉറക്കത്തില്‍ സംഭവിച്ച ചില നല്ല രസകരമായ മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മ വന്നു.

            ആദ്യം എനിക്കോര്‍മ്മ വരുന്നത് എന്റെ കസിന്‍ അപ്പു (ശരത്) വിനെക്കുറിച്ചാണ്. അപ്പു മദ്രാസില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരിക്കല്‍ നാട്ടിലേയ്ക്ക് വരുന്ന സമയം ആയിരുന്നു. സാധാരണയിലും വളരെ നേരത്തെ തൃശ്ശൂരില്‍ എത്തുന്ന ഒരു രാത്രികാല ട്രെയിനില്‍ ആയിരുന്നു ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നത്. പക്ഷെ, വണ്ടി തൃശ്ശൂരില്‍ എത്തിയപ്പോള്‍ ഉറക്കത്തില്‍ പെട്ടതിനാ‍ല്‍ അപ്പു അറിഞ്ഞില്ല. വീട്ടിലെത്തേണ്ട സമയമായിട്ടും ആളെ കാണാനില്ല. വണ്ടി വന്നിട്ടില്ലേ എന്ന്  തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് വിളിച്ച് ചോദിച്ചപ്പോള്‍ വണ്ടി കൃത്യസമയത്ത് പോയല്ല്ലോ‍ എന്ന മറുപടി ആണ് കിട്ടിയത്. അപ്പുവിനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. അങ്ങനെ, ഒരു രണ്ട് - മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അപ്പു ഇങ്ങോട്ട് വിളിച്ചു. അപ്പോ‍ഴേയ്ക്കും വണ്ടി കോട്ടയത്ത് എത്തിയിരുന്നത്രെ. ഒന്ന് കൂടെ ഉറങ്ങിയിരൂന്നെങ്കില്‍ തിരുവനന്തപുരത്ത് എത്താമായിരുന്നു എന്നൊക്കെ ഞങ്ങളന്ന് പറഞ്ഞു......

                     എന്റെ മറ്റൊരു കസിന്‍ - അനുട്ടന്‍ (ശ്രീജിത്ത്), രാവിലെ ഒരു അഞ്ചര മണിയ്ക്ക് അലാറം വെക്കും. പക്ഷെ, മൊബൈല്‍ അലാറം അടിച്ച് അതിലെ ബാറ്ററി തീരാറായിട്ടാണത്രെ എണീക്കാറുള്ളത്. അലാറം അടിക്കുന്നതിനൊപ്പം ഉറങ്ങുന്ന ആളെ തല്ലി ഉണര്‍ത്തുന്ന ഒരു യന്ത്രം വാങ്ങിയാല്‍ കൊള്ളാം എന്നൊക്കെ പറയാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മടിയന്‍ മൊബൈലിലെ Snooze കണ്ടുപിടിച്ച ആളാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ദീപു അയച്ച ഒരു മെസ്സേജാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്.

                    ദീപുവിനെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. ഞങ്ങള്‍ ഒരുമിച്ചാണ് ബി.ടെക്കിന് പഠിച്ചത്. ഞങ്ങള്‍ മിക്കവാറും അടുത്താണ് പഠിക്കുന്ന കാലത്ത് ക്ലാസില്‍ ഇരുന്നിരുന്നത്. ദീപു ഉറങ്ങാത്ത പിരിയഡുകള്‍ വളരെ കുറവായിരുന്നു. രാത്രി മുഴുവന്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്ന് പകല്‍ ക്ലാസില്‍ വന്ന് ഉറങ്ങിയിരുന്ന ദീപുവിനെ ഞാനാണ് നാല് കൊല്ലം ക്ലാസില്‍ ഇടക്കിടെ വിളിച്ചുണര്‍ത്തിയിരുന്നത്.

                    എന്റെ ഏട്ടന്‍ തിരുവനന്തപുരത്ത് പഠിച്ചിരുന്ന കാലം. പഠിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയി. കറന്റ് പോയതിനാല്‍ മേശയുടെ മുകളില്‍ മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. പഠിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയി. മെഴുകുതിരി കത്തിത്തീര്‍ന്ന് അത് മേശമുകളിലേയ്ക് കത്തിപ്പിടിച്ചതിന് ശേഷമാണ് അറിഞ്ഞത്. പിന്നീടൊരിക്കല്‍, ജോലി ചെയ്യുന്ന കാലത്ത് വീട്ടില്‍ വന്ന് കസേരയില്‍ ഇരുന്നുറങ്ങിപ്പോയി. രാത്രി ഉണര്‍ന്ന്, കിടക്കാന്‍ വേണ്ടിപ്പോയപ്പോള്‍ തട്ടിത്തടഞ്ഞ് വീണ് പരിക്കുപറ്റുകയും ചെയ്തു.

                  ഉമേഷ് എന്റെ മറ്റൊരു ബന്ധു ആണ്. ചെറുപ്പത്തില്‍ ഒരിക്കല്‍ നേരത്തെ ഉറങ്ങിപ്പോയി. ഉമേഷിനോട് ഭക്ഷണം കഴിക്കേണ്ടെ എന്ന് ചോദിച്ചപ്പോള്‍ “എനിക്കിപ്പോള്‍ എല്ലാവരുടേയും മുടി മുറിക്കണം” എന്നാണ് പറഞ്ഞത്. അല്‍പ്പം കഴിഞ്ഞ് ഫോണ്‍ ശരിക്ക് വര്‍ക്ക് ചെയ്യാത്തതിനാല്‍ എന്ത് ചോദിക്കണം എന്ന് ചോദിച്ചപ്പോള്‍ “ഫോണിന്റെ ട്യൂബ് തിരിച്ചാല്‍ മതി “ എന്നാണ് പറഞ്ഞത്. ഫോണിന്റെ ട്യൂബ് എന്ന ഭാഗം ഞങ്ങളൊക്കെ അന്ന് ആദ്യമായിട്ടാണ് കേട്ടത്.

              ഇനി എന്നെക്കുറിച്ചു തന്നെ പറയാം. പണ്ട്, കുട്ടിക്കാലത്ത് “ഹിറ്റ്ലര്‍” എന്ന സിനിമ കാണാന്‍ ഞങ്ങളെല്ലാവരും കൂടെ പോയി. തിരിച്ച് വന്നതിന് ശേഷം രാത്രിയില്‍ ഉറക്കത്തില്‍ ഞാന്‍ ആ സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞത്രെ.  പിന്നീടൊരിക്കല്‍, ഒരു ദിവസം രാത്രി 8 മണിയായപ്പോള്‍ എന്നെ കാണാന്‍ ഇല്ല. എന്നെ അമ്മ അന്വേഷിച്ച് അടുത്ത വീ‍ട്ടില്‍ വരെപോയി.  ഞാന്‍ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്ന വിവരം കുറച്ച് കഴിഞ്ഞാണ് അമ്മ അറിഞ്ഞത്.

             ഇനി ഈ പോസ്റ്റ് അവസാനിപ്പിക്കാം എന്ന് കരുതിയതാണ്. ഓണ്‍ലൈന്‍ ഉള്ളവര്‍ ആരൊക്കെ എന്ന് തുറന്നിട്ടിരിക്കുന്ന ജി.മെയിലില്‍ ഞാന്‍ നോക്കി. എന്റെ കൂടെ എം.ടെക്കിന് പഠിച്ച നോബി ഓണ്‍ലൈന്‍ ഉള്ളത് കണ്ടു. അപ്പോഴാണ് മറ്റൊരു സംഭവം ഓര്‍മ്മ വന്നത്. എം.ടെക്കിന് പഠിക്കുന്ന കാലത്ത് ആദ്യത്തെ പരീക്ഷാക്കാലം. എം.ടെക്കിന് പഠിക്കുന്നവര്‍ക്ക് ഹോസ്റ്റലില്‍ സിംഗിള്‍ റൂം ആണ്. എല്ലാവരും തകര്‍ത്ത് പഠിക്കുകയാണ്. അതിനിടയില്‍ എന്റെ റൂമിന്റെ തൊട്ടടുത്ത റൂമിലെ നോബിയെ മറ്റൊരു സുഹൃത്തായ അശ്വിന്‍ വിളിക്കുന്നത് കേട്ടു. നോബി വിളി കേള്‍ക്കുന്നില്ല. അശ്വിന്‍ വിളിക്കുന്നത് കേട്ട് എല്ലാവരും എണീ‍റ്റ് വന്നു. നോബി മാത്രം എണീ‍ക്കുന്നില്ല. വാതിലിന് മുകളില്‍ ഉള്ള അഴികളിലൂടെ എത്തിനോക്കിയപ്പോള്‍ കട്ടിലില്‍ മലര്‍ന്ന് കിടക്കുന്നു നോബി. കുറെ വിളിച്ച് നോക്കി. ഒരു രക്ഷയുമില്ല. എണീക്കുന്നില്ല. അവസാനം കിഷോര്‍ കൊപ്പരപ്പു എന്ന ആന്ധ്രാക്കാരനായ ഞങ്ങളുടെ മറ്റൊരു ക്ലാസ് മേറ്റ് അല്‍പ്പം സാഹസികമായി എന്റെ റൂമിന്റെ ബാല്‍ക്കണിയില്‍ നിന്നും നോബിയുടെ റൂമിന്റെ ബാല്‍ക്കണിയിലേക്ക് കടന്നു. ഭാഗ്യത്തിന് ബാല്‍ക്കണി വാതില്‍ നോബി അടച്ചിരുന്നില്ല. നോബിയുടെ റൂമിന്റെ വാതില്‍ കിഷോര്‍ തുറന്നു തന്നു. ഞങ്ങള്‍ എല്ലാവരും കൂടെ നോബിയെ വിളിച്ചുണര്‍ത്തി. കണ്ണ് തുറന്ന നോബി ഞങ്ങളെക്കണ്ട് ഞെട്ടിപ്പോയി..........അത് പറഞ്ഞ് അവിടിരുന്ന് പൊട്ടിച്ചിരിച്ച് പഠിക്കാനുള്ള കുറെ സമയം ഞങ്ങള്‍ കളഞ്ഞു.

                ഇങ്ങനെ രസകരമായ ഓര്‍മ്മകള്‍ തല്‍ക്കാലം അവസാനിപ്പിക്കുകയാണ്. കാരണം സമയം ഇപ്പോള്‍ 11:30 കഴിഞ്ഞു. ഇനി ഉറങ്ങിയില്ലെങ്കില്‍ നാളെ രാവിലെ കോളേജില്‍ പോകാന്‍ വേണ്ടി കൃത്യസമയത്ത് എണീക്കില്ല............

ശില്‍പ്പി

കൈരളി ടി.വി യിലെ “മാമ്പഴം” എന്ന റിയാലിറ്റി ഷോ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പരിപാടിയാണ്. അധികം കാപട്യങ്ങളൊന്നും കാണിക്കാതെ നടക്കുന്ന ഈ പരിപാടി മറ്റ് റിയാലിറ്റി ഷോകള്‍ക്ക് ഒരു ഭീഷണിയുയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.
               
                        ഇന്ന്, ആ പരിപാടിയില്‍ ഒരു മത്സരാര്‍ത്ഥി മത്സരത്തില്‍ നിന്ന് പുറത്താവുന്ന അവസരത്തില്‍ ഒരു വിധികര്‍ത്താവ് ഇങ്ങനെ പറഞ്ഞു. “ഒരു ശില്‍പ്പി ശിലയില്‍ നിന്ന് ശില്‍പ്പം ഉണ്ടാക്കുമ്പോള്‍, ആവശ്യമില്ലാത്ത ഭാഗങ്ങള്‍ കളഞ്ഞ്, അതില്‍ ഒളിച്ചിരിക്കുന്ന രൂപത്തെ പുറത്ത് കൊണ്ട് വരികയാണ്.”

             അര്‍ത്ഥവര്‍ത്തായ ആ വാക്കുകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു. നമ്മളിലെ മനുഷ്യനെ കണ്ടെത്താന്‍, നമ്മളിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ നീക്കിക്കളഞ്ഞ്, നാം തന്നെ നമ്മുടെ ശില്‍പ്പിയാകാന്‍ ശ്രമിക്കുക. നമ്മള്‍ നല്ല്ലൊരു ശില്‍പ്പം ആയതിന് ശേഷം മാത്രം മറ്റുള്ളവരുടെ ശില്‍പ്പം ഉണ്ടാക്കാന്‍ ശ്രമിക്കുക.  എന്നാല്‍ കാപട്യങ്ങള്‍ നിറഞ്ഞ ഈ ലോകത്തിന് മനോഹരമായ ഒരു നാളെയുണ്ടാകും എന്നെനിക്ക് തോന്നുന്നു.

Wednesday, August 4, 2010

മുണ്ടമുക(മുണ്ടായ) അയ്യപ്പക്ഷേത്രം

രണ്ട് ദിവസം മുന്‍പ് വൈകുന്നേരം വീട്ടിലേയ്ക്ക് വരുമ്പോൾ ചെറുതുരുത്തി പാലത്തിൽ ടോൾ ബൂത്തിന് സമീപം അൽപ്പം നേരം ബസ്സ് നിർത്തി. “മുണ്ടമുക(മുണ്ടായ)“  അയ്യപ്പക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലേയ്ക്ക് വഴി കാണിക്കുന്ന ഒരു ബോർഡ് അവിടെ കണ്ടു.

*****************************

"കുഞ്ചുണ്ണി നമ്പൂതിരിപ്പാടി"ന്റെ ശിക്ഷാരീതി  എന്താണ് ?


കുറച്ച് കാലം മുൻപ് വരെ ഹൈസ്കൂൾ‌ക്ലാസുകളിലെ മലയാളം ചോദ്യപേപ്പറുകളിൽ സ്ഥിരമായി കണ്ടിരുന്ന ഒരു ചോദ്യമായിരുന്നു ഇത്. “ശ്രീ. വി.ടി ഭട്ടതിരിപ്പാടി“ ന്റെ “കണ്ണീരും കിനാവും“ എന്ന പുസ്തകത്തിലെ ഒരു ചെറിയഭാഗം ആണ് പഠിക്കാനുണ്ടായിരുന്നത്. ഞാനടക്കം ആ സിലബസ്സിൽ പഠിച്ചവർ ഇന്നും മറക്കാത്ത ഒരു ചോദ്യമാണിത്. പരിഹാസമനോഭാവത്തോടെയുള്ള "ചക്കകാട്ടൽ" പ്രയോഗം ഒക്കെ അതിൽ പഠിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം ഇതാണ്.....


"കഥകളിയിലെ കത്തിവേഷം മൂക്കത്തൊട്ടിക്കാറുള്ള മുഖപ്പൂപോലെ പച്ചച്ചാണകമുരുട്ടി എന്റെ മൂക്കത്തു പറ്റിച്ചു കൈമുട്ടുകൾ നിലത്തു മുട്ടുമാറ് നൂറുതവണ എന്നെ ഏത്തമിടിവിച്ചിട്ടുണ്ട്. അബദ്ധത്തിന് ആ പച്ചച്ചാണകത്തിന്റെ ഉരുള വീണുപോയാൽ അശ്രദ്ധ കൊണ്ടാണെന്നാരോപിച്ച് മുതുകത്ത് പ്രഹരിക്കുകയും ചെയ്യും." 
              
                                   

                       ഒരു വലിയ സാമൂഹിക വിപ്ലവത്തിന് വഴിമരുന്നിട്ട ഒരു മഹത് വ്യക്തിയ്ക്ക് മുകളില്‍ പറഞ്ഞ “മുണ്ടമുക (മുണ്ടായ)“ ക്ഷേത്രത്തിനോടും ക്ഷേത്രപരിസരത്തിനോടും ഒരിക്കലും മറക്കാൻ കഴിയാത്ത ബന്ധമുണ്ട്. അത് മറ്റാരുമല്ല - "വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് "എന്ന "ശ്രീ. വി.ടി. ഭട്ടതിരിപ്പാട്".
   
                          അദ്ദേഹത്തിന്റെ "കണ്ണീരും കിനാവും" എന്ന കൃതിയിലെ "ഗുരുകുലവിദ്യാഭ്യാസ"ത്തിൽ നിന്നും "വളർന്ന് വരുന്ന ഒരാത്മാവ്" എന്നതിൽ നിന്നും ഉള്ള ചെറിയ രണ്ട് ഭാഗങ്ങളാണ് പഠിക്കാനുണ്ടായിരുന്നത്. തിയ്യാടി പെൺകുട്ടി കണക്ക് ചോദിച്ചതും അതറിയാതെ ലജ്ജാവഹനായി ഇരുന്നതും ഒക്കെ അദ്ദേഹം അതിൽ പറഞ്ഞിട്ടുണ്ട്. പിന്നീട്‌ അദ്ദേഹം അതേ തിയ്യാടി പെൺകുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് എഴുതാനും വായിക്കാനും പഠിച്ചു. മുകളിൽ പറഞ്ഞ "മുണ്ടമുക (മുണ്ടായ)" അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിരിക്കുമ്പോൾ‌ ആണ് ഇതെല്ലാം ഉണ്ടായതെന്ന് അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്. അമ്പലത്തിൽ പണപ്പായസം ഉണ്ടാക്കുന്നതിനായി ശർക്കര പൊതിഞ്ഞ് കൊണ്ട് വന്ന കടലാസിലെ പരസ്യത്തിലെ വാചകം  "മാൻമാർക്ക് കുട" എന്ന് വായിച്ചപ്പോൾ മനസ്സിൽ നിന്നും ആഹ്ലാദദ്ധ്വനി വിനിർഗ്ഗളിക്കുകയുണ്ടായി എന്നാണ് അദേഹം പറയുന്നത്. ആ തിയ്യാടി  പെൺകുട്ടി കൊളുത്തിയ കെടാവിളക്കാണ് പിൽക്കാലജീവിതത്തിൽ അദ്ദേഹത്തിന് മാർഗ്ഗനിർദ്ദേശം നൽകിയ മഹാജ്യോതിസ്സെന്ന് അദ്ദേഹം തന്നെ പറയുന്നു.

                    എന്റെ ഒരു ബന്ധു ഈ അയ്യപ്പക്ഷേത്രത്തിന് വളരെ അടുത്ത് താമസിക്കുന്നുണ്ട്. അവരുടെ വീട്ടിൽ ഈയിടെ പോയിരുന്നു. അന്ന് ആദ്യമായിട്ടാണ് അവിടെ പോകുന്നത്. അമ്പലത്തിന് സമീപം ഈ വീട് ചോദിക്കാനായി അവിടെ കണ്ട മറ്റൊരു വീട്ടിൽ കയറി. ആ വീടിന്റെ ഗേറ്റിൽ "തിയ്യാടി" എന്ന് എഴുതിയിട്ടുണ്ട്. "വി.ടി. ഭട്ടതിരിപ്പാടി"ന്റെ ജീവിതത്തിൽ വെളിച്ചം വീശിയ ആ തിയ്യാടിപ്പെൺകുട്ടിയുടെ വീടായിരുന്നു അത് എന്ന്  അതിനടുത്ത് താമസിക്കുന്ന എന്റെ ബന്ധുക്കൾ പറഞ്ഞ് തന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള ആ ക്ഷേത്രവും ക്ഷേത്രപരിസരവും ഒക്കെ അന്ന് കണ്ടു.

                     എന്റെ മുത്തശ്ശന് വി.ടി യോടുള്ള അടുപ്പം ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ ഇപ്പോഴും അവിടുത്തെ അദ്ദേഹത്തിന്റെ മകനോടും മറ്റും അടുപ്പം സൂക്ഷിക്കുന്നു.

                                         *****************************

                      അപ്പോഴേയ്ക്കും കോളേജ് ബസ്സ് കൊളപ്പുള്ളിയിൽ എത്തിയിരുന്നു. വീട്ടിലെത്തിയതിന് ശേഷം "വി.ടി യുടെ സമ്പൂർണ്ണ കൃതികൾ" എന്ന പുസ്തകം എടുത്ത് ഈ ഭാഗങ്ങളെല്ലാം ഒന്ന് കൂടെ വായിച്ചു.