Friday, August 27, 2010

ഉയിരെടുത്ത ഉത്സവപ്പകിട്ട്

തൃശ്ശൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി വളരെ പ്രസിദ്ധമാണല്ലൊ. ഇന്നലെ, ജീവിതത്തില്‍ ആദ്യമായി ഞാനത് കാണാനിടയായി.

                 എന്റെ ഏട്ടന്‍ കല്യാണം കഴിച്ചിരിക്കുന്നത് തൃശ്ശൂരില്‍ നിന്നാണ്. ഇന്നലെ, അവിടെ പോകാനിടയായി. അപ്പോള്‍, പുലിക്കളി കാണാനായി പോയതാണ് ഞാന്‍. തൃശ്ശൂര്‍ നഗരത്തെ മുഴുവന്‍ ‘പുലി’കള്‍ കീഴടക്കിയ കാഴ്ച മനോഹരമായിരുന്നു. മാനമിരുണ്ടിരുന്നെങ്കിലും വലിയ മഴ ഇല്ലാഞ്ഞത് അനുഗ്രഹമായിട്ടെനിക്ക് തോന്നി. ചൂടും കുറവായിരുന്നു. വടക്കേ സ്റ്റാന്‍ഡിനടുത്ത് പാലസ് ഗ്രൌണ്ടിലേയ്ക്ക് കയറുന്ന വഴിയരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് പുലിക്കളി കാണാന്‍ റൌണ്ടിലേയ്ക്ക് നീങ്ങി. വടക്കുംനാഥന്റെ പ്രദക്ഷിണവഴികളിലെല്ലാം തന്നെ ജനങ്ങള്‍ പുലിക്കളി കാണാന്‍ എത്തിയിട്ടുണ്ട്.

                  ‘ബിനി’ സ്റ്റോപ്പില്‍ കുറേ ‘പുലി’കള്‍ ഉണ്ടായിരുന്നു. എല്ലാ പുലിക്കളി സംഘങ്ങളുടേയും കൂടെ പലതരം ഫ്ലോട്ടുകളും ഉണ്ട്. മമ്മൂട്ടിയുടെ അടുത്ത കാലത്തെ ചിത്രമായ "പഴശ്ശിരാ‍ജ“ യിലെ ഒരു രംഗം ആണ് ആദ്യം കണ്ട ഫ്ലോട്ടില്‍ കണ്ടത്.  കൂടെയുള്ള സുഹൃത്തിനോടൊപ്പം റൌണ്ടില്‍ നടക്കാ‍നാരംഭിച്ചു. അതിനിടയില്‍ നിധിന്‍ സാര്‍  പുലിക്കളി കാണാ‍ന്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയൊന്ന് വിളിച്ച് നോക്കി. എന്തോ തിരക്ക് കാരണം വന്നിട്ടില്ല എന്നറിഞ്ഞു.

                   അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു ഫ്ലോട്ട് കണ്ടു. ഒരു പാവപ്പെട്ട കുടുംബത്തെക്കുറിച്ചുള്ള ഒരു രംഗം ആണ് അവര്‍ ആവിഷ്കരിച്ചിരിക്കുന്നത്. അതില്‍ ഒരു നായയുടെ പ്രതിമ അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. പെട്ടെന്ന് എനിക്കോര്‍മ്മ വന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മാതൃഭൂമി പത്രത്തിന്റെ മുന്‍പേജാണ്. “ഉയിരെടുത്ത ഉത്സവപ്പകിട്ട് ” എന്ന പേരോടെ വന്ന ഒരു ചിത്രം ഒരുപാട് കാലം മനസ്സില്‍ നിന്നും മായാതെ നിന്നിരുന്നു. ഇന്നലെയാണ് അത് പിന്നെയും ഓര്‍മ്മവന്നത്. 

“ഉയിരെടുത്ത ഉത്സവപ്പകിട്ട് “
2000 ഡിസംബര്‍ 29 വെള്ളിയാഴ്ച - മാതൃഭൂമി
ഫോട്ടോ : ബി.ചന്ദ്രകുമാര്‍
                      
                                മനസ്സിനെ ഒരുപാട് വേദനിപ്പിച്ച ഈ മികച്ച ചിത്രം ഞാന്‍ എടുത്ത് വെച്ചിരുന്നു.  തൃശ്ശൂര്‍ പട്ടണത്തില്‍ തന്നെ 2000 ലെ കേരളോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന ഘോഷയാത്രയില്‍ “തെരുവ് സര്‍ക്കസ് കുടുംബം” എന്ന ഫ്ലോട്ടില്‍ പ്രദര്‍ശിപ്പിച്ച നായ ആ‍ണിത്. ആ നായയെ വിഷം കുത്തി വെച്ച് കൊന്നാണത്രെ ഈ ദാരുണദൃശ്യം ഒരുക്കിയത്. 2000 ഡിസംബര്‍ 29 വെള്ളിയാഴ്ചയിലെ മാതൃഭൂമി പത്രം ആണ് ഈ “ഉയിരെടുത്ത ഉത്സവപ്പകിട്ട്” പ്രസിദ്ധീകരിച്ചത്.
                  മൃഗസംരക്ഷണവകുപ്പ് എന്തോ നടപടി എടുക്കും എന്നൊക്കെ അന്ന് കേട്ടെങ്കിലും എന്തെങ്കിലും നടപടി എടുത്തോ‍ എന്ന് ഒരു അറിവും ഇല്ല.

5 comments:

  1. “മ്രുഗീയത“ എന്ന വാക്ക് കണ്ടെടുത്തതു മനുഷ്യനാണ്..

    പക്ഷെ ഇതിനെ ആ പേരിട്ട് വിളിക്കാൻ പറ്റില്ലെന്ന് തോന്നുന്നു..കാരണം മനുഷ്യനൊഴിച്ച് ഒരു മ്രുഗവും ഇങ്ങനെ ചെയ്യില്ല...

    ഉത്സവങ്ങൾ ആരംഭിക്കുന്നത് മനുഷ്യ മനസുകളിൽ നിന്നാണ്..
    സഹജീവികളെ ഇങ്ങനെ കൊന്ന് പ്രദർശിപ്പിച്ചു കൊണ്ട് എന്ത് ഉത്സവമാണ് നമ്മൾ ആഘോഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല...

    ഇനിയും മനുഷ്യനായി ജനിക്കാൻ കഴിയും,പക്ഷെ ഇനി മനുഷ്യനായി മരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല..കാരണം നമ്മുടെയൊക്കെ “മനുഷ്യത്വം” എന്നോ മരിച്ചു പോയി..

    ReplyDelete
  2. valare sankadakaramaaya oru news....enthinu ippol manushyare polum enthum cheyyan madikkathavar aanallo nammude samoohathil....

    ReplyDelete
  3. ആ പടം അന്നു ശ്രദ്ധ ആകര്‍ഷിച്ചിരുന്നു
    :-(

    ReplyDelete
  4. horrible.......inganeyum manushyar ondallo!!!

    ReplyDelete