Sunday, July 25, 2010

പോണ്ടിച്ചേരിയിലെ നേഴ്സ്

                   
ഇന്നലെ, ഞങ്ങളിവിടെ “കത്തി“യടിക്കുന്നതിനിടയില്‍ ഭാഷയെക്കുറിച്ചും പേരുകളുടെ അര്‍ത്ഥങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയുണ്ടായി. എന്റെ ചെറിയമ്മ കണ്ണിന് അസുഖമായിട്ട് കൊയമ്പത്തൂര്‍ അരവിന്ദ് ആശുപത്രിയില്‍ ഒരുമാസം മുന്‍പ് ചികിത്സിക്കുകയുണ്ടായി.... അരവിന്ദ് ആശുപത്രിയില്‍ സംഭവിച്ച ഒരു അനുഭവം ഇന്നലെ എല്ലാവരിലും ചിരിയുണര്‍ത്തി.

                             ചെറിയമ്മയ്ക്ക് ആശുപത്രിയില്‍ വെച്ച് ഡ്രിപ്പ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.  കുപ്പിയിലെ മരുന്ന് തീര്‍ന്നപ്പോള്‍ അത് ഊരിമാറ്റാനായി എന്റെ ചെറിയമ്മ അവിടെ ഉണ്ടായിരുന്ന നേഴ്സിനോട് അറിയാവുന്ന തമിഴ് ഭാഷയില്‍ ഇങ്ങനെ പറഞ്ഞു.

                                                   “സിസ്റ്റര്‍, ഊരുങ്കോ”. 
ആ നേഴ്സിന്റെ മറുപടി ഇങ്ങനെയായിരുന്നു.

                                                      “പോണ്ടിച്ചേരി”.

                           അപ്പോഴാണ് തമിഴില്‍ “ഊര്“ എന്നു വെച്ചാല്‍ സ്ഥലം എന്നാണ് എന്ന് ചെറിയമ്മയ്ക്ക് ഓര്‍മ്മ വന്നത്. പിന്നീട് മലയാളത്തില്‍ തന്നെ അത് അഴിച്ചുമാറ്റുന്നില്ലേ എന്ന് ചോദിച്ചപ്പോ‍ള്‍ അവരത് അഴിച്ചുമാറ്റി.

              ടെന്‍ഷന്‍ നിറഞ്ഞ ആശുപത്രിവാസത്തിന് ശേഷം, ഇന്നലെയാണ് ഇത് ഞങ്ങളുടെ സംസാരവിഷയത്തില്‍ എത്തിയത്......ഇന്നലെ ഇത് പറഞ്ഞ് ഞങ്ങള്‍ എല്ലാവരും ഒരുപാട് ചിരിച്ചു.                   

Thursday, July 22, 2010

മീതുവും മത്തങ്ങയും......

ഇന്ന് വൈകുന്നേരം കോളേജില്‍ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോള്‍ “കൂറ്റനാ‍ട് “ റോഡരികില്‍ ഒരു വണ്ടിയില്‍ മത്തങ്ങ കൂട്ടിയിട്ട് വില്‍ക്കുന്നത് കണ്ടു. മത്തങ്ങ വില്‍ക്കുന്ന ആള്‍ രണ്ട് കയ്യിലും ഓരോ മത്തങ്ങ പിടിച്ചിട്ടുമുണ്ട്. അത് കണ്ടപ്പോള്‍ എനിയ്ക്ക് എന്റെ കൂടെ M.Tech ന് പഠിച്ച കോഴിക്കോടുകാരിയായ എന്റെ പ്രിയ സുഹൃത്തുക്കളില്‍ ഒരാളായ “മീതു“വിനെ ആണ് ഓര്‍മ്മ വന്നത്.
                     അവിടെ വെച്ച്, മീതുവിന്റെ പിറന്നാള്‍ ദിവസം, കോളേജ് കാന്റീനില്‍ വെച്ച് ഒരു ട്രീറ്റ് ഉണ്ടായിരുന്നു.  എല്ലാവരും പരസ്പരം Healthy Paras വെയ്ക്കാറുണ്ട്. അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. ഞാന്‍ പറഞ്ഞ് തുടങ്ങി. ഞാനും മീതുവും കൂടെ ഒരു ദിവസം വീട്ടിലേയ്ക്ക് പോരുന്ന ദിവസം - ഞങ്ങള്‍ രണ്ടരക്കുള്ള കൊയമ്പത്തൂര്‍ - കണ്ണൂര്‍ പാസഞ്ചറിനാണ് പോരാറുള്ളത്.
                        “ഇട്ടിമടൈ“ റെയില്‍വേ സ്റ്റേഷന്‍ - പാലക്കാടിനും കൊയമ്പത്തൂരിനും ഇടയില്‍ ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്ക് ചിരപരിചിതമായ സ്റ്റേഷന്‍. പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന സ്റ്റേഷനാണത്. നല്ല പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് അവിടുത്തെ സാധാരണക്കാര്‍ അവിടെ വില്‍ക്കാറുണ്ട്. അവര്‍ അതുകൊണ്ടാണ് ജീവിക്കുന്നതും.
                         ഞങ്ങള്‍ ട്രെയിനില്‍ കയറി. മീതുവിന് ഒരു Window Seat കിട്ടി. അപ്പോഴാണ് മീതുവിന് അല്‍പ്പം പച്ചക്കറി വാങ്ങാനായി ഒരൂ ആഗ്രഹം. മീതു ഒരു മത്തങ്ങ വാങ്ങി പണവും കൊടുത്തു. അപ്പോഴേയ്ക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങുകയും ചെയ്തൂ. ട്രെയിനിന്റെ ജനലിലൂ‍ടെ വാങ്ങിയ മത്തങ്ങ ട്രെയിനിനകത്തേയ്ക്ക് എടുക്കാന്‍ പറ്റുന്നില്ല !!!!. അങ്ങനെ അവിടുന്ന് അടുത്ത സ്റ്റേഷനായ വാളയാര്‍ വരെ അത് പുറത്ത് കയ്യില്‍ പിടിച്ചു. ഹനുമാന്‍ മലയും കയ്യിലെടുത്ത് പോകുന്നത് പോലെ......!!!!!
                    മീതുവിനെ കളിയാക്കി ഞങ്ങള്‍ അന്ന് അവിടെ കോളേജ് കാന്റീനില്‍ ഒരു പാട് ചിരിച്ചു. ഒരിക്കലും മറക്കാത്ത ഒരു പിറന്നാള്‍ ആഘോഷം ആക്കി ഞങ്ങള്‍ അത് മാറ്റി. ഞാന്‍ നേരത്തെ തന്നെ പറഞ്ഞല്ലോ.... ഞങ്ങളുടെ പിറന്നാള്‍ അഘോഷങ്ങളില്‍ ഞങ്ങള്‍ പരസ്പരം ഒരുപാട് Healthy Paras വെയ്ക്കാറുണ്ട്. മീതു ചെയ്തതല്ലെങ്കിലും മത്തങ്ങ വാങ്ങിയ ആ ക്രെഡിറ്റ് അവള്‍ക്ക് ലഭിച്ചു. “ഇട്ടിമടൈ“യില്‍ മറ്റാര്‍ക്കോ സംഭവിച്ച ഈ അബദ്ധം മീതു തന്നെയാണ് എന്നോട് മുന്‍പ് പറഞ്ഞിരുന്നത്. ഇതിന് മീതുവും പിന്നീടെനിക്ക് മറുപാരകള്‍ വെച്ചിട്ടുമുണ്ട്... അത് ഇനി പിന്നീടെപ്പോഴെങ്കിലും പറയാം....
                      രണ്ട് കയ്യിലും മത്തങ്ങ പിടിച്ച് നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ എനിക്കിതൊക്കെ ആണ് ഓര്‍മ്മ വന്നത്. ഇതൊക്കെ ആലോചിച്ച് ബസ്സിലിരുന്ന്  ഞാന്‍ ചിരിക്കുന്നത് കണ്ട്, ബസ്സിലെ കണ്ടക്ടര്‍ (സ്ഥിരം യാത്രക്കാരനായത് കൊണ്ട് നല്ല പരിചയം ഉണ്ട്) എന്നോട് ചോദിച്ചു. “ എന്താ മാഷേ ചിരിക്കുന്നത് ?? .“ഏയ്, ഒന്നുമില്ല“ എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി.......
                      അയാള്‍ക്കറിയില്ലല്ലോ, ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടത്തിലെ തമാശകള്‍ ഓര്‍ത്ത് ചിരിച്ചതാണെന്ന്... “അല്ലേ മീതു“ ???????

Monday, July 19, 2010

രണ്ട് മണിക്കൂറില്‍ നിന്ന് രണ്ട് മിനുട്ടിലേയ്ക്ക് വളര്‍ന്ന മാറ്റം......

രണ്ട് ദിവസം മുന്‍പാണ് “ഒരു നാള്‍ വരും“ എന്ന മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ സിനിമ കണ്ടത്.  അതിലെ ഒരു പ്രധാന താ‍രം (സിനിമയുടെ കഥാഗതിയെ ചിലപ്പോഴെങ്കിലും ബാധിച്ചേക്കാമെന്നുള്ളതിനാല്‍ ആരാണെന്ന് പറയുന്നില്ല) BSNL ഓഫീസില്‍ ചെന്ന് ഒരു ഫോണ്‍നമ്പറിലേക്ക് വന്നതും പോയതും ആയ നമ്പറുകളുടെ ലിസ്റ്റ് വേണമെന്ന് പറയുന്നു. ഓഫീസര്‍ ഒരു രണ്ട് മിനിട്ട് ഇരിക്കൂ എന്ന് പറയുകയും, പറഞ്ഞപോലെ രണ്ട് മിനിട്ടിനുള്ളില്‍ ആ ലിസ്റ്റ് ഒരു Print Out എടുത്ത് കൊടുക്കുകയും ചെയ്തു.
                    ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ തന്നെ, എനിക്ക് ഓര്‍മ്മ വന്നത് മമ്മൂട്ടി നായകനായി അഭിനയിച്ച “ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്” എന്ന സിനിമയാണ്. അതില്‍ ഇതു പോലെ തന്നെ ഒരു ഫോണ്‍ നമ്പറിലേക്ക് വന്നതും പോയതും ആയ ലിസ്റ്റ് സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രം ആവശ്യപ്പെടുമ്പോള്‍ രണ്ട് മണിക്കൂറിനകം തരാമെന്ന് പറയുന്ന ടെലിഫോണ്‍ ഓഫീസറെയാണ്.
                      രണ്ട് മണിക്കൂറില്‍ നിന്ന് രണ്ട് മിനുട്ടിലേയ്ക്ക് വളര്‍ന്ന ഈ ടെക് നോളജിയില്‍ സംഭവിച്ച മാറ്റം അഭിനന്ദനം തന്നെ.... മറ്റെല്ലാ ഭാഗങ്ങളിലും ഈ മാറ്റം വന്നിട്ടുണ്ടെന്നെനിക്കുറപ്പുമുണ്ട്...... 

                ടെക് നോളജിയുടെ ഈ മാറ്റങ്ങളെല്ലാം തന്നെ മനുഷ്യന്റെയും മാറ്റങ്ങള്‍ക്കിടയില്‍ നന്മയുടെ ഭാഗമാക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ ആശിച്ച് പോകുകയാണ്... 

Thursday, July 15, 2010

ഒരു പ്രിയ കൂട്ടുകാരിയുടെ ഓര്‍മ്മ......

അച്ഛന്‍ രണ്ട് ദിവസം മുന്‍പ് കൊട്ടാരക്കര വരെ പോയിരുന്നു. അവിടെ വെച്ച് തുളസീധരന്‍ മാഷിനെ കണ്ട കാര്യം ഇന്നലെയാണ് പറഞ്ഞത്. തുളസീധരന്‍ മാ‍ഷ് - എന്നെ അഞ്ചാം ക്ലാസില്‍ ഹിന്ദി പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരില്‍ ഒരാളാണ് അദ്ദേഹം. എന്റെ ഏട്ടനേയും മാഷാണ് ഹിന്ദി പഠിപ്പിച്ചിരുന്നത്. ഞങ്ങളെക്കുറിച്ചൊക്കെ മാഷ് ചോദിച്ചത്രെ. അച്ഛനും ഹിന്ദി മാഷായിരുന്നത് കൊണ്ട് അവര്‍ തമ്മില്‍ സുഹൃത്തുക്കളുമായിരുന്നു. മാഷിനെക്കുറിച്ച് അച്ഛന്‍ പറഞ്ഞപ്പോള്‍ എന്റെ ക്ലാസില്‍ കൂടെ പഠിച്ചിരുന്ന ഷിയ എന്ന ഒരു കുട്ടിയെ ആണ് എനിയ്ക്ക് പെട്ടെന്നോര്‍മ്മ വന്നത്
                  ഷിയ - അഞ്ചാം ക്ലാസ് വരെ എന്റെ ക്ലാസില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു. നന്നായി പഠിക്കുകയും ചെയ്തിരുന്നു. പക്ഷെ കാലത്തിന്റെ വികൃതികളില്‍ പെട്ട് ആ കൂട്ടുകാരി പെട്ടെന്നൊരു ദിവസം ഞങ്ങളെയൊക്കെ വിട്ട് മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയായി. എന്തോ, അസുഖം ഉണ്ടായിരുന്നത്രെ. ആ കൂട്ടുകാരിയുടെ ജീവന്‍ എടുത്ത അസുഖം എന്തായിരുന്നു എന്നുള്ളത് ഇന്നും എനിക്കറിയില്ല. ആ ദിവസം രാവിലെ സ്കൂളില്‍ പോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ക്ല്ലാസിലെ എല്ല്ലാവരും നിശബ്ദരായിരിക്കുന്നു. പെണ്‍കുട്ടികളില്‍ പലരും കരച്ചിലടക്കാന്‍ പാടുപെട്ടിരുന്നത് ഇന്നും മറക്കാന്‍ കഴിയുന്നില്ല്ല. അവിടുന്ന് ടീച്ചര്‍മാര്‍ ഞങ്ങളെ ഷിയയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സ്കൂളില്‍ നിന്ന് കഷ്ടി ഒരു കിലോമീറ്ററോളം അവളുടെ വീട്ടിലേയ്ക്ക് ഞങ്ങള്‍ നടന്നു. അവളുടെ വീട്ടില്‍ അവളുടെ ചേതനയറ്റ ശരീ‍രം ഒരു നോക്ക് കാണാനായി ഞങ്ങളെല്ലാവരും വീട്ടിനകത്തേയ്ക്ക് കയറി. അവളുടെ അമ്മ അപ്പോള്‍ പറഞ്ഞ ഒരു വാക്ക് എന്റെ ഹൃദയത്തിന്റെ ആ‍ഴങ്ങളില്‍ ആണ് പതിച്ചത്. “ മോളെ എണീക്ക്, കണ്ണു തുറക്ക്, നിന്നെ കാണാനായി നിന്റെ കൂട്ടുകാര്‍ വന്നിരിക്കുന്നു. എണീക്കെന്റെ പൊന്നുമോളെ.....” എന്ന് പറഞ്ഞ് തളര്‍ന്ന് വീണ് ആ അമ്മയുടെ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്നു. ദു:ഖസൂചകമാ‍യി സ്കൂ‍ള്‍ അവധി ആയതിനാല്‍ എല്ലാവരേയും ടീച്ചര്‍മാര്‍ വേഗം വീടുകളിലേയ്ക്ക് പറഞ്ഞയച്ചു.
                  ഷിയയ്ക്ക് ഒരു അനിയത്തി കൂടെ ഉണ്ടായിരുന്നതായി എനിയ്ക് ഓര്‍മ്മയുണ്ട്. രണ്ട് പേരും അച്ഛന്റെ കൂടെ ശബരിമലയ്ക്ക് പോകാന്‍ വേണ്ടി മാലയിട്ടിരുന്നതായും ഞാന്‍ ഓര്‍ക്കുന്നു.
                  പിന്നീട്, 2-3 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഹിന്ദി പിരിയഡ് - തുളസീധരന്‍ മാഷ് Attendance എടുക്കുകയായിരുന്നു. മാഷ്, ഷിയയുടെ പേര് 2-3 തവണ ക്ലാസില്‍ ഉറക്കെ വിളിച്ചത് ഇന്നും എനിക്കോര്‍മ്മയുണ്ട്. കുട്ടി വന്നിട്ടില്ലാലേ എന്ന് പറഞ്ഞ് മാഷ് വേഗം അടുത്ത പേര് വിളിച്ചു. മാഷിന് അബദ്ധം പറ്റിയതാണെന്ന് പീന്നീട് എനിയ്ക് മനസ്സിലായി. പിന്നീട് ആ പേര് ക്ലാസില്‍ വിളിക്കാതിരിക്കാന്‍ മാഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
                  ഈ കാര്യം ഞാന്‍ അമ്മയോടും പറഞ്ഞിരുന്നു. ഇന്നലെ, മാഷിന്റെ കാര്യം പറഞ്ഞപ്പോള്‍, എന്നെപ്പോലെത്തന്നെ അമ്മയും പെട്ടെന്ന് തന്നെ ഇക്കാര്യം പറഞ്ഞു.

Tuesday, July 6, 2010

അദ്ധ്യാപകജീവിതത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍.............

ഇന്ന് 2010 ജൂലായ് 6. എന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ കൈവന്നിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്നു. 2009 ജൂലായ് 6 നാണ് ഞാന്‍ തൃശ്ശൂര്‍ ജില്ലയിലെ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ Applied Electronics & Instrumentation വിഭാഗത്തില്‍ അദ്ധ്യാപകനായി ചേര്‍ന്നത്.
                  M.Tech കഴിഞ്ഞ ഉടന്‍ തന്നെ ജോലിയ്ക്ക് ചേര്‍ന്നതിനാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് എന്നില്‍ നിന്ന് മാ‍ഞ്ഞുപോയിരുന്നില്ല. ഒരു അദ്ധ്യാപകന്റെ മനസ്സ് എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് തന്നെയാണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുമുണ്ട്. "A Good Teacher always a Good Student" എന്ന വാചകത്തിന്റെ അര്‍ത്ഥം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുകയും അങ്ങനെ ആവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
                  അന്ന് രാവിലെ, ഞാന്‍ കൊയമ്പത്തൂര്‍ക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി യ്ക്കാണ് പോയത്. 8:20 ന് തന്നെ അത് കൊളപ്പുള്ളിയില്‍ എത്തിയിരുന്നു. അപ്പോള്‍ കോളേജ് ബസ്സ് കാത്തുനില്‍ക്കുന്ന സജീഷിനെ കണ്ടു. എന്നോട് കോളേജ് ബസ്സില്‍ പോകാം എന്ന് സജീഷ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ, അവിടെ ജോയിന്‍ ചെയ്യാത്തതിനാല്‍ അതില്‍ കയറാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. ഞാന്‍ തൃശ്ശൂര്‍ക്ക് പോയിരുന്ന ഒരു ബസ്സിനാണ് അവിടുന്ന് പോയത്.
                  രാവിലെ 9:15 മണിയാവുമ്പോഴേയ്ക്കും ഞാന്‍ അവിടെ എത്തിയിരുന്നു. ഓഫീസില്‍ Joining Report എഴുതി, പ്രിന്‍സിപ്പാളിനെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, അപ്പോള്‍ ഒരു അവസാനവര്‍ഷ വിദ്യാര്‍ത്ഥി, അവിടെ വന്ന് ഒരു ടി.സി ആവശ്യപ്പെട്ടു. ഇപ്പോള്‍ എന്തിനാ ടി.സി എന്ന് അവിടെയിരിക്കുന്നവരപ്പോള്‍ ചോദിച്ചു. എനിയ്ക്ക് കൊയമ്പത്തൂ‍ര്‍ അമൃതയില്‍ M.Tech ന് പ്രവേശനം കിട്ടി എന്ന് ആ കുട്ടി പറഞ്ഞു. ഇത് കേട്ടിരുന്ന അവിടെ പഠിച്ച ഞാന്‍ ആ കുട്ടിയോട് ചോദിച്ചു. “ ഏതാ ബ്രാഞ്ച് ?” - Computer Vision and Image Processing ആണ് കിട്ടിയതെന്ന് ആ കുട്ടി പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു. ഞാനും അത് തന്നെയാണ് പഠിച്ചത്. ടിനു എന്ന് പേരായ ആ ഇരിങ്ങാലക്കുടക്കാരി ചിലപ്പോഴൊക്കെ ഇപ്പോഴും വിളിക്കാറുണ്ട്.
                     പ്രിന്‍സിപ്പാളിനെ കണ്ടതിന് ശേഷം ഞാന്‍ ഡിപ്പാര്‍ട്ട്മെന്റിലേയ്ക്ക് പോയി. അവിടെ വിവേക് സാറിനെ (Head of the Department) കണ്ടു. മൂന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സിന്റെ Basic Electronics ആയിരുന്നു എനിക്കായി കരുതിവെച്ചിരിക്കുന്ന വിഷയം. ഒന്നാം വര്‍ഷ പരീക്ഷ നടക്കുന്നതിനാല്‍ ക്ലാസുകള്‍ ഒന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. 2 - 3 ദിവസങ്ങള്‍ക്ക് ശേഷം, ആദ്യമായി ഒരു യൂണിവേഴ്സിറ്റി പരീക്ഷയുടെ Invigilation Duty കിട്ടി. പരീക്ഷാഹാളില്‍, ചെന്നപ്പോളാണ് എന്റെ ജീവിതത്തിന് സംഭവിച്ച മാറ്റം ഞാന്‍ തിരിച്ചറിഞ്ഞത്. ഞാനൊക്കെ, ഇരുന്നിരുന്ന അതേ മാനസികാവസ്ഥയോടെ കുട്ടികള്‍ ഇരിക്കുന്നു. ചോദ്യപേപ്പറുകള്‍ കിട്ടുമ്പോള്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കുകയും, പിരിമുറുക്കം കുറക്കാന്‍ മുഖത്ത് ഒരു ചിരി പടര്‍ത്താന്‍ ശ്രമിക്കുന്നവരെയുമൊക്കെ കണ്ടു. അവരില്‍ എല്ലാം ഞാന്‍ എന്നെ തന്നെ ആണ് കണ്ടത്.  മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാ‍യി, ക്രിസ്തുമതവിശ്വാസപ്രകാരം ഉള്ള ഒരു ചെറിയ രൂപം മുന്നില്‍ വെച്ച് പരീക്ഷ എഴുതിയിരുന്ന ഒരു കുട്ടിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അത് മേരി റാഫേല്‍ എന്ന കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരു വിദ്യാര്‍ത്ഥിനിയാണെന്ന് പിന്നീട് ആലീസ് മിസ്സ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.  ഭാഗ്യത്തിന് ജ്യോതിയില്‍, പരീക്ഷാഹാളില്‍ ടീച്ചേര്‍സിന് കുടിക്കാന്‍ ചായ കൊണ്ടുവരില്ല. അത്, ടീഷോപ്പില്‍ പോയി തന്നെ കുടിക്കണം. കുട്ടികള്‍ പരീക്ഷ എഴുതുമ്പോ‍ള്‍, നമ്മള്‍ അവരുടെ മുന്നില്‍ നിന്ന്‌ ചായ കുടിക്കുക എന്നത് എനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ പഠിക്കുമ്പോള്‍, അധ്യാപകര്‍ ചായ കുടിക്കുമ്പോ‍ള്‍ എനിയ്ക്കും ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍, എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്.
                           രാവിലെ വീട്ടില്‍ നിന്ന് “മെറിറ്റ്” ബസ്സില്‍ കുളപ്പുള്ളി വരെ പോകും. അവിടുന്ന് കോളേജ് ബസ്സിനും ആണ് പോകാറുള്ളത്. വൈകുന്നേരം കോളേജ് ബസ്സിന് പോന്നിട്ട് ഒന്നുകില്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങുകയോ, അല്ലെങ്കില്‍ കുളപ്പുള്ളിയില്‍ ഇറങ്ങി, വീട്ടിലേയ്ക്ക് പോകുകയോ ആണ് പതിവ്‌. ഒരു അഞ്ചര - ആറ് മണിയോടെ വീട്ടിലെത്താറുണ്ട്. രാവിലെ, ഇതേ ബസ്സിലെ യാത്രക്കാരാണ് കുളപ്പുള്ളിയില്‍ ബേക്കറി നടത്തുന്ന, ഇവിടെ അടുത്തുള്ള അശോകേട്ടനും, കോളേജിലെ തന്നെ, വാവനൂരില്‍ നിന്നും കയറുന്ന പിഷാരോടി ഹരികൃഷ്ണന്‍ സാ‍റും. സജീഷ്, പിഷാരോടി സാറിനെക്കുറിച്ച് ആ‍ദ്യം തന്നെ പറഞ്ഞിരുന്നു. പിഷാരോടി എന്ന് കേട്ടപ്പോള്‍, ഒരു 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാളെ ആണ് ഞാന്‍ ആദ്യം പ്രതീക്ഷിച്ചത് . പക്ഷെ കണ്ടപ്പോ‍ള്‍ എന്നെക്കാ‍ളള്‍ പ്രായം കുറഞ്ഞ ആള്‍ എന്നത് രസകരമായ മറ്റൊരു കാര്യം. കോളേജ് ബസ്സില്‍ സിജോ, ജയദേവന്‍, അരുണ്‍,  റിനോള്‍വ്, ഫഹാസ് എന്നീ വിദ്യാര്‍ത്ഥികളെ നല്ല സുഹൃത്തുക്കളായി കിട്ടി. സിനിമാക്കഥകള്‍ പറഞ്ഞും, ക്രിക്കറ്റ്, ഫുട്ബോള്‍ കളികളെക്കുറിച്ച് പറഞ്ഞും ഉള്ള യാത്ര നല്ല ഒരു അനുഭവമായി തോന്നി.
                             അങ്ങനെ,പരീക്ഷ ഒക്കെ കഴിഞ്ഞ്, 2009 ജൂലായ് 24 വെള്ളിയാഴ്ച, മൂന്നാമത്തെ പിരിയഡ് ആണ് ഞാന്‍ ആദ്യമായി ക്ലാസില്‍ പോകുന്നത്. ഞാന്‍ വരുന്നതിന് മുന്‍പ് ഒന്ന് രണ്ട് ക്ലാസുകള്‍ അവിടെ പോയിരുന്ന സജീഷിന് അവരോട് ഒന്ന് യാത്ര പറയണമെന്നും എന്നോട് ഒരു പത്ത് മിനുട്ട് കഴിഞ്ഞ് വന്നാല്‍ മതി എന്നും പറഞ്ഞു. അങ്ങനെ 11 മണിയോടെ ഞാന്‍ ക്ലാസില്‍ എത്തി. ആദ്യത്തെ ക്ലാസ് ആയതിനാല്‍ എല്ലാവരെയും പരിചയപ്പെട്ടു. ആരതി, ഷിജി എന്നിവരെ ആദ്യം തന്നെ, കോളേജ് ബസ്സില്‍ വെച്ച് പരിചയപ്പെട്ടിരുന്നു. സല്‍ന മിസ്സിന്റെ ഭര്‍ത്താവിന്റെ അനിയന്‍ അജയ് എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ചും കേട്ടിരുന്നു. പരിചയപ്പെടല്‍ ഒക്കെ കഴിഞ്ഞ്, സിലബസ് ഒക്കെ എല്ലാവരും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ - “ ഞങ്ങള്‍ അതൊക്കെ പൂജയ്ക്ക് വെച്ചിരിക്കുകയാണ് “ - എന്ന രേഷ്മ ജോസിന്റെ മറുപടി ക്ലാസില്‍ ചിരിയുണര്‍ത്തി. അങ്ങനെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ, എല്ലാവരെയും പരിചയപ്പെട്ട് പുറത്തെത്തിയപ്പോള്‍, ജീവിതത്തില്‍ എനിയ്ക്ക് സംഭവിച്ച വലിയ മാറ്റത്തെ ഞാന്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞു.
                         പിന്നീട്, Concepts of Current and Voltage Source എന്ന ഭാഗം ആണ് ഞാന്‍ ആദ്യമായി പഠിപ്പിച്ചത്. ക്ലാസില്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാതെ, പഠിപ്പിക്കണം എന്ന് ഞാന്‍ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരുടെ Electronics Lab ലും ഞാന്‍ ഉണ്ടായിരുന്നു. ഞാനും, ആലീസ് മിസ്സും, നിനി മിസ്സും ആണ് ലാബില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ Sessional Exam വരുന്നതിന് മുന്‍പ് ഒരു Module ഞാന്‍ അവരെ പഠിപ്പിച്ചിരുന്നു. ഒരു വിധം എല്ലാവരും നന്നായി പരീക്ഷ എഴുതുകയും ചെയ്തു. ആണ്‍കുട്ടികളില്‍ നിധിനും, പെണ്‍കുട്ടികളില്‍ രഹന, മാലിനി, ഷിജി, ശ്രീലക്ഷ്മി എന്നിവരും മികച്ച മാര്‍ക്ക് നേടിയത് ഞാന്‍ ഓര്‍ക്കുന്നു. ഒരു വിധം എല്ലാവരും ആയി, ഒരു അധ്യാപകന്‍ എന്നതിലുപരി, ഒരു നല്ല കൂട്ടുകാരന്‍ ആകാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. ഓര്‍ക്കുട്, ചാറ്റിംഗ് എന്നിവയെല്ലാം ഇതിന് ഉപകരിക്കുകയും ചെയ്തു. ചിലര്‍, ഇതിലെല്ലാം എന്നില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. അതെന്തിനാണെന്ന് ഇന്നും എനിയ്ക്ക് മനസ്സിലാകുന്നില്ല.
                  അങ്ങനെ ക്ലാസുകളുടെ അവസാനഘട്ടത്തില്‍, ഒരിക്കല്‍ ഒരു ശനിയാഴ്ച ഒരു അവസാന പിരിയഡ് ഞാന്‍ ക്ലാസില്‍ പോയപ്പോള്‍ അവരാരും ക്ലാസില്‍ ഇല്ലായിരുന്നു. ഞാന്‍ അവരുടെ ഡിപ്പാര്‍ട്ട്മെന്റില്‍ പോയി അന്വേഷിച്ചപ്പോള്‍ അവരെല്ലാം അവിടെത്തന്നെ ഉണ്ടല്ലോ, എന്ന് അപര്‍ണ്ണാമിസ്സ് പറഞ്ഞു. പക്ഷെ, ആരെയും കാണാനില്ല്ല എന്ന് ഞാനും പറഞ്ഞു. അങ്ങനെ ഒരു 10 മിനുട്ട് കഴിഞ്ഞപ്പോള്‍ അവരെല്ലാവരും വരുന്നുണ്ട്.. എവിടെ പോയതാണെന്ന് അശ്വതി മിസ്സ് ചോദിച്ചപ്പോള്‍, ക്ലാസിലെ കുട്ടികള്‍ ഡി-സോണിന് അവതരിപ്പിക്കുന്ന “ഒപ്പന” പ്രാക്ടീസ് കാണാന്‍ പോയതാണെന്നും അവര്‍ പറഞ്ഞു. അശ്വതി മിസ്സ് കുറച്ചവരെ ശാസിക്കുകയും ചെയ്തു. ക്ലാസില്‍ കയറി ഞാന്‍, അപ്പോഴത്തെ ഒരു ദേഷ്യത്തിന്, അന്നെടുക്കാന്‍ കരുതിയിരുന്ന ഒരു ടോപ്പിക്ക് തിങ്കളാ‍ഴ്ച രാ‍വിലെ തന്നെ എഴുതി എന്റെ ടേബിളില്‍ സമര്‍പ്പിക്കാന്‍ ഞാന്‍ പറഞ്ഞു. അത് മറ്റൊരു പുസ്തകത്തില്‍ ഉണ്ടായിരുന്ന ഒരു ടോപ്പിക്ക് ആ‍യിരുന്നു. അതിന്റെ പേരില്‍, കുറച്ച് പേര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്ന് ഞാന്‍ അറിഞ്ഞു. രഹന, അഞ്ജലി എന്നിവര്‍ അതെന്നോട് തുറന്ന് പറയുകയും ചെയ്തു. വീട്ടീലേയ്ക്ക് പോരുന്നതിനിടയില് അഞ്ജന എന്നോട് സംസാരിക്കുകയും സോറി പറയുകയും ചെയ്തു. ‍എന്റെ ഫോ‍ണ്‍ നമ്പര്‍ ഒക്കെ കണ്ടുപിടിച്ച് ഷിജി എന്നെ അന്ന് രാത്രി തന്നെ വിളിച്ചിരുന്നു. ഞാന്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ കരുതുന്നു. ഫീഡ് ബാക്ക് വാങ്ങിച്ചപ്പോള്‍ എല്ലാവരും ഇക്കാര്യം എഴുതിയിരുന്നു. എപ്പോഴും ചിരിച്ച് മാത്രം കാണുന്ന നിഖിലും കടുത്ത മമ്മൂട്ടി ആരാധകനായ വൈശാഖും ഡാന്‍സുകാരനായ പ്രതീഷും എല്ലാം ക്ലാസില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്.......
                      അങ്ങനെ, ആദ്യം ലാബിന്റെ പരീക്ഷ ആണ് വന്നത്. റിസല്‍ട്ട് ഇത് വരെ പ്രഖ്യാപിക്കാത്തതിനാല്‍ അതിനെക്കുറിച്ച് അധികം എഴുതാന്‍ ഇപ്പോള്‍ പറ്റില്ല്ല. തിയറി പരിക്ഷ വലിയ കുഴപ്പങ്ങളില്ലാത്ത പരീക്ഷ ആയിരുന്നു. പരീ‍ക്ഷ കഴിഞ്ഞ്, അജയ് മാത്രമാണ് എന്നെ വന്ന് കണ്ടത്. പിന്നീട് മറ്റൊരു പരീക്ഷാഡ്യൂട്ടിയ്ക്ക് ചെന്നപ്പോള്‍ മാലിനിയും പരീക്ഷ എളുപ്പമായിരുന്നു എന്ന് പറഞ്ഞു. മറ്റാരും പരീക്ഷയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല എന്നത് എന്നില്‍ ഒരു ചെറിയ ദു:ഖമായി ഇപ്പോഴും അവശേഷിക്കുന്നു.
                        നാലാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍ Appied Electronics and Instrumentation Branch ന്റെ Electronics Instrumentation & Measurements ഉം Digital Electronics Lab ഉം ആയിരുന്നു കിട്ടിയത്. അവസാന വര്‍ഷ കുട്ടികളുടെ Project in Charge ഞാന്‍ ആയിരുന്നു. ഇവിടെ രണ്ട് സ്ഥലത്തും ഇത് പോലെ അടുത്ത ബന്ധം കുട്ടികളോട് സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു. പ്രൊജക്റ്റ് റിവ്യൂവും റിപ്പോര്‍ട്ടും ഒക്കെ ശരിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. അടുത്ത തവണ മുതല്‍ റിപ്പോര്‍ട്ട് LaTex ല്‍ ചെയ്യിക്കണം എന്ന് കരുതുന്നു.
                      നാലാം സെമസ്റ്ററില്‍ ആദ്യമായി ക്ലാസില്‍ പരിചയപ്പെടുമ്പോള്‍, കയ്യിലുള്ള Name List നോ‍ക്കി പേര് വിളിക്കുമ്പോള്‍, Jeswin Benni എന്ന പേര് കണ്ടു. ആണ്‍കുട്ടിയായിരിക്കും എന്ന് കരുതി പേര്‌ വിളിച്ചപ്പോള്‍, പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ഒരാള്‍ എണീറ്റ് നിന്നു. അടുത്ത പേര് നോ‍ക്കിയപ്പോള്‍ അത് Jeswin C J. അത് പെണ്‍കുട്ടിയായിരിക്കുമെന്ന് കരുതിയപ്പോള്‍, അതാ ആണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ഒരാള്‍ എണീറ്റ് നില്‍ക്കുന്നു. മനസ്സില്‍ ഒരു നല്ല തമാശ ആസ്വദിച്ചതിന്റെ ചിരിയുണര്‍ത്തി.  ശ്രീ.വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരക്കുട്ടി ആണ് ആ ക്ലാസിലെ ശ്രീപ്രിയ ശ്രീകുമാര്‍ എന്നത് പിന്നീടാണ് അറിഞ്ഞത്.   ഇവരുടേയും മൂന്നാം സെമസ്റ്റര്‍ ഇലക്ട്രോണിക്സ് ലാബിന്  ദൃശ്യമിസ്സിന്റെ എന്തോ അസൌകര്യം കാരണം ഞാന്‍ തന്നെ ആയിരുന്നു Internal Examiner.
                     ഒരേ പേരുള്ള കുറച്ചധികം പേര് ഈ ക്ലാസില്‍ ഉണ്ടായിരുന്നു എന്നത് ഒരല്‍പ്പം കൌതുകമുണര്‍ത്തി. Ann എന്നു തുടങ്ങുന്ന മൂന്ന്‍ പേര് (Ann Jessy Jose, Ann Mary John & Ann Paul Palathingal) ക്ലാസില്‍ ഉണ്ടായിരുന്നത് ആദ്യം എനിയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി. Jeswin ന്റെ കാര്യം ആദ്യം തന്നെ പറഞ്ഞല്ലോ.....  Anu Anand & Anu Pius, Mary Vijaya & Mary Mol, Rahul K K & Rahul Sam, Ramya T R & Ramya M S ഇവയൊക്കെ ആദ്യം ഒരാഴ്ച എന്നെ ഒരല്‍പ്പം ബുദ്ധിമുട്ടിച്ചതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിയുണര്‍ത്തുന്നു. ഇവരെക്കൂടാതെ, ഈ ക്ലാസില്‍ ഹരികൃഷ്ണന്‍ എന്ന ഹരി ഉണ്ടായിരുന്നു. ചില സമയത്ത് ഹരിയെ വിളിക്കുന്നത് കേട്ട് ഞാന്‍ എന്നെയാണോ എന്ന് ഞാന്‍ സംശയിച്ചിരുന്നു.
                   ക്ലാസിലെ ചില പ്രശ്നങ്ങള്‍ കാരണം, ആദ്യത്തില്‍ ഒക്കെ, അല്‍പ്പം Strict ആയി പെരുമാറേണ്ടി വന്നിട്ടുണ്ടെന്നത് സത്യം തന്നെ. പക്ഷെ, ഒരിക്കല്‍ പോലും ആരെയും ബുദ്ധിമുട്ടിക്കണം എന്ന് കരുതിയിട്ടില്ല. 02/07/2010 ന് അവരുടെ ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഫീഡ് ബാക്ക് എഴുതി വാങ്ങിച്ചിരുന്നു. അല്‍പ്പം Strict  ആയതിനാല്‍ എന്റെ കുറ്റങ്ങള്‍ ആയിരിക്കും അതില്‍ മുഴുവന്‍ എന്ന് പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള കാര്യങ്ങള്‍ ആ‍യിരുന്നു അതിലെല്ലാം...
                     കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് പ്രമാണിച്ച് മൂന്നാം വര്‍ഷ AEI Students (ഇപ്പൊഴത്തെ Final Years) തൃശ്ശൂരില്‍ ഉള്ള “ആകാശപ്പറവകള്‍“ എന്ന ഒരു Poor Home സന്ദര്‍ശിക്കുകയുണ്ടായി. ജീവിതപാതയില്‍ എവിടെയൊക്കെയോ വെച്ച് ഉറ്റവര്‍ കൈവിട്ട പ്രായ - ലിംഗ ഭേദമില്ലാത്ത ഒരു പാട് ആളുകള്‍ അവിടെയുണ്ട്. അവിടെ ചെന്നപ്പോള്‍ ആണ് നമ്മുടെയൊക്കെ ജീവിതം എത്ര മനോഹരം എന്ന ചിന്ത വന്നത്. ഞാനും നിധിന്‍ സാറും ECE Department ലെ ഒലീന മിസ്സും ആണ് അവരുടെ കൂടെ പോയത്. അവിടെ ചിലവഴിച്ച ഒരു ദിവസം ഒരിക്കലും മറക്കില്ല. ഇതിനായി ശ്രമിച്ച ആ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും.....
                    Department ലെ എല്ലാവരും പരസ്പരം ഒരുപാട് സഹായിച്ചിരുന്നു. സജീഷിനെ അല്ലാതെ, ആദ്യമായി പരിചയപ്പെട്ടത് ആലീസ് മിസ്സിനെ ആയിരുന്നു. അവിടെ Join ചെയ്യുന്നതിന്റെ തലേന്ന് വിവേക് സാറിനെ വിളിച്ചപ്പോള്‍ ആലീസ് മിസ്സ് ആയിരുന്നു ഫോണ്‍ എടുത്തത്.  അവിടെയുള്ള എല്ലാവര്‍ക്കും ഒരുപാട് സഹായം നല്‍കി വരുന്ന ആള്‍ തന്നെ ആണ് വിവേക് സാര്‍ എന്നുള്ളത് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി. സാര്‍, ഉപരിപഠനാര്‍ത്ഥമാണെങ്കില്‍ പോലും ഇപ്പോള്‍ പോകുന്നത് ഒരു വലിയ നഷ്ടമാകും എന്ന് ഞാന്‍ കരുതുന്നു. കൂടെയുണ്ടായിരുന്ന അഫ് സല്‍ സാര്‍, രഞ്ജിനി മിസ്സ്, സരിത മിസ്സ്, സജീഷ് സാര്‍ എന്നിവരും എല്ലാ സഹായങ്ങളും നല്‍കിയിരുന്നു. ഇടയ്ക്കൊക്കെ എല്ലാവരും ഇപ്പോഴും വിളിക്കാറുണ്ട്. ഇവര്‍ രണ്ട് പേരെക്കൂടാതെ രത്നന്‍ സാര്‍, നിനി മിസ്സ്, ദൃശ്യമിസ്സ്, സംഗീത മിസ്സ്, നിധിന്‍ സാര്‍, അരുണ്‍ സാര്‍, പൊന്മണി രാജ സാര്‍, കപില്‍ സാര്‍   മജീന്ദ്രന്‍ സാര്‍, രശ്മി മിസ്സ് എന്നിവരും, ഈയിടെ ജോലിയില്‍ പ്രവേശിച്ച ഷൈനു മിസ്, ലളിത മിസ്സ് എന്നിവരും എല്ലാ സഹായങ്ങളും നല്‍കാറുണ്ടെന്നുള്ളത് ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. ഉച്ചയ്ക്ക് ഞാന്‍, നിധിന്‍ സാര്‍, മജീന്ദ്രന്‍ സാര്‍ എന്നിവര്‍ ഒരുമിച്ചാണ് ഭക്ഷണം. AEI Department Staff Tour & Faculty Development Program എന്നിവയും നല്ല ഓര്‍മ്മകളാണ്. ടൂറിനിടയില്‍ ഏട്ടന് കല്യാണത്തിന് കിട്ടിയ നല്ലൊരു വാച്ച് നഷ്ടപ്പെട്ടതും മറക്കാന്‍ കഴിയില്ല്ല.
                      ഇതിനിടയില്‍ എന്റെ M.Tech Project ന്റെ ഭാഗമായ ഒരു പേപ്പര്‍ ("Mid-Point Hough Transform: A Fast Line Detection Method") IEEE INDICON 2009 എന്ന ഒരു  International Conference ല്‍ Accept ചെയ്തു. 2009 ഡിസംബര്‍ 18, 19, 20 എന്നീ തിയ്യതികളില്‍ അഹമ്മദാബാദില്‍ വെച്ചായിരുന്നു Conference. എന്റെ കൂടെ എന്റെ ഏട്ടനും വന്നിരുന്നു. രാഷ്ട്രപിതാവിന്റെ നാട്ടിലേയ്ക്കുള്ള ആ സന്ദര്‍ശനം നല്ല അനുഭവമായിരുന്നു.
                      ഡിപ്പാര്‍ട്ട്മെന്റിന്റെ Technical Fest ആയ XTRONICON 2010 ഏപ്രില്‍ 22, 23 തിയ്യതികളില്‍ വളരെ ഭംഗിയായി നടന്നതും സന്തോഷം നല്‍കുന്നു. സജീഷ് സാര്‍ ആയിരുന്നു Staff Coordinator. അവസാന വര്‍ഷ വിദ്യാര്‍ത്ഥി നവനീ‍ത് ആയിരുന്നു Student Coordinator. അതിനായി സജീഷ് നടത്തിയ പ്രയത്നം മറക്കാന്‍ കഴിയില്ല്ല. പിന്നെ, എല്ലാ Students & Staff ഒത്തൊരുമയോടെ നടത്തിയ ആ പരിപാടി ജ്യോതിയുടെ ചരിത്രത്തിലെ ചിതല്‍ പിടിക്കാത്ത ഒരു അദ്ധ്യായമായിത്തീര്‍ന്നു. National University of Singapore ലെ റോബോട്ടിക്സ് വിഭാഗം തലവന്‍ ശ്രീ. പ്രഹ്ലാദ് വടക്കേപ്പാട്ട് ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. അദ്ദേഹവും സംഘവും അവതരിപ്പിച്ച "Robotics Show" ഒരു വലിയ വിജയമായി. Prasad EFX ടീം അവതരിപ്പിച്ച Reveal the Reel എന്ന പരിപാടിയും മറക്കാന്‍ കഴിയില്ല. Paper Presentation Contest ന് Judge  ആയി എന്റെ ഏട്ടനും വന്നിരുന്നു. Add Making, Management Games, Biomedical EXPO, Gadget Expo എന്നിവയും രണ്ട് ദിവസത്തെ പരിപാടിയ്ക്ക് മിഴിവേകി. ഈ പരിപാടിയ്ക്കായി Students & Staff കാണിച്ച ഒത്തൊരുമയാണ് ഏറ്റവും വലിയ കാര്യം. ഈ പരിപാടിയ്ക്കായി ഞാനും നിധിന്‍ സാറും മൂന്ന് ദിവസം കോളേജ് ഹോസ്റ്റലില്‍ നിന്നു. രാത്രിയില്‍ Students ന്റെ ഒപ്പം കോളേജില്‍ നിന്നു. കാവി മുണ്ടും ടീ ഷര്‍ട്ടും ഇട്ട് കോളേജിലും ഡിപ്പാര്‍ട്ട്മെന്റിലും ഒക്കെ രാത്രി  മുഴുവന്‍ ഓരോ കാര്യത്തിന് നടന്നിരുന്നതൊന്നും ഒരിക്കലും മറക്കില്ല്ല.
                             അവസാനവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കുറച്ചുനാള്‍ പഠിപ്പിക്കുകയും, സജീഷ് പോയതിന് ശേഷം അവസാനവര്‍ഷ AEI Students ന്റെ Class Tutor ആവുകയും ചെയ്തു.
                             കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, സംഭവിച്ച ഒരു ചെറിയ അപകടവും ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ഒരു ദിവസം ഞാനും അപ്പുവും (ശരത് - എന്റെ Cousin ആണ്) കൂടെ ബൈക്കില്‍ വരുമ്പോള്‍ ഉണ്ടായ ഒരു അപകടം. എന്റെ ബൈക്ക് അപ്പുവാണ് ഓടിച്ചിരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുന്‍പിലേയ്ക്ക് റോഡിന്റെ ഒരു വശത്തെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നും ഒരു കുറുക്കന്‍ (കുറുക്കനാണെന്ന് പിന്നീട് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്) ചാടി. വണ്ടി മറയുകയും അപ്പുവിന്‌ സാരമായ പരിക്കുകള്‍ പറ്റുകയും ചെയ്തു. ഭാഗ്യത്തിന് എനിയ്ക്ക് കാര്യമായിട്ടൊന്നും പറ്റിയില്ല. വണ്ടിയ്ക്കും അല്‍പ്പം കേടുപാടുകള്‍ പറ്റി. അപ്പുവിന് ഒരു മാസത്തോളം വീട്ടില്‍ വിശ്രമിക്കേണ്ടി വന്നു.
                              മെയ് മാസത്തില്‍ ഇവിടെ ഞങ്ങള്‍ക്ക് വെക്കേഷന്‍ ആണ്. ആ സമയത്ത് NIT Calicut ല്‍ നടന്ന Faculty Development Program on Nano Electronics ല്‍ പങ്കെടുത്തിരുന്നു. എന്നെക്കൂടാതെ നിധിന്‍ സാര്‍, ദൃശ്യമിസ്സ്, പിഷാരോടി സാര്‍, ഷൈനു മിസ്സ്, ജിലു മിസ്സ് എന്നിവരും പങ്കെടുത്തിരുന്നു. ഏട്ടന് വെക്കേഷന്‍ ആയിരുന്നതിനാല്‍ ഞാനും നിധിന്‍ സാറും പിഷാരോടി സാറും ഏട്ടന്റെ കോട്ടേഴ്സില്‍ ആണ് താമസിച്ചത്. ഭക്ഷണം NIT യിലും. രണ്ടാ‍ഴ്ചത്തെ ആ പരിപാടി ഒരുപാട് നല്ല സുഹൃത്തുക്കളെ ഞങ്ങള്‍ക്ക് സമ്മാനിച്ചു. അതിനിടയില്‍ വയനാട്ടിലേയ്ക്ക് പരിപാടിയുടെ ഭാഗമായി വയനാട്ടിലേയ്ക്ക് ഒരു Trip ഉണ്ടായിരുന്നു. ഞാനും നിധിന്‍ സാറും അതിന് പോയിരുന്നു. മറ്റുള്ളവര്‍ക്ക് മറ്റെന്തോ അസൌകര്യങ്ങള്‍ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ നാലാം സെമസ്റ്റര്‍ AEI ലെ Boys നെ അവിടെ വെച്ച് കണ്ടു. അവരെത്തന്നെ, അന്ന് വൈകുന്നേരം കോഴിക്കോട് ബീച്ചില്‍ വെച്ച് കണ്ടെന്ന് പിന്നീട് ദൃശ്യ മിസ്സ് പറഞ്ഞു.
                            മാനേജ് മെന്റും പ്രിന്‍സിപ്പാളും തന്നിരുന്ന സഹായങ്ങളും മറക്കുന്നില്ല. ടീച്ചര്‍മാര്‍ പ്രിന്‍സിപ്പാളുടെ റൂമിന്റെ മുന്നില്‍ കാത്തുനില്‍ക്കരുതെന്നും എന്താവശ്യം ഉണ്ടെങ്കിലും അനുവാദം ചോദിക്കാതെ തന്നെ കയറി വരാമെന്നും മുന്നിലെ കസേരകളില്‍ വന്നിരിക്കണം എന്നുമൊക്കെ പ്രിന്‍സിപ്പള്‍ സാര്‍ പറഞ്ഞിട്ടുണ്ട്.
                          കാലത്തിന്റെ ഓര്‍മ്മകളില്‍ ചിതലരിക്കാതെ, എക്കാലവും എന്റെ മനസ്സിന്റെ ആദ്യതാളുകളില്‍ തന്നെ ഈ ഒരു വര്‍ഷത്തിന് സ്ഥാനമുണ്ട്.

Sunday, July 4, 2010

വീണ്ടും ഹര്‍ത്താല്‍.....

“ഹര്‍ത്താലിന്റെ സ്വന്തം നാട്ടില്‍” വീണ്ടും ഹര്‍ത്താല്‍... അതും ഒരാഴ്ചയ്ക്കുള്ളില്‍ ഒരേ കാര്യത്തിന് ഒരേ പാര്‍ട്ടിയുടെ ഹര്‍ത്താല്‍... പക്ഷെ ഇക്കുറി മറ്റൊരു പാര്‍ട്ടിയും കൂടെ ഉണ്ട്... അവരുടെ വക ഭാരത ബന്ദ് !!!!!.
                             ഭരിക്കുന്ന പാര്‍ട്ടി, ഭരിക്കുന്നതിന് പകരം ഭരണസ്തംഭനം ആണ് നടത്തുന്നത്. അതും 7 ദിവസത്തിനുള്ളില്‍ രണ്ട് തവണ. കഷ്ടം !!!!! ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച കേരളത്തില്‍ മാത്രം ഇടതു പക്ഷ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തി. വീണ്ടും അതേ കാര്യത്തിന് ഇടതു പക്ഷ സംഘടനകള്‍ “ഭാരത ഹര്‍ത്താലി“ന് ആഹ്വാനം നടത്തി. കേരളത്തെ ഒഴിവാക്കിയതുമില്ല. അതില്‍ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതിപ്രകാരവും - “ കേരളത്തിലെ ജനങ്ങള്‍ രണ്ട് ഹര്‍ത്താലുകള്‍ നടത്താന്‍ കഴിവുള്ളവരത്രെ. “
                        ത്രിപുരയില്‍ ഇതേ കാര്യത്തിന് കഴിഞ്ഞ ആഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. അവിടുത്തെ മുഖ്യമന്ത്രിയും മുതിര്‍ന്ന പി.ബി അംഗവും ആയ ശ്രീ. മണിക്‌ സര്‍ക്കാര്‍ പറഞ്ഞതിപ്രകാരം - “ഒരേ കാര്യത്തിന് രണ്ട് തവണ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. അതുകൊണ്ട് അവിടെ ഇടതു പക്ഷ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തില്ല”. ആ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു.
                         അധികാരതിമിരം ബാധിച്ച കേരളത്തിലെ മന്ത്രിമാരോട് ഇതേ പറയാനുള്ളൂ‍. നിങ്ങളെ തിരഞ്ഞെടുത്ത അതേ ജനങ്ങള്‍ക്ക് നിങ്ങളെ പുറത്താക്കാനും അധികാരമുണ്ട്.
                           പക്ഷെ, അത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാത്രമെന്നുള്ളത് ഇവിടുത്തെ ജനങ്ങള്‍ക്ക് കിട്ടിയ ശാപം ആണ്.