Friday, January 29, 2016

വാല്യു എജുക്കേഷൻ


ആലുവ യു.സി കോളേജിലെ “വാല്യു എജുക്കേഷൻ” ക്ലാസിലാണ്‌ എന്റെ ഭാര്യ ഗ്രീഷ്മ ആ ക്ലാസിൽ പഠിക്കുന്ന സാം ഡേവിസിനെ കാണാനായത്.ക്ളാസിൽ ആ കുട്ടി വളരെ ആക്റ്റീവ് ആയിരുന്നത്രെ.  ക്ലാസിന്റെ ഭാഗമായി എല്ലാവരേയും വിവിധ ഗ്രൂപ്പുകളാക്കിത്തിരിച്ച് ഓരോരുത്തരും വിവിധ ആക്റ്റിവിറ്റികൾ നല്കിയപ്പോൾ സാം അംഗമായ ഗ്രൂപ്പ് ഒരു സ്കിറ്റ് അവതരിപ്പിക്കാനിടയായി. അവർ അവതരിപ്പിച്ച സ്കിറ്റ് ഇപ്രകാരമായിരുന്നു.

തിരക്കേറിയ ഒരു ബസ്സിലേയ്ക്ക് തീരെ അവശയായ ഒരു സ്ത്രീ കടന്നു വരുന്നു. അവർക്കായി ഇരുന്നിരുന്ന സീറ്റ് ഒഴിഞ്ഞു കൊടുത്ത് അതിൽ യാത്ര ചെയ്യുന്ന ആൾ മറ്റുള്ളവർക്ക് മാതൃകയായി. മാനുഷികമൂല്യങ്ങൾക്ക് ഒട്ടും വില കല്പ്പിക്കാത്ത ഒരു സമൂഹം തന്നെ വളർന്നു വരുന്ന ഈ കാലത്ത് സാമും കൂട്ടരും അവതരിപ്പിച്ച ഈ സ്കിറ്റ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.


പക്ഷെ, ഒരാഴ്ചയ്ക്കു ശേഷം, വിധിയുടെ വിളയാട്ടത്തിൽ ഒരു കണ്ണുനീരായി, ഒരു ബൈക്കപകടത്തിന്റെ രൂപത്തിൽ സാം ഈ ലോകത്തു നിന്നു തന്നെ വിടവാങ്ങി. മസ്തിഷ്കമരണം സംഭവിച്ച സാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായി. അതുവഴി അവരും ഈ സമൂഹത്തിനു തന്നെ മാതൃകയായി മാറി. ഇതൊക്കെ തന്നെ അല്ലേ “വാല്യു എജുക്കേഷൻ” വഴി ഉദ്ദേശിക്കുന്നത്......

ഇല്ല. സാം മരിക്കുന്നില്ല. ഒരു നല്ല ഹൃദയത്തിന്‌ ഉടമയായ സാമിന്റെ “ഹൃദയം” അടക്കം മറ്റ് പ്രധാന ശരീരഭാഗങ്ങൾ മറ്റുള്ളവർക്ക് നല്കുക വഴി, സാമിന്റെ നന്മകൾ മറ്റുള്ളവരിലൂടെ സമൂഹത്തിന്‌ പകർന്ന് കിട്ടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Wednesday, January 6, 2016

എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി - പരീക്ഷ

പലതരത്തിലുള്ള പ്രശ്നങ്ങൾക്കും ശേഷം എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) ഒന്നാം വർഷ പരീക്ഷകൾ ആരംഭിച്ചു. അതിലെ ഒരു പരീക്ഷയ്ക്ക് ഇൻവിജിലേഷൻ ഡ്യൂട്ടി ചെയ്യാനിടയായി. എന്റെ ചില നിരീക്ഷണങ്ങൾ താഴെ പറയുന്നു.
പരീക്ഷയ്ക്ക് 24 പേജിൽ എഴുതാൻ കഴിയുന്ന ബുൿലെറ്റ് മാത്രമേ നല്കൂ. അഡീഷണൽ ഷീറ്റോ അഡീഷണൽ ബുൿലെറ്റോ നല്കില്ല. എല്ലാവർക്കും 24 പേജിൽ തന്നെ എഴുതി തീർക്കാൻ സാധിക്കുമോ ? വിഷയത്തിനനുസരിച്ചും കയ്യക്ഷരത്തിനനുസരിച്ചും ഇത് മാറില്ലേ ? ബുൿലെറ്റിൽ കുറച്ചു കൂടെ പേജുകൾ ചേർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.
പരീക്ഷയ്ക്ക് കുട്ടികൾക്ക് നല്കുന്ന ഉത്തരപേപ്പറിൽ അവർ രജിസ്റ്റർ നമ്പർ, വിഷയം തുടങ്ങി ഒരു വിവരവും രേഖപ്പെടുത്തേണ്ടതില്ല. ഓരോ പരീക്ഷയ്ക്കും ഓരോരുത്തർക്കും പേരും രജിസ്റ്റർ നമ്പറും അടക്കം, അവരവരുടെ വിവരങ്ങൾ അടങ്ങിയ ഒരു “Facing Sheet” ലഭിക്കും. ഇതിൽ ഒരു ബാർകോഡും ഉണ്ടാകും. ഇതിലെ ഒരു ഭാഗം അവർ അടർത്തിയെടുത്ത് അവരുടെ അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കണം. അടർത്തിയെടുക്കുന്ന പേപ്പറിൽ അവർക്ക് അവരുടെ ഒപ്പിടേണ്ടതുണ്ട്. ഇതിനു ശേഷം “Facing Sheet” ലെ മറ്റേ ഭാഗം അടർത്തിയെടുത്ത് ഉത്തരപേപ്പറിന്റെ മുൻഭാഗത്ത് ഒട്ടിക്കേണ്ടതുണ്ട്. ഇതിലും ബാർകോഡ് ഉണ്ട്. “Facing Sheet” ലെ ഈ ബാർകോഡുകൾ ആണ്‌ മൂല്യനിർണയത്തിന്‌ ശേഷം ഉത്തരക്കടലാസ് തിരിച്ചറിയാൻ സഹായിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ ചെന്ന് ഫാൾസ് നമ്പറിംഗ് നടത്തേണ്ട ആവശ്യകത ഇതോടെ പൂർണ്ണമായും ഒഴിവാക്കാനാകും. മൂല്യനിർണ്ണയത്തിന്‌ പോകുന്ന ഉത്തരക്കടലാസുകൾ ഒരു കാരണവശാലും ഏത് കോളേജിലെ ആണെന്ന് പോലും തിരിച്ചറിയാനാകില്ല. പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകൾ “സബ്ജക്റ്റ് വൈസ്” ആണ്‌ ക്രമപ്പെടുത്തേണ്ടത്. ഉത്തരക്കടലാസിൽ എവിടേയും രജിസ്റ്റർ നമ്പർ ഇല്ലാത്താതിനാൽ ഒരു കാരണവശാലും രജിസ്റ്റർ നമ്പർ പ്രകാരം ക്രമപ്പെടുത്താനും കഴിയില്ല.
എനിയ്ക്കും തോന്നിയ ഇതിലെ ചില പ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്‌. ആദ്യത്തേത്, ഉത്തരക്കടലാസിൽ ചേർത്ത ബാർകോഡുകൾ എന്തെങ്കിലും കാരണവശാൽ വായിച്ചെടുക്കാൻ പറ്റാതായാൽ അതെഴുതിയ കുട്ടിയെ എങ്ങനെ തിരിച്ചറിയാനാകും ? ഒരേ ബാർകോഡ് തന്നെ രണ്ട് തവണ പ്രിന്റ് ചെയ്തിട്ടുള്ളതിനാൽ അങ്ങനെ ഉണ്ടാകാൻ ഉള്ള സാധ്യത വിദൂരമാണ്‌. രജിസ്റ്റർ നമ്പർ അടക്കം ഒന്നും എവിടേയും കുട്ടികൾ എഴുതുന്നില്ലാതതിനാൽ, തന്റെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തി, അതിലെ മാർക്ക് തനിക്കു തന്നെ കിട്ടുമോ എന്ന സംശയം കുട്ടികൾക്ക് തോന്നിയാൻ അവരെ കുറ്റം പറയാനാകില്ല. അതുപോലെ, ഈ “Facing Sheet” ലെ രണ്ട് ഭാഗങ്ങൾ അടർത്തിയെടുത്ത് അറ്റൻഡൻസ് ഷീറ്റിലും ഉത്തരക്കടലാസിലും പതിക്കുന്ന ജോലി ഒരല്പ്പം റിസ്ക് ഉള്ള പണി തന്നെയാന്‌. അത് ഒട്ടിക്കുമ്പോൾ ശരിയാകാതിരിക്കാൻ ഉള്ള സാധ്യതകൾ വളരെ കൂടുതലാണ്‌. ഇത് ഒട്ടിക്കാൻ പരീക്ഷയ്ക്കിടയിൽ കുട്ടികളെ ബുദ്ധിമുട്ടിക്കേണ്ടി വരുന്നതും ഒഴിവാക്കേണ്ടതാണ്‌.
ടെക്നോളിക്കൽ യൂണിവേഴ്സിറ്റി “ടെക്നോളജി” ഉപയോഗിച്ച് തന്നെയാണല്ലോ പരീക്ഷ നടത്തേണ്ടത്. പിന്നെ, ആദ്യം തന്നെ എല്ലാം വളരെ ശരിയായി നടത്താനും കഴിയില്ലല്ലോ. അടുത്ത ഒന്ന് - രണ്ട് വർഷങ്ങൾക്കുള്ളിൽ ഈ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കി വളരെ മികച്ച രീതിയിൽ പരീക്ഷ നടത്താനാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.