Monday, December 7, 2015

ലിഫ്റ്റ് ചോദിയ്ക്കരുത്; കൊടുക്കരുത്

ആലുവ - കാക്കനാട് പാതയിൽ ബൈക്കിൽ അല്ലെങ്കിൽ കാറിൽ സ്ഥിരമായി യാത്ര ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം 4 മാസത്തോളമായി. അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു അനുഭവം സ്ഥിരമായി ഉണ്ടാകാറുണ്ട്. അത് സ്കൂൾ കുട്ടികൾ വാഹനത്തിന്‌ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നതാണ്‌. സ്കൂൾ കുട്ടികൾ അല്ലാത്തവരും കൈ കാണിക്കാറുണ്ട്. പക്ഷെ 90 ശതമാനത്തിലധികവും സ്കൂൾ കുട്ടികളാണ്‌ ലിഫ്റ്റ് ചോദിക്കാറുള്ളത്. 

പക്ഷെ, അറിയാത്ത ആളുകൾക്ക് ലിഫ്റ്റ് കൊടുക്കരുത്, അല്ലെങ്കിൽ അറിയാത്തവരോട് ലിഫ്റ്റ് ചോദിക്കരുത് എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുള്ളതിനാൽ ഞാൻ ആർക്കും ലിഫ്റ്റ് കൊടുക്കാറില്ല. കാറെന്നോ ബൈക്കെന്നോ വ്യത്യാസമില്ലാതെ കൈ കാണിക്കുന്ന കുട്ടികൾ  സ്വയം അപകടം ക്ഷണിച്ചു വരുത്തുകയാണ്‌ എന്ന് തിരിച്ചറിയുന്നില്ല. അറിയാത്തവർക്ക് ലിഫ്റ്റ് കൊടുത്താൽ ചിലപ്പോൾ വാഹനം ഓടിക്കുന്ന ആളും അപകടത്തിൽ പെടും. പൊതുഗതാഗതസംവിധാനം ധാരാളം ഉള്ള ഈ കാലത്ത് ഇങ്ങനെ അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത് നിർത്തിയേ പറ്റൂ. ‘വിനോദയാത്ര’ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച് കഥാപാത്രം ഇത്തരത്തിൽ അപകടത്തിൽ പെടുന്നത് കാണിക്കുന്നുണ്ട്.

ഈയിടെ ഇങ്ങനെ കൈ കാണിച്ച ഒരു വിദ്യാർത്ഥിയോട് ബൈക്ക് നിർത്തി, അറിയാത്ത ആളുകളോട് ലിഫ്റ്റ് ചോദിക്കരുത്, ജീവൻ വരെ അപകടത്തിൽ പെടും എന്ന് ഞാൻ പറഞ്ഞു. ഇപ്രകാരം ലിഫ്റ്റ് നിഷേധിച്ച എന്നോട് അപ്പോൾ അവൻ അല്പ്പം ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു. “അത് ഞാൻ നോക്കിക്കോളാം”. 

പൊതുഗതാഗതസംവിധാനങ്ങൾ ധാരാളം ഉള്ളപ്പോൾ, രാവിലെ വീട്ടിൽ നിന്ന് ഒരു 10 - 20 മിനുട്ട് നേരത്തെ ഇറങ്ങി, സ്കൂൾ ബസ്സുകളിലോ അല്ലെങ്കിൽ യാത്രാബസ്സുകളിലോ സഞ്ചരിച്ച്  ഇപ്രകാരം അപകടം ക്ഷണിച്ച് വരുത്തുന്നത് അവസാനിപ്പിക്കാവുന്നതേ ഉള്ളൂ. അതുപോലെ തന്നെ വൈകുന്നേരം 10 - 20 മിനുട്ട് വീട്ടിൽ വൈകി എത്തും എന്നേ ഉള്ളൂ. “ഒരിക്കലും എത്താതിരിക്കുന്നതിലും നല്ലത് അല്പ്പം വൈകി എത്തുന്നതാണ്‌ നല്ലത്” എന്ന് ഓർക്കുക.

സ്കൂളുകളിലും കോളേജുകളിലും സ്വന്തം വീടുകളിലും ബോധവത്കരണം നടത്തി, നമ്മുടെ കുട്ടികളെ അപകടവഴികളിൽ നിന്നും രക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്‌. മാതാപിതാക്കൾക്കും, അധ്യാപകർക്കും പോലീസുകാർക്കും മാധ്യമങ്ങൾക്കും ഇതിൽ നിർണ്ണായകപങ്കുണ്ട്.

“ലിഫ്റ്റ് ചോദിയ്ക്കരുത്; കൊടുക്കരുത്” എന്ന് കുട്ടികൾ ഉൾപ്പെടെ എല്ലാവരേയും പഠിപ്പിക്കുക വഴി ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ വളരെ എളുപ്പത്തിൽ ഒഴിവാക്കാവുന്നതേ ഉള്ളു......