Thursday, July 15, 2010

ഒരു പ്രിയ കൂട്ടുകാരിയുടെ ഓര്‍മ്മ......

അച്ഛന്‍ രണ്ട് ദിവസം മുന്‍പ് കൊട്ടാരക്കര വരെ പോയിരുന്നു. അവിടെ വെച്ച് തുളസീധരന്‍ മാഷിനെ കണ്ട കാര്യം ഇന്നലെയാണ് പറഞ്ഞത്. തുളസീധരന്‍ മാ‍ഷ് - എന്നെ അഞ്ചാം ക്ലാസില്‍ ഹിന്ദി പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരില്‍ ഒരാളാണ് അദ്ദേഹം. എന്റെ ഏട്ടനേയും മാഷാണ് ഹിന്ദി പഠിപ്പിച്ചിരുന്നത്. ഞങ്ങളെക്കുറിച്ചൊക്കെ മാഷ് ചോദിച്ചത്രെ. അച്ഛനും ഹിന്ദി മാഷായിരുന്നത് കൊണ്ട് അവര്‍ തമ്മില്‍ സുഹൃത്തുക്കളുമായിരുന്നു. മാഷിനെക്കുറിച്ച് അച്ഛന്‍ പറഞ്ഞപ്പോള്‍ എന്റെ ക്ലാസില്‍ കൂടെ പഠിച്ചിരുന്ന ഷിയ എന്ന ഒരു കുട്ടിയെ ആണ് എനിയ്ക്ക് പെട്ടെന്നോര്‍മ്മ വന്നത്
                  ഷിയ - അഞ്ചാം ക്ലാസ് വരെ എന്റെ ക്ലാസില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു. നന്നായി പഠിക്കുകയും ചെയ്തിരുന്നു. പക്ഷെ കാലത്തിന്റെ വികൃതികളില്‍ പെട്ട് ആ കൂട്ടുകാരി പെട്ടെന്നൊരു ദിവസം ഞങ്ങളെയൊക്കെ വിട്ട് മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയായി. എന്തോ, അസുഖം ഉണ്ടായിരുന്നത്രെ. ആ കൂട്ടുകാരിയുടെ ജീവന്‍ എടുത്ത അസുഖം എന്തായിരുന്നു എന്നുള്ളത് ഇന്നും എനിക്കറിയില്ല. ആ ദിവസം രാവിലെ സ്കൂളില്‍ പോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ക്ല്ലാസിലെ എല്ല്ലാവരും നിശബ്ദരായിരിക്കുന്നു. പെണ്‍കുട്ടികളില്‍ പലരും കരച്ചിലടക്കാന്‍ പാടുപെട്ടിരുന്നത് ഇന്നും മറക്കാന്‍ കഴിയുന്നില്ല്ല. അവിടുന്ന് ടീച്ചര്‍മാര്‍ ഞങ്ങളെ ഷിയയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സ്കൂളില്‍ നിന്ന് കഷ്ടി ഒരു കിലോമീറ്ററോളം അവളുടെ വീട്ടിലേയ്ക്ക് ഞങ്ങള്‍ നടന്നു. അവളുടെ വീട്ടില്‍ അവളുടെ ചേതനയറ്റ ശരീ‍രം ഒരു നോക്ക് കാണാനായി ഞങ്ങളെല്ലാവരും വീട്ടിനകത്തേയ്ക്ക് കയറി. അവളുടെ അമ്മ അപ്പോള്‍ പറഞ്ഞ ഒരു വാക്ക് എന്റെ ഹൃദയത്തിന്റെ ആ‍ഴങ്ങളില്‍ ആണ് പതിച്ചത്. “ മോളെ എണീക്ക്, കണ്ണു തുറക്ക്, നിന്നെ കാണാനായി നിന്റെ കൂട്ടുകാര്‍ വന്നിരിക്കുന്നു. എണീക്കെന്റെ പൊന്നുമോളെ.....” എന്ന് പറഞ്ഞ് തളര്‍ന്ന് വീണ് ആ അമ്മയുടെ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്നു. ദു:ഖസൂചകമാ‍യി സ്കൂ‍ള്‍ അവധി ആയതിനാല്‍ എല്ലാവരേയും ടീച്ചര്‍മാര്‍ വേഗം വീടുകളിലേയ്ക്ക് പറഞ്ഞയച്ചു.
                  ഷിയയ്ക്ക് ഒരു അനിയത്തി കൂടെ ഉണ്ടായിരുന്നതായി എനിയ്ക് ഓര്‍മ്മയുണ്ട്. രണ്ട് പേരും അച്ഛന്റെ കൂടെ ശബരിമലയ്ക്ക് പോകാന്‍ വേണ്ടി മാലയിട്ടിരുന്നതായും ഞാന്‍ ഓര്‍ക്കുന്നു.
                  പിന്നീട്, 2-3 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഹിന്ദി പിരിയഡ് - തുളസീധരന്‍ മാഷ് Attendance എടുക്കുകയായിരുന്നു. മാഷ്, ഷിയയുടെ പേര് 2-3 തവണ ക്ലാസില്‍ ഉറക്കെ വിളിച്ചത് ഇന്നും എനിക്കോര്‍മ്മയുണ്ട്. കുട്ടി വന്നിട്ടില്ലാലേ എന്ന് പറഞ്ഞ് മാഷ് വേഗം അടുത്ത പേര് വിളിച്ചു. മാഷിന് അബദ്ധം പറ്റിയതാണെന്ന് പീന്നീട് എനിയ്ക് മനസ്സിലായി. പിന്നീട് ആ പേര് ക്ലാസില്‍ വിളിക്കാതിരിക്കാന്‍ മാഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
                  ഈ കാര്യം ഞാന്‍ അമ്മയോടും പറഞ്ഞിരുന്നു. ഇന്നലെ, മാഷിന്റെ കാര്യം പറഞ്ഞപ്പോള്‍, എന്നെപ്പോലെത്തന്നെ അമ്മയും പെട്ടെന്ന് തന്നെ ഇക്കാര്യം പറഞ്ഞു.

6 comments:

  1. What an experience!!!!!!!!!!!!!!!!!!

    ReplyDelete
  2. ഹരീ, ആ ഓര്‍മ്മ വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞുപോയി.

    ReplyDelete
  3. chila kannikal angineyaanu....ormakalude aazhangalilekku koluthivalikkum....neranubhavathinte theekshnatha pakaraan ee kurippinu kazhinhittundu..iniyum ezhuthoo....nannayittundu...

    ReplyDelete
  4. Valare nannayittund sir... ella blogsum....
    Ezhuth nirthanda... ketto...
    iam waiting 4 the next one...

    ReplyDelete
  5. hari u have made my eyes fill with tears.....ellavarudeyum jeevathathil inganethe ormakal undu...pakshe kurachu pere athokke avarude ormayil nirthukayullu.....great writing....

    ReplyDelete