Thursday, June 23, 2011

തട്ടിപ്പിന്റെ മണിക്കിലുക്കം

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ടെക്കിന് പഠിക്കുന്ന കാലം. പ്രൊജക്റ്റ് ചെയ്തിരുന്നത് എറണാകുളത്ത് DRDO യുടെ ലാബായ NPOL ല്‍ ആയിരുന്നു. വൈകുന്നേരങ്ങളില്‍ ഒരു അഞ്ചര മണി ആകുമ്പോഴേയ്ക്കും ‘ഫ്രീ’ ആകുമായിരുന്നു. അങ്ങനെയിരിക്കെ, ഒരു നാള്‍ എന്നെ എന്റെ ഒരു കുടുംബസുഹൃത്തിന്റെ മകന്‍ ഫോണ്‍ ചെയ്തു.

“ഹരിയേട്ടാ, ‘ഫ്രീ‘ ആണോ ? നമുക്ക് ഒരു ക്ലാസിന്  പോയാലോ ???“

         പ്രൊജക്റ്റ് കഴിഞ്ഞ് തിരിച്ച് റൂമില്‍ എത്തിയാല്‍, പിന്നെ കാര്യമായി പണിയൊന്നും ഇല്ലാതിരുന്നതിനാല്‍, ഞാന്‍  സമ്മതിച്ചു. പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്ന അവന്‍, എന്നെ എഞ്ചിനീയറിംഗ് സംബന്ധമായ എന്തോ ക്ലാസിനാണ് വിളിക്കുന്നതെന്ന് കരുതി.
       കുറച്ച് കഴിഞ്ഞപ്പോള്‍, അവന്‍ ബൈക്കുമെടുത്ത് എന്നെ കൂട്ടാനെത്തി. ഞാന്‍ അവനോടൊന്നിച്ച് പോയി. പാലാരിവട്ടത്തിനടുത്ത്, ഒരു കെട്ടിടത്തിന് അടുത്ത് ഞങ്ങള്‍ ഇറങ്ങി. പുറത്ത് നില്‍ക്കുന്ന ആളോട് അവന്‍ ക്ലാസ് തുടങ്ങിയോ എന്ന് ചോദിക്കുന്നതും കേട്ടു. എന്തോ കാര്യമായ ക്ലാസാണ് നടക്കുന്നതെന്നും, അത് നഷ്ടപ്പെടാതിരിക്കാനുള്ള അവന്റെ വ്യഗ്രതയുമാണ് അതെന്ന് എനിക്ക് തോന്നി. ഞാനും അവന്റെ കൂടെ വേഗത്തില്‍ നടന്നു. അപ്പോഴെല്ലാം എന്ത് ക്ലാസ്സാ‍ണ് എന്നുള്ള എന്റെ ചോദ്യത്തിന് അതൊക്കെ അവിടെ ചെല്ലുമ്പോള്‍ അറിയാം എന്ന മറുപടി ആണ് പറഞ്ഞത്.

               ക്ലാസ് നടക്കുന്ന മുറിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഇരുപത് പേരോളം ഉണ്ടായിരുന്നു. ഞങ്ങള്‍ മുന്‍ നിരയിലെ കസേരകളില്‍ തന്നെ പോയിരുന്നു. അവന്‍ കൊണ്ടു ചെന്നിരുത്തി എന്നു പറയുന്നതായിരിക്കും ശരി. ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാ‍യിരിക്കുന്ന “മണിചെയിന്‍” എന്ന തട്ടിപ്പിന്റെ ക്ലാസായിരുന്നു അത്. ഇപ്പോഴത്തെ പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കമ്പനിയുടെ പേരായിരുന്നില്ല അന്ന് ആ ക്ലാസില്‍ കേട്ടത്. പക്ഷെ, ഈ കമ്പനിയുടെ പേരും ഈയിടെ പത്രത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ക്ലാസ് തുടങ്ങിയപ്പോള്‍ തന്നെ ഇറങ്ങിപ്പോരണം എന്ന് വിചാരിച്ചെങ്കിലും എന്റെ മാന്യത അതിന് അനുവദിച്ചില്ല. അവസാനം ഏകദേശം മുക്കാല്‍ മണിക്കൂര്‍ അവിടെ ആ ക്ലാസ് കേട്ടിരുന്നു. മാസത്തില്‍ വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്നൊക്കെ ആയിരുന്നു അവരുടെ അവകാശവാദങ്ങള്‍.

ക്ലാസ് കഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു.

“ഹരിയേട്ടാ... ഇതില്‍ ചേരുകയല്ലേ ? “

ഇല്ല എന്ന് വായില്‍ വന്നെങ്കിലും അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാന്‍ പറഞ്ഞു.

“ഇപ്പോള്‍ പറയാന്‍ പറ്റില്ല. വീട്ടില്‍ ഒക്കെ ആലോചിക്കണം “

                അന്ന് അവന്റെ വീട്ടിലൊക്കെ പോയി, രാത്രി ഭക്ഷണം അവരുടെ വീട്ടില്‍ നിന്ന് കഴിച്ചു. എന്നെ, ഞാന്‍ താമസിക്കുന്ന സ്ഥലത്ത് രാത്രി പത്തരയോടെ കൊണ്ടു വന്നു വിട്ടു. ഇന്‍ഫോസിസില്‍ ക്യാമ്പസ് സെലക്ഷന്‍ വഴി ജോലി കിട്ടിയിരുന്ന അവന്‍ അതിലൊന്നും പോകുന്നില്ല, ഈ ബിസിനസ് നടത്താന്‍ ഉദ്ദേശിക്കുന്നു എന്നൊക്കെ അവന്‍ എന്നോട് പറഞ്ഞു. അവന്‍ അതു തന്നെ ചെയ്തു എന്ന് ഞാന്‍ പിന്നീടറിഞ്ഞു. പിറ്റേ ദിവസം രാവിലെ അവന്‍ വീണ്ടും വിളിച്ചു.

“എന്തായി ഹരിയേട്ടാ ? തീരുമാനം ?”

ഞാന്‍ പറഞ്ഞു - “ പിന്നെ പറയാം “ -

           അതിനു ശേഷം NPOL ല്‍ പ്രൊജക്റ്റ് ചെയ്യാന്‍ പോയി. അവിടെ മൊബൈല്‍ കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍, പിന്നെ, അവന്റെ വിളി വന്നില്ല. പക്ഷെ, വൈകുന്നേരം റൂമില്‍ എത്തിയ ഉടന്‍ അവന്‍ വിളിച്ചു.

“ഹരിയേട്ടാ.. റൂമിലുണ്ടോ ? ഒന്ന് പുറത്തേക്ക് വരാമോ ?”

ഞാന്‍ ചെന്നു. അവന്റെ കൂടെ തലേദിവസം ക്ലാസെടുത്ത ആളും ഉണ്ടായിരുന്നു. അയാള്‍ എന്നോട് ചോദിച്ചു.

“നമുക്ക് ഒന്ന് കറങ്ങിയാലോ ? കാറുണ്ട് “

ഞാന്‍ ഒഴിഞ്ഞുമാറി.

“ശരി, എന്നാല്‍ കാറിനകത്തിരുന്ന് സംസാരിച്ചാലോ ? “

       ഞാന്‍ സമ്മതിച്ചു. സംസാരിക്കുന്നതിനിടയില്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളെല്ലാം അയാള്‍ വീണ്ടും ആവര്‍ത്തിച്ചു. കമ്പനിയുടെ കാര്യങ്ങള്‍ ഒക്കെ വിവരിച്ചു. ഞാന്‍ ആലോചിച്ചിട്ട് പറയാം എന്നും എനിക്ക് കുറച്ച് പണിയുണ്ട് എന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.

ദേഷ്യം സഹിക്കാന്‍ വയ്യാതെ, അവര്‍ പോയിക്കഴിഞ്ഞ ഉടനെത്തന്നെ, ഞാന്‍ അവനെ വിളിച്ചു.

“മേലാല്‍, ഈ പേരും പറഞ്ഞ്, നീയോ മറ്റാരെങ്കിലുമോ എന്നെ കാണാന്‍ വരരുത് “ 

      ഞാന്‍ ഫോണ്‍ വെച്ചു. അതിന് ശേഷം, ഇന്നു വരെ, അവന്‍ എന്നെ വിളിച്ചിട്ടില്ല. ഇപ്പോള്‍ മണിചെയിന്‍ തട്ടിപ്പുകള്‍ക്കെതിരെ നടക്കുന്ന അന്വേഷണം ഈ കമ്പനിക്കെതിരെയും നടക്കുന്നുണ്ടത്രെ. മോഹന വാഗ്ദാനങ്ങള്‍ നടത്തുന്ന മണിചെയിന്‍ കമ്പനികളെല്ലാം കൂടി ഏകദേശം 1000 കോടിയുടേ തട്ടിപ്പ് ആണ് കേരളത്തില്‍ നടത്തിയതെന്ന് രണ്ട് ദിവസം മുന്‍പ് പത്രത്തില്‍ വായിച്ചു. 

           ഈ പോസ്റ്റിന് എന്ത് ടൈറ്റില്‍ ഇടും എന്നാലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കൈരളി ടി.വി യില്‍ മണിചെയിന്‍ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു വാര്‍ത്ത കണ്ടത്. അവര്‍ ഉപയോഗിച്ച “തട്ടിപ്പിന്റെ മണിക്കിലുക്കം” എന്ന വാക്ക് ഞാന്‍ കടമെടുക്കുന്നു.

മാഞ്ചിയവും ഭൂമി, ഫ്ലാറ്റ് തട്ടിപ്പുകളും നടന്ന, അല്ലെങ്കില്‍ ഇപ്പോഴും നടക്കുന്ന ഈ സാക്ഷരകേരളത്തില്‍ “തട്ടിപ്പിന്റെ മണികിലുക്ക”ങ്ങള്‍ ഇനിയും ഒരുപാട് കേള്‍ക്കാനിടയുണ്ട്....

6 comments:

  1. ithe pole enikkum oru friend undaayirunnu..avan class ennu paranju hotelilekkokke kondu pokumaayirunnu..njaan chernnilla...
    enthinu eare parayunnu ente junr appliedile nandanum geonum okke ithinte main aalkkaaraayirunnu..D4U..

    ReplyDelete
  2. thattippinte manikilukkathil nammude bandhukkal aarenkilum pettittundo hari ? angane kettu njan

    ReplyDelete
  3. ഉണ്ടെന്ന് ഞാനും കേട്ടു...........

    ReplyDelete
  4. ഹരി,

    ഞാനും ഇതുപോലത്തെ ഒരു ക്ലാസിനു പോയിരുന്നു..കോയമ്പത്തൂര്‍ പഠിക്കുമ്പോള്‍ പാര്‍ട്ട്‌ ടൈം ജോലി ചെയ്യാന്‍ വേണ്ടി ശ്രമിക്കുമ്പോഴാ ഇങ്ങനെ ഒരു ക്ലാസ്സില്‍ എത്തിപ്പെട്ടത്..എന്തായിരുന്നു അവരുടെ സെറ്റ് അപ്പ്‌..ഓരോരുത്തര്‍ അവരുടെ അനുഭവം പറയുന്നത് കേട്ടപ്പോള്‍ പടിപ്പു നിര്‍ത്തി ഫുള്‍ ടൈം ആയി അവരുടെ കൂടെ ചേര്‍ന്നാലോ എന്നാലോചിച്ചതാ..അംഗത്വം കിട്ടാന്‍ ആദ്യമായി ഒരാളെ ചേര്‍ക്കണം എന്ന് പറഞ്ഞപ്പോള്‍ കോയമ്പത്തൂരില്‍ എന്നെ വിശ്വാസമുള്ള ആരെയും കിട്ടാത്തതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു..അല്ലേല്‍ ഇന്ന് എന്റെ പേരും പത്രത്തില്‍ വന്നേനെ!!

    ReplyDelete
  5. വെറുതെ കിട്ടിയാല്‍ ആസിഡും കുടിക്കുന്നവരാ ഞങ്ങള്‍ മല്ലൂസുകള്‍ അത് കൊണ്ട് കോടികള്‍ പോയാലും ഞങ്ങള്‍ പിന്മാറില്ല ..അനുഭവം ഗുരു എന്ന് ആരോ പറഞ്ഞുവത്രേ ..അത് നമ്മളെ പറ്റിയല്ല ..കേരളത്തിനു പുറത്തുള്ള വരെ പറ്റിയാ ...

    ReplyDelete
  6. njanum ithu pole oru classil poyittundu :) Pala bhagangalilum avar parayuna vagdhanangal cherunnilla. class edutha vyakthi bhayangara professional ayittu polum. Class kettirunna oral ayalude abhiprayam ingane paranju "Bharyayude kettu thali vittittayalum njan ithil cherum ennu". I wonder what happen to him.

    ReplyDelete